വീട്ടിലിരിക്കുന്ന ഈ ദിവസങ്ങള്‍ രസകരവും ആരോഗ്യദായകവും ആക്കിയാലോ? വീട്ടുപച്ചക്കറികള്‍ സ്വയം കൃഷി ചെയ്യാം. അല്പം സ്ഥലവും അതിലേറെ മനസ്സും ഉണ്ടെങ്കില്‍ കുടുംബാംഗങ്ങള്‍ക്ക് ഒന്നാകെ ഇതുചെയ്യാം. ഉത്സാഹിച്ചിരിക്കുന്ന കുട്ടികള്‍ക്ക് ഒരു കൗതുകവുമാകും. അതാണല്ലോ ഇവ ഇടവിളകളായും വളര്‍ത്താം എന്നുപറയുന്നത്. വിത്തുകള്‍ അതതിടത്തെ കര്‍ഷകര്‍, കര്‍ഷകക്കൂട്ടായ്മകള്‍ എന്നിവരുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കാം.
ഗ്രോബാഗിലും മട്ടുപ്പാവിലും
സ്ഥലപരിമിതിയുള്ളവര്‍ക്ക് ഗ്രോബാഗിലോ ചട്ടിയിലോ ഒട്ടുമിക്ക പച്ചക്കറികളും വളര്‍ത്താം. മട്ടുപ്പാവുകളിലും അത്യാവശ്യം ഫ്‌ളാറ്റുകളുടെ ബാല്‍ക്കണിയിലും ഗ്രോബാഗുകള്‍ ഉപകരിക്കും. ചട്ടിയുടെ താഴെ നനവും മറ്റും പടരാതിരിക്കാന്‍ ഒരു ട്രേ വെച്ചുകൊടുക്കണം എന്നുമാത്രം. മട്ടുപ്പാവിലാകുമ്പോള്‍ ഗ്രോബാഗുകള്‍ ഇഷ്ടികയിലോ മറ്റോ പൊക്കി വെക്കാം.
ഇവിടെ പ്രധാനം നല്ല നടീല്‍മിശ്രിതം ഒരുക്കുക എന്നതാണ്. മേല്‍മണ്ണ്, ചാണകപ്പൊടി (ട്രൈക്കോഡെര്‍മ കള്‍ച്ചര്‍ കലര്‍ത്തിയതെങ്കില്‍ ഉത്തമം), മണല്‍ എന്നിവ 1:1:1 എന്ന അനുപാതത്തില്‍ കലര്‍ത്തിയ മിശ്രിതമാണ് നല്ലത്. ചാണകപ്പൊടി കിട്ടാനില്ലെങ്കില്‍ എല്ലുപൊടി, വേപ്പിന്‍പിണ്ണാക്ക് എന്നിവയും നല്ലതാണ്. ഇതോടൊപ്പം 25 ഗ്രാം കുമ്മായം അല്ലെങ്കില്‍ ഡോളോമൈറ്റ് കൂടെ കലര്‍ത്താന്‍ ആയാല്‍ നന്ന്. മിശ്രിതം ഗ്രോബാഗിന്റെ പകുതി നിറച്ചാല്‍ മതി. ഇതിലാണ് വിത്ത്/തൈ നടേണ്ടത്.
പയര്‍
ലോല, മാലിക, ശാരിക തുടങ്ങിയ വള്ളിപ്പയറിനങ്ങളും കനകമണി, കൈരളി, ഭാഗ്യലക്ഷ്മി തുടങ്ങിയ കുറ്റിപ്പയറുകളും അനശ്വര എന്ന തടപ്പയറും ഒക്കെ ഇന്ന് പരിചിതമാണ്. ചട്ടിയിലായാലും ഒരുക്കിയ കൃഷിയിടത്തിലായാലും നാലോ അഞ്ചോ വിത്ത് വീതം പാകുക. കരുത്തുള്ള രണ്ടു തൈമാത്രം നിര്‍ത്തി ബാക്കി നീക്കാം. തലപ്പ് പടരാന്‍ തുടങ്ങുമ്പോള്‍ കമ്പുകള്‍ കുത്തിക്കൊടുക്കാം. ചീരയ്ക്കു പറഞ്ഞ ജൈവവളങ്ങള്‍ തന്നെ ഇവിടെയും മതിയാകും. മുഞ്ഞശല്യമോ മറ്റോ കണ്ടാല്‍ കഞ്ഞിവെള്ളം നേര്‍പ്പിച്ചു ചെടിയില്‍ തളിക്കുക. വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതവും നല്ലതാണ്.
