നാം അധിവസിക്കുന്ന ഭൂമിയിലെ ഒരിക്കലും ഒടുങ്ങാത്ത അക്ഷയപാത്രമാണ് മണ്ണ്. മനുഷ്യന്‍ മുതല്‍ അതിസൂക്ഷ്മവും വിസ്മയകരവുമായ സൂക്ഷ്മാണുക്കളുടെ ജീവലോകം. ജീവികള്‍ക്ക് ആവശ്യമില്ലാത്തതെല്ലാം തന്നിലേക്ക് എടുക്കുകയും അവര്‍ക്ക് ആവശ്യമുള്ളതെല്ലാം തരികയും ചെയ്യുന്ന അത്യപൂര്‍വസൃഷ്ടിയാണ് മണ്ണ്. മനുഷ്യന്റെ പ്രവൃത്തികളാണ് മണ്ണിനെ ദുഷിപ്പിക്കാന്‍ തുടങ്ങിയത്. നല്ല ജൈവസമ്പുഷ്ടിയുള്ള മണ്ണ് നല്ല വിഘടന മാധ്യമവുമാണ്. തന്നിലേക്ക് ചേരുന്നതിനെയെന്തിനെയും വലിച്ചെടുത്ത് തന്റെ ഭാഗമാക്കാന്‍ മണ്ണിന് കഴിവുണ്ട്. മേല്‍മണ്ണിലാണ് ഹ്യൂമാസ് എന്ന സസ്യ ജൈവാവശിഷ്ടങ്ങള്‍ വിഘടിച്ചുള്ള ഫലഭൂയിയിഷ്ഠത നിലനില്‍ക്കുന്നത്. 

സൂക്ഷ്മജീവികളുടെ ഒരു ലോകമാണത്. ഇതില്‍ കണ്ടെത്തിയതനുസരിച്ച് ഏകദേശം മൂന്നുലക്ഷത്തില്‍പരം ജീവിവര്‍ഗങ്ങള്‍ മേല്‍മണ്ണിനെ ആശ്രയിച്ച് കഴിയുന്നുണ്ട് 10 ഗ്രാം മേല്‍മണ്ണില്‍ കുറഞ്ഞത് 1200 ഓളം സ്പീഷിസ് ജീവാണുക്കള്‍ കാണുമെന്നാണ് മണ്ണിനെക്കുറിച്ചുള്ള ഒരു പഠനം തെളിയിക്കുന്നത്. മനുഷ്യന്റെ ഇടപെടലില്ലാത്ത കാട്ടിലെ മണ്ണിനെയാണ് ഇവര്‍ പഠനവിധേയമാക്കിയത്. കാട്ടിലെ മരങ്ങളുടെ ചുവട്ടില്‍ക്കാണപ്പെടുന്ന മണ്ണ് പ്രകൃതിതന്നെ ഒരുക്കിയിട്ടുള്ളതാണ്. പ്രകൃതിയുടെ കലപ്പയെന്നറിയപ്പെടുന്ന മണ്ണിരയാണ് ഇവിടെ സൂക്ഷ്മജീവികള്‍ക്ക് വളരാനും അവയുടെ വളര്‍ച്ചയിലൂടെ മണ്ണിന്റെ സ്വാഭാവിക ഘടനനിലനിര്‍ത്താനും സഹായിക്കുന്നത്. ഉപരിതലത്തില്‍നിന്ന് പത്തു മുതല്‍ 15 വരെ സെന്റിമീറ്റര്‍ താഴ്ചയിലുള്ള മണ്ണാണ് മേല്‍മണ്ണായി അറിയപ്പെടുന്നത്. ഇതിലാണ് ഭൂമിയില്‍ നിലനില്‍ക്കുന്നതും ജീവികള്‍ ഉപയോഗിച്ചുവരുന്നതുമായ എല്ലാ ഉത്പന്നങ്ങളും ഉരുവാകുന്നത്. ജൈവഘടകങ്ങളുടെയും ധാതുലവണങ്ങളുടെയും ജീവജാലങ്ങളുടെയും പ്രഥമ കേന്ദ്രമായ മണ്ണ് സസ്യജാലങ്ങളെ വളര്‍ത്തുന്നതിലൂടെയാണ് ഭൂമിയില്‍ ജീവന്‍ നിലനിന്നുപോരുന്നത് ഇത്തരം മേല്‍മണ്ണ് ഒരു സെന്റിമീറ്റര്‍ കനത്തില്‍ ഉണ്ടാകാന്‍ 1000 വര്‍ഷത്തോളം വേണ്ടിവരും.

