ഏറെ അധ്വാനമുള്ളതും പ്രയാസമേറിയതുമായ ഒരു ജോലിയാണ് അടയ്ക്കയുടെ വിളവെടുപ്പ്. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ധാരാളം പേര്‍ക്ക് പലവിധത്തിലുള്ള ശാരീരിക വൈഷമ്യങ്ങളും അപകടങ്ങളും പതിവായി സംഭവിക്കാറുണ്ട്. ഇവിടെയാണ് 'വണ്ടര്‍ ക്ലൈംബര്‍' എന്ന പേരില്‍ അറിയപ്പെടുന്ന കവുങ്ങ് കയറുന്ന യന്ത്രത്തിന്റെ പ്രസക്തി. ഈ യന്ത്രം കവുങ്ങില്‍ കയറും, അടയ്ക്ക അടര്‍ത്തും, യാതൊരു കേടുപാടും കൂടാതെ കുല താഴെയെത്തിക്കുകയും ചെയ്യും.

കോഴിക്കോട് ജില്ലയിലെ മായനാട് സ്വദേശി പ്രകാശന്‍ തട്ടാരിയുടെതാണ് ആശയവും ഗവേഷണവും നിര്‍മ്മാണവും. 2010 ലാണ് പ്രകാശന്‍ തട്ടാരി ഈ യന്ത്രം വികസിപ്പിച്ചെടുത്തത്. അടയ്ക്ക പറിക്കുന്നതിനു പുറമെ കവുങ്ങില്‍ മരുന്നു തളിക്കുക എന്ന ഏറെ ശ്രമകരമായ ജോലിയും ഈ ഉപകരണം കൊണ്ട് അനായാസം ചെയ്യാനാവും. ഒരു മണിക്കൂറില്‍ ഏകദേശം 15 കവുങ്ങുകള്‍ എന്നതാണ് ഈ യന്ത്രത്തിന്റെ കാര്യക്ഷമത.

യന്ത്രത്തിന്റെ ഭാഗങ്ങള്‍

ഈ യന്ത്രത്തിന്റെ വിവിധ ഭാഗങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം. കംപ്രഷന്‍ സൃഷ്ടിക്കാനുള്ള വലിയ സ്പ്രിങ്ങ് കൊണ്ടുള്ള ഒരു മദ്ധ്യഭാഗമാണ് ഈ ഉപകരണത്തിന്റെ പ്രധാന ഘടകം. ഇതിനെ കവുങ്ങിനോട് ബന്ധിപ്പിക്കാനായി ഇരുമ്പു കൊണ്ടുള്ള രണ്ടു വളയങ്ങളാണുള്ളത്. മുകളിലെ വളയവും ചുവട്ടിലെ വളയവും. കൂടാതെ റബ്ബര്‍ ബോളുകള്‍ കൊരുത്ത സ്പ്രിങ്ങ് ആക്ഷനുള്ള ഒരു മാലയും. അടയ്ക്ക അറുക്കാനുള്ള കത്തിയെ കവുങ്ങിനോടു ചേര്‍ത്തു നിര്‍ത്തുക എന്നതാണ് ഈ മാലയുടെ ധര്‍മ്മം. ഈ മൂന്നു വളയങ്ങളാണ് ഓരോ തവണ കവുങ്ങില്‍ കയറ്റുമ്പോഴും ഘടിപ്പിക്കേണ്ടതും ഊരിയെടുക്കേണ്ടതും.

ഇവയ്ക്കു പുറമെ അടയ്ക്ക അറുക്കുന്നതിനുള്ള ഒരു കത്തിയും'ഢ'ആകൃതിയിലുള്ള ഒരു കുലതാങ്ങിയുമുണ്ട്. യന്ത്രം കവുങ്ങില്‍ കയറ്റുന്നതിനു മുമ്പ് കവുങ്ങിന്റെ ഘടന പരിശോധിക്കണം. ചുവടു ഭാഗത്ത് വണ്ണക്കൂടുതലും മുകളിലോട്ട് വണ്ണക്കുറവുമുള്ള കവുങ്ങാണെങ്കില്‍ താഴത്തെ വളയം മുറുക്കിയിടേണ്ടതാണ്.

ഉപയോഗ രീതി

ഇതിന്റെ ഉപയോഗ രീതി വളരെ ലളിതമാണ്. ആദ്യം കത്തിയും കുലതാങ്ങിയും യന്ത്രത്തില്‍ ഘടിപ്പിക്കണം. കത്തി മുകളിലേക്ക് വരത്തക്കവണ്ണം കത്തിയുടെ വളഞ്ഞ ഉള്‍ഭാഗം കവുങ്ങിനോട് ചേര്‍ന്ന് നില്ക്കുന്ന വിധത്തില്‍ വേണം യന്ത്രത്തെ കവുങ്ങിനോടു ഘടിപ്പിക്കാന്‍. ഉപകരണത്തെ കവുങ്ങില്‍ പിടിപ്പിക്കുമ്പോള്‍ ആദ്യം മുകളിലത്തെ വളയമാണ് ഘടിപ്പിക്കേണ്ടത്. അതിനു ശേഷം റബ്ബര്‍ മാല. ശേഷം താഴത്തെ വളയം ഘടിപ്പിക്കാം. യന്ത്രം കവുങ്ങിനോട് ബന്ധിപ്പിക്കുമ്പോള്‍ത്തന്നെ കത്തി മുകളിലുള്ള കുലയുടെ നേരെ വരുന്ന വിധത്തില്‍ വേണം ഘടിപ്പിക്കാന്‍.

