ഞ്ചുവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ വയനാട് ജില്ലയിലെ ഏറ്റവും വലിയ വിയറ്റ്‌നാം മാതൃക കുരുമുളക് തോട്ടം തിരിയിട്ടു. എടവക പഞ്ചായത്തിലെ താനിയാടുള്ള തോട്ടോളി അയൂബിന്റെ കൃഷിയിടമാണ് അധ്വാനത്തിന്റെയും വിയര്‍പ്പിന്റെയും നാളുകള്‍ക്കിപ്പുറം പ്രതീക്ഷയാകുന്നത്. കുരുമുളക് തോട്ടങ്ങള്‍ പാടെ അപ്രത്യക്ഷമാകുന്ന വയനാടന്‍ മണ്ണില്‍ വിയറ്റ്‌നാം മാതൃക കുരുമുളക് കൃഷി മറ്റൊരു ചുവടുവെപ്പാവുകയാണ്. കൃഷി ചെയ്യാന്‍ ആദ്യം മണ്ണല്ല, മനസ്സാണ് വേണ്ടതെന്ന തിരിച്ചറിവില്‍ മൊട്ടക്കുന്നില്‍ പോലും അനേകം കൃഷിഗാഥകളെഴുതിയ തോട്ടോളി അയൂബിന്റെ കൃഷി രീതി കര്‍ഷകര്‍ക്കെല്ലാം മാതൃകയാണ്. താങ്ങുകാലുകള്‍ക്കടക്കം രോഗം വന്ന് കുരുമുളക് നാടൊഴിയുമ്പോള്‍ ഇവിടെ പടര്‍ന്ന് കയറിയത് ക്ഷമയുടെയും അതിജീവനത്തിന്റെയും പുതുനാമ്പുകളാണ്. 

പരീക്ഷണമല്ല, കൃഷിയാണ്

കൃഷി പരീക്ഷിക്കുന്നവരുടെ എണ്ണം കൂടി വരുന്ന കാലത്ത് കൃഷിയെക്കുറിച്ച് ശാസ്ത്രീയമായി പഠിക്കുക തന്നെയാണ് കര്‍ഷകന്റെ വിജയം. വിയറ്റ്‌നാം മാതൃക ലോകത്ത് വ്യാപകമായി പ്രചാരത്തിലുള്ളതാണ്. എന്നാല്‍ വയനാട് പോലുള്ള ചെറുകിട കര്‍ഷകര്‍ ഏറെയുള്ള പ്രദേശങ്ങളില്‍ ആദ്യഘട്ടത്തിലുള്ള മുതല്‍മുടക്ക് കര്‍ഷകര്‍ക്ക് എളുപ്പം താങ്ങാനാവില്ല. ഇതായിരിക്കാം കര്‍ഷകര്‍ ഇതിലേക്ക് കൂടുതല്‍ കടന്നുവരാത്തത്. വായ്പയെടുത്ത് ലക്ഷങ്ങള്‍ എറിഞ്ഞ് കര്‍ണാടകയിലും മറ്റും വന്‍തോതില്‍ ഇഞ്ചി, വാഴകൃഷി ചെയ്യാന്‍ ഇവിടെ കര്‍ഷകരുണ്ട്. 

ദീര്‍ഘവിളത്തോട്ടങ്ങളിലേക്കാകട്ടെ ഇവര്‍ക്കൊന്നും നോട്ടമേയില്ല. പത്ത് വര്‍ഷത്തിലധികമായി കടുത്ത രോഗബാധ വന്നതിനെ തുടര്‍ന്ന് കുരുമുളക് കൃഷി പാടെ നശിച്ചു. വയനാടന്‍ കുരുമുളക് എന്ന ഖ്യാതിയും ഇതോടെ പോയ്മറഞ്ഞു. ഈ സാഹചര്യത്തിലാണ് അയൂബ് കുരുമുളിന്റെ പതനത്തെകുറിച്ചും അതിനുള്ള കാരണത്തെക്കുറിച്ചുമെല്ലാം ഗഹനമായി ചിന്തിച്ചത്. അഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്പാണ് എടവക കൃഷി ഓഫീസിന്റെ പിന്തുണയോടെ വിയറ്റ്‌നാം മാതൃക കൃഷിക്കിറങ്ങിയത്. 