പാവല്‍
പാവയ്ക്കാ വിത്ത് പാകുന്നതിന് മുമ്പ് 10-12 മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തു നട്ടാല്‍ വേഗം മുളയ്ക്കും. ഒരു ഗ്രോബാഗില്‍ മുളപ്പിച്ച 12 തൈ നടാം. പോട്ടിങ് മിശ്രിതം നേരത്തേ പറഞ്ഞതുതന്നെ മതി. പ്രീതി, പ്രിയ, പ്രിയങ്ക, മായ ഒക്കെ നല്ല ഇനങ്ങളാണ്. ഇനി വിത്തുകളില്ലെങ്കില്‍ വാങ്ങിയ പാവക്കയില്‍ പഴുത്തവയില്‍നിന്ന് വിത്തുകള്‍ കഴുകിയെടുത്തു പൊങ്ങിക്കിടക്കുന്നവ ഒഴിവാക്കി തണലത്തുണക്കി നടുകയുമാവാം. ആഴ്ചയിലൊരിക്കല്‍ എല്ലുപൊടി, കപ്പലണ്ടിപ്പിണ്ണാക്ക്, ചാണകത്തെളി എന്നിവ ലഭ്യത അനുസരിച്ചു ചേര്‍ക്കാം. വള്ളിക്കു പടരാന്‍ സൗകര്യം ചെയ്യണം. ഒരു തകരഷീറ്റില്‍ മഞ്ഞ പെയിന്റടിച്ച് എണ്ണയോ പുരട്ടിവെച്ചാല്‍ ചെറുകീടങ്ങള്‍ അതില്‍ പറ്റി നശിച്ചുകൊള്ളും. കായുണ്ടാകുമ്പോള്‍ കടലാസുകൂടുകള്‍ക്കുള്ളില്‍ ആക്കിയാല്‍ കായീച്ച കുത്താതെ കഴിക്കാം.
പടവലം
പാവല്‍ പോലെ തന്നെ പടവലവും വളര്‍ത്താം. മട്ടുപ്പാവിലും ഗ്രോബാഗിലും നടാം. കൗമുദി, ബേബി, മനുശ്രീ, ഹരിതശ്രീ എന്നിവ നല്ല ഇനങ്ങളാണ്. വിത്തുപാകി മുളപ്പിച്ച തൈകള്‍ കടലപ്പിണ്ണാക്ക്, എല്ലുപൊടി എന്നിവ കലര്‍ത്തിയ മിശ്രിതത്തില്‍ നടണം. ആഴ്ച തോറും ഓരോ പിടി പച്ചച്ചാണകം ചേര്‍ത്താല്‍ കൊള്ളാം. വള്ളി ലഭ്യമായ സൗകര്യത്തില്‍ കയറ്റിവിട്ടാല്‍ മതി.
വെണ്ട
വിത്ത് നേരിട്ട് പാകിയാണ് വെണ്ടക്കൃഷി. സല്‍കീര്‍ത്തി, അരുണ, സുസ്ഥിര തുടങ്ങിയവ നല്ല ഇനങ്ങളാണ്. വിത്തുകള്‍ 24 മണിക്കൂര്‍ നേരം പത്തു ഗ്രാം സ്യൂഡോമോണസ് ലായനിയില്‍ കുതിര്‍ത്തു നട്ടാല്‍ നന്ന്. മൂന്നുനാലു ദിവസം മതി വിത്ത് മുളയ്ക്കാന്‍. നാലഞ്ചില ആയാല്‍ മാറ്റി നടാം. ചാണകപ്പൊടി, വേപ്പിന്‍പിണ്ണാക്ക് ഒക്കെ ചേര്‍ത്താല്‍ നല്ല വിളവ് കിട്ടും. 45-50 ദിവസത്തെ വളര്‍ച്ചയില്‍ ആദ്യ വിളവെടുക്കാം.
തക്കാളി
വിത്ത് പാകി മുളപ്പിച്ച തൈകള്‍ ഒരു മാസം ആകുമ്പോഴാണ് നടേണ്ടത്. ശക്തി, മുക്തി, അനഘ എന്നിവ തക്കാളിവാട്ടം ചെറുക്കുന്ന ഇനങ്ങളാണ്. തൈ നട്ട് രണ്ടുമാസംമതി വിളവെടുക്കാന്‍.
