Representative Image| Photo: Mathrubhumi
നാരങ്ങവെള്ളത്തിനും അച്ചാറിടാനും സലാഡിനും ചില ഭക്ഷണപദാര്‍ഥങ്ങള്‍ക്ക് രുചികൂട്ടാനും നാരങ്ങ വേണം. മറ്റ് സംസ്ഥാനങ്ങളില്‍നിന്നുവരുന്ന നാരങ്ങ വാങ്ങിയാണ് ഈ ആവശ്യങ്ങള്‍ നിറവേറ്റുന്നത്. അമിതമായി രാസവളവും കീടനാശിനിപ്രയോഗവും ഗുണമേന്മക്കുറവുമെന്നതാണ് മറുനാടന്‍ നാരങ്ങകളുടെ പോരായ്മകള്‍. വീട്ടില്‍ ഗുണമേന്മയുള്ള നാരകം എളുപ്പത്തില്‍ കൃഷിചെയ്തെടുക്കാം.
പലതരം നാരകങ്ങള്‍
രുചിയില്‍ വ്യത്യസ്തതകളുള്ള പലതരം നാരകങ്ങളുണ്ട്. ചെറുനാരങ്ങ, കുരുവില്ലാനാരങ്ങ (സീഡ് ലെസ് ലെമണ്‍), ബുഷ് ഓറഞ്ച്, റെഡ് ലെമണ്‍, വെറിഗേറ്റഡ് ബുഷ് ഓറഞ്ച്, ഇസ്രയേല്‍ ഓറഞ്ച്, ഗണപതിനാരങ്ങ, അസം ലെമണ്‍ (കാജി ലെമണ്‍), കല്‍ക്കട്ട പാത്തിലെമണ്, ഫിംഗര്‍ ലെമണ്‍, വടുകപ്പുളി തുടങ്ങിയവയെല്ലാം നമ്മുടെ നാട്ടില്‍ നന്നായി വിളയും.
തൊലിയോടെ ജ്യൂസടിച്ച് കുടിക്കാവുന്ന കുഞ്ഞന്‍ നാരങ്ങയാണ് ഇസ്രയേല്‍ ഓറഞ്ച്. വര്‍ഷം മുഴുവന്‍ വിളവുകിട്ടുന്നതാണ് കല്‍ക്കട്ട പാത്തിലെമണ്. അച്ചാറിനും കറിക്കുമെല്ലാം ഉപയോഗിക്കുന്നതാണ് ഗണപതിനാരങ്ങയും വടുകപ്പുളി നാരങ്ങയും.
സ്ഥലപരിമിതിയുള്ളവര്‍ക്ക് കണ്ടെയ്നറുകളിലും നാരകങ്ങള്‍ കൃഷിചെയ്യാം. ജീവകം സി.യുടെ കലവറയായ നാരകങ്ങള്‍ ശരീരത്തിന് നല്ല പ്രതിരോധശേഷി നല്കുന്നു. മണ്ണുത്തിയിലെ കേരള കാര്‍ഷിക സര്‍വകലാശാലയുടെ നഴ്സറിയിലും (0487 2370540) സര്‍ക്കാരിന്റെ ജില്ലാ കൃഷിത്തോട്ടങ്ങളിലും തൈകള്‍ ലഭിക്കും.
കൃഷിയും പരിപാലനവും
നല്ല മദര്പ്ലാന്റില്നിന്നുള്ള ലെയറോ ബഡ്ഡോ ഗ്രാഫ്റ്റോ ചെയ്തെടുത്ത തൈകളാണ് വേഗംകായ്ക്കാന് ഉത്തമം. സീഡ് ലെസ് ലെമണ്‍ കമ്പൊടിച്ചുകുത്തിയും നടാമെങ്കിലും കായ്ക്കാന്‍ സമയമെടുക്കും. രണ്ടരയടി ആഴവും വിസ്താരവുമുള്ള കുഴിയെടുത്ത് മേല്‍മണ്ണും വളവും ചേര്‍ത്ത് നിറച്ച് മധ്യഭാഗത്തായി തൈകള്നടാം. ചാണകപ്പൊടി, എല്ലുപൊടി, വേപ്പിന്‍പിണ്ണാക്ക് എന്നിവ അടിവളമായി ചേര്‍ക്കാം. നല്ല സൂര്യപ്രകാശംവേണം. നാരകത്തിന്റേത് ചെറുവേരുകളാണ്. അതിനാല്‍ നല്ല നീരൊഴുക്കുള്ള ഇളകിയ മണ്ണുവേണം. കണ്ടെയ്നറുകളിലാണ് കൃഷിചെയ്യുന്നതെങ്കില്‍ നല്ല വിസ്താരമുള്ള ചട്ടികളോ ഡ്രമ്മുകളോ ഉപയോഗിക്കണം. വേരോട്ടം സുഗമമാക്കുന്നതിന് ഇളകിയ മണ്ണുവേണം. ഇടയ്ക്ക് മണ്ണിളക്കണം. അടിവളത്തിനു പുറമേ, മൂന്നിലൊന്നുഭാഗം മണലും ചേര്‍ക്കണം. മണ്ണിലെ കൃഷിക്ക് ആഴ്ചയില്‍ രണ്ടുതവണയും കണ്ടെയ്നറിലാണെങ്കില് രണ്ടുദിവസത്തില്‍ ഒരുതവണയും നനയ്ക്കണം. നന കൂടാന്‍പാടില്ല. മണ്ണിലാണെങ്കില്‍ വര്‍ഷത്തില്‍ രണ്ടുതവണയെങ്കിലും വളംചെയ്യണം. കണ്ടെയ്നറില്‍ രണ്ടുമാസത്തിലൊരിക്കലും പൊടിഞ്ഞവളങ്ങളും ജൈവസ്ലറിയുമാണ് നല്ലത്. പുതിയ ശിഖരങ്ങളുണ്ടാകാനും കൂടുതല്‍ പൂക്കാനും വര്‍ഷത്തില്‍ ഒരുതവണയെങ്കിലും കൊമ്പുകോതണം. ഇല തിന്നുന്നതും ചുരുട്ടുന്നതുമായ പുഴുക്കളുടെ ആക്രമണം തടയാന്‍ വേപ്പണ്ണ-വെളുത്തുള്ളി മിശ്രിതം പോലുള്ള ജൈവകീടനാശിനികള്‍ പ്രയോഗിക്കാം. ഇല മഞ്ഞളിക്കുന്നതാണ് മറ്റൊരു പ്രശ്നം. മഗ്നീഷ്യം സള്‍ഫേറ്റിന്റെ കുറവുമൂലമാണ് ഇതുണ്ടാവുന്നത്. ഒരുലിറ്റര്‍ വെള്ളത്തില്‍ 10 ഗ്രാം എപ്സം സാള്‍ട്ട് ചേര്‍ത്തുതളിച്ചാല്‍ ഇതു മാറ്റാം. ഇലകളില്‍ കുത്തുണ്ടാകുന്നത് ഫംഗസ്ബാധമൂലമാണ്. ഏതെങ്കിലും ഫംഗിസൈഡ് രണ്ടുഗ്രാം ഒരുലിറ്റര്‍ വെള്ളത്തില്‍ തളിച്ച് ഇതുമാറ്റാനാവും.
Content Highlights: tips to cultivate good quality lemons at our home
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..