pepper farming

വേണം നിര്‍ജീവകാലുകള്‍ 

സാധാരണയായി കുരുമുളക് പടര്‍ത്തുന്ന മരങ്ങളുടെ താങ്ങുകാലുകള്‍ക്ക് പകരം നിര്‍ജ്ജീവ കാലുകളാണ് വിയറ്റ്‌നാം മാതൃകാകൃഷിക്ക് വേണ്ടത്. മരത്തടികള്‍ ദീര്‍ഘകാലം നിലനില്‍ക്കാന്‍ രാസവസ്തുക്കള്‍ ഉപയോഗിച്ച് ട്രീറ്റ് ചെയ്ത് തയ്യാറാക്കുന്ന രീതിയും കോണ്‍ക്രീറ്റ് തൂണുകള്‍ സ്ഥാപിക്കുന്ന രീതിയുമുണ്ട്. കൂടുതല്‍ അഭികാമ്യമായ കോണ്‍ക്രീറ്റ് രീതിയാണ് പിന്തുടര്‍ന്നത്. പതിനഞ്ചടി നീളവും നാലിഞ്ച് കനവുമുള്ള കോണ്‍ക്രീറ്റ് ചതുര തൂണുകളാണ് ഇവിടെ നിര്‍മിച്ചത്. മൂന്ന് കമ്പിയിട്ട് തോട്ടത്തില്‍ തന്നെ വാര്‍ത്തെടുത്തു. 1150 രൂപയാണ് ഒരു തൂണിന് ചെലവ് വന്നത്. 

13 അടി ഉയരം മുകളില്‍ വരത്തക്കവിധത്തില്‍ തൂണുകളെ നിശ്ചിത അകലത്തില്‍ തോട്ടത്തില്‍ ക്രമീകരിച്ചു. തൂണുകള്‍ക്ക് ചെരിവോ ഇളക്കമോ വാരത്തവിധം ചെറിയ കല്ലുകളും ഇഷ്ടികയും കുഴികളില്‍ നിറച്ചാണ് ഉറപ്പിച്ച് നിര്‍ത്തിയത്. കൃഷിയിടമായതിനാല്‍ അടിയില്‍ കോണ്‍ക്രീറ്റ് ചെയ്യുന്ന രീതി സ്വീകരിച്ചില്ല. തുറസ്സായതും വെയിലുകൊള്ളുന്നതുമായ സ്ഥലമാണ് ഇതിനായി തിരഞ്ഞെടുത്തത്. അത്യാവശ്യം നിരന്ന പ്രതലത്തിലായതിനാല്‍ തോട്ടത്തിന്റെ ക്രമീകരണത്തിന് പ്രധാന്യം കൊടുത്തു. ഭാവിയിലേക്കുള്ള ഒട്ടേറെ ആസൂത്രണം തോട്ടമൊരുക്കുന്നതില്‍ ശ്രദ്ധിച്ചു. സ്ഥിരതയുള്ളതും കാറ്റിന്റെയും സൂര്യപ്രകാശത്തിന്റെയുമൊക്കെ ദിശയെക്കുറിച്ചും ഒരു ധാരണയും ഉണ്ടായിരുന്നു. 

