.jpg?$p=055e3e3&f=16x10&w=856&q=0.8)
മാമു വീട്ടുമുറ്റത്തെ തേനീച്ചക്കൂട് പരിശോധിക്കുന്നു
വയനാട് പീച്ചങ്കോട് പുത്തന്‍പുരയില്‍ മാമു മൂസയുടെ വീട്ടുമുറ്റം കണ്ടാല്‍ത്തന്നെ വായില്‍ വെള്ളമൂറും. ആറു സെന്റ് പുരയിടത്തിന് ചുറ്റും തേനൂറും തേനീച്ചക്കൂടുകളാണ്. വീടിനു മോടികൂട്ടാന്‍ പൂച്ചെടികള്‍ക്ക് പകരം മാമു വളര്‍ത്തുന്നത് തേനീച്ചകളെയാണ്. പ്രവാസിയാണെങ്കിലും ഇഷ്ടം കൊണ്ടാണ് മാമു തേനീച്ചക്കൃഷി ചെയ്യുന്നത്. വര്‍ഷാവര്‍ഷം തേനെടുക്കുന്ന സീസണാകുമ്പോള്‍ അവധിയെടുത്ത് നാട്ടിലെത്തും. പിന്നെ നാലഞ്ചുമാസം തേനറകള്‍ പരിശോധിക്കലും തേനെടുക്കലും മറ്റുമായി തിരക്കായിരിക്കും.
തേനീച്ച വളര്‍ത്തലിലേക്ക് മാമുവിനെ കൊണ്ടെത്തിച്ചത് ഉപ്പയാണ്. 10 വര്‍ഷം മുമ്പ് ഉപ്പ മരിച്ചതോടെയാണ് തേനീച്ച വളര്‍ത്തല്‍ ഏറ്റെടുക്കുന്നത്. ഇപ്പോള്‍ വീട്ടിലും തറവാട്ടിലും ബന്ധുക്കളുടെ വീടുകളിലുമായി 200 കോളനികളുണ്ട്. ഒരുവര്‍ഷത്തില്‍ 10 ക്വിന്റല്‍ തേന്‍ കിട്ടും. ഈ സീസണില്‍ മാത്രം 75 കോളനികള്‍ തേനീച്ച വളര്‍ത്താന്‍ ആഗ്രഹം പ്രകടിപ്പിച്ചെത്തിയവര്ക്ക് കൊടുത്തു. ആവശ്യക്കാര്‍ക്ക് തേനീച്ചകളെയും പിടിച്ചുകൊടുക്കും. ചെറുതേനീച്ചയെയും ഞൊടിയന്‍ ഈച്ചയെയുമാണ് പ്രധാനമായും വളര്‍ത്തുന്നത്. ഇത്തവണ തുടര്‍ച്ചയായി മഴ പെയ്തതിനാല്‍ തേന്‍ ശേഖരിച്ചത് കുറവായിരുന്നെങ്കിലും കാപ്പി പൂത്ത സമയത്ത് തേനിന് നല്ല വില കിട്ടി.
ചെറുപ്പത്തില്‍ ഉപ്പ പഠിപ്പിച്ച പാഠങ്ങളാണ് തേനീച്ച വളര്‍ത്തലില്‍ ഇപ്പോഴും കൈമുതല്‍. പുത്തന്സുരക്ഷാ മുന്‍കരുതലുകളുണ്ടെങ്കിലും ഉപ്പ പറഞ്ഞുകൊടുത്ത പൊടിക്കൈകള്‍ മാമു വിട്ടിട്ടില്ല. തേനീച്ച വളര്‍ത്തലില്‍ ചെറുപ്പം മുതല്‍ പരിചയമുണ്ടെങ്കിലും 18-ാമത്തെ വയസ്സില്‍ ആദ്യമായി അപകടകരമായ രീതിയില്‍ തേനീച്ചക്കുത്തേറ്റിരുന്നു. അന്ന് ദേഹം മുഴുവന്‍ നീരുവന്ന് പൊന്തി. പിന്നീട് അത്തരം സംഭവങ്ങളുണ്ടായിട്ടില്ല. ഇപ്പോള്‍ 40 വര്‍ഷമായി തേനീച്ചക്കൃഷി ചെയ്യുന്നു.
ആരെങ്കിലും വിളിച്ചാല്‍ ഉപദ്രകാരികളായ തേനീച്ചകളെ പിടികൂടാനും ചെല്ലാറുണ്ട്. കുത്തേല്‍ക്കാതെ തേനെടുക്കാനും കുത്തേറ്റാല്‍ അപകടകരമായ അവസ്ഥയില്‍ എത്താതിരിക്കാനും ഉപ്പയുടെ 'ടെക്നിക്കു'കളാണ് ഉപയോഗിക്കുന്നത്. മാമു നാട്ടിലില്ലാത്തപ്പോള്‍ തേനീച്ച കോളനികളുടെ സംരക്ഷണവും പരിചരണവും ഭാര്യ ലൈലയും മകള്‍ നാദിയയും ഏറ്റെടുക്കും. തേനീച്ച വളര്‍ത്തലിലെ വില്ലന്മാരാണ് ഉറുമ്പും ചിലന്തിയും കൊളവിയുമൊക്കെ.
കൂടിനടുത്തേക്ക് ഇവരെ അടുപ്പിക്കാതെ നോക്കുന്നതും ക്ഷാമകാലത്ത് തേനീച്ചകള്‍ക്ക് ഭക്ഷണം കൊടുക്കുന്നതും ലൈലയും നാദിയയുമാണ്. തേന്‍ വില്‍പ്പനയും ഇവര്‍ തന്നെ. മുടക്കുമുതല്‍ മാത്രമാണ് തേനീച്ചക്കൃഷിക്ക് ചെലവ് വരുന്നതെങ്കിലും കൃത്യമായ പരിചരണമില്ലെങ്കില്‍ എല്ലാം നഷ്ടത്തിലാകുമെന്ന് മാമു പറയും. വലിയ പറമ്പോ സൗകര്യങ്ങളോ ഇല്ലാതെത്തന്നെ തേനീച്ചകളെ വളര്‍ത്താം. തേനീച്ച വളര്‍ത്തലിന് താത്പര്യമുള്ളവരെ സഹായിക്കാന്‍ മാമു എപ്പോഴും തയ്യാറാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..