ണ്ണില്ലാതെ കൃഷി ചെയ്യാന്‍ പറ്റുമോ? ചെയ്താല്‍ വിജയിക്കുമോ? ഈ ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണ് ചെറുകുളത്തൂര്‍ സ്വദേശി മള്ളാറുവീട്ടില്‍ ചന്ദ്രന്റെ വീട്ടുമുറ്റത്തെ ചേനത്തോട്ടം. ഒരു തരി പോലും മണ്ണില്ലാതെയാണ് ഇദ്ദേഹത്തിന്റെ ചേനക്കൃഷി. 6 ചാക്കുകളിലായി നട്ടിരിക്കുന്ന ചേന വിളവെടുപ്പിന് പാകമായിരിക്കുകയാണ്. നാടന്‍ ഇനത്തില്‍ പെട്ട ചേന വിത്താണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്.

കരിയിലകളും ജൈവവളവും ഉപയോഗിച്ച് ചെയ്യുന്ന ഈ കൃഷിരീതി കഴിഞ്ഞ വര്‍ഷമാണ് ചന്ദ്രന്‍ പരീക്ഷിച്ചത്. മൂന്ന് ചാക്കിലാണ് അന്ന് ചേന നട്ടത്, 12 കിലോയിലധികം ചേന ലഭിക്കുകയും ചെയ്തു. തുടര്‍ന്ന് ഈ വര്‍ഷം ഇതേ രീതിയിലുള്ള കൃഷി വിപുലമാക്കുകയായിരുന്നു. 

നല്ല ഉറപ്പുള്ളതും വെള്ളം നില്‍ക്കാത്തതുമായ വലിയ പ്ലാസ്റ്റിക് ചാക്കില്‍ പകുതിയിലധികം കരിയിലകള്‍ നിറയ്ക്കണം. അതിനുമുകളില്‍ ചേന വിത്ത് വെച്ചശേഷം ചാണകപ്പൊടിയോ, കമ്പോസ്റ്റോ ചേര്‍ക്കാം, വീണ്ടും കരിയിലകള്‍ നിറയ്ക്കണം ചാക്ക് അല്പം ഉയര്‍ത്തി വെക്കാന്‍ ഇഷ്ടിക നിരത്താം. നിത്യവും മുറ്റം വൃത്തിയാക്കുമ്പോള്‍  ലഭിക്കുന്ന ചപ്പുചവറുകള്‍ ചാക്കില്‍ നിക്ഷേപിക്കാം ഇടയ്ക്കിടെ ജൈവവളങ്ങളായ ചാരം, ചാണകവെള്ളം, കമ്പോസ്റ്റ്, ബയോസ്ലെറി നേര്‍പ്പിച്ചത് എന്നിവ നല്‍കാം. മണ്ണില്ലാത്തതുകൊണ്ട് ചാക്കിന് ഭാരം കുറവായിരിക്കും. അതിനാല്‍ സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്തേക്ക് മാറ്റിവയ്ക്കാന്‍ എളുപ്പമാണ്. കൃഷി ഭൂമി ഇല്ലാത്തവര്‍ക്ക് മുറ്റത്തും, ടെറസ്സിലും ഈ രീതിയില്‍ കൃഷി ചെയ്യാവുന്നതാണ്. കൂടാതെ മഴക്കാല ആരംഭത്തില്‍ ചെയ്യുന്ന കൃഷി ആയതിനാല്‍ നനയ്ക്കുകയും വേണ്ടന്ന് ചന്ദ്രന്‍ പറയുന്നു. ഒരു കിലോയിലധികമുള്ള ചേന വിത്ത് ഉപയോഗിച്ച് കൃഷി ചെയ്യുന്നതാണ് നല്ലതെന്ന് അദ്ദേഹം പറയുന്നു.

കൃഷി പൂര്‍ണ വിജയമായതിനാല്‍ അടുത്തവട്ടം അതിവിപുലമായ രീതിയില്‍ ചേന കൃഷി ചെയ്യാനാണ് തീരുമാനം. ഇതേ രീതിയില്‍ കാച്ചില്‍ കൃഷി ചെയ്യാനും ചന്ദ്രന്‍ ആലോചിക്കുന്നുണ്ട്.

പാരമ്പര്യ കര്‍ഷകനായ ചന്ദ്രന്‍ ഹരിതകീര്‍ത്തി അവാര്‍ഡ് ജേതാവാണ്. മുന്‍ കെ.എസ്. ഒ ഉദ്യോഗസ്ഥനായ ഇദ്ദേഹം കൃഷിയില്‍ നിരവധി നൂതന പരീക്ഷണങ്ങള്‍ നടത്തുന്ന വൃക്തിയാണ്. നെല്ല്, വാഴ, മരച്ചീനി, വിവിധ ഇനം പച്ചക്കറികള്‍ തുടങ്ങി നിരവധി കൃഷികള്‍ ഇദ്ദേഹം നടത്തി വരുന്നു

Content Highlights: Yam cultivation without soil