ആരോഗ്യജീവിതത്തിന്

ജീവികളുടെ ആരോഗ്യത്തോടെയുള്ള ജീവിതത്തിന് ആരോഗ്യമുള്ള മണ്ണ് കൂടിയേതീരൂ. 45 ശതമാനം ധാതുക്കളും മൂലകങ്ങളും 25 ശതമാനം വായു,  25 ശതമാനം  വെള്ളം, അഞ്ചുശതമാനം  ജൈവാംശം എന്നിങ്ങനെയാണ് മികച്ച മണ്ണിന്റെ ഘടന. മണ്ണും ജലവും ജീവജാലങ്ങളും തമ്മിലുള്ള ബന്ധവും ഒന്ന് മറ്റൊന്നിന് താങ്ങാവുന്നകാര്യവും പണ്ടുമുതലേ നമ്മുടെ കാര്‍ഷികസംസ്‌കൃതിയില്‍ പറഞ്ഞിട്ടുള്ളതാണ്. ശരിക്കും ആരോഗ്യം നിറഞ്ഞമണ്ണില്‍ അടിസ്ഥാനമായി ഉണ്ടാവേണ്ട ജൈവികവസ്തുക്കള്‍ ഇത്തരത്തില്‍ അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നു: 50 ശതമാനം ഫംഗസുകള്‍, 20 ശതമാനം ബാക്ടീരിയകള്‍, 20 ശതമാനത്തോളം ഈസ്റ്റ്, ആല്‍ഗകള്‍, പ്രോട്ടോസോവ മുതലായവകള്‍, 10 ശതമാനം മണ്ണിര മറ്റ് സൂക്ഷ്മജീവികള്‍ എന്നിവ. ഒരു ഹെക്ടര്‍ ആരോഗ്യമുള്ള ഭൂമിയിലെ മണ്ണില്‍ രണ്ടുമുതല്‍ അഞ്ചുടണ്‍വരെ പ്രാണികള്‍ ഉള്ളതായും അഞ്ചുടണ്‍ വരെ മണ്ണിര വേണ്ടതായും അര ടണ്ണോളം സൂക്ഷ്മജീവികള്‍ ഉള്ളതായും കണക്കാക്കപ്പെട്ടിരിക്കുന്നു. കാട്ടിലെ ശുദ്ധമായ മണ്ണില്‍ നിമാറ്റോഡ്സ് 12 കോടിേയാളം ഒരു ചതുരശ്രമീറ്റര്‍ സഥലത്ത് കാണപ്പെടും എന്നുപറഞ്ഞാല്‍ത്തന്നെ എത്രയധികം ജീവിസമ്പന്നമാണ് സ്വാഭാവികമണ്ണ് എന്ന് നമുക്ക് മനസ്സിലാക്കാം. കൂടാതെ എട്ടുകാലിയിനങ്ങള്‍ ഒരു ലക്ഷത്തോളം, കാല്‍ലക്ഷത്തോളം വിരകള്‍ സ്രിങ്ലൈറ്റ്് പ്രാണികള്‍ അരലക്ഷത്തോളം ഷെല്‍ജീവികളായ മുളുക്കസ് പതിനായിത്തോളം എന്നിങ്ങനെയും കോടിക്കണക്കിന് സൂഷ്മാണുക്കളും ഉള്‍ക്കൊള്ളുന്നതാണ് അത്രയും മണ്ണ്. മുകളില്‍പ്പറഞ്ഞ ചെറുജീവികളെല്ലാം മണ്ണിനെ പാകപ്പെടുത്താല്‍ ഉള്ളവയാണ് അതുകൊണ്ടുതന്നെയാണ് സ്വാഭാവികമണ്ണ് രൂപപ്പെട്ടുവരാന്‍ നൂറുകണക്കിന് വര്‍ഷങ്ങളെടുക്കുന്നതും അത് കൃത്രിമമായി ലാബുകളില്‍ നിര്‍മ്മിച്ചെടുക്കാന്‍ സാധിക്കാത്തതും.

