മൃഗങ്ങള്‍ക്കും വേണ്ടേ മികവുള്ള ആരോഗ്യസേവനങ്ങള്‍; മൃഗസംരക്ഷണവകുപ്പ് മാറാന്‍ മടിക്കുന്നതെന്തുകൊണ്ട്?


ഡോ. എം. മുഹമ്മദ് ആസിഫ്

മൃഗസംരക്ഷണവകുപ്പിനെ നവീകരിക്കാനും ആധുനീകരിക്കാനുമുള്ള പരിശ്രമങ്ങള്‍ നമ്മുടെ സംസ്ഥാനത്തിന്റെ സാമ്പത്തിക കുതിപ്പിനും തൊഴില്‍മുന്നേറ്റത്തിനും കരുത്തുപകരും.

പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

സംസ്ഥാന മൃഗസംരക്ഷണവകുപ്പിനെയും സര്‍ക്കാര്‍ മൃഗാശുപത്രികളെയും കര്‍ഷകര്‍ക്കും മൃഗപരിപാലകര്‍ക്കും കൂടുതല്‍ കാര്യക്ഷമവും ഗുണനിലവാരമുള്ളതുമായ സേവനം ഉറപ്പാക്കുന്ന വിധം പുനഃസംഘടിപ്പിക്കുകയും നവീകരിക്കുകയും അപ്‌ഗ്രേഡ് ചെയ്യുകയും വേണമെന്നത് വകുപ്പിനകത്ത് നിന്നും പുറത്ത് നിന്നും ഏറെ നാളുകളായി ഉയരുന്ന ആവശ്യമാണ്. തദ്ദേശസ്വയഭരണസ്ഥാപനങ്ങള്‍ പ്രത്യേകം പരിഗണന നല്‍കിയതിനാല്‍ ഭൂരിഭാഗം പഞ്ചായത്തുകളിലും മൃഗാശുപത്രികള്‍ക്ക് താരതമ്യേന മികച്ച കെട്ടിട സൗകര്യങ്ങള്‍ ഇപ്പോള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ അതോടൊപ്പം തന്നെ വളര്‍ത്തുമൃഗചികിത്സ, പദ്ധതി നിര്‍വഹണം ഉള്‍പ്പെടെയുള്ള സേവനങ്ങളും കാര്യക്ഷമാക്കാന്‍ കഴിയേണ്ടതുണ്ട്.

കാര്യക്ഷമവും ഗുണനിലവാരമുള്ളതുമായ സേവനം ഉറപ്പാക്കണമെങ്കില്‍ ഭൗതികസാഹചര്യങ്ങള്‍ക്കൊപ്പം ആവശ്യമായ മനുഷ്യവിഭവശേഷിയും മൃഗസംരക്ഷണവകുപ്പിന് വേണ്ടതുണ്ട്. എന്നാല്‍ നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, മൃഗസംരക്ഷണവകുപ്പ് പ്രവര്‍ത്തനം ആരംഭിച്ച 1956-1960 ഏറ്റവും പരിമിതമായ സ്റ്റാഫ് പാറ്റേണില്‍ തന്നെയാണ് പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി, താലൂക്ക്, ജില്ലാ തലങ്ങളിലുള്ള വെറ്ററിനറി ഡിസ്‌പെന്‍സറികളും പോളിക്ലിനിക്കുകളും ഹോസ്പിറ്റലുകളും ഇന്നും ദൈനംദിന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോവുന്നത്.

