വയലറ്റുനിറത്തിലെ കതിര്‍ക്കുലകള്‍ കണ്ടാല്‍ ആരും നോക്കിനില്‍ക്കും. കൊമ്പന്‍കുഴി പാടശേഖരത്തില്‍ അദ്ഭുതം തീര്‍ക്കുകയാണ് ഈ നെല്ലിനവും. 'ബ്ലാക്ക് റൈസ്' എന്നറിയപ്പെടുന്ന മാജിക് റൈസാണിവിടെ ഇക്കുറി വിളയുന്നത്. 'രക്തശാലി' നെല്‍വിത്ത് വെള്ളപ്പൊക്കത്തെ അതിജീവിക്കുമെന്ന് കുട്ടനാട്ടുകാര്‍ക്ക് കാണിച്ചുകൊടുത്ത തിരുമല ചിത്രാലയത്തില്‍ സി.സി. നയനനാണ് ബ്ലാക്ക് റൈസും പരീക്ഷിച്ചിരിക്കുന്നത്.
കാന്‍സറിനെ പ്രതിരോധിക്കുന്ന നെല്ലാണെന്ന് പേരുകേട്ട ബ്ലാക്ക് റൈസ്, വയനാട്ടിലെ പ്രസീദ് എന്ന കര്‍ഷകന്റെ ശേഖരത്തില്‍നിന്നാണ് നയനന്‍ സമ്പാദിച്ചത്. ഒരേക്കറില്‍ വിതച്ചു. പലരും കൊണ്ടുപോയിട്ട് കിളിര്‍ക്കാത്തതിനാല്‍ പ്രസീദ് മടിച്ചുമടിച്ചാണ് വിത്ത് നല്‍കിയതെന്ന് നയനന്‍ പറയുന്നു. എന്നാല്‍, കുട്ടനാടന്‍ പാടശേഖരത്തിന്റെ ഭാഗമായ കൊമ്പന്‍കുഴിപ്പാടത്ത് ഒരേക്കറില്‍ പലവട്ടം വെള്ളംകയറ്റിയിട്ടതോടെ ബ്ലാക്ക് റൈസ് ആര്‍ത്തുയര്‍ന്നു. 200 കിലോഗ്രാം ചാണകം, 25 കിലോഗ്രാം എല്ലുപൊടി, 25 കിലോഗ്രാം വേപ്പിന്‍പിണ്ണാക്ക് ഇത്രയുംമാത്രം അടിവളമായി ഇട്ടു. പിന്നീടൊന്നും ചെയ്യേണ്ടിവന്നില്ല.
നവംബര്‍ നാലിന് വിത്തിട്ടു. 52 ദിവസം കഴിഞ്ഞപ്പോള്‍ കതിരണിഞ്ഞു. ഇതിനിടയില്‍ ഇലചുരുട്ടിപ്പുഴു, തണ്ടുതുരപ്പന്‍ എന്നിവയുടെ ചെറിയ ആക്രമണമുണ്ടായപ്പോള്‍ മിത്രകീടങ്ങളെ ഉപയോഗിച്ച് നിയന്ത്രിച്ചു. ബ്ലാക്ക് റൈസിന്റെ കാലാവധി സാധാരണ നെല്ലിന്റേതുപോലെ 120 ദിവസമാണ്. പക്ഷേ, നയനന്റെ പാടത്ത് നേരത്തെ വിളവെടുക്കാവുന്ന അവസ്ഥയിലാണ് വളര്‍ച്ച. നൂറുദിവസത്തിനുള്ളില്‍ വിളവെടുക്കാനാവുമെന്നാണ് കരുതുന്നത്. ഒരുപക്ഷേ കാലാവസ്ഥാവ്യതിയാനമാവും നേരത്തെ കതിരണിയാന്‍ കാരണമായതെന്നാണ് മങ്കൊമ്പ് നെല്ലുഗവേഷണ കേന്ദ്രം ഡയറക്ടര്‍ ഡോ. വന്ദന വേണുഗോപാല്‍ പറയുന്നത്.