ഫലപുഷ്ടികൂടിയ മണ്ണില്‍ എക്കലിന്റെ സാന്നിധ്യം കൂടുതലായിരിക്കും കൂടുതല്‍. മനുഷ്യന്റെ നിലനില്‍പ്പിന് വെള്ളവും ഒരുപോലെ അത്യാവശ്യമാണ്. മണ്ണ് മാത്രമല്ല മാനവരാശിയുടെ അതിജീവനത്തിന് ആവശ്യമായ വസ്തുക്കളുടെ എല്ലാം ഉത്പാദനം മണ്ണുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. മണ്ണ് വലിയൊരു ജലസംഭരണി കൂടെയാണ്. സ്വന്തം വ്യാപ്തത്തിന്റെ മൂന്നിരട്ടി വെള്ളം സംഭരിച്ചുവെക്കാന്‍ മണ്ണിനുകഴിയുന്നു. ഇങ്ങനെ സംഭരിക്കുന്ന ജലമാണ് മണ്ണില്‍ സൂക്ഷ്മജീവികളുടെ വര്‍ധനയ്ക്കും മണ്ണിന്റെ ഫലഭൂയിഷ്ഠതയ്ക്കും കാരണമാകുന്നത്. അന്തരീക്ഷത്തില്‍ അധികമുള്ള നൈട്രജനെയും മണ്ണ് വലിച്ചെടുത്ത് സൂക്ഷിക്കുന്നു.  പക്ഷേ, മനുഷ്യന്റെ വിവേകമില്ലാത്ത പ്രവര്‍ത്തനങ്ങങ്ങളാലും കാലാവസ്ഥാമാറ്റങ്ങളാലും പ്രകൃതി ക്ഷോഭങ്ങളാലും കേവലം 11 ശതമാനം മാത്രമുള്ള കൃഷിക്കനുയോജ്യമായ മേല്‍മണ്ണ് നാശത്തിന്റെ വക്കിലാണ്.

സംരക്ഷിക്കാം ആമാശയത്തെ
 
പുരാതന ഗ്രീക്ക്ചിന്തകനായ അരിസ്റ്റോട്ടില്‍ മണ്ണിനെ വിശേഷിപ്പിച്ചത് സസ്യങ്ങളുടെ ആമാശയമെന്നാണ്. സസ്യങ്ങളുടെ മാത്രമല്ല സസ്യങ്ങളുടെ നിലനില്‍പ്പിലൂടെ ഭൂമിയിലെ മനുഷ്യനടങ്ങുന്ന ചെറുതും വലുതുമായ ജീവജാലങ്ങളുടെ മൊത്തം ആമാശയമാണ് മണ്ണ്. വികലമായ കാര്‍ഷികപരിഷ്‌കാരങ്ങളും ഉത്പാദനവര്‍ധനയെന്ന ലക്ഷ്യം മാത്രം മുന്‍നിര്‍ത്തി മണ്ണിന്റെ ആരോഗ്യത്തെയും അവസ്ഥയെയും പരിഗണിക്കാതെ നടത്തുന്ന രാസവള-രാസകീടനാശിനി പ്രയോഗങ്ങളും പ്രളയംപോലുള്ള പ്രകൃതിക്ഷേങ്ങളും സ്വാഭാവിക ഒഴുക്കുനിലച്ച പുഴകളും തോടുകളും നികത്തപ്പെട്ടതണ്ണീര്‍ത്തടങ്ങളും ഇടിച്ചുനിരത്തപ്പെട്ട കുന്നുകളും മണ്ണൊലിപ്പും എല്ലാം ജീവിവര്‍ഗത്തിന്റെ ആമാശയത്തെ ബാധിച്ചുകൊണ്ടിരിക്കുകയാണ്.

