ച്ചപ്പട്ടുവിരിച്ച നെല്‍പ്പാടത്തിന് നടുവില്‍ ധ്യാനസ്ഥനായിരിക്കുന്ന ശ്രീബുദ്ധന് പിന്നിലൊരു പ്രകാശവലയം. പലവര്‍ണങ്ങളില്‍ കതിരിട്ട നെല്‍ച്ചെടികള്‍കൊണ്ട് തീര്‍ത്ത ഈ ബുദ്ധന്റെ ചിത്രം മനോഹരമായ കാഴ്ചയാണ്. യുവകര്‍ഷകനായ തയ്യില്‍ പ്രസീത് കുമാറാണ് ശ്രീബുദ്ധന്റെ വയല്‍ ചിത്രം (പാഡി ആര്‍ട്ട് ) ഒരുക്കിയത്.

നമ്പിക്കൊല്ലിയിലെ പാടശേഖരത്താണ് വയല്‍ചിത്രമെന്ന ഈ വിസ്മയം. രണ്ടേക്കര്‍ വയലില്‍ 30 സെന്റ് സ്ഥലത്തായാണ് ചിത്രം ഒരുക്കിയിട്ടുള്ളത്. നാസര്‍ബാത്ത്, രക്തശാലി, കരിബസുമതി, ചിന്നാര്‍, ജീരകശാല എന്നീ അഞ്ച് നെല്ലിനങ്ങള്‍കൊണ്ടാണ് പ്രസീത് ശ്രീബുദ്ധന് പുനര്‍ജന്മം നല്‍കിയത്. ഇലകള്‍ക്ക് വയലറ്റ് നിറമുള്ള നാസര്‍ബാത്തും കറുപ്പ് നിറമുള്ള കരിബസുമതിയും ഇളം വയലറ്റ് നിറമുള്ള ചിന്നാറും, പച്ചനിറമുള്ള രക്തശാലിയും ജീരകശാലയും മുളപ്പിച്ചെടുത്ത്, നേരത്തെ വരച്ചുതയ്യാറാക്കിയ പാടത്ത് നട്ടുവളര്‍ത്തിയാണ് ചിത്രമൊരുക്കിയത്. 

ചിത്രകാരനായ എ.വണ്‍ പ്രസാദും സുഹൃത്തുക്കളും ചേര്‍ന്നാണ് ധ്യാനമിരിക്കുന്ന ശ്രീബുദ്ധന്റെ രേഖാചിത്രം വരച്ചെടുത്തത്. പ്രസീതിന്റെ ആറാമത്തെ വയല്‍ ചിത്രമാണിത്. 2017-ല്‍ ഇന്ത്യയുടെ ഭൂപടമായിരുന്നു ആദ്യമായി വയലിലൊരുക്കിയത്. പിന്നീട് ഗുരുവായൂര്‍ കേശവന്‍, പ്രണയ മീനുകള്‍, വിവേകാനന്ദന്‍, കഴുകന്‍ എന്നിവയുടെ ചിത്രങ്ങളും വയലില്‍ വരച്ചിട്ടു.

paddy
 നെല്‍ച്ചെടികള്‍കൊണ്ടുള്ള ശ്രീബുദ്ധന്റെ ചിത്രത്തിന്റെ ആകാശദൃശ്യം

ഇത്തവണ പ്രസീതിന്റെ പാടത്തെ മറ്റൊരു ശ്രദ്ധാകേന്ദ്രം 'മാജിക് റൈസാണ്'. അസമിലെ ഗോത്ര വിഭാഗങ്ങളില്‍ നിന്ന് ശേഖരിച്ചുകൊണ്ടുവന്ന ഈ നെല്ലിനത്തിന് പ്രത്യേകതകള്‍ ഏറെയുണ്ട്. മാജിക് റൈസ് വേവിക്കാതെതന്നെ കഴിക്കാം, പാലിലോ, വെള്ളത്തിലോ അല്പനേരമിട്ട ശേഷം. ഔഷധ ഗുണങ്ങളും ഏറെയുണ്ട്. പരമ്പരാഗത നെല്ലിനങ്ങളുടെ സംരക്ഷകനും പ്രചാരകനുമായ പ്രസീതിന്റെ പാടശേഖരം അപൂര്‍വ നെല്ലിനങ്ങളുടെ കലവറയാണ്. 

ഇരുനൂറോളം നെല്‍വിത്തിനങ്ങളാണ് പ്രസീതിന്റെ ശേഖരത്തിലുള്ളത്. മറ്റുസംസ്ഥാനങ്ങളില്‍നിന്നും അയല്‍രാജ്യങ്ങളില്‍നിന്നുമെത്തിച്ചതാണ് ഇതിലധികവും. വിവിധ അസുഖങ്ങള്‍ക്ക് മരുന്നായി ഉപയോഗിക്കുന്ന 52 നെല്ലുകളും ഈ കൂട്ടത്തിലുണ്ട്. ഇത്തവണ പത്ത് ഏക്കറിലായി 75 ഇനം നെല്ലുകളാണ് പ്രസീത് കൃഷിയിറക്കിയിട്ടുള്ളത്. ഇതില്‍ കൂടുതലും ബ്ലാക്ക് റൈസ് വിഭാഗത്തില്‍പ്പെടുന്ന നെല്ലിനങ്ങളാണ്.

Content Highlights: Wayanad farmer came out with a ‘paddy art’ depicting Buddha