സന്തോഷ് കുമാർ കുളത്തിനരികെ. ഫോട്ടോ: രാഹുൽ ജി ആർ
തിരക്കുപിടിച്ച ജീവിതത്തില്‍ നമ്മള്‍ കുറെ കുഞ്ഞു കുഞ്ഞു കാര്യങ്ങള്‍ മറന്നു പോകാറില്ലേ. സ്മാര്‍ട്ട് ഫോണിന്റെയും ടെലിവിഷന്റെയും ഇ-മെയിലിന്റെയും സോഷ്യല്‍ മീഡിയയുടേയും ഇക്കാലത്ത്, ദിവസത്തില്‍ കുറച്ച് സമയമെങ്കിലും ചുറ്റുപാടുമുള്ള ബഹളങ്ങളില്‍ നിന്ന് വിട്ടുനിൽക്കാനായി മീന്‍ പിടിക്കാന്‍ നടക്കുന്ന ഒരാളുണ്ടിങ്ങ് കോഴിക്കോട്. പേര് സന്തോഷ് കുമാര്‍. പക്ഷേ, ഇദ്ദേഹത്തിന് ഇത് വെറുമൊരു നേരമ്പോക്കാണെന്നു കരുതരുത്. സന്തോഷിന്റെ എട്ടുസെന്റ് സ്ഥലത്തെ ഫാമില്‍ നിന്ന് സന്ദര്‍ശകര്‍ക്ക് മീന്‍ പിടിക്കാനും അങ്ങനെ കിട്ടുന്ന മീന്‍ വീട്ടില്‍ കൊണ്ടുപോകാനും പറ്റും.
മീന്‍ പിടിത്തം മറ്റെന്തിനേക്കാളും ആസ്വദിക്കുന്ന സന്തോഷ്‌കുമാര്‍ സൈനികജോലിയില്‍ നിന്ന് വിരമിച്ച ശേഷമാണ് ഇതിലേക്ക് തിരിയുന്നത്. ഫാമില്‍ കൃത്രിമമായി നിര്‍മിച്ച കുളത്തില്‍ നിറയെ മീനാണ്. വരുന്നവര്‍ക്കെല്ലാം മീന്‍ പിടിക്കാനും പിടിച്ച മീനെല്ലാം കൊണ്ടുപോകാനും അവസരം നല്‍കുക വഴി നല്ലൊരു വരുമാന മാര്‍ഗവും ഇദ്ദേഹം കണ്ടെത്തുന്നു.
കൃഷി ഓഫീസറുടെ സഹായത്തോടെ നിർമിച്ച കൃത്രിമ കുളത്തിന് 1.60 ലക്ഷം രൂപയോളം ചെലവ് വന്നു. കൃഷി വകുപ്പില്‍ നിന്ന് ലഭിച്ച 4000 മീന്‍കുഞ്ഞുങ്ങളെ കൂടി നിക്ഷേപിച്ചപ്പോള്‍ കുളം മീന്‍ പിടിത്തത്തിനു തയ്യാറായി.
തിലാപ്പിയ (Philopia), അസം വാള (Pangusis) തുടങ്ങിയ ഇനം മീനുകളെയാണ് കുളത്തില്‍ വളര്‍ത്തുന്നത്. കുട്ടികളോടൊത്ത് കുടുംബങ്ങള്‍ ഇവിടെ വരുകയും കുട്ടികള്‍ മീന്‍ പിടിത്തം ആസ്വദിക്കുകയും ചെയ്യുന്നതൊക്കെ കാണുന്നതാണ് എന്റെ സന്തോഷം,' സന്തോഷ് പറയുന്നു.