മണ്ണിന്റെ നാശത്തിനു കാരണം മണ്ണൊലിപ്പു മാത്രമല്ല

മണ്ണിന്റെ നാശത്തിനു കാരണം മണ്ണൊലിപ്പു മാത്രമല്ല മണ്ണിന്റെ ഇന്നത്തെ നാശത്തിന് കാരണം എന്നാല്‍ അതും ഒരു കാരണമാണ്. ചരിഞ്ഞ ഭൂപ്രകൃതിയുള്ളകേരളത്തില്‍ നിന്നുമാത്രം പ്രതിവര്‍ഷം ഹെക്ടറിന് ആറുടണ്ണോളം മണ്ണാണ് ഒഴുകിപ്പോകുന്നതെന്നത് മനസ്സിലാക്കിയാല്‍ മണ്ണൊലിപ്പിന്റെ രൂക്ഷത നമുക്ക് മനസ്സിലാക്കാം. പതിവിലും അധികം മഴപെയ്താല്‍ പെട്ടെന്നുതന്നെ നദികള്‍ കരകവിയുന്നത് മലയില്‍നിന്നും ഒലിച്ചുവരുന്ന മണ്ണ് പല പുഴകളുടെയും ആഴത്തെ ഇല്ലാതാക്കുന്നതിനാലാണ്. മഴ പതുക്കെ വിട്ടൊഴിയുമ്പോഴേക്കും ഭാരതപ്പുഴയുടെ വിരിമാറില്‍ മണല്‍ക്കൂനകള്‍ ഉയരുന്നത് ഇരുകരകളില്‍നിന്നും കുത്തിയൊലിച്ചുവരുന്ന മണ്ണു കാരണമാണ്.

തങ്ങിനില്‍ക്കുന്ന ലവണാംശം: കുട്ടനാട് ഒരു ഉദാഹരണം

നമ്മുടെ നെല്ലറയായിരുന്ന കുട്ടനാട്ടില്‍ കാലക്രമേണ കൃഷി കുറയുന്നതാണ് കണ്ടുവരുന്നത്. കുട്ടനാട്ടിലെ കൃഷിഭൂമിയുടെ 42 ശതമാനത്തിലധികം അധികലവണാംശമുള്ളതാണെന്നും മുമ്പത്തെപ്പോലെ വിളവ് അവിടത്തെ മണ്ണില്‍നിന്നും ലഭിക്കുന്നില്ലയെന്നും ഒരു പഠനത്തില്‍ കണ്ടെത്തിയതാണ്. മേല്‍മണ്ണിന്റെ കേരളത്തിലെ നാശത്തിന് കൃഷിയിടങ്ങളില്‍നിന്നും ഒഴുകിമാറാത്ത ലവണാംശത്തെയും ഒരു വലിയകാരണമായി കണക്കാക്കാം. നെല്‍പ്പാടങ്ങളും താഴ്ന്നപ്രദേശങ്ങളും നികത്തുന്നത് മണ്ണിലെ അധിക ലവണാംശം ഒഴുകി മാറാതെ മണ്ണില്‍ തങ്ങിനില്‍ക്കാന്‍ കാരണമാകുന്നു. ഇന്ത്യയില്‍ ഏകദേശം 25 മില്യന്‍ ഹെക്ടര്‍ കൃഷി സ്ഥലം ലവണബാധിതമാണ്. കേരളത്തിലെ പൊക്കാളി, കൈപ്പാട് പ്രദേശങ്ങളും കുട്ടനാടും ഇതിനുദാഹരണമാണ്. മാത്രമല്ല തെറ്റായ ജലസേചന-ജലവിനിയോഗരീതികള്‍ കൊണ്ടും കാര്‍ഷികപ്രവര്‍ത്തനങ്ങള്‍ കൊണ്ടും കൂടുതല്‍ കൃഷിസ്ഥലം ലവണബാധിതമാകുന്നുമുണ്ട്.

