രു കുന്നിന്‍ ചെരിവിലായിരുന്നു അയാളുടെ കൃഷി. രാപകലോളം അധ്വാനിച്ചിട്ടും വേണ്ടതിലധികം വളം കൊടുത്തിട്ടും കൃഷി പുഷ്ടിപ്പെടുന്നില്ല. നല്ല വിത്തുപയോഗിച്ചിട്ടും വളപ്രയോഗം നടത്തിയിട്ടും വേണ്ടത്ര ഫലം ലഭിക്കാതായതോടെ അയാള്‍ കൃഷിവകുപ്പിനെ സമീപിച്ചു. മണ്ണു പരിശോധിച്ച് അല്പം കുമ്മായം ചേര്‍ക്കാനായിരുന്നു വിദഗ്‌ദ്ധോപദേശം. അടുത്ത കൃഷിക്കു മുമ്പായി അയാള്‍ ഉദ്യോഗസഥന്‍ നിര്‍ദേശിച്ച അളവില്‍ കുമ്മായം മണ്ണില്‍ ചേര്‍ത്തുകൊടുത്തു. ഫലമോ പറിച്ചാല്‍ തീരാത്തത്ര വിളവും. അതാണ് കുമ്മായം മണ്ണില്‍ തീര്‍ക്കുന്ന ജാലവിദ്യ.

കുമ്മായം ചെയ്യുന്നത്

മണ്ണിന്റെ ഉത്പാദന ക്ഷമത വര്‍ധിപ്പിക്കുകയെന്ന പ്രവൃത്തിയാണ് കുമ്മായം ചെയ്യുന്നത്. കേരളത്തിലെ ഉയര്‍ന്ന തോതിലുള്ള മഴയും ചരിഞ്ഞ ഭൂപ്രകൃതിയും മേല്‍മണ്ണിലെ കാത്സ്യം, മഗ്നീഷ്യം, പൊട്ടാസ്യം എന്നീ അത്യാവശ്യ മൂലകങ്ങളെ മണ്ണില്‍ നിന്ന് ഒഴുക്കിക്കളയുന്നു. കാത്സ്യത്തിന്റെയും മഗ്നീഷ്യത്തിന്റെയും സംയുക്തങ്ങളായ കുമ്മായ വസ്തുക്കള്‍(കുമ്മായം, ഡോളമെറ്റ്, നീറ്റുകക്ക) കാത്സ്യത്തിന്റെയും മഗ്നീഷ്യത്തിന്റെയും അളവ് മണ്ണില്‍ വര്‍ധിപ്പിച്ച് നിലനിര്‍ത്തുന്നു. 

അമ്ളത്വം ഇല്ലാതാക്കുന്നു

കടലില്‍ നിന്ന് ഉയര്‍ന്നു വന്നതെന്ന് പറയപ്പെടുന്ന കേരളത്തിലെ മണ്ണില്‍ മിക്കയിടത്തും അമ്ലത്വം കൂടുതലാണ്. മണ്ണിന്റെ ക്ഷാര-അമ്ലനില തുല്യമായാല്‍ മാത്രമേ ശരിക്കും ഉത്പാദന ക്ഷമത കാണിക്കാന്‍ മണ്ണിനു കഴിയൂ. ഒരു ക്ഷാര ഏജന്റായ കുമ്മായം മണ്ണിന്റെ അമ്ലത്വം കുറച്ച് വിളവ് കൂട്ടുന്നു.

ജൈവ വസ്തുക്കള്‍ ജീര്‍ണിപ്പിക്കുന്നു

മണ്ണില്‍ കാണപ്പെടുന്ന കോടിക്കണക്കിന് സൂക്ഷ്മാണുക്കളാണ് മണ്ണിന്റെ ഫലപുഷ്ടി നിര്‍ണയിക്കുന്നത്. ജൈവവസ്തുക്കള്‍ ജീര്‍ണിക്കുന്നതിലൂടെയാണ് മണ്ണില്‍ സൂഷ്മാണുക്കള്‍ പെരുകുന്നത്. അതിനാല്‍ത്തന്നെ ഒരു മികച്ച വിഘടന ഏജന്റായ നീറ്റുകക്കയുടെ ഉത്പന്നങ്ങള്‍ മണ്ണില്‍ അടിയുന്ന എല്ലാ ജൈവാവശിഷ്ടങ്ങളെയും വളരെപ്പെട്ടെന്നു തന്നെ മണ്ണില്‍ ലയിച്ചു ചേരാന്‍ സഹായിക്കുന്നു. അങ്ങനെ മണ്ണില്‍ ഫലപുഷ്ടി നിലനിര്‍ത്താനും മികച്ച വിളവ് ലഭ്യമാക്കാനും സാധിക്കുന്നു. 

മറ്റ് മൂലകങ്ങളുടെ ദോഷഫലം ഇല്ലാതാക്കുന്നു
 
പതിനാറു തരം വ്യത്യസ്ത മൂലകങ്ങളാണ് മണ്ണിലെ ഫലഭൂയിഷ്ഠത നിലനിര്‍ത്തുന്നത്. എന്നാല്‍ ഇതിന്റെ അളവു കുറയുന്നത് മാത്രമല്ല കൂടുന്നതും വിളവിനെ ബാധിക്കും. ഇരുമ്പ്, അലുമിനിയം ധാതുക്കളുടെ ദോഷഫലങ്ങള്‍ അകറ്റാനും കുമ്മായ വസ്തുക്കള്‍ക്ക് കഴിയുന്നു.