ചൈനയുള്‍പ്പെടെയുള്ള ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലും ഇന്ത്യയിലെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുമാണ് ഇവ പ്രധാനമായും കൃഷിചെയ്യുന്നത്. പുതിയകൃഷിക്ക് മങ്കൊമ്പ് ഗവേഷണകേന്ദ്രത്തിന്റെ സഹായവും ഉപദേശ നിര്‍ദേശങ്ങളും നയനന് ലഭിക്കുന്നുമുണ്ട്.ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് പതോളജി വിഭാഗം ജീവനക്കാരനായ നയനന്‍ കാന്‍സര്‍ രോഗത്തെക്കുറിച്ച് ഗവേഷണം നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് രക്തശാലി ഉള്‍പ്പെടെയുള്ള തനത് നെല്‍വിത്തിനങ്ങള്‍ വിളയിക്കുന്നത്.
വിത്തെറിയും മുന്‍പ് ബ്ലാക്ക് റൈസിന്റെ ഒരുകിലോ അരി നയനന്റെ ഭാര്യ ടിന്റുമണി വേവിച്ച് പാല്‍ക്കഞ്ഞിയാക്കി മക്കളായ സുഭാഗ് ഭാനുവിനും നേത്രാനന്ദ് ഭാനുവിനും നല്‍കി. വളരെ രുചിയുള്ള ഒന്നായിരുന്നു ഇതെന്ന് മക്കളും ഭാര്യയും സാക്ഷ്യപ്പെടുത്തി. സര്‍ക്കാര്‍ ജോലിക്കിടയില്‍ കിട്ടുന്ന ഒഴിവുവേളയില്‍ ഭാര്യയ്ക്കും കുടുംബത്തിനുമൊപ്പമാണ് വിളപരിപാലനവും മറ്റും നടത്തുന്നത്.
ബ്ലാക്ക് റൈസ്
രോഗപ്രതിരോധത്തിന് നല്ലതെന്ന് ആയുര്‍വേദത്തില്‍ വിവരിക്കുന്ന ഒന്നാണ് ഇത്. കാന്‍സര്‍ പ്രതിരോധത്തിനും ഉപയോഗിക്കാന്‍ വിധിക്കുന്നുണ്ട്. കറുത്ത അരിയാണ്. പ്രോട്ടീന്‍, ഫൈബര്‍ എന്നിവ മറ്റ് അരികളിലെക്കാള്‍ കൂടുതലുണ്ട്. 23 തരം ആന്റി ഓക്‌സിഡന്റുകളും ഉണ്ടെന്ന് ഗവേഷകര്‍ പറയുന്നു. മുന്തിരിക്കും ഞാവല്‍ പഴത്തിനുമെല്ലാം കടുംവയലറ്റ് നിറംനല്‍കുന്ന ആന്തോസയാനിനാണ് അരിക്ക് കറുപ്പുനിറം നല്‍കുന്നത്. ഹൃദയാരോഗ്യത്തിനും തലച്ചോറിന് ഉന്മേഷം നല്‍കാനും ബ്ലാക്ക് റൈസിനു കഴിയുമെന്നും പറയുന്നു. കിലോയ്ക്ക് മുന്നൂറുരൂപയാണ് ഇതിന്റെ ഇപ്പോഴത്തെ വിപണിവില.
ഭക്ഷണത്തിലൂടെ രോഗപ്രതിരോധം
കഴിക്കുന്ന ഭക്ഷണം രോഗത്തിന് പലപ്പോഴും കാരണമാകുന്നുണ്ട്. ഇതിനെ മറികടക്കാന്‍ എന്തുചെയ്യാമെന്ന ചിന്തയിലാണ് തനത് നെല്‍വിത്തിനങ്ങളിലൂടെ പരീക്ഷണം നടത്തുന്നത്. രക്തശാലിയുടെയും ബ്ലാക്ക് റൈസിന്റെയും ക്ലിനിക്കല്‍ പരീക്ഷണള്‍ നടത്തുന്നതിന് ഡോക്ടര്‍മാരുടെ സഹായം തേടിയിട്ടുണ്ട് -സി.സി. നയനന്
Content Highlights: Young farmer cultivates black rice in Kuttanad