മുളക്
മുളകിലുമുണ്ട് മികച്ച ഇനങ്ങള്‍. ഉജ്ജ്വല, അനുഗ്രഹ, ജ്വാലാമുഖി, വെള്ളായണി അതുല്യ തുടങ്ങിയവ. എങ്കിലും ഇന്നത്തെ സാഹചര്യത്തില്‍ വാങ്ങിയ പച്ചമുളകില്‍ പഴുത്തുപോയതുണ്ടെങ്കില്‍ അരിയെടുത്തുണക്കി മണ്ണൊരുക്കി പാകാം. കാലിവളം, മണ്ണിര കമ്പോസ്റ്റ്, പിണ്ണാക്ക് സ്ലറി, എല്ലുപൊടി, ചാരം തുടങ്ങിയവ ചേര്‍ത്ത് വളര്‍ത്താം. ആഴ്ചയിലൊരിക്കല്‍ നേര്‍പ്പിച്ച ചാണകത്തെളി തളിച്ചും കൊടുക്കാം. രണ്ടുനേരം നന നിര്‍ബന്ധം. ആവശ്യമെങ്കില്‍ താങ്ങു കൊടുക്കാം.
ചീര
അനായാസം വളര്‍ത്താവുന്നതാണ് ചീര. നല്ല വെയില്‍ വേണം. ഗ്രോബാഗിലോ ചട്ടിയിലോ അല്ല സ്ഥലമുണ്ടെങ്കില്‍ നനവ് കിട്ടുന്ന എവിടെയും ചീരവിത്ത് വിതറാം. ഉറുമ്പുശല്യം ഉണ്ടാകാതിരിക്കാന്‍ അല്പം മഞ്ഞള്‍പ്പൊടിയോ അരിപ്പൊടിയോ കലര്‍ത്തി വിതറണം എന്നുമാത്രം. ഗ്രോബാഗിലെങ്കില്‍ ചുറ്റും പൊടി തൂകിയാല്‍ മതി. ആവശ്യമെങ്കില്‍ രണ്ടുനേരം നനയ്ക്കുക. ഒരു സെന്റില്‍ നൂറു തൈ വരെ നടാം. ഓരോ പത്തുദിവസം കൂടുമ്പോള്‍ വിളവെടുക്കാം. വിളവെടുപ്പ് കഴിഞ്ഞു ചാണകം കലക്കി ലായനിയാക്കിനേര്‍പ്പിച്ചത്, എല്ലുപൊടി, കപ്പലണ്ടിപ്പിണ്ണാക്ക്, നേര്‍പ്പിച്ച ഗോമൂത്രം എന്നിവ വളമായി ചേര്‍ക്കാം. ചീരയില്‍ ഒട്ടേറെ ഇനങ്ങള്‍ ഇന്നുണ്ട്. തെങ്ങിന്‍തടത്തിലോ മറ്റോ ചീരവിത്തു വിതറിയാല്‍ അങ്ങനെയും വളര്‍ന്ന് നിരന്തരം ചീര കിട്ടും എന്നോര്‍ക്കുക.
മൈക്രോഗ്രീന്‍ സ്ഥലമേ വേണ്ട
പച്ചക്കറികളിലെ പുതിയ താരമായ മൈക്രോഗ്രീന്‍ വളര്‍ത്താനെങ്കില്‍ സ്ഥലവും വേണ്ട അധ്വാനവും കുറവ്. പുറത്തിറങ്ങാന്‍ പരിമിതികളുള്ള കാലത്തിനു യോജിച്ച കൃഷിരീതിയാണിത്. കിട്ടുന്ന ഏതു വിത്തും മൈക്രോഗ്രീന്‍ ആക്കാം. പയറും കടലയും ഉണ്ടെങ്കില്‍ കുശാലായി. മറ്റു ധാന്യങ്ങളും ചീരയും കടുകും ഒക്കെ ഇങ്ങനെ മൈക്രോഗ്രീനായി വളര്‍ത്തി ഉപയോഗിക്കാം. വിത്തുകള്‍ എട്ട് മണിക്കൂര്‍ വെള്ളത്തിലിട്ടു കുതിര്‍ത്ത ശേഷം വെള്ളം ഊറ്റുക. അടുത്ത ദിവസം ഇവ മുളച്ചു കഴിയും. ഇതാണ് നടേണ്ടത്.
ചെറിയ സുഷിരങ്ങളുള്ള ഒരു പ്ലാസ്റ്റിക് ട്രേയില്‍ അല്പം ചകിരിച്ചോറോ അല്ലെങ്കില്‍ ടിഷ്യു പേപ്പറോ വിരിച്ചു വിത്തുകള്‍ അടുപ്പിച്ചു വിതറുക. അഞ്ചാറു ദിവസമാകുമ്പോള്‍ തൈകള്‍ വളര്‍ന്നു കഴിയും. ഇവ മുറിച്ചെടുത്തു തോരനോ കറികളോ തയാറാക്കാം. പത്തു ദിവസത്തിനകം വിളവെടുക്കണം.
Content Highlights: Vegetables can be grown by themselves in this lockdown time