വേലിത്തലപ്പില്‍ അല്ലാ ഇനി ചെമ്പരത്തി. സ്ഥലമുണ്ടെങ്കില്‍ പറമ്പില്‍ പ്രധാന കൃഷിയാക്കാം. കാരണം അത്രയേറെ വിപണി സാധ്യതകളുണ്ട് ഈ ചുവന്ന ചന്തത്തിന്. സംശയമുണ്ടോ? വരൂ. ഷൊര്‍ണൂര്‍ മുണ്ടായയില്‍ ആംബ്രോസുണ്ട്. പത്തേക്കറില്‍ ചെമ്പരത്തി വളര്‍ത്തുന്ന ആംബ്രോസ്. ഭാരതപ്പുഴയുടെ തീരത്ത്. പ്രകൃതിയോട് ഇണങ്ങിത്തന്നെ.

വൈപ്പിൻകരയിൽനിന്നാണ് ആംബ്രോസിന്റെ വരവ്. സ്വാശ്രയ വൈപ്പിന്റെ കാലം. പ്രാദേശികമായ ഉൽപന്നങ്ങളെ ആശ്രയിച്ചു തന്നെ നാടിനെ മുന്നോട്ട് നയിക്കുന്ന വികസന കാഴ്ചപ്പാട്. ആ മാതൃകയെ ആംബ്രോസും ഉൾച്ചേർത്തു. കൽപ്പണിക്കാരനായി ആംബ്രോസ്. പിന്നെ നാടു വിട്ടു. ബംഗളുരുവിൽ എത്തി. ഫാം നടത്തി. അതും നിർത്തി. തിരിച്ചെത്തി. അങ്ങനെ പാലക്കാട്ട് ഷൊർണൂരിലേക്ക്. മുണ്ടായയിൽ പത്തേക്കർ സ്ഥലം പാട്ടത്തിനെടുത്തു. 20 വർഷത്തേക്ക്. അവിടെ ചെമ്പരത്തി നട്ടു.

ആംബ്രോസ് പറയുന്നു: 'പ്രാദേശികമായ ഉൽപന്നങ്ങളെ എങ്ങനെ വിനിയോഗിക്കുന്നു എന്നതാണ് പ്രധാനം. നാം ഓരോരുത്തരും എത്രത്തോളം ഇവയെ പാഴാക്കുന്നു എന്നതും. ചുറ്റുപാടുമുള്ളതിന് ആവശ്യക്കാരുണ്ടെന്നത് നാം തിരിച്ചറിയണം. ആരോഗ്യമാണ് ഔഷധം. ആരോഗ്യം തന്നെയാണ് സമ്പത്ത്. കമ്പോളത്തിന്റെ ആക്രമണത്തെ എത്ര ഫലപ്രദമായി പ്രതിരോധിക്കാമെന്നത് ഒരു ജീവിതശൈലി കൂടിയാണ്.'

Hibiscus

ചെമ്പരത്തിച്ചായ

ചെമ്പരത്തിപ്പൂവിന്റെ ചുവട്ടിലെ പച്ചപ്പ് മാത്രം ഉരിഞ്ഞു കളയാം. ബാക്കി ദളങ്ങളും കേസരവും ചെറുതായി അരിയുക. ഇതിലേക്ക് തെല്ല് ചെറുനാരങ്ങ നീര് സ്‌പ്രേ ചെയ്യണം. നല്ല കൊഴുപ്പുള്ളതിനാല്‍ നന്നായി ഉണക്കുക. ചുവപ്പു രാശി പോകാതിരിക്കാനാണ് ചെറുനാരങ്ങ നീര്. ഇതിനൊപ്പം തുളസിയിലകളും പ്രത്യേകമായി നന്നായി ഉണക്കുക. ഉണങ്ങിയ ശേഷം രണ്ടും തമ്മില്‍ കലര്‍ത്തി ഒന്നിച്ച് പാത്രത്തിലിട്ടു സൂക്ഷിക്കാം. ചായയ്ക്ക് പകരമുള്ള പാനീയമാക്കാം. എത്ര ചെറിയ അളവിലും ചെയ്യാം. അതിനാല്‍ എല്ലാ വീടുകളിലും ചെമ്പരത്തിച്ചായ തയ്യാറാക്കാം.