രൂപീകൃതമായ കാലത്തുണ്ടായിരുന്ന സ്റ്റാഫ് പാറ്റേണ്‍ തന്നെ ആറുപതിറ്റാണ്ടുകള്‍ക്കിപ്പുറവും മാറ്റമില്ലാതെ തുടരുന്ന മറ്റേതെങ്കിലും ഒരു സര്‍ക്കാര്‍ വകുപ്പ് ഇന്ന് സംസ്ഥാനത്ത് ഉണ്ടോയെന്നത് സംശയമാണ്. ഭൂരിഭാഗം മൃഗാശുപത്രികളിലും ലബോറട്ടറി സൗകര്യങ്ങളും സ്‌കാനിങ്, എക്‌സ്‌റേ ഉള്‍പ്പെടെയുള്ള ഏറ്റവും അടിസ്ഥാനമായി വേണ്ട രോഗനിര്‍ണയ സൗകര്യങ്ങളും ആധുനിക ചികിത്സാസൗകര്യങ്ങളും ഇക്കാലത്തും പരിമിതമാണ്. ഈയിടെ പുറത്ത് വന്ന 20-ാം കന്നുകാലി സെന്‍സസ് റിപ്പോര്‍ട്ട് കേരളത്തിലെ കാലിസമ്പത്തില്‍ 6.34 ശതമാനം വര്‍ധനവ് വന്നതായി കണ്ടെത്തിയെങ്കിലും അതിനനുസൃതമായ കാലോചിതമായ മാറ്റം മൃഗസംരക്ഷണവകുപ്പില്‍ ഉണ്ടായിട്ടില്ല എന്നതാണ് വസ്തുത.

Dog

ചുമതലകളും സേവനങ്ങളും ഏറെ, പക്ഷെ ..

മൃഗങ്ങളുടെ ചികിത്സ, മൃഗസംരക്ഷണ വകുപ്പിന്റെയും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെയും വിവിധ പദ്ധതികളുടെ നടത്തിപ്പ്, സബ്‌സിഡി വിതരണം, മാസ്സ് വാക്‌സിനേഷനുകള്‍, വളര്‍ത്തുമൃഗങ്ങളുടെ ഇന്‍ഷുറന്‍സ്, വിജ്ഞാനവ്യാപനം, മൃഗങ്ങളുടെ പോസ്റ്റുമോര്‍ട്ടം, വെറ്റിറോ ലീഗല്‍ കേസുകള്‍, തെരുവ് നായ്ക്കളുടെ നിയന്ത്രണത്തിനായുള്ള അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ പദ്ധതി, വിവിധ ജന്തുജന്യരോഗങ്ങളുടെ നിയന്ത്രണ നടപടികള്‍ അടക്കമുള്ള പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട ചുമതലകള്‍ ഇങ്ങനെ സര്‍ക്കാര്‍ സംവിധാനത്തില്‍ വെറ്ററിനറി ഡോക്ടര്‍ക്ക് ഏറ്റെടുക്കേണ്ട ചുമതലകള്‍ ഏറെയാണ്.

എന്നാല്‍ നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, മൃഗങ്ങളുടെ ചികിത്സാസേവനങ്ങള്‍ക്കും പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട ചുമതലകള്‍ക്കും വിവിധ കര്‍ഷക ക്ഷേമപദ്ധതികളുടെ നിര്‍വഹണത്തിനുമായി പ്രത്യേകം പ്രത്യേകം സംവിധാനം മൃഗാശുപത്രികളില്‍ ഇപ്പോഴില്ല. ചികിത്സാസേവനങ്ങള്‍ക്കൊപ്പം ജനകീയാസൂത്രണ പദ്ധതികള്‍ ഉള്‍പ്പടെ കോടികണക്കിന് രൂപയുടെ പദ്ധതികള്‍ നടത്തേണ്ടതും മേല്‍നോട്ടം വഹിക്കേണ്ടതുമെല്ലാം ആശുപത്രിയിലെ വെറ്ററിനറി ഡോക്ടര്‍ തന്നെയാണ്.

ജോലിഭാരത്തിനൊപ്പം വകുപ്പില്‍ നിലനില്‍ക്കുന്ന ഉദ്യോഗസ്ഥക്ഷാമവും ചേരുന്നതോടെ ഒരു ഡോക്ടറുടെ പ്രാഥമിക കടമയായ ചികിത്സാസേവനങ്ങള്‍ക്ക് മാറ്റിവെക്കണ്ട സമയം സ്വാഭാവികമായും കുറയുന്നു. പദ്ധതി പ്രവര്‍ത്തനങ്ങളുടെയും മറ്റ് ഉത്തരവാദിത്തങ്ങളുടെയും കാര്യക്ഷമതയും കുറയുന്നു. വെറ്ററിനറി ഹോസ്പിറ്റലുകളില്‍ മതിയായ എണ്ണം ഉദ്യോഗസ്ഥര്‍ ഇല്ലാത്തതിനാല്‍ ഡാറ്റ എന്‍ട്രി അടക്കമുള്ള ക്ലറിക്കല്‍ ജോലികളുടെ വരെ ഉത്തരവാദിത്വം ഡോക്ടര്‍മാര്‍ സ്വന്തം ചുമലിലേറ്റേണ്ടി വരുന്ന സാഹചര്യം നിലവിലുണ്ട്. പദ്ധതികളുടെ ഓണ്‍ലൈന്‍ ഡാറ്റ എന്‍ട്രി നടത്താന്‍ ഡോക്ടര്‍മാര്‍ കമ്പ്യൂട്ടറിന് മുമ്പില്‍ മണിക്കൂറുകളോളം കുത്തിയിരിക്കേണ്ടി വരുമ്പോള്‍ ചികിത്സാസേവനം നിഷേധിക്കപ്പെടുന്നത് മിണ്ടാപ്രാണികള്‍ക്കും അവയുടെ ഉടമകളായ കര്‍ഷകര്‍ക്കുമാണ്.