ലവണാംശം കൂടുന്നതിനുള്ള കാരണങ്ങള്‍

ജലസേചനത്തിന് പുഴകളിലെയും മറ്റും ഉപ്പുരസമുള്ള വെള്ളം ഉപയോഗി ക്കുന്നതുകൊണ്ട് മണ്ണില്‍ ലവണാംശം തങ്ങിനില്‍ക്കുന്നു. വയലുകളും താഴ്ന്ന പ്രദേശങ്ങളും നീര്‍ച്ചാലുകളും മണ്ണിട്ട് നികത്തുന്നതുകൊണ്ട് പ്രകൃതിദത്തമായ ജലനിര്‍മാര്‍ജനസൗകര്യം തടസ്സപ്പെടുകയും ആ പ്രദേശത്തെ ഒഴുകിമാറേണ്ട ലവണാംശം മണ്ണില്‍ത്തന്നെ നിലനില്‍ക്കുകയും ചെയ്യുന്നു. ഒരു പ്രദേശത്തെ കടല്‍ ജലവിതാനം മേല്‍മണ്ണിന് മുകളിലാണെങ്കില്‍ ലവണാംശം അധികമായിരിക്കും.അമിത ജലസേചനം, നീര്‍വാര്‍ച്ചാസൗകര്യം ഇല്ലാതിരിക്കല്‍, ജലത്തിന്റെ ബാഷ്പീകരണത്തോത് കൂടുന്നതും മണ്ണിലെ അമിത ലവണത്തിന് കാരണമാക്കുന്നുണ്ട്.

മണ്ണിലെ അണുജീവികളുടെപ്രവര്‍ത്തനം തടസ്സപ്പെടുന്ന അമിതലവണം മണ്ണിലെ വായുസഞ്ചാരം കുറയ്ക്കുകയും വേരുപടലവളര്‍ച്ചയെ തടസ്സപ്പെടുത്തുകയും ചെയ്യും. ഓസ്മോട്ടിക് മര്‍ദം കൂടുതലായതിനാല്‍ സസ്യങ്ങളുടെ ജലം ആഗിരണംചെയ്യാനുള്ള കഴിവിനെ തടസ്സപ്പെടുത്തും. കൂടാതെ ലവണാംശമുള്ള മണ്ണില്‍ വളരുന്ന സസ്യങ്ങളില്‍ വിഷമയമായ രാസവസ്തുക്കള്‍ കൂടുതല്‍ തങ്ങിനില്‍ക്കുകയും സസ്യങ്ങളില്‍ അവശ്യമൂലകങ്ങളുടെ ആഗിരണത്തെ തടസ്സപ്പെടുത്തുകയും ചെയ്യും.

എങ്ങനെ കുറയ്ക്കാം

മണ്ണില്‍ പുതയിടുക, ഓരുവെള്ളത്തിന്റെ ജലസേചനം പരമാവധി കുറയ്ക്കുക, കൃഷിയിടങ്ങളിലേയ്ക്കുള്ള കടല്‍വെള്ളത്തിന്റെ കടന്നുകയറ്റം ഒഴിവാക്കുക, നല്ല നീര്‍വാര്‍ച്ച സൗകര്യം ഉറപ്പാക്കുക, ചതുപ്പുകളില്‍ അടിമണ്ണിലെ ജലനിര്‍മാര്‍ജന പ്രക്രിയയ്ക്ക് വഴികളുണ്ടാക്കുക. വയലുകളും കുളങ്ങളും തണ്ണീര്‍ത്തടങ്ങളും നികത്താതെ സംരക്ഷിക്കുക, തോടുകളുടെയും നീര്‍ച്ചാലുകളുടെയും സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെടുത്താതിരിക്കുക എന്നിവയാണ് മണ്ണാിലെ അമിത ലവണാംശം ഇല്ലാതാക്കുന്നതിനുള്ള വഴികള്‍. പാടങ്ങള്‍ ആഴത്തില്‍ ഉഴുതുമറിച്ച്  മണ്ണിലെ ലവണാധിക്യം കുറയ്ക്കാം. കൃഷിയിടങ്ങളില്‍ ആവശ്യത്തിന് വെള്ളം മണ്ണിലേക്ക് ആഴ്ന്നിറങ്ങാനും അമിതജലം ഒഴുക്കികളയാനുമുള്ള സൗകര്യമൊരുക്കുക,  ജൈവവളക്കൂറ് കൂട്ടി അണുജീവികളുടെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തി സന്തുലനാവസ്ഥ സൃഷ്ടിക്കാം.