ശ്രദ്ധയോടെ വളപ്രയോഗം 

താങ്ങുകാലുകള്‍ നിര്‍ജീവമായതിനാല്‍ വളപ്രയോഗം ലക്ഷ്യം തെറ്റിയില്ല. തൂണുകളുടെ വടക്ക് ഭാഗത്തായി ഒരടി സമചതുരത്തിലുള്ള കുഴിയെടുത്ത് ട്രൈക്കോഡര്‍മ്മ സമ്പുഷ്ടീകരിച്ച ചാണകവും മേല്‍മണ്ണും നിറച്ചു. നല്ലയിനം കുരുമുളക് തൈകളുടെ നഴ്‌സറി സ്വന്തം മേല്‍നോട്ടത്തിലുണ്ടാക്കി. സെര്‍പന്റെയിന്‍ രീതിയില്‍ നിലത്ത് നിരത്തിവെച്ച കൂടുകള്‍ക്ക് മുകളിലൂടെ കുരുമുളക് വള്ളിയെ ഓടാന്‍ വിടുകയാണ് ആദ്യം ചെയ്തത്. പിന്നീട് ഇവയില്‍ നിന്നും കുറച്ചുകൂടി വേഗത്തില്‍ വളരാനുള്ള പ്രവണതകണ്ട ലംബരീതി അവലംബിക്കുകയായിരുന്നു. കീറിയെടുത്ത മുളന്തണ്ടില്‍ ചകിരിച്ചോറ് നിറച്ച് കുരുമുളക് താവരണകള്‍ വളര്‍ത്താനുള്ള ഈ രീതിയാണ് അയൂബിന് അഭികാമ്യമായി തോന്നിയത്. മൂന്ന് വീതം കുരുമുളക് തൈകള്‍ ഇതില്‍ നടുകയായിരുന്നു. വേനലില്‍ തുള്ളിനനയും ഒരുക്കി. മഴ മാറിക്കഴിഞ്ഞപ്പോള്‍ ഒരു മാസത്തെ ഇടവേളയില്‍ ചാണകം, കടലപ്പിണ്ണാക്ക്, വേപ്പിന്‍ പിണ്ണാക്ക് പുളിപ്പിച്ചത് എന്നിവ നേര്‍പ്പിച്ച് ഒരു ലിറ്റര്‍ വീതം ചെടികള്‍ക്ക് താഴെ മൂന്ന് മാസക്കാലം ഒഴിച്ചു. പിന്നീട് തോട്ടത്തില്‍ നാട്ടിയ കോണ്‍ക്രീറ്റ് തൂണകള്‍ക്കിടയില്‍ ഈ വള്ളിത്തൈകള്‍ നടുകയായിരുന്നു.

pepper farming

ആദ്യ വര്‍ഷം വേനല്‍ക്കാലത്ത് എല്ലാ ദിവസവും ഒരു നേരം നനച്ചു. തൂണുകള്‍ ഷെയിഡ് നെറ്റ് പൊതിഞ്ഞ് ഈര്‍പ്പം നിലനിര്‍ത്തിയിരുന്നു. നല്ല വളര്‍ച്ചയുണ്ടായ രണ്ടാം വര്‍ഷം ചെറിയ തോതില്‍ മഞ്ഞളിപ്പ് കണ്ടെങ്കിലും പരിഹരിച്ചു. പിന്നീടുള്ള കാലം കുരുമുളക് വള്ളികളുടെ വളര്‍ച്ചയുടെതായിരുന്നു. സാധാരണ കൃഷിയില്‍ നിന്നും ഈ രീതിയിലെ മെച്ചം പലതാണ്. താങ്ങുകാലുകളും കുരുമുളക് ചെടിയും തമ്മില്‍ മത്സരമില്ലാത്തതിനാല്‍ വളം, വെള്ളം എന്നിവ പൂര്‍ണമായും ചെടിക്ക് കിട്ടും. ഇത് ഉയര്‍ന്ന ഉത്പാദനത്തിന് സഹായകരമാകും. സൂര്യപ്രകാശം തടസ്സമില്ലാതെ കിട്ടുന്നതിനാല്‍ അതിസാന്ദ്രത കൃഷിക്ക് അനുയോജ്യമാണ്. ഒരു ഏക്കറില്‍ ആയിരം തൂണുകളില്‍ കൃഷി നടത്താം. താങ്ങുകാലുകളുടെ നാശത്തിനെക്കുറിച്ച് ആകുലതകള്‍ വേണ്ട. വിപുലമായും ചെറിയതോതില്‍ സ്ഥലമുള്ളവര്‍ക്കും ഒരു പോലെ ഈ കൃഷിരീതി അവലംബിക്കാമെന്നതും ആകര്‍ഷകമാണ്. 