ഇക്കഴിഞ്ഞ വര്‍ഷം സംസ്ഥാന സര്‍ക്കാര്‍ മൃഗസംരക്ഷണവകുപ്പിന് വകയിരുത്തിയ പദ്ധതി വിഹിതത്തില്‍ ചെറുതല്ലാത്ത തുകയും നാഷണല്‍ ലൈവ്‌സ്റ്റോക്ക് മിഷന്റെ ഭാഗമായി കേന്ദ്രത്തില്‍ നിന്നുള്ള ഫണ്ടില്‍ ഒരു ഭാഗവും ചിലവഴിക്കാന്‍ കഴിയാതെ തിരിച്ചടക്കേണ്ടി വന്നത് മൃഗസംരക്ഷണവകുപ്പില്‍ നിലനില്‍ക്കുന്ന മനുഷ്യവിഭവശേഷിയുടെ അപര്യാപ്തതയുമായി ചേര്‍ത്ത് വായിക്കണം. എന്നാല്‍ കൃഷിവകുപ്പിന് അവര്‍ക്ക് ലഭിച്ച ഫണ്ട് പൂര്‍ണ്ണമായും ചിലവഴിക്കാന്‍ കഴിഞ്ഞിരുന്നു.

മൃഗസംരക്ഷണമേഖല മാറി, കര്‍ഷകരും; വകുപ്പിന്റെ വഞ്ചി ഇപ്പോഴും തിരുനക്കര തന്നെ

സംസ്ഥാനത്തെ ആകെ കാര്‍ഷികോല്‍പ്പന്ന മൂല്യത്തിന്റെ 26 ശതമാനം സംഭാവന ചെയ്യുന്ന മൃഗസംരക്ഷണ മേഖലയെ മുന്നോട്ട് നയിക്കുന്ന മൃഗസംരക്ഷണവകുപ്പില്‍ കഴിഞ്ഞ കാല്‍നൂറ്റാണ്ടിനിടയില്‍ ഒരു പുതിയ വെറ്ററിനറി ഡോക്ടറുടെ തസ്തിക പോലും അനുവദിക്കപ്പെട്ടില്ല. നിലവിലുണ്ടായിരുന്ന അന്‍പതില്‍ അധികം തസ്തികള്‍ നിയമനം അനുവദിക്കാതെ ഇക്കാലയളവില്‍ സര്‍ക്കാര്‍ മരവിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഈ കാല്‍നൂറ്റാണ്ട് കാലയളവില്‍ സംസ്ഥാനത്ത് പശുക്കളുടെയും ഓമനമൃഗങ്ങളുടെയും പക്ഷികളുടെയും എണ്ണവും വൈവിധ്യവും ചികിത്സയും ഏറെ വര്‍ദ്ധിച്ചു. വീടുകളില്‍ ഒതുങ്ങി ചെയ്തിരുന്ന പശു വളര്‍ത്തലും ആടുവളര്‍ത്തലും കോഴിവളര്‍ത്തലുമെല്ലാം വലുതും ചെറുതുമായ ഫാമുകളിലേക്ക് ചുവടുമാറ്റിയതോടെ ഡോക്ടര്‍ക്ക് ആശുപത്രിയില്‍ ഇരിക്കാന്‍ നേരമില്ലാതായി.