നടത്താം മണ്ണുപരിശോധന

ചെടികള്‍ക്ക് ആവശ്യമുള്ള മൂലകങ്ങളും പോഷകങ്ങളും എത്രയളവില്‍ ചേര്‍ക്കണമെന്നറിയണമെങ്കില്‍ ശാസ്ത്രീയപരിശോധനയിലൂടെ മണ്ണിന്റെ നിലവാരം മനസ്സിലാക്കണം. അമ്ല-ക്ഷാരനില ക്രമീകരിക്കുന്നതിനു കുമ്മായമോ ഡോളമൈറ്റോ ചേര്‍ക്കുന്നതിനെക്കുറിച്ച് തീരുമാനിക്കാനും മണ്ണു പരിശോധിക്കണം. കൃഷിയുടെ വിജയത്തിന് ഇത് അത്യന്താപേക്ഷിതമാണ്.

മണ്ണ് സാംപിളെടുക്കാം

പരിശോധനയ്ക്കായി എടുക്കുന്ന സാംപിള്‍ കൃഷിയിടത്തെമൊത്തം പ്രതിനിധാനം ചെയ്യുന്നതാകണം. അതിനാല്‍ കൃഷിയിടത്തിന്റെ പല ഭാഗത്തുനിന്നും മണ്ണെടുക്കണം. സാംപിള്‍ എടുക്കുന്ന സ്ഥലത്തെ ആദ്യംതന്നെ ചെത്തി വൃത്തിയാക്കണം. കൈക്കോട്ട് ഉപയോഗിച്ചു 'വി' ആകൃതിയില്‍ മണ്ണ് വെട്ടിയെടുക്കുക. ഇതിനു നിര്‍ദേശിച്ചിട്ടുള്ള താഴ്ച നെല്‍പ്പാടങ്ങളില്‍ 15 സെന്റീമീറ്ററും മറ്റിടങ്ങളില്‍ 25 സെന്റീമീറ്ററും ആണ്. കുഴിയുടെ ഇരുവശങ്ങളില്‍നിന്നും രണ്ടുസെന്റീമീറ്റര്‍. കനത്തില്‍ അരിഞ്ഞെടുത്ത മണ്ണ് ഒരു വൃത്തിയുള്ള കവറില്‍ ശേഖരിക്കണം. കൃഷിയിടത്തില്‍ വലുപ്പമനുസരിച്ച് എട്ടുമുതല്‍ 16 ഇടങ്ങളില്‍ നിന്നുവരെയായി സാംപിള്‍ ശേഖരിക്കണം. എല്ലാം കൂട്ടിക്കലര്‍ത്തി കല്ലും വിളാവശിഷ്ടങ്ങളും നീക്കി പരത്തിയിട്ട് നാലു സമഭാഗമാക്കി എതിര്‍ദിശയിലുള്ള രണ്ടുഭാഗം നീക്കിയതിനുശേഷം വീണ്ടും കൂട്ടിക്കലര്‍ത്തി മുമ്പു ചെയ്ത വിധം നിരത്തിയിട്ട് പകുതിഭാഗം നീക്കി ഒടുവില്‍ അര കിലോ ആക്കി വൃത്തിയുള്ള  തറയില്‍ നിരത്തി തണലില്‍ ഉണക്കിയെടുക്കണം. ഇനി പ്ലാസ്റ്റിക് അല്ലെങ്കില്‍ തുണിസഞ്ചിയില്‍ നിറച്ച് പരിശോധനയ്ക്ക് കൃഷിഭവനുകളിലെത്തിക്കണം. സാംപിള്‍ അടുത്തയിടെ വളം ചെയ്തതും വെള്ളം കെട്ടിക്കിടക്കുന്നതും വളക്കുഴികള്‍ക്കടുത്തുനിന്നും എടുക്കരുത്. വളം, കുമ്മായം എന്നിവ ചേര്‍ത്ത് മൂന്നുമാസമെങ്കിലും കഴിയണം.

