ഓട്ടോമൊബൈലില്‍നിന്ന് അഗ്രിബിസിനസിലേക്ക്, ഒടുവില്‍ സംസ്ഥാന അവാര്‍ഡും! മാതൃക കാട്ടി മാത്തുക്കുട്ടി


By ജി.എസ്. ഉണ്ണിക്കൃഷ്ണന്‍

2 min read
Read later
Print
Share

മാത്തുക്കുട്ടി തൊഴിലാളികൾക്കൊപ്പം മാംസസംസ്‌കരണശാലയിൽ | ഫോട്ടോ: മാതൃഭൂമി

കോട്ടയം മരങ്ങാട്ടുപള്ളി സ്വദേശി മാത്തുക്കുട്ടി ഒന്നേകാല്‍ ലക്ഷത്തോളംരൂപ മാസശമ്പളമുള്ള ജോലി ഉപേക്ഷിച്ചാണ് കാര്‍ഷികവ്യവസായ സംരംഭകനാകുന്നത്. മാംസസംസ്‌കരണം ഉള്‍പ്പെടെയുള്ള മേഖലകളില്‍ മാത്തുക്കുട്ടി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നു. ഇതിലൂടെ മികച്ച യുവകര്‍ഷകനുള്ള മൃഗസംരക്ഷണവകുപ്പിന്റെ 2022-ലെ സംസ്ഥാന അവാര്‍ഡും ലഭിച്ചു.

തുടക്കം കോഴിവളര്‍ത്തലില്‍

എം.ബി.എ. നേടിയശേഷം ബി.എം.ഡബ്ല്യു. ഉള്‍പ്പെടെ വിവിധ ഓട്ടോമൊബൈല്‍ കമ്പനികളില്‍ ജോലിചെയ്തു. കൃഷിയോടും മൃഗപരിപാലനത്തോടും താത്പര്യമുള്ളതിനാല്‍ ജോലി ഉപേക്ഷിച്ചു. പെട്ടെന്ന് ആദായംതരുന്ന ഒന്നിലൂടെ തുടങ്ങുന്നതാണ് സംരംഭത്തിന് സാമ്പത്തിക അടിത്തറ ഉണ്ടാക്കാന്‍ നല്ല തന്ത്രമെന്ന് മനസ്സിലാക്കിയാണ് സംരംഭകനാകുന്നത്. അങ്ങനെയാണ് ഇറച്ചിക്കോഴിവളര്‍ത്തലും സംസ്‌കരണവും തുടങ്ങിയത്.

ഇപ്പോള്‍ 7000 കോഴികളെ ഒരു ബാച്ചില്‍ വളര്‍ത്തുന്നു. ഇവയുടെ മാംസത്തെ സംസ്‌കരണയൂണിറ്റില്‍വെച്ച് യന്ത്രസഹായത്താല്‍ ബോണ്‍ലെസ് ചിക്കന്‍, ബ്രെസ്റ്റ് പീസ്, ലോലിപോപ്പ്, ഡ്രംസ്റ്റിക്ക് തുടങ്ങിയ പലതരത്തിലുള്ള കഷണങ്ങളാക്കും. തുടര്‍ന്ന് വൃത്തിയായി പാക്ക് ചെയ്താണ് വില്‍ക്കുന്നത്. ദിവസവും 800 കിലോഗ്രാം കോഴിയിറച്ചി സംസ്‌കരിച്ച് ഉത്പന്നമായി വില്‍പ്പന നടത്തുന്നു.

ദിവസവും രണ്ടര ടണ്ണോളം മാംസമാണ് ഹോട്ടലുകള്‍, ഹോസ്റ്റലുകള്‍, കാറ്ററിങ് സെന്ററുകള്‍ എന്നിവിടങ്ങളിലേക്ക് പോകുന്നത്. ഇങ്ങനെ കോഴിയിറച്ചി വിവിധ രൂപത്തിലാകുമ്പോള്‍ ചിക്കന്റെ വില വിപണിവിലയെക്കാള്‍ 30 ശതമാനത്തോളം വര്‍ധിക്കുന്നു. സംസ്‌കരിച്ച കോഴിയിറച്ചിക്കു സ്ഥിരംവിപണിയുണ്ട്.

പന്നിയും പോത്തുമുള്‍പ്പെടെ പലവക

കോഴിസംസ്‌കരണത്തില്‍ ശേഷിക്കുന്ന തൂവലും ഉപയോഗശൂന്യമായ ശരീരഭാഗങ്ങളും മലിനീകരണത്തിന് കാരണമാകുന്നു. ഇതു പരിഹരിക്കാന്‍ പന്നികളെ വളര്‍ത്തുന്നു. ഒരു ബാച്ചില്‍ നൂറു പന്നികളുണ്ടാവും. ഇവയ്ക്ക് കോഴിയവശിഷ്ടമാണ് വേവിച്ചുനല്‍കുന്നത്. 10 മാസംകൊണ്ട് 80 മുതല്‍ 90 വരെ കിലോഗ്രാം ഭാരമെത്തും.