ആശുപത്രിയില്‍ ഇരിക്കുന്ന ഡോക്ടര്‍ ഫീല്‍ഡില്‍ എത്തുന്നില്ലെന്നും ഫീല്‍ഡില്‍ പോയാല്‍ ആശുപത്രിയില്‍ ഉണ്ടാവാന്‍ കഴിയില്ലെന്നുമുള്ള അവസ്ഥയായി. മൃഗസംരക്ഷണമേഖലയിലെ വിവിധ കര്‍ഷക ക്ഷേമ പദ്ധതികള്‍ക്കായി കേന്ദ്രസര്‍ക്കാരും സംസ്ഥാനസര്‍ക്കാരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും വര്‍ഷാവര്‍ഷം നീക്കിവെക്കുന്ന വിഹിതം ഇക്കാലയളവില്‍ നാന്നൂറും അഞ്ഞൂറും മടങ്ങായി വര്‍ധിച്ചു. നമ്മുടെ നാടും കര്‍ഷകരും അവരുടെ വളര്‍ത്തുമൃഗങ്ങളും ഉല്പാദനവും സൗകര്യങ്ങളും ഫാമിങ് രീതികളും കര്‍ഷകരുടെയും സംരംഭകരുടെയും ആവശ്യങ്ങളും എല്ലാം അടിമുടി മാറിയെങ്കിലും മാറാന്‍ ഇപ്പോഴും മടിച്ചുനില്‍ക്കുകയാണ് മൃഗസംരക്ഷണവകുപ്പ് എന്ന വസ്തുത പറയാതിരിക്കാന്‍ കഴിയില്ല.

cow

പഞ്ചായത്തില്‍ 5,000-ല്‍ അധികം പശുക്കള്‍, ചികില്‍സിക്കാന്‍ ഒരേയൊരു ഡോക്ടര്‍

നാലായിരവും അയ്യായിരവും അതിലധികവും പശുക്കള്‍ ഉള്ള പഞ്ചായത്തുകളില്‍ പോലും (മറ്റ് വളര്‍ത്തുമൃഗങ്ങളും പക്ഷികളും ഇതിന് പുറമെയുണ്ട് ) ചികിത്സാസേവനം നല്‍കാന്‍ ഒരേയൊരു വെറ്ററിനറി ഡോക്ടര്‍ മാത്രമുള്ള അതിപരിതാപകരമായ സാഹചര്യവും നിലവിലുണ്ട്. ഇത്തരം പഞ്ചായത്തുകള്‍ ഇടുക്കി, വയനാട്, പാലക്കാട് തുടങ്ങിയ ജില്ലകളില്‍ എണ്ണത്തില്‍ ഏറെയുണ്ട്. ലൈവ്‌സ്റ്റോക്ക് സെന്‍സസ് പ്രകാരം എണ്ണായിരത്തോളം കന്നുകാലികള്‍ ഉള്ള പഞ്ചായത്തില്‍ പോലും ഒരൊറ്റ വെറ്ററിനറി ഹോസ്പിറ്റലും ഡോക്ടറും മാത്രമുള്ള സാഹചര്യം പോലുമുണ്ട്. വളര്‍ത്തുമൃഗങ്ങളുടെ എണ്ണം കൂടുമ്പോള്‍ ചികിത്സാസേവനങ്ങള്‍ മാത്രമല്ല, ഏറ്റെടുക്കുകയും നടപ്പിലാക്കേണ്ടി വരികയും ചെയ്യുന്ന കര്‍ഷകക്ഷേമ പദ്ധതികളുടെയും ഇന്‍ഷുറന്‍സ് ഉള്‍പ്പെടെയുള്ള അനുബന്ധ സേവനങ്ങളുടെയും എണ്ണവും വ്യാപ്തിയും കൂടും.