ചെമ്പരത്തി സര്‍ബത്ത്

ചെമ്പരത്തി കോണ്‍സന്‍ട്രേറ്റാണിത്. പൂവ് നന്നായി മിക്‌സിയില്‍ ഇട്ട് അരയ്ക്കുക. പഞ്ചസാരയോ പനങ്കല്‍ക്കണ്ടമോ ചേര്‍ത്ത് അരയ്ക്കാം. ഒരു ലിറ്റര്‍ വെള്ളത്തിന് 600 ഗ്രാമെങ്കിലും പഞ്ചസാര വേണം. ഒരു ലിറ്ററിന് 100 മില്ലി ലിറ്റര്‍ ചെറുനാരങ്ങ നീര് ചേര്‍ക്കണം. കലക്കിയശേഷം മരപ്പെട്ടിയിലോ ചീന ഭരണയിലിയോ സ്ഫടികഭരണയിലോ കെട്ടി വയ്ക്കുക. ഫെര്‍മന്റേഷന്‍ നടക്കാനാണിത്. 20 ദിവസത്തിന് ശേഷം എടുക്കാം. അരിച്ചെടുക്കുക. വീണ്ടും 20 ദിവസം കഴിഞ്ഞാല്‍ ഉപയോഗിക്കാം. യീസ്റ്റ് ചേര്‍ക്കേണ്ടതില്ല. ഒരു വര്‍ഷം വരെയെങ്കിലും ഇരിക്കാം.

Hibiscus

ഇന്‍ഫ്യൂസ്ഡ്  ഹണി

ചെമ്പരത്തി ഇതളുകള്‍ തേനിലേയ്ക്ക് ഇടുക. ഉണക്കിയ ദളങ്ങളാണ് ചേര്‍ക്കേണ്ടത്. 60 ദിവസമെങ്കിലും സൂക്ഷിക്കുക. ചുവപ്പ് രാശി പൂര്‍ണമായും തേനില്‍ ലയിക്കും. ആവശ്യത്തിന് വെള്ളം ചേര്‍ത്തോ അല്ലാതേയോ ഉപയോഗിക്കാം. പ്രതിരോധ ശേഷിക്ക് അത്യുത്തമം.

ചെമ്പരത്തി ജാം

ചെമ്പരത്തിപ്പൂവില്‍ കുമ്പളങ്ങ പള്‍പ്പ് ചേര്‍ത്താണ് ജാം തയ്യാറാക്കുന്നത്. 100 ഗ്രാം പൂവിന് 200 ഗ്രാം കുമ്പളങ്ങ വേണം. ഇതില്‍ 100 ഗ്രാം പഞ്ചസാര ചേര്‍ക്കാം. പ്രിസര്‍വേറ്റീവിന്റെ ആവശ്യമില്ല. ഫ്രിഡ്ജില്‍ വച്ച് ഉപയോഗിക്കാം. പ്രിസര്‍വേറ്റീവ് ഇല്ലാത്തതിനാല്‍ ജാം പുറത്ത് വച്ചാല്‍ മൂന്നു ദിവസത്തില്‍ കൂടുതല്‍ ഉപയോഗിക്കാനാവില്ല. 

Hibiscus

ഫാര്‍മേ ഷെയര്‍ 

ഒന്നും പാഴാക്കാത്ത അടുക്കളയാണ് ഫാര്‍മേ ഷെയറിന്റെ പ്രത്യേകത. വര്‍ഷങ്ങളോളം സൂക്ഷിച്ചുവയ്ക്കാവുന്ന വിധം പണ്ടേപ്പോലെ എണ്ണമറ്റ അച്ചാറുകള്‍. പഴങ്ങള്‍ ഉണക്കി തേനിലിട്ടും ഇടാതേയും ഭരണകളില്‍. ഉപയോഗിക്കാനാവാത്ത ജാതിയ്ക്കയുടെ തോടും മറ്റും വൈന്‍.

തീരുന്നില്ല, ഒരേ ഷര്‍ട്ട് എന്നും പുത്തനായി തോന്നിപ്പിക്കുന്നതാണ് ആംബ്രോസിയന്‍ ശൈലി. ചെമ്പരത്തിച്ചാറ് ചേര്‍ത്ത് ഡൈ ചെയ്താണ് ഇത് സാധ്യമാക്കുന്നത്. വീട്ടില്‍ അഞ്ച് സ്ത്രീകള്‍ക്ക് തൊഴിലവസരം ഒരുക്കുന്നു സ്വാശ്രയ ആംബ്രോസ്. കോഴിക്കോട് ഖാദിയുമായി ചേര്‍ന്നാണ് നെയ്ത്ത്. നിറം ചേര്‍ക്കലില്‍ സഹായിക്കാന്‍ മീരാ ഏബ്രഹാമുണ്ട്. വേഴാമ്പലിനെപ്പറ്റി മീര പഠിച്ചു. വൈല്‍ഡ് ലൈഫ് ബയോളജിസ്റ്റ്. ഇപ്പോള്‍ പഠിക്കുന്നത് വെള്ളിമൂങ്ങകളെപ്പറ്റി. ചെയ്യുന്നത് പ്രകൃതിയില്‍ നിന്ന് നിറം കണ്ടെത്തല്‍.

ഡയിംഗിന് 

ഉടുപ്പ് എന്നും പുത്തനാവണോ? മീര പറഞ്ഞു തരും വിദ്യ. ഡയിംഗിന് മുമ്പേ തുടങ്ങുന്നു നിറം ചേര്‍ക്കാനുള്ള അധ്വാനം. ആര്‍ക്കും എവിടേയും ഇത് സാധ്യമാണ്. 

