.
കൂട്ടുകൂടാന്‍ വീട്ടിലൊരു അരുമമൃഗമോ പക്ഷിയോ എത്തുമ്പോള്‍ വര്‍ഷങ്ങള്‍ നീളുന്ന സവിശേഷബന്ധത്തിനാണ് തുടക്കമാവുന്നത്. പുതിയ ചങ്ങാതി നന്നായാല്‍ ഉടമയുടെ ജീവിതം കൂടുതല്‍ അര്‍ത്ഥപൂര്‍ണവും ആയാസരഹിതവുമാകും. ചേര്‍ച്ചയില്ലാത്ത പങ്കാളിയെങ്കില്‍ ഇരുകൂട്ടരുടെയും ജീവിതം ദുരിതമാവുകയും ചെയ്യും. അതിനാല്‍ കൂട്ടുകൂടാന്‍ ഒരു അരുമ മൃഗത്തെയോ പക്ഷിയെയോ വാങ്ങാനൊരുങ്ങുമ്പോള്‍ മനസ്സില്‍ വെയ്‌ക്കേണ്ട ചില കാര്യങ്ങളുണ്ട്.
അരുമയെക്കുറിച്ചുള്ള ആലോചന തുടങ്ങുമ്പോള്‍
നായ്ക്കള്‍ മുതല്‍ അരുമ പക്ഷികള്‍ വരെ പെറ്റ് വിപണിയില്‍ താരങ്ങള്‍ നിരവധിയാണ്. അറിവും മുന്‍പരിചയവുമില്ലെങ്കില്‍ അനുയോജ്യയായ ഒരു ഓമനമൃഗത്തെ കണ്ടെത്തുക ബുദ്ധിമുട്ടാകും. ഏറെ ഗവേഷണവും ഗൃഹപാഠവും ഇതിനാവശ്യമെന്ന് ചുരുക്കം. ഉടമയുടെ ആവശ്യമെന്തെന്ന് ആദ്യം അറിയണം. ഓരോരുത്തരും ഒരു പെറ്റിനെ സ്വന്തമാക്കാന്‍ ഒരു കാരണമുണ്ടാകും. വീട്ടിലെ കുട്ടികള്‍ക്ക് കളിക്കൂട്ടികാരനായി പക്ഷിമൃഗങ്ങളെ വാങ്ങുന്നവരുമുണ്ട്. ചിലര്‍ക്ക് ഉറ്റ സുഹൃത്തായി മാറ്റുവാനാണ് ഉദ്ദേശം. അരുമകളുടെ സൗന്ദര്യമാസ്വദിക്കാന്‍ ഇവയെ സ്വന്തമാക്കുന്നവരുണ്ട്. ഓമന മൃഗങ്ങളുടെ പരിശീലനവും പ്രദര്‍ശനവും ഹോബിയും വരുമാനമാര്‍ഗമാക്കുന്നവരും കുറവല്ല.
ഓരോ മൃഗത്തിന്റെയും പക്ഷിയുടെയും ശാരീരിക സ്വഭാവ സവിശേഷതകള്‍, പ്രത്യേക ആവശ്യങ്ങള്‍ എന്നിവ മനസ്സിലാക്കുക പ്രധാനം. ഉടമയുടെ ജീവിത സാഹചര്യങ്ങളെക്കുറിച്ച് അവലോകനം നടത്തണം. കുടുംബത്തില്‍ ഒറ്റയ്ക്കാണോ അതോ മറ്റ് മുതിര്‍ന്നവരും കുട്ടികളും ഉണ്ടോ എന്ന് നോക്കണം. ഇവരുടെ പ്രായം മൃഗങ്ങളോടുള്ള മനോഭാവം എന്നിവയും പരിഗണിക്കണം. മൃഗങ്ങളോടുള്ള ഭയം, അലര്‍ജി എന്നിവ കുടുംബാംഗങ്ങള്‍ക്കുണ്ടോ എന്ന് അന്വേഷിക്കണം. അരുമ മകള്‍ക്കൊപ്പം ചെലവഴിക്കാന്‍ സമയമുണ്ടോ എന്നും ശാരീരികാധ്വാനം ഇഷ്ടപ്പെടുന്നുണ്ടോയെന്നും ആത്മപരിശോധന നടത്തണം. ടി.വി.യുടെ മുമ്പില്‍ ചടഞ്ഞു കൂടുന്നവര്‍ക്ക് അവര്‍ക്ക് ചേരുന്ന കൂട്ടുകാരെ ആയിരിക്കും കിട്ടുന്നത്. കുടുംബത്തിലെ ഒരംഗമായി മാറുന്ന പെറ്റിന്റെ വില നിര്‍ണ്ണയിക്കാനാകില്ലെങ്കിലും അവര്‍ക്കായി ചിലവഴിക്കാന്‍ കഴിയുന്ന തുകയെക്കുറിച്ച് കണക്ക് വേണം. വാടകവീട്ടില്‍ കഴിയുന്നവരും സ്ഥിരം യാത്ര പോകുന്നവരും പ്രത്യേകം ശ്രദ്ധിക്കണം. യാത്രയില്‍ ഒപ്പം കൂട്ടാനുള്ള ഉദ്ദേശം എത്രകാലത്തേക്കാണ് വളര്‍ത്താനുള്ള താല്‍പര്യം എന്നിവയും പരിഗണിക്കണം.
നായയോ പൂച്ചയോ?