യന്ത്രം ഇറക്കാനായി 6 മില്ലിമീറ്റര്‍ വണ്ണവും കവുങ്ങിനോളം തന്നെ നീളവുമുള്ള ഒരു കയര്‍ ഉപകരണത്തിലെ ഒരു കൊളുത്തില്‍ ബന്ധിപ്പിക്കണം. മറുവശത്തെ കൊളുത്തില്‍10 മില്ലിമീറ്റര്‍ വണ്ണവും കവുങ്ങിനോളം തന്നെ നീളവുമുള്ള ഒരു കയര്‍ യന്ത്രം കയറ്റാനായും ബന്ധിപ്പിക്കണം.

ഒരു കയര്‍ വലിക്കുമ്പോള്‍ മധ്യഭാഗത്തെ  സ്പ്രിങ്ങില്‍ രൂപം കൊള്ളുന്ന കംപ്രഷന്‍ കാരണം യന്ത്രം കവുങ്ങിന്റെ മുകളിലോട്ട് കയറിത്തുടങ്ങും. മുകളിലെത്തി ഏകദേശം കുലയുടെ അരയടി താഴെയെത്തുമ്പോള്‍ അല്പം ബലമായി വലിച്ചാല്‍ കത്തി കുലയുടെ അടിഭാഗത്ത് ശക്തിയായി ഇടിക്കുകയും കുല മുറിഞ്ഞ് കുലതാങ്ങിയില്‍ കൊരുന്നു കിടക്കുകയും ചെയ്യും . ഇപ്രകാരം കയര്‍ വലിക്കുമ്പോള്‍ അമിതമായി ശക്തി ഉപയോഗിക്കരുത്. പഴുത്ത കുലയ്ക്കു മുകളിലുള്ള പൂക്കുലയ്ക്ക് ക്ഷതം പറ്റാതിരിക്കാനാണിത്.

രണ്ടാമത്തെ കയര്‍ വലിക്കുന്നതോടെ യന്ത്രം താഴെയ്ക്ക് സഞ്ചരിച്ചു തുടങ്ങും. അങ്ങനെ യാതൊരു കേടുപാടും സംഭവിക്കാതെ കുല താഴെയെത്തുന്നു. ഇറക്കാനുള്ള കയര്‍ ഉപയോഗിച്ച് കവുങ്ങിനു മുകളില്‍ വച്ചുതന്നെ യന്ത്രത്തെ പല ദിശകളിലേക്കും തിരിക്കാവുന്നതുമാണ്. ഈ പ്രക്രിയ ഒരാള്‍ക്ക് പരസഹായം കൂടാതെ തനിയെ ചെയ്യാവുന്നതാണ്. സ്ത്രീകള്‍ക്കും ഏതു പ്രായക്കാര്‍ക്കും വളരെ അനായാസം ഇത് പ്രവര്‍ത്തിപ്പിക്കാം. യന്ത്രത്തെ മുകളിലേക്ക് കയറ്റുന്നതിനു മുന്‍പ് താഴെയിറക്കാനുള്ള കയര്‍ ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തണം.

കാസറഗോഡ് കൃഷി വിജ്ഞാന കേന്ദ്രം ഈ ഉപകരണത്തിന്റെ ഉപയോഗരീതി മംഗല്‍പാടിയിലെ കവുങ്ങ്‌ കര്‍ഷകരുടെ കൃഷിയിടങ്ങളില്‍ വച്ചു നടത്തി. അതുവഴി കര്‍ഷകര്‍ക്ക് ഉപകരണം നേരിട്ട് ഉപയോഗിച്ചു പരിശീലിക്കാനും അതിന്റെ കാര്യക്ഷമത മനസ്സിലാക്കനും സാധിച്ചു.