ഒന്നാം ഘട്ടം: കാരമോ സോപ്പോ ചേര്‍ത്ത് തുണി പണ്ടത്തെപ്പോലെ നന്നായി പുഴുങ്ങിയെടുക്കുക. അഴുക്കോ മെഴുക്കോ ഇല്ലെന്ന് ഉറപ്പിക്കാനാണിത്. ഇങ്ങനെ നന്നായി വൃത്തിയാക്കിയ തുണിയില്‍ നിറം ചേര്‍ക്കാം.

രണ്ടാം ഘട്ടം: പരുത്തിത്തുണികള്‍ക്ക് പ്രത്യേകിച്ചും നിറത്തെ ചേര്‍ക്കാന്‍ വൈമുഖ്യമുണ്ട്. അതിനാല്‍ മുടി ഡൈ ചെയ്യുന്നത്ര എളുപ്പത്തില്‍ ഡൈ ചെയ്യാനാവില്ല. സില്‍ക്കിന് പരുത്തിയേക്കാള്‍ നിറം പിടിക്കാന്‍ കഴിയും. എന്തായാലും ടാനിന്‍ എന്ന പദാര്‍ത്ഥം ചേര്‍ത്താല്‍ നിറത്തെ ചേര്‍ത്തു പിടിയ്ക്കാന്‍ തുണികള്‍ക്ക് കഴിയും. കടുക്ക, ഉള്ളിത്തോല്, മാതളനാരകത്തിന്റെ തോട് തുടങ്ങിയവയില്‍ എല്ലാം ടാനിന്‍ ഉണ്ട്. അതിനാല്‍ നെല്ലിക്ക കുടുക്ക, താന്നിയ്ക്ക തുടങ്ങിയവ പണ്ട് ഉപയോഗിച്ചിരുന്നു. എന്തായാലും ഇതിട്ട് തിളപ്പിച്ച വെള്ളത്തില്‍ കഴുകിയ തുണി മുക്കിയെടുക്കണം.

Hibiscus

മൂന്നാം ഘട്ടം: ചെമ്പരത്തിയുടെ ഇലയോ പൂവോ നന്നായി തിളപ്പിച്ചെടുക്കണം. ഇഷ്ടമുള്ള നിറത്തിന് അനുസരിച്ച് പൂവോ ഇലയോ ചേര്‍ക്കാം. തിളച്ച ശേഷം ഇത് നല്ലപോലെ അരിച്ചെടുക്കണം. ഇതില്‍ തുണി മുക്കിയാല്‍ നിറം കിട്ടും. വെള്ളത്തിന്റെ സ്വഭാവവും താപനിലയും എല്ലാം അനുസരിച്ച് വ്യത്യസ്ത നിറങ്ങളാവും. സ്വാഭാവികവും കണ്ണില്‍ കുത്താത്തതുമായി നിറങ്ങളാണ് എല്ലാം.

കടുത്ത നിറങ്ങള്‍ കൂടുതലും വേരുകളില്‍ നിന്നാണ് കിട്ടുന്നതെന്ന് മീര പറയുന്നു. ചെടിയെ നശിപ്പിക്കാതെ നിറം ലഭ്യമാക്കലാണ് ശരിയെന്ന് വിശ്വസിക്കുന്നു. അതിനാല്‍ ലളിതമായ നിറങ്ങള്‍. രാവിലെ പൂക്കള്‍ പൊട്ടിക്കാറില്ല. ഫാര്‍മേ ഷെയറില്‍. തേനുണ്ണാന്‍ എത്തുന്ന അതിഥികള്‍ ആദ്യം വിശപ്പടക്കട്ടെ. അതിന് ശേഷം മാത്രം മനുഷ്യന്റെ ആവശ്യത്തിന്. 

തലയില്‍ ചെമ്പരത്തി ചൂടുക എന്നതാണ് പഴയ ശൈലി. മനോരോഗ ചികിത്സയ്ക്ക് ചെമ്പരത്തി ആയുര്‍വേദത്തില്‍ ഉപയോഗിച്ചിരുന്നു. അതില്‍ നിന്ന് ഉണ്ടായതാണ് ഈ ചൊല്ല്. ഏത് ഷാംപൂവിനേക്കാളും നല്ല ചെമ്പരത്തിത്താളി പണ്ട് ഉപയോഗിച്ചിരുന്നു. വേലിത്തലപ്പിലെ അഞ്ചിതള്‍ച്ചന്തം ആകാശം മുട്ടുന്ന  ആനന്ദത്തിന് കാരണമാവുമെന്ന് ഓര്‍മ്മിപ്പിക്കുന്നു  ആംബ്രോസ്. ഏത് അടുക്കളയിലും.

Content Highlights: Value added products of Hibiscus