പാവങ്ങാട് എം ഇ എസ് സ്‌കൂളിനും കെഎസ്ഇബി ഓഫീസിനും അടുത്താണ് സന്തോഷിന്റെ ഫാം. ആര്‍ക്കു വേണമെങ്കിലും സന്ദര്‍ശിക്കാം, മീന്‍ പിടിക്കുകയും ചെയ്യാം. ഫാമില്‍ പ്രവേശിക്കാന്‍ സന്ദര്‍ശക ഫീസ് ഈടാക്കാറില്ല. പക്ഷെ, പിടിച്ച മീന്‍ കൊണ്ട് പോകണമെങ്കില്‍ പണം കൊടുക്കണം. മീനൊന്നും കിട്ടിയില്ലെങ്കില്‍ പണവും കൊടുക്കണ്ട. ഒരു കിലോ മീനിന് ഇരുനൂറു രൂപയാണ് സന്തോഷ് ഈടാക്കുന്നത്. ചിലപ്പോള്‍ ഒരു മീനിന് തന്നെ രണ്ടുകിലോയോളം തൂക്കമുണ്ടാവും. യാതൊരു വിധ കീടനാശിനികളോ വിഷമോ കലരാത്ത മീനായതിനാല്‍ ആളുകള്‍ അവര്‍ പിടിച്ച മീന്‍ വീട്ടില്‍ കൊണ്ടു പോകാറാണ് പതിവ്. ആളുകള്‍ ഒഴിവുസമയം ഇതുപോലുള്ള പഴയകാല വിനോദങ്ങള്‍ക്കായി ചെലവഴിക്കുന്നത് കാണുന്നത് തന്നെ സന്തോഷകരമാണെന്ന് സന്തോഷ് പറയുന്നു.
പിടിച്ച മീനിനെ തിരികെ വെള്ളത്തിലേക്ക് വിടാറില്ല. മീന്‍ പിടിക്കാനുള്ള ചൂണ്ട ഇവിടെ നിന്ന് തന്നെ നല്‍കും. സന്ദര്‍ശകര്‍ക്ക് അവര്‍ക്കിഷ്ടമുള്ളത്രയും സമയം മീന്‍ പിടിക്കാനായി ചെലവഴിക്കാം. വാരാന്ത്യങ്ങളിലും അവധിദിവസങ്ങളിലും ഇവിടെയാകെ തിരക്കാകും. ഫാമിനെക്കുറിച്ച് അറിഞ്ഞ് ബേപ്പൂരില്‍ നിന്നും കൊയിലാണ്ടിയില്‍ നിന്നുമൊക്കെ ആളുകള്‍ വരാറുണ്ട്. മീന്‍ പിടിത്തം ജനങ്ങള്‍ ആസ്വദിക്കുന്നതാണ് തന്റെ സന്തോഷമെന്നാണ് സന്തോഷിന്റെ പക്ഷം.
ചുമ്മാ കുളത്തിന്റെ വക്കിലൂടെ അങ്ങുമിങ്ങും നടന്നു ചൂണ്ടയിടുക, ചൂണ്ടയിൽ മീന്‍ കൊത്തുന്നത് കാണുക, അത്ര തന്നെ. ജീവിതത്തിലെ തിരക്കുകളില്‍ നിന്നും കുറച്ച് സമയം ആശ്വാസം കണ്ടെത്താനും പിടിച്ച മീന്‍ വീട്ടില്‍ പാകം ചെയ്ത് കഴിക്കാനുമുള്ള അവസരമാണ് ഇവിടത്തെ മീന്‍ പിടിത്തത്തിലൂടെ സന്ദര്‍ശകര്‍ക്ക് ലഭിക്കുന്നത്.

വിഷം തൊട്ടുതീണ്ടിയിട്ടില്ലാത്ത ശുദ്ധമായ മീന്‍ വേണമെങ്കിലോ മീന്‍ പിടിത്തം ഒന്ന് പരീക്ഷിക്കണമെന്നുണ്ടെങ്കിലോ നേരെ സന്തോഷ്‌കുമാറിന്റെ ഫാമിലേക്ക് വിട്ടാല്‍ മതി. അവിടെ ചൂണ്ടയിട്ട് മീന്‍ കൊത്തുന്നുണ്ടോയെന്ന് നോക്കിയിരിക്കാം. മീന്‍ പിടിക്കുമ്പോള്‍ മാത്രമല്ല, തിരികെ വീട്ടിലെത്തിയാലും ആ അനുഭവം നമുക്ക് മറക്കാന്‍ സാധിക്കില്ലെന്നുറപ്പ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..