വേറിട്ട കൃഷിയിടം 
 
ചെറുകരയിലെ സ്വന്തം വീട്ടുവളപ്പില്‍ നിന്നും തുടങ്ങി എടവകയിലെ താനിയാട് വരെയും പടര്‍ന്ന് പന്തലിച്ചതാണ് അയൂബിന്റെ കൃഷിലോകം. കൃഷി നഷ്ടമാണെന്ന് മുന്‍വിധിയെഴുതി മറ്റ് തൊഴില്‍ തേടി വയനാടിന്റെ ചുരമിറങ്ങി പോയ അനേകം ചെറുപ്പക്കാര്‍ക്കിടയില്‍ ഈ കര്‍ഷകന്‍ ഉയര്‍ത്തുന്നത് നേട്ടങ്ങളുടെ വിജയഗാഥയാണ്. അതിനൊപ്പം തികച്ചും സംതൃപ്തി നല്‍കുന്ന ഒരു കാര്‍ഷിക ജീവിതത്തിന്റെ താളവുമുണ്ട്. എടവകയിലെ രണ്ടേന്നാല്‍ താന്നിയാടാണ് അയൂബിന്റെ സഫ എന്ന് പേരിട്ട വയനാട്ടില്‍ തന്നെ തികച്ചും വേറിട്ട ഒരു കൃഷിയിടമുള്ളത്. എറണാകുളം സ്വദേശിയായ സന്തോഷ്‌കുമാറും കണ്ണൂര്‍ സ്വദേശിയായ ഫെയ്‌സുമാണ് ഈ ഉദ്യമങ്ങള്‍ക്ക് കൂട്ടായി നിന്നത്. 

കാസര്‍കോട് കുള്ളന്‍ പശുമുതല്‍ ഗ്രാസ്‌കാര്‍പ്പ് ഇനത്തിലുള്ള മത്സ്യം വരെയും ഇവിടെയുണ്ട്. ലിച്ചിയും റമ്പൂട്ടാനും മറ്റ് അനേകം പഴത്തെകളും ഇവിടെ വളരുന്നു. ഒരേക്കറോളം സ്ഥലത്ത് ചേമ്പും രണ്ടരയേക്കറോളം പൂവന്‍പഴത്തോട്ടവമുണ്ട്. വയനാടിന്റെ കാലാവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യമായ കുരുമുളക് തൈ ഉദ്പാദിപ്പിക്കുന്ന നഴ്‌സറിയും ഇവിടെയുണ്ട്. മലബാര്‍ എക്‌സല്‍ എന്നയിനം തൈകള്‍ ഇവിടെതന്നെ തയ്യാറാവുന്നു. പെപ്പര്‍ തെക്കന്‍, ശുഭകര, ശ്രീകര, പൗര്‍ണ്ണമി, പാലോട് സെക്കന്‍ഡ് എന്നീയിനങ്ങളും ഇവിടെയുണ്ട്. രണ്ട് മീറ്റര്‍ ഉയരത്തില്‍ പ്രൂണിങ്ങ് ചെയ്ത് നിര്‍ത്താന്‍ കഴിയുന്ന മാവുകളും ശാസ്ത്രീയമായ രീതിയില്‍ ഇവിടെ കൃഷിചെയ്യുന്നുണ്ട്. ഒട്ടേരെ അംഗീകാരങ്ങളും അയൂബിനെ തേടിയെത്തിയിട്ടുണ്ട്.

Content Highlights: Vietnam model of pepper cultivation in Wayanad