ഓരോ പഞ്ചായത്തുകള്‍ക്കും മൃഗസമ്പത്തിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ ഡോക്ടര്‍മാരെയും ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാരെയും നിയമിച്ച് മൃഗചികിത്സയും കൃത്രിമ ബീജദാനം, ഇന്‍ഷുറന്‍സ് അടക്കമുള്ള അനുബന്ധ സേവനങ്ങളും ഉറപ്പാക്കുന്നതില്‍ വരുന്ന പാളിച്ച ഡോക്ടര്‍മാരെയും കര്‍ഷകരെയും ഒരുപോലെ ദുരിതത്തിലും പ്രയാസത്തിലുമാക്കുന്നു. തങ്ങളുടെ വളര്‍ത്തുമൃഗങ്ങള്‍ക്ക് മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന പരാതിയും പ്രശ്‌നങ്ങളും പൊതുജനങ്ങളുടെ ഇടയില്‍ നിന്നും അടുത്തകാലത്തായി വ്യാപകമായി വരുന്നതിന്റെ കാരണവും വകുപ്പില്‍ ഡോക്ടര്‍മാരുടെ എണ്ണക്കുറവും ജോലിഭാരവും തന്നെ. ഡോക്ടറുടെ സേവനം മുടങ്ങിയതോടെ പല ആശുപത്രികളും കര്‍ഷകരുടെ പ്രതിഷേധങ്ങളുടെ വേദിയായ വാര്‍ത്തകളും വന്നിരുന്നു. വകുപ്പിലെ മനുഷ്യവിഭവശേഷി വളര്‍ന്നില്ലങ്കിലും 2010-11 കാലഘട്ടത്തില്‍ നിന്നും 2019-20 ല്‍ എത്തുമ്പോള്‍ മൃഗാശുപത്രികളില്‍ ചികിത്സ നല്‍കുന്ന കേസുകളുടെ എണ്ണം 55 ശതമാനം വരെ വര്‍ധിച്ചെന്ന് ആസൂത്രണ ബോര്‍ഡിന്റെ കണക്കുകളും ഇതോടൊപ്പം അറിയണം.

കൃത്രിമ ബീജദാനം ഉള്‍പ്പെടെ മൃഗസംരക്ഷണവകുപ്പ് നല്‍കുന്ന സേവനങ്ങളിലേക്ക് സ്വകാര്യ സംവിധാനങ്ങളുടെ കടന്നുകയറ്റം, സാഹചര്യം മുതലാക്കി അത്തരം ഏജന്‍സികളും വ്യക്തികളും നടത്തുന്ന കര്‍ഷകചൂഷണം, അനുമതിയില്ലാതെ സ്വകാര്യവ്യക്തികള്‍ നടത്തുന്ന കൃത്രിമബീജദാന പ്രവര്‍ത്തനങ്ങള്‍ വഴി നമ്മുടെ നാട്ടിലെ പശുക്കളില്‍ ഇതുവരെ കണ്ടുവന്നിട്ടില്ലാത്ത രോഗങ്ങളുടെ വ്യാപനം, വ്യാജചികിത്സയും അശാസ്ത്രീയചികിത്സയും പെരുകുന്നത് മൂലം കര്‍ഷകര്‍ക്ക് ഉണ്ടാവുന്ന ഭീമമായ നഷ്ടം തുടങ്ങിയ പ്രശ്നങ്ങളുടെ എല്ലാം അടിസ്ഥാനകാരണം മൃഗസംരക്ഷണവകുപ്പില്‍ ആവശ്യമായ വിധത്തില്‍ ഡോക്ടര്‍മാരും ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാരും ഉള്‍പ്പടെയുള്ള 'മാന്‍ പവര്‍' ഇല്ലാത്തത് തന്നെയാണ്. വ്യാജചികിത്സയ്ക്കും അശാസ്ത്രീയ ചികിത്സയ്ക്കും ഒടുവില്‍ മൃഗങ്ങള്‍ ചാവുകയോ മറ്റ് അപകടങ്ങള്‍ സംഭവിക്കുകയോ ചെയ്താല്‍ കര്‍ഷകര്‍ക്ക് ഇന്‍ഷുറന്‍സ് ഉള്‍പ്പെടെ ഒരു നഷ്ടപരിഹാരവും ലഭിയ്ക്കില്ല.

ലാബും രോഗനിര്‍ണയസംവിധാനങ്ങളുമില്ലാതെ എങ്ങനെ രോഗം നിര്‍ണയിക്കും? എങ്ങനെ ചികിത്സ കാര്യക്ഷമമാവും ?

സംസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വെറ്ററിനറി ആശുപത്രികള്‍ സജ്ജമാക്കാന്‍ വേണ്ടി മുന്‍ സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണ് 'വിളക്കണയാത്ത മൃഗാശുപത്രി'. ഒരു സീനിയര്‍ വെറ്ററിനറി സര്‍ജ്ജന്റെ നേതൃത്വത്തില്‍ മൂന്നു ഡോക്ടര്‍മാരും രണ്ട് ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാരും മറ്റു അനുബന്ധ ജീവനക്കാരുമായി 24 മണിക്കൂറും ആശുപത്രിയുടെ പ്രവര്‍ത്തനം ഉറപ്പാക്കുന്നതാണ് ഈ പദ്ധതി. ആദ്യ ഘട്ടം എന്ന നിലയില്‍ മുന്‍സിപ്പാലിറ്റി തലത്തില്‍ പ്രവര്‍ത്തിക്കുന്ന 32 വെറ്ററിനറി പോളിക്ലിനിക്കുകളെയാണ് പദ്ധതി നടപ്പിലാക്കാന്‍ തിരഞ്ഞെടുത്തത്. വെറ്ററിനറി പോളിക്ലിനിക്കുകളെ ഒരു റഫറല്‍ കേന്ദ്രമായി ഉയര്‍ത്തുക, ഘട്ടം ഘട്ടമായി മറ്റ് സ്ഥലങ്ങളിലേയ്ക്കും ഈ സംവിധാനം വ്യാപിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളും പദ്ധതിയുടെ പിന്നിലുണ്ട്. ആരോഗ്യമേഖലയിലെ ആശുപത്രികള്‍ക്ക് സമാനമായി മൃഗങ്ങള്‍ക്കും 24 മണിക്കൂറും ചികിത്സയും കിടത്തിചികിത്സയുമൊക്കെ ഉറപ്പാക്കാന്‍ സഹായിക്കുന്ന വളരെ മികവാര്‍ന്ന ഒരു പദ്ധതിയാണ് വിളക്കണയാത്ത മൃഗാശുപത്രി എന്നതില്‍ രണ്ടുപക്ഷമില്ല.

എന്നാല്‍ ഏറെ ഭാവനാത്മകമായ ഈ പദ്ധതിക്കായി പോലും വകുപ്പില്‍ പുതിയ തസ്തികകള്‍ ഒന്നുപോലും സൃഷ്ടിച്ചില്ല. എട്ടുമണിക്കൂര്‍ വെച്ച് മൂന്ന് വീതം ഡോക്ടര്‍മാരെയും അനുബന്ധ ജീവനക്കാരെയും ഉള്‍പ്പെടുത്തി പ്രവര്‍ത്തിക്കേണ്ട ഈ കേന്ദ്രങ്ങളില്‍ പലയിടത്തും ഓരോ ഡോക്ടര്‍മാരാണ് ഇപ്പോഴുള്ളത്. നൂറോളം തസ്തികകകള്‍ ഇവിടെ മാത്രം ഒഴിഞ്ഞുകിടക്കുന്നു. അതോടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വിളക്കണയാത്ത മൃഗാശുപത്രി എന്ന ആശയം ഇരുട്ടിലായി. മാത്രമല്ല, പോളിക്ലിനിക്കുകളെ ഒരു റഫറല്‍ കേന്ദ്രമായി ഉയര്‍ത്തുക എന്ന ലക്ഷ്യം വെച്ച് പദ്ധതി നടപ്പിലാക്കുമ്പോള്‍ അതിന് യോജിച്ച വിധത്തില്‍ ലബോറട്ടറി സംവിധാനങ്ങള്‍, രോഗനിര്‍ണയത്തിന് വേണ്ട ആധുനിക സംവിധാനങ്ങള്‍ എന്നിവയെല്ലാം ശക്തിപ്പെടുത്തുകയും നവീകരിക്കുകയും വേണ്ടതുണ്ട്. ഓരോ മേഖലയിലും വിദഗ്ദ്ധരായ ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തി സ്‌പെഷ്യാലിറ്റി കേഡര്‍ സംവിധാനം ഉണ്ടാവേണ്ടതുണ്ട്. നിര്‍ഭാഗ്യവശാല്‍ അത്തരം മുന്നൊരുക്കങ്ങള്‍ ഒന്നും ഇതുവരെയും ഉണ്ടായിട്ടില്ല.