Arecanut
Image courtesy;Youtube

മരുന്നു തളിക്കുന്ന വിധം

കത്തിയും കുലതാങ്ങിയും അഴിച്ചു മാറ്റി പകരം 'സ്പ്രേയര്‍ ഹോള്‍ഡര്‍' ഘടിപ്പിച്ച് നട്ടും ബോള്‍ട്ടും ഇട്ട് ഉറപ്പിക്കുക. റോക്കര്‍ സ്പ്രേയറിന്റെ നോസില്‍ ഈ ഹോള്‍ഡറിന്റെ ബ്രാക്കറ്റില്‍ കെട്ടി ഉറപ്പിക്കുക. സ്പ്രേയറിന്റെ കണ്‍ട്രോളിങ്ങ് വാള്‍വ് താഴെ നിന്നും പ്രവര്‍ത്തിപ്പിക്കാന്‍ പറ്റുന്ന തരത്തിലുള്ളതായിരിക്കണം. അല്ലാത്ത പക്ഷം കണ്‍ട്രോളിങ്ങ് വാള്‍വും ട്യുബും ഉപയോഗിച്ച് അങ്ങിനെ മാറ്റിയെടുക്കണം. ഹോള്‍ഡറിന്റെ മുകളറ്റത്തുള്ള ദ്വാരത്തില്‍ നേര്‍ത്ത ചരട് കെട്ടി താഴെ നിന്നും വലിച്ച് നോസില്‍ ഘടിപ്പിച്ച ഭാഗത്തെ പല ദിശകളിലേക്കും ചലിപ്പിക്കാവുന്നതാണ്.

ഈ യന്ത്രത്തിന് ഇന്ന് ദക്ഷിണേന്ത്യയില്‍ നല്ല പ്രചാരം വന്നു കഴിഞ്ഞു. കര്‍ണാടക, തമിഴ് നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളിലുള്ള നിരവധി കര്‍ഷകര്‍ ഈ യന്ത്രം ആവശ്യപ്പെട്ട് കോഴിക്കോട് മായനാട്ടെ പ്രകാടെക്ക് എന്ന സ്ഥപനത്തില്‍ എത്തുന്നുണ്ട്. കര്‍ഷകരുടെ സൗകര്യം പരിഗണിച്ച് ഇപ്പോള്‍ റെയ്ഡ്കോ വഴിയും ഈ ഉല്പന്നം ലഭ്യമാക്കിയിട്ടുണ്ട്. 6500 രൂപയാണ് ഉപകരണത്തിന്റെ ഇന്നത്തെ വില. മരുന്നു തളിക്കാനുള്ള സംവിധാനം കൂടി വാങ്ങുമ്പോള്‍ വില 7000.

പ്രകാടെക്കില്‍ നേരിട്ടു ചെന്ന് ഉപകരണം വാങ്ങുന്നവര്‍ക്ക് അവിടെവച്ചുതന്നെ ഇതിന്റെ പരിശീലനവും നേടാം. റെയ്ഡ്കോ വഴി വാങ്ങുന്നവര്‍ക്കായി ഉപകരണത്തോടൊപ്പം ഉപയോഗരീതി വിശദീകരിച്ചു കൊണ്ടുള്ള ഒരു വി സി ഡി യും നല്കുന്നുണ്ട്. യന്ത്രത്തിന്റെ എല്ലാ ഭാഗങ്ങളും പ്രകാടെക്കില്‍ ത്തന്നെ നിര്‍മ്മിക്കുന്നതിനാല്‍ ഉല്പാദനച്ചിലവ് വളരെ കൂടുതലാണെന്ന് പ്രകാശന്‍ പറയുന്നു.

സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് സബ്സിഡി ഏര്‍പ്പെടുത്തിയാല്‍ കൂടുതല്‍ പേര്‍ക്ക് ഇത് ഉപയോഗിക്കാനാവും എന്നതിനാല്‍ അതിനു വേണ്ട ശ്രമങ്ങളും പ്രകാശന്‍ നടത്തുന്നുണ്ട്. 2013 ലെ റോവ്സ്ഇന്നൊവേഷന്‍ മീറ്റില്‍ ഏറ്റവും മികച്ച കണ്ടുപിടിത്തത്തിനുള്ള അവാര്‍ഡും പ്രകാശന്‍ കൈക്കലാക്കി.

ഈ യന്ത്രത്തിന്റെ നിര്‍മ്മാണത്തിലൂടെ കാര്‍ഷിക മേഖലയിലെ ഒരു വലിയ മുന്നേറ്റം എന്നതിലുപരി ഒരു പറ്റം യുവാക്കള്‍ക്ക് ഒരു തൊഴില്‍സാധ്യത ഒരുക്കുകയും കൂടിയാണ് പ്രകാശന്‍ തട്ടാരി. തെങ്ങില്‍ കയറി തേങ്ങ പറിക്കാനുള്ള ഒരു റോബോട്ടിന്റെ നിര്‍മ്മാണമാണ് പ്രകാശന്റെ അടുത്ത ലക്ഷ്യം. അതിന്റെ പണിപ്പുരയിലാണിപ്പോള്‍ അദ്ദേഹം.

(കാസര്‍ഗോഡ് കൃഷിവിജ്ഞാന കേന്ദ്രത്തിലെ സബ്ജക്റ്റ് മാറ്റര്‍ സ്‌പെഷലിസ്റ്റാണ് ജയശ്രീ)

Content highlights: Arecanut picking machine, Wonder climber, Agriculture