പ്രതീകാത്മക ചിത്രം| ഫോട്ടോ: സി.ആർ. ഗിരീഷ് കുമാർ| മാതൃഭൂമി
കേരളത്തില്‍ ഏറ്റവുംകൂടുതല്‍ ആവശ്യക്കാരുള്ളതും എന്നാല്‍, കുറച്ചുസ്ഥലത്തുമാത്രം കൃഷിചെയ്യുന്നതുമായ പച്ചക്കറിയാണ് തക്കാളി. വാട്ടരോഗവും ശാസ്ത്രീയ കൃഷിരീതികള്‍ അവലംബിക്കാത്തതുമാണ് തക്കാളി കേരളത്തില്‍ വേരോടാത്തതിനുള്ള പ്രധാന കാരണം. തക്കാളിക്കൃഷി തുടങ്ങാന്‍ ഏറ്റവുംഅനുയോജ്യമായ സമയം സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളാണ്. മണ്ണില്‍ വാട്ടരോഗമുണ്ടാക്കുന്ന ബാക്ടീരിയ കൂടുതലായതിനാല്‍ കിളച്ചൊരുക്കുമ്പോള്ത്തന്നെ ശ്രദ്ധിക്കുകയാണെങ്കില്‍ തക്കാളിയെ വാട്ടരോഗത്തിന്റെ പിടിയില്‍പ്പെടാതെ കരകയറ്റാം.
നല്ല വെയില്‍കൊള്ളുന്ന സ്ഥലം നിര്‍ബന്ധം. കിളച്ചുപാകപ്പെടുത്തുമ്പോള്ത്തന്നെ നന്നായി നനച്ച് സെന്റൊന്നിന് മൂന്നുകിലോ ഗ്രാമെങ്കിലും കുമ്മായം മണ്ണുമായി ചേര്‍ത്തിളക്കണം. പൊടിഞ്ഞ കുമ്മായം തന്നെയാണ് നല്ലത്. പത്തുദിവസത്തിനുശേഷം ട്രൈക്കോഡെര്‍മ സമ്പുഷ്ടീകരിച്ച ജൈവവളം ചേര്‍ക്കാം. 100 കിലോഗ്രാം ചാണകപ്പൊടി, രണ്ടുകിലോഗ്രാം ട്രൈക്കോഡെര്മയുമായി ചേര്‍ത്തിളക്കി നനഞ്ഞ ചണചാക്ക് മൂടിവെച്ച് അഞ്ചുദിവസത്തിലൊരിക്കല്‍ നേര്‍ത്ത നനവ് നല്‍കാം. രണ്ടാഴ്ചകൊണ്ട് മിത്രകുമിളായ ട്രൈക്കോഡെര്‍മ സമ്പുഷ്ടീകരിച്ച ജൈവവളം തയ്യാറാകും.
അടുത്തത് നല്ല തൈകളുടെ തിരഞ്ഞെടുപ്പാണ്. ശക്തി, മുക്തി, അനഘ എന്നിവ വാട്ടരോഗത്തെ പ്രതിരോധിക്കാന്‍ കഴിവുള്ള അത്യുത്പാദനശേഷിയുള്ള ഇനങ്ങളാണ്. കേരള കാര്‍ഷിക സര്‍വകലാശാലയിലെ ഡോ. എന്‍. നാരായണന്‍കുട്ടിയുടെ നേതൃത്വത്തില്‍ പുറത്തിറക്കിയ തക്കാളി ഗ്രാഫ്റ്റ് തൈകളാണ് ബാക്ടീരിയല്‍ വാട്ടത്തെ ചെറുക്കാന്‍ ഏറ്റവും അനുയോജ്യം. ചുണ്ടങ്ങ റൂട്ട് സ്റ്റോക്കായി ഉപയോഗിക്കുന്നതുകൊണ്ട് ഗ്രാഫ്റ്റ് തൈകളിലേക്ക് വാട്ടരോഗം പടരില്ല. കാര്‍ഷിക സര്‍വകലാശാലയുടെ മണ്ണുത്തിയിലാണ് പ്രധാനമായും തക്കാളിയുടെ ഗ്രാഫ്റ്റ് തൈകള്‍ ഉത്പാദിപ്പിക്കുന്നത്.
തക്കാളിത്തൈകള്‍ നടുമ്പോള്‍ രണ്ടടി അകലത്തിലാകാന് പ്രത്യേകം ശ്രദ്ധിക്കണം. നട്ട ഉടനെത്തന്നെ ശീമക്കൊന്നയുള്പ്പെടെയുള്ള പച്ചിലകള്‍കൊണ്ട് പുതയിടാം. മണ്ണിലെ സൂക്ഷ്മാണുക്കളെ സംരക്ഷിക്കുന്നതിനും ജൈവാംശം കൂട്ടുന്നതിനും കീടരോഗാണുക്കളെ പ്രതിരോധിക്കുന്നതിനും പുത സഹായകം. ചെടി വളരാന്‍ തുടങ്ങുമ്പോള്‍ത്തന്നെ താങ്ങ് വെച്ചുകെട്ടുന്നത് തക്കാളി മറിഞ്ഞുവീഴാതെ, കരുത്തോടെ വളരാന്‍ സഹായകമാണ്. സ്യൂഡോമോണസിന്റെ കൂട്ടുകെട്ടുണ്ടെങ്കില്‍ വാട്ടരോഗത്തെ പ്രതിരോധിക്കാനും ഉത്പാദനംകൂട്ടാനും പറ്റും. 20 ഗ്രാം സ്യൂഡോമോണസും 10 ഗ്രാം ശര്‍ക്കരയും ഒരുലിറ്റര്‍ വെള്ളത്തില്‍ കലക്കിയ ലായനി സ്പ്രേ ചെയ്യാം. രണ്ടാഴ്ചയിലൊരിക്കല്‍ 20 ഗ്രാം സ്യൂഡോമോണസ് ഒരുലിറ്റര്‍ വെള്ളത്തില്‍ കലക്കിയ ലായനി തടത്തില്‍ ഒഴിക്കുന്നതും നന്ന്.
രാസവളത്തോട് വളരെ നന്നായി പ്രതികരിക്കുന്ന കുടുംബക്കാരിയായതുകൊണ്ടുതന്നെ തക്കാളിക്ക് വളംചെയ്യുമ്പോള്‍ ശ്രദ്ധിക്കണം. മടലുകത്തിച്ച ചാരം തക്കാളിക്ക് കൊടുക്കരുത്. രണ്ടാഴ്ചയിലൊരിക്കല്‍ പൊട്ടാഷ് 20 ഗ്രാം തടത്തിലും സൂക്ഷ്മമൂലക മിശ്രിതം മൂന്നുഗ്രാം ഒരുലിറ്റര്‍ വെള്ളത്തില്‍ കലക്കി സ്പ്രേ ചെയ്യുന്നതും ഉത്പാദനം കൂട്ടും.
വിവരങ്ങള്‍ക്ക്: 9446071460.
Content Highlights: tomato cultivation in kerala
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..