പന്നിമാംസം സംസ്‌കരിച്ച് കിലോഗ്രാമിന് 300 രൂപയ്ക്ക് വില്‍ക്കുന്നു. സംസ്‌കരിച്ച മാംസാവശിഷ്ടം തീറ്റയായി നല്‍കി താറാവുവളര്‍ത്തലുമുണ്ട്. പതിനഞ്ചോളം പോത്തുകളുമുണ്ട്. ഒരു പോത്തിന് 40,000 രൂപയെങ്കിലും വിലകിട്ടും. ഇതും സംസ്‌കരിച്ചു മാംസമായി വില്‍ക്കുന്നതിനാല്‍ സാമ്പത്തികനേട്ടമുണ്ട്. പശുവളര്‍ത്തലുമുണ്ട്.

ചാണകസ്ലറി ഉപയോഗിച്ച് കൃഷി

ഈ തോട്ടത്തിലെ ഓരോഘടകവും പരസ്പരബന്ധിതമാണ്. ഉദാഹരണമായി വാഴ വിളവെടുത്താല്‍ തടയും ഇലയുമൊക്കെ പോത്തിനും പശുവിനുമുള്ള ആഹാരമാകും. വാഴയുടെ മാണം പന്നിക്കുള്ള പ്രോട്ടീന്‍സമ്പുഷ്ടമായ തീറ്റയാകുന്നു.

കോഴിസംസ്‌കരണശാലയിലെ ദ്രവമാലിന്യം ബയോഗ്യാസ് ഉത്പാദനത്തിനാണ്. ബയോഗ്യാസ് സ്‌ളറി വളമായി നല്‍കി കുടുംബവക 15 ഏക്കര്‍ ഭൂമിയില്‍ റബ്ബര്‍, തെങ്ങ്, ജാതി, കവുങ്ങ്, പഴങ്ങള്‍ തുടങ്ങിയവ കൃഷിചെയ്യുന്നു. ഒരേക്കറില്‍ ആറുതരം പച്ചക്കറികള്‍ കൃഷി ചെയ്യുന്നുണ്ട്. കപ്പ, ചേന, കാച്ചില്‍ തുടങ്ങിയ കിഴങ്ങുകളും.

ചാണകം, ബയോഗ്യാസ് സ്ലറി, നേര്‍പ്പിച്ച ഗോമൂത്രം എന്നിവയാണ് ഇവയ്ക്കു വളം. പച്ചക്കറിയും കിഴങ്ങും പഴവുമൊക്കെ ഫാംഫ്രഷായി വാങ്ങാം. റിനോമാറ്റുപയോഗിച്ചുള്ള പാറക്കുളത്തില്‍ ഇരുപത്തയ്യായിരത്തോളം നട്ടര്‍, ജയന്റ് ഗൗരാമി മത്സ്യങ്ങളെ വളര്‍ത്തുന്നു. ഇതും വരുമാനമാണ്. തേനീച്ചപ്പെട്ടികള്‍ തോട്ടത്തില്‍ വെച്ച് തേനുത്പാദനവുമുണ്ട്. മാംസാവശിഷ്ടം കമ്പോസ്റ്റാക്കി ഉണക്കിപ്പൊടിച്ച് ചാക്കുകളിലാക്കി വില്‍ക്കുന്നുമുണ്ട്.

നാടറിഞ്ഞും വിപണിയറിഞ്ഞും മുന്നോട്ട്

ഈ പ്രദേശത്ത് മാംസത്തിന്റെ ഉപഭോഗം കൂടുതലാണ്. പ്രതിമാസം മൂന്നുലക്ഷം രൂപയോളം അറ്റാദായം നല്‍കുന്ന കോഴിയിറച്ചിസംസ്‌കരണമെന്ന സുരക്ഷിതമായ അടിത്തറയില്‍ ചവിട്ടിനിന്ന് സംരംഭം കൂടുതല്‍ വൈവിധ്യപൂര്‍ണവും ആദായകരവുമാക്കി മുന്നേറുകയാണ് ചെയ്തതെന്ന് മാത്തുക്കുട്ടി പറയുന്നു. മാംസത്തിന് പ്രിയം കൂടുതലായതിനാല്‍ മറ്റു കര്‍ഷകരില്‍നിന്ന് കോഴികളെയുംമറ്റും വാങ്ങി സംസ്‌കരിച്ചു വില്‍ക്കുന്നുമുണ്ട്.

വിവരങ്ങള്‍ക്ക്: 8606155544

Content Highlights: young farmer from kottayam marangattupally sets model in agribusiness awarded as best young farmer

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
BIJU MON

1 min

ഇടവിളയായി ആപ്പിള്‍; ഇടിവെട്ട് വിളവ്

Sep 8, 2021


duck farming

2 min

ഒരു താറാവിന് 330 രൂപ വരെ വില; നീന്തിക്കയറാന്‍ വീണ്ടും ഒരു 'താറാവ്' കാലം

Dec 22, 2020


nirmalkumar mushroom cultivation

1 min

പഴയ കുപ്പിയോ പിവിസി പൈപ്പോ ഉണ്ടോ? എളുപ്പത്തില്‍ ഇനി വീട്ടിലും കൂണ്‍കൃഷിചെയ്യാമെന്ന് നിര്‍മല്‍കുമാര്‍

Feb 27, 2023

Most Commented