അറിയണം പി.എച്ച് മൂല്യം

മണ്ണിലടങ്ങിയിരിക്കുന്ന സജീവ ഹൈഡ്രജന്‍ അയോണിന്റെ സാന്ദ്രതയുടെ  അളവാണ് പി.എച്ച്. എന്നത്. അമ്ല-ക്ഷാര ഗുണത്തിന്റെ സൂചകമായ ഇതിനെ സോയില്‍ റിയാക്ഷന്‍ എന്നും വിളിക്കുന്നു. പൂജ്യം മുതല്‍ 14 വരെയുള്ള മൂല്യങ്ങളായാണ് പി.എച്ച്. രേഖ പ്പെടുത്തുക. ഇത് ഏഴില്‍ താഴെയായാല്‍ അമ്ലഗുണവും ഏഴില്‍ കൂടുതലായാല്‍ ക്ഷാരഗുണവും ഉള്ളതായി കണക്കാക്കാം. പി.എച്ച് മൂല്യം ഏഴാണെങ്കില്‍ നിര്‍വീര്യമാണ്. മിക്ക വിളകള്‍ക്കും ആറുമുതല്‍ 6.8 വരെയുള്ള പി.എച്ച്. മൂല്യമാണ് അനുയോജ്യം. ഈ അവസ്ഥയില്‍ ഭൂരിപക്ഷം സസ്യപോഷകങ്ങളും പരമാവധി മണ്ണില്‍ ലയിച്ചുചേരുക. ചില പാറകളില്‍നിന്നുള്ള ഊറലുകളും സാന്‍ഡ്സ്റ്റോണും അമ്ലഗുണം പ്രകടിപ്പിക്കും. എന്നാല്‍, ചുണ്ണാമ്പുകല്ലിന് ക്ഷാരഗുണമാണ്. ചില സസ്യങ്ങള്‍ (കോണിഫര്‍സ്) ജൈവഅമ്ലം ഉത്പാദിപ്പിക്കാറുണ്ട്. ഇവയ്ക്കും മണ്ണിന്റെ പി.എച്ച്. മൂല്യം സ്വാധീനിക്കും.

നേടാം സോയില്‍ ഹെല്‍ത്ത് കാര്‍ഡ്

ഒരു കൃഷിയിടം ഒരുക്കുന്നതിന് മുമ്പുതന്നെ നടത്തേണ്ട അത്യാവശ്യ പ്രക്രിയയാണ് മണ്ണുപരിശോധന. ഇങ്ങനെ മണ്ണു പരിശോധിച്ച് മണ്ണ് ആരോഗ്യകാര്‍ഡുകള്‍ നമുക്ക് ലഭ്യമാകും. നാം കൃഷിചെയ്യുന്ന സ്ഥലത്തെ മണ്ണ് പരിശോധിച്ച്,  മണ്ണ് പരിശോധനാ ലാബോറട്ടറികള്‍ നല്‍കുന്ന ആധികാരികരേഖയാണ് സോയില്‍ ഹെല്‍ത്ത് കാര്‍ഡ്. ഇതില്‍ മണ്ണിന്റെ ഇനം, മണ്ണിന്റെ പി.എച്ച്., മണ്ണില്‍ ലയിച്ചുചേര്‍ന്നിട്ടുള്ള ധാതുക്കളുടെ അളവ്, മണ്ണിലെ പോഷകമൂലകങ്ങളുടെ തോത് എന്നിവയുണ്ടാകും. ഇത് അടിസ്ഥാനമാക്കിയുള്ള വളം ചെയ്യാം