സ്‌ട്രോബെറി | ഫോട്ടോ: എം.കെ. സന്തോഷ്
ഇംഗ്ലണ്ടില്‍ ഇപ്പോള്‍ വേനല്‍ക്കാലമാണ്. ഗ്രാമങ്ങളിലെ തോട്ടങ്ങളില്‍ വിവിധയിനം പഴങ്ങള്‍ വിളവെടുക്കുന്ന നാളുകളാണിത്. എന്നാല്‍ പഴങ്ങള്‍ വിളവെടുക്കാനുള്ള അവസരം തോട്ടങ്ങളുടെ ഉടമസ്ഥര്‍ക്കും അവ നോക്കിനടത്തുന്ന ആളുകള്‍ക്കും മാത്രമല്ല എന്നതാണ് ഇവിടുത്തെ പ്രത്യേകത. 'നിങ്ങള്‍ക്ക് വിളവെടുക്കാം' എന്ന് മൊഴി മാറ്റാവുന്ന 'പിക്ക് യുവര്‍ ഓണ്‍' അല്ലെങ്കില്‍ 'യൂ-പിക്ക്' എന്ന വിളവെടുപ്പുരീതിയിലൂടെയാണ് ഇത് സാധ്യമാവുന്നത്.
ഉപഭോക്താവ് തന്നെ പഴത്തോട്ടങ്ങളില്‍ നേരിട്ട് ചെന്ന് വിളവെടുക്കുന്ന ഈ രീതി ഇംഗ്ലണ്ടില്‍ സര്‍വത്രികമാണ്. ഇഷ്ടമുള്ള ദിവസം പഴത്തോട്ടത്തില്‍ ചെന്ന് ആര്‍ക്കും വിളവെടുക്കാം എന്നതാണ് 'പിക്ക് യുവര്‍ ഓണ്‍' എന്ന രീതിയുടെ പ്രത്യേകത. ഇംഗ്ലണ്ടുകാര്‍ സമീപപ്രദേശങ്ങളിലെ തോട്ടങ്ങളില്‍ പോയി വിളവെടുത്തതിന് ശേഷം പഴങ്ങള്‍ വീട്ടില്‍ കൊണ്ടുപോയി വലിയ ഫ്രീസറില്‍ മാസങ്ങളോളം കേടാകാതെ വയ്ക്കും. ആവശ്യാനുസരണം എടുത്ത് ഈ പഴങ്ങള്‍ ഉപയോഗിച്ചുള്ള പലഹാരങ്ങള്‍ ഉണ്ടാക്കും. കെയ്ക്ക്, പൈ, പാന്‍ കെയ്ക്ക് അങ്ങനെ എത്രയോ തദ്ദേശീയമായ പലഹാരങ്ങള്‍!.

1930 കളിലെ സാമ്പത്തിക മാന്ദ്യകാലത്താണ് (ഗ്രേറ്റ് ഡിപ്രെഷന്‍) യൂറോപ്പില്‍ പൊതുവെ 'പിക്ക് യുവര്‍ ഓണ്‍' രീതി വ്യാപകമാകുന്നത്. വിളഞ്ഞ പഴങ്ങള്‍ വിളവെടുക്കുന്നതിനായി പണിക്കാര്‍ക്ക് കൊടുക്കാന്‍ പണമില്ലാതെ വന്ന കര്‍ഷകര്‍ മധ്യവര്‍ത്തികളെ ഒഴിവാക്കിക്കൊണ്ട് ഉപഭോക്താക്കളെ നേരിട്ട് വിളവെടുക്കാന്‍ വിളവെടുപ്പിന് ക്ഷണിച്ചുതുടങ്ങിയത് അക്കാലത്താണ്. ക്രമേണ ഇത് ഒരു വിനോദമാര്‍ഗവും സുസ്ഥിര രീതിയുമായി പരിണമിക്കുകയായിരുന്നു. സ്വകാര്യ ഉടമസ്ഥതയിലല്ലാതെ ജനകീയകൃഷിരീതി പിന്തുടരുന്ന തോട്ടങ്ങളിലും 'പിക്ക് യുവര്‍ ഓണ്‍' സമ്പ്രദായം പതിവാണ്.
ഇത്തരം തോട്ടങ്ങളുടെ നടത്തിപ്പുകാര്‍ ആഴ്ചച്ചന്തകളെയും കോര്‍പറേറ്റ് കമ്പനികളെയും ആശ്രയിച്ചല്ല പൊതുവെ തങ്ങളുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നത്. സീസണ്‍ മുഴുവന്‍ നീളുന്ന 'പിക്ക് യുവര്‍ ഓണ്‍' രീതിയിലൂടെ തന്നെയാവും ഇവിടങ്ങളിലെ വിളവെടുപ്പ്. തദ്ദേശീയരായ കര്‍ഷകരെ സഹായിക്കാനും പഴം വിളവെടുക്കുന്നതിലെ ആനന്ദം അനുഭവിക്കാനും ഉപഭോക്താക്കള്‍ക്ക് ഇതിലൂടെ സാധിക്കുന്നു. കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും കൂട്ടുകാര്‍ക്കും ഒപ്പം ഗ്രാമത്തിലെ തോട്ടങ്ങളില്‍ ചെന്ന് ഒരു പിക്നിക് പോലെ 'പിക്ക് യുവര്‍ ഓണ്‍' നടത്താം.