എപ്പോള്‍, എങ്ങനെ ചേര്‍ക്കണം

മണ്ണില്‍ കുമ്മായം ചേര്‍ക്കുന്നതിന് മുമ്പ് മണ്ണ് പരിശോധന നടത്തണം. മണ്ണിന്റെ പി.എച്ച് മൂല്യം 6.5-7 പരിധിയില്‍ വരുന്നതാണ് വിളകള്‍ക്ക് നല്ലത്. തുലാവര്‍ഷത്തിന്റെയോ ഇടവപ്പാതിയുടെയോ തുടക്കത്തിലാണ് മണ്ണില്‍ കുമ്മായം ചേര്‍ക്കേണ്ടത്. കുമ്മായം ചേര്‍ത്തു കഴിഞ്ഞതിനുശേഷം പൊടിമഴ കിട്ടിയാല്‍ മണ്ണുമായി കുമ്മായം പെട്ടെന്ന് യോജിക്കും. എന്നാല്‍ കുമ്മായം ചേര്‍ത്തതിന് ശേഷം കൃഷിയിടത്തില്‍ മഴക്കാലത്ത് മണ്ണൊലിപ്പുണ്ടാകരുത്. ഈര്‍പ്പം നിലനില്‍ക്കുന്ന മണ്ണാണെങ്കില്‍ ഏതുകാലത്തും മണ്ണില്‍ കുമ്മായം ചേര്‍ക്കാം. നല്ലവണ്ണം പൊടിയാക്കിയ കുമ്മായം മണ്ണില്‍ ഇളക്കിച്ചേര്‍ക്കണം. 

LIME

കുമ്മായത്തിന്റെ അളവ്

പി.എച്ച്. മൂല്യവുമായി ബന്ധപ്പെടുത്തിയാണ് എല്ലായിപ്പോഴും കുമ്മായം ചേര്‍ക്കേണ്ടത്. 
പി.എച്ച്. മൂല്യം  കുമ്മായത്തിന്റെ അളവ്(ഏക്കറിന് കിലോ എന്ന കണക്കില്‍)


3.5ല്‍ താഴെ                                 400 കിലോ
3.5 മുതല്‍ 4.5 വരെ                        350 കിലോ
4.5 മുതല്‍ 5.5 വരെ                        250 കിലോ
5.5 മുതല്‍ 6 വരെ                          100 കിലോ 
6 മുതല്‍ 6.5 വരെ                          50 കിലോ
നെല്ലിന് ഹെക്ടറിന്                          600 കിലോ
വാഴയ്ക്ക് ഒന്നിന്                               500 ഗ്രാം 
തെങ്ങിന് ഒന്നിന്                             ഒരു കിലോ വര്‍ഷത്തില്‍ 
പയര്‍ കൃഷിക്ക് സെന്റിന്                    മൂന്നുകിലോ
പച്ചക്കറികള്‍ക്ക് സെന്റിന്                   രണ്ടുകിലോ 

ശ്രദ്ധിക്കേണ്ടകാര്യങ്ങള്‍

നിര്‍ദേശിക്കപ്പെട്ട അളവില്‍ മാത്രമേ കുമ്മായം ചേര്‍ക്കാവൂ. കൂടുതല്‍ ചേര്‍ത്താല്‍ മണ്ണില്‍ പൊട്ടാസ്യത്തിന്റെ അളവ് കുറയും. മാത്രമല്ല അളവ് കൂടിയാല്‍ ഫോസ് ഫറസ്, ബോറോണ്‍, ഇരുമ്പ്, മാംഗനീസ് കോപ്പര്‍, സിങ്ക് എന്നിങ്ങനെയുള്ള മൂലകങ്ങളുടെ അളവും മണ്ണില്‍ കുറയും. രാസവളങ്ങള്‍ പ്രയോഗിക്കുന്ന കൃഷിയിടമാണെങ്കില്‍ അത് ചേര്‍ക്കുന്നതിന് രണ്ടാഴ്ച മുമ്പെങ്കിലും കുമ്മായം ചേര്‍ത്തിരിക്കണം.

നെല്‍പ്പാടങ്ങളില്‍ കുമ്മായം ചേര്‍ക്കുമ്പോള്‍ പാടത്തുനിന്ന് ചെള്ളം ഇറക്കിയതിന് ശേഷമാണ് ചേര്‍ക്കേണ്ടത്. കുമ്മായമിട്ട് ഒരു ദിവസം കഴിഞ്ഞാല്‍ വീണ്ടും വെള്ളം കയറ്റാം. തുടര്‍ച്ചയായി വെള്ളം കയറ്റിയിറക്കരുത്. ജീവാണു വളങ്ങള്‍ ചേര്‍ക്കുന്ന കൃഷിയിടം മുന്നേ കുമ്മായം ചേര്‍ത്ത് ഒരുക്കിയിടണം. എന്തായാലും കുമ്മായം ഒന്നിച്ച് ചേര്‍ക്കാതെ പല തവണയായി ഈര്‍പ്പം കൊടുത്ത് കുമ്മായം ചേര്‍ത്ത് മണ്ണിന്റെ ഫലപുഷ്ടി നിലനിര്‍ത്താം.

Content highlights : Agriculture, Lime , Organic farming