പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
ആടുവളര്‍ത്തല്‍ സംരംഭങ്ങളിലേക്ക് ആട് ബ്രീഡുകളെ തിരഞ്ഞെടുക്കുന്നതില്‍ പ്രത്യേകം ശ്രദ്ധിക്കണം. ഉത്പാദന- പ്രത്യുത്പാദനക്ഷമതയിലും വളര്‍ച്ചനിരക്കിലും രോഗപ്രതിരോധശേഷിയിലുമെല്ലാം ഓരോ ജനുസ്സ് ആടുകള്‍ക്കും മേന്മകളും പോരായ്മകളുമെല്ലാം ഏറെയുണ്ട്. ഓരോ ആടുസംരംഭകന്റെയും ലക്ഷ്യങ്ങള്‍ പലതായിരിക്കും. ഈ സംരംഭകലക്ഷ്യങ്ങളോട് ഇണങ്ങുന്നതും ഉത്തമ ജനിതകഗുണങ്ങളുള്ളതുമായ ജനുസ്സുകളെ വേണം ഫാമിലെ മുഖ്യബ്രീഡായി തിരഞ്ഞെടുക്കേണ്ടത്.
മെച്ചം മലബാറിയും മലബാറി സങ്കരയിനങ്ങളും
പ്രത്യുത്പാദനക്ഷമത, കാലാവസ്ഥയോടുള്ള ഇണക്കം, രോഗപ്രതിരോധശേഷി, വളര്‍ച്ചനിരക്ക്, പരിപാലനച്ചെലവ് എന്നിവയെല്ലാം ഒരുമിച്ച് പരിഗണിക്കുമ്പോള്‍ മറ്റിനങ്ങളെ അപേക്ഷിച്ച് മലബാറി ആടുകളും മലബാറി സങ്കരയിനങ്ങളുംതന്നെയാണ് ഒരുപടി മുന്നില്‍നില്‍ക്കുന്നത്. പുതുതായി കടന്നുവരുന്ന സംരംഭകര്‍ക്ക് ആശങ്കകളും ആകുലതകളും ഏറെയില്ലാതെ തിരഞ്ഞെടുത്ത് വളര്‍ത്താവുന്ന ഇനവും നമ്മുടെ മലബാറിതന്നെ. കുഞ്ഞുങ്ങളെ ഉത്പാദിപ്പിച്ച് വിപണനംചെയ്യാനും മാംസോത്പാദനത്തിന് പ്രയോജനപ്പെടുത്താനും ഏറ്റവും ഉത്തമവും മലബാറി, മലബാറി സങ്കരയിനമാണ്.
നാടന്‍ ആടുകളുടെ വര്‍ഗഗുണമുയര്‍ത്താനും മലബാറി മുട്ടനാടുകളുമായുള്ള പ്രജനനം സഹായിക്കും. നമ്മുടെ നാടിനോടിണങ്ങുന്നതും തുടക്കക്കാരുടെ കൈയിലൊതുങ്ങുന്നതുമായ മലബാറി ആടുകളെ വളര്‍ത്തി അറിവും അവഗാഹവും നേടുമ്പോള്‍ ക്രമേണ മറ്റുബ്രീഡുകളെ ശ്രദ്ധാപൂര്‍വം തിരഞ്ഞെടുത്ത് വളര്‍ത്താവുന്നതും ആവശ്യമെങ്കില്‍ വിദഗ്ധനിര്‍ദേശപ്രകാരം വിവിധ ജനുസ്സുകള്‍ തമ്മില്‍ സങ്കരപ്രജനന സാധ്യതകള്‍ പരീക്ഷിക്കാവുന്നതുമാണ്.
ശ്രദ്ധിക്കാം, ഇക്കാര്യങ്ങള്‍
കന്നുകാലിച്ചന്തകളില്‍നിന്നും കശാപ്പുകാരുടെ കൈയില്‍നിന്നും ഇടനിലക്കാരില്‍നിന്നും ആടുകളെ വളര്‍ത്താനായി വാങ്ങുന്നത് ഒഴിവാക്കണം. ശാസ്ത്രീയരീതികള്‍ അവലംബിച്ച് വളര്‍ത്തുന്ന കര്‍ഷകരില്‍നിന്നോ മികച്ചരീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഫാമുകളില്‍നിന്നോ സര്‍ക്കാര്‍-സര്‍വകലാശാല ഫാമുകളില്‍നിന്നോ തിരഞ്ഞെടുക്കാം. പ്രജനനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍, പ്രസവത്തില്‍ കുട്ടികളുടെ എണ്ണം, പാലിന്റെ അളവ്, നല്‍കിയ പ്രതിരോധകുത്തിവെപ്പുകളെക്കുറിച്ചുള്ള വിവരങ്ങള്‍ എന്നിവയെല്ലാം വാങ്ങുന്ന സമയത്ത് ചോദിച്ചറിയണം.
രക്തബന്ധമില്ലാത്തവതമ്മില്‍ ഇണചേര്‍ന്നുണ്ടായ കുഞ്ഞുങ്ങളെമാത്രമേ വളര്‍ത്താന്‍വേണ്ടി തിരഞ്ഞെടുക്കാന്‍ പാടുള്ളൂ. മൂന്നുമാസം പ്രായമെത്തിയ പാലുകുടിമാറിയ കുഞ്ഞുങ്ങളെയും 8-9 മാസം പ്രായമായ പെണ്ണാടുകളെയും ഒരുവര്‍ഷം പ്രായമായ മുട്ടനാടിനെയും തിരഞ്ഞെടുക്കാം. ആടുകളുടെ പല്ലുകള്‍ പരിശോധിച്ച് പ്രായനിര്‍ണയം സാധ്യമാണ്. ആട്ടിന്‍കുഞ്ഞുങ്ങളെ തിരഞ്ഞെടുക്കുമ്പോള്‍ കഴിയുമെങ്കില്‍ രണ്ടോ മൂന്നോ കുഞ്ഞുങ്ങളെ പ്രസവിക്കുന്ന തള്ളയാടിനുണ്ടായ കുഞ്ഞുങ്ങളെ തിരഞ്ഞെടുക്കുന്നതാണ് അഭികാമ്യം.
മുട്ടനാടുകള്‍ ജനുസ്സിന്റെ മുഴുവന്‍ സവിശേഷതകളും ഗുണങ്ങളും ഒത്തിണങ്ങിയതും ശാരീരികവൈകല്യങ്ങളൊന്നും ഇല്ലാത്തതാവാനും ശ്രദ്ധിക്കണം. ഫാമിലേക്ക് ആദ്യഘട്ടത്തില്‍ നമ്മള്‍ തിരഞ്ഞെടുക്കുന്ന മാതൃ-പിതൃ ശേഖരത്തിന്റെ ഗുണവും മേന്മയും ഫാമിന്റെ വളര്‍ച്ചയും വിജയവും നിര്‍ണയിക്കുന്നതില്‍ പ്രധാനമാണെന്ന കാര്യം മറക്കരുത്.
Content Highlights: Animal Husbandry: Want to Become a Successful Goat Farmer, Here are the Excellent Tips
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..