പൊതുവെ വര്‍ഷത്തിലുടനീളം തണുത്ത കാലാവസ്ഥയും മഴയും പതിവായ ബ്രിട്ടനിലെ ആളുകള്‍ക്ക് വെയില്‍ കായാനും ഉല്ലസിക്കാനും പുതിയ സുഹൃത്തുക്കളെ കണ്ടെത്താനുമൊക്കെ 'പിക്ക് യുവര്‍ ഓണ്‍' രീതി അവസരമൊരുക്കുന്നു. പൊതുവെ ഓഫീസ് ജോലികള്‍ ചെയ്യുന്നവര്‍ക്ക് കൂടുതല്‍ മാനസികോല്ലാസം ലഭിക്കാന്‍ 'പിക്ക് യുവര്‍ ഓണ്‍' പിക്നിക് സഹായകമാണ്. തോട്ടങ്ങളില്‍ ചെന്ന് മണ്ണില്‍ കൈകള്‍ തൊട്ട് പഴങ്ങളും പച്ചക്കറികളും വിളവെടുക്കുന്നത്തിലെ സുഖം ഒന്ന് വേറെ തന്നെയല്ലേ! സ്വന്തം കൈകള്‍ കൊണ്ട് വിളവെടുത്ത പഴങ്ങള്‍ക്ക് കൂടുതല്‍ മാധുര്യവും ഉണ്ടാകും. തോട്ടത്തില്‍ ചെന്ന് നേരിട്ട് വിളവെടുക്കുന്നതിനാല്‍ ഫ്രഷ്നെസ്സ് ഉറപ്പാണുതാനും. സ്‌ട്രോബെറി, റാസ്‌ബെറി, ബ്ലാക്ക് കറന്റ് തുടങ്ങിയ കുരുവില്ലാപ്പഴങ്ങളും ഉരുളക്കിഴങ്ങ്, പയര്‍, തക്കാളി, ബീറ്റ്‌റൂട്ട്, കാരറ്റ്, മുള്ളങ്കി, ചോളം തുടങ്ങിയ ധരാളം പഴം പച്ചക്കറിയിനങ്ങളും പിക്ക് യുവര്‍ ഓണ്‍ രീതിയില്‍ വിളവെടുക്കാന്‍ ഇംഗ്ലണ്ടിലെ തോട്ടങ്ങളില്‍ അവസരമുണ്ട്.
കഴിഞ്ഞയാഴ്ച്ച കുടുംബത്തോടൊപ്പം ഓക്‌സ്‌ഫോര്‍ഡിലെ മില്ലെറ്റ്‌സ് ഫാമിലെ സ്‌ട്രോബെറി തോട്ടത്തില്‍ പിക്ക് യുവര്‍ ഓണ്‍ അനുഭവത്തിന് പോയതിന്റെ പിന്‍ബലത്തിലാണ് ഈ കുറിപ്പ്. ഒന്നര പൗണ്ട് കൊടുത്താല്‍ ഒരാള്‍ക്ക് തോട്ടത്തില്‍ പ്രവേശിക്കാം. ഫാമില്‍ നിന്ന് തരുന്ന കാര്‍ഡ്‌ബോര്‍ഡ് കൊണ്ടുണ്ടാക്കിയ പഴക്കൂടയിലോ ചെറുവീപ്പയിലോ പഴങ്ങള്‍ ശേഖരിക്കാം. പഴക്കൂടയ്ക്ക് ഏഴു പൗണ്ടും പ്ലാസ്റ്റിക് വീപ്പയ്ക്ക് 12 പൗണ്ടുമാണ് വില. തോട്ടത്തില്‍ നിന്നുള്ള വിളവെടുപ്പ് ഇവയില്‍ ശേഖരിക്കാം. തോട്ടത്തില്‍ നിന്നും പഴം പറിച്ചു തിന്നുന്നതിന് വിലക്കൊന്നുമില്ല.

ഇതുകൂടാതെ ഫാമിനോട് ചേര്‍ന്നുള്ള തദ്ദേശീയകടയില്‍ നിന്നും സന്ദര്‍ശകര്‍ക്ക് പഴങ്ങളും പച്ചക്കറികളും മറ്റുല്‍പ്പന്നങ്ങളും വാങ്ങിക്കാം. ഇറച്ചി, മുട്ട, പാല്‍ക്കട്ടി, വിവിധയിനം റൊട്ടികള്‍, തദ്ദേശീയമായി ഉല്പാദിപ്പിച്ച ബിയര്‍, വീഞ്ഞ്, ആപ്പിള്‍പ്പഴമദ്യം (സൈഡര്‍) എന്നിയവയെല്ലാം ഫാം ഷോപ്പില്‍ ലഭിക്കും. ഇത്തരം ഫാം ഷോപ്പുകളും കോര്‍പറേറ്റുകളുടെയും മറ്റു ഇടനിലക്കാരുടെയും ഇടപെടലില്ലാതെ കര്‍ഷകരെയും ഉപഭോക്താക്കളെയും സഹായിക്കുന്നു. നമ്മുടെ നാട്ടിലും ഫാമുകളില്‍ പിക്ക് യുവര്‍ ഓണ്‍ പോലുള്ള സമ്പ്രദായങ്ങള്‍ നടപ്പിലാക്കിയാല്‍ അത് ടൂറിസം വികസനത്തിനും തദ്ദേശീയരായ കര്‍ഷകരുടെ സാമ്പത്തികാഭിവൃദ്ധിക്കും ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കാനും സഹായകമാകും.
Content Highlights: You-Pick or Pick-Your-Own (PYO) farming
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..