ചെറുപ്പം മുതല്‍ വീടുകളില്‍ നായയോ പൂച്ചയോ ഉള്ളവര്‍ക്ക് തനിക്ക് യോജിച്ചത് ഏതെന്ന് തീരുമാനിക്കാന്‍ ബുദ്ധിമുട്ടുണ്ടാകില്ല. എന്നാല്‍ ആദ്യമായൊരു പെറ്റിനെ വാങ്ങാനാഗ്രഹിക്കുന്നവര്‍ ആശയക്കുഴപ്പത്തിലായേക്കാം. ഇങ്ങനെയൊരു തിരഞ്ഞെടുപ്പ് ഏറെ ഘടകങ്ങളെ ആശ്രിയിച്ചിരിക്കും. നായയ്ക്കും പൂച്ചയ്ക്കും പ്രത്യേക ആവശ്യങ്ങളും സ്വഭാവ വിശേഷങ്ങളുമുണ്ട്. അതോടൊപ്പം ഉടമയുടെ ജീവിതരീതിയും വ്യക്തിപരമായ ഇഷ്ടങ്ങളും പരിഗണിക്കണം. ഊര്‍ജസ്വലരായി വീടിനു പുറത്ത് സജീവമാകുന്നവര്‍ നായ്ക്കളെ പരിഗണിക്കാറുണ്ട്. ശുദ്ധവായുവും നടപ്പും വ്യായാമവുമൊക്കെ നായ്ക്കള്‍ക്ക് ഏറെ ഇഷ്ടമാണ്. പൂന്തോട്ടവും വിശാലമായ കൃഷിയിടവും മൈതാനവും പാര്‍ക്കുകളും ഒക്കെ ലഭ്യമായവര്‍ക്ക് നായ തന്നെ നല്ലത്. നിരന്തര യാത്രകളില്‍ ഒപ്പം കൂട്ടാനും നായ കൊള്ളാം. മികച്ച പരിശീലനവും ശ്രദ്ധയും നല്‍കിയാല്‍ ജീവിതം മുഴുവന്‍ കരുതല്‍ ഏറെയുള്ള വിശ്വസ്തനും കളിക്കൂട്ടുകാരനും സംരക്ഷകനുമാകാന്‍ നായ്ക്കള്‍ക്ക് കഴിയും.
പരിമിത സ്ഥലസൗകര്യങ്ങളുള്ള തിരക്കേറിയ ജീവിതം നയിക്കുന്നവര്‍ക്ക് പൂച്ചകളാകും ചേര്‍ച്ചയുള്ളവ. ഉടമയെ ഏറെ ആശ്രയിക്കാതെ ശാന്തനായി, ഒറ്റയാനായി അല്‍പ്പം ഉറക്കവവും കറങ്ങിയടിക്കലുമായി സ്വയം പര്യാപ്തനാകാന്‍ പൂച്ചയ്ക്ക് കഴിയുന്നു. നടത്തമോ, വ്യായാമമോ നിര്‍ബന്ധമില്ലാതെ പുറത്തല്‍പ്പമൊന്നു പോകാന്‍ കഴിഞ്ഞാല്‍ ദിവസം മുഴുവന്‍ സ്വയം രമിക്കാന്‍ ഇവര്‍ക്ക് കഴിയും. അല്‍പ്പം കളിയും ശ്രദ്ധയും രോമം മിനുക്കലുമൊക്കെ നല്‍കിയാല്‍ ഇവര്‍ തൃപ്തര്‍. കൃത്യമായി ഭക്ഷണവും വിസര്‍ജ്ജനത്തിന് ലിറ്റര്‍ ബോക്സും പാദങ്ങള്‍ ഉരുമ്മാന്‍ പോസ്റ്റുകളും നല്‍കിയാല്‍ ഇവര്‍ സംതൃപ്തര്‍. ഇരുജീവികളെയും ഇഷ്ടപ്പെടുന്നവര്‍ക്ക് ഒരു വീട്ടില്‍ രണ്ടിനേയും വളര്‍ത്താം. അല്‍പ്പം ശ്രദ്ധ അധികം വേണമെന്നു മാത്രം. കൃത്യമായ സാഹചര്യമുണ്ടെങ്കില്‍ ഇവര്‍ സഹവര്‍ത്തിത്വത്തോടെ ജീവിക്കുന്നു. ഒരു കുഞ്ഞിപ്പൂച്ചയേയും നായക്കുട്ടിയേയും ചെറുപ്പത്തില്‍ തന്നെ വീട്ടിലെത്തിച്ചാല്‍. അവര്‍ വേര്‍പിരിയാത്ത സുഹൃത്തുക്കളായിരിക്കും.
നിങ്ങള്‍ക്കിണങ്ങിയ നായ ഏത്?
വേട്ടനായ്ക്കള്‍ (Hound), നായാട്ടുകാര്‍ (Gun dogs), ടെറിയറുകള്‍ (Terriers), കാവല്‍ക്കാര്‍ (Working dogs), ആവശ്യത്തിനുള്ളവര്‍ (Utility group), കളിക്കൂട്ടുകാര്‍ (Toy dogs) തുടങ്ങി വിവിധ വിഭാഗങ്ങളിലായി 400 ഓളം നായ ജനുസ്സുകള്‍ ലോകത്തിലുണ്ട് ഇവയില്‍ 100 അധികം ഇനങ്ങള്‍ ഇന്ത്യയിലുണ്ട്. ഇവ ഓരോന്നിനും പ്രത്യേക സ്വഭാവ സവിശേഷതകളും ആവശ്യങ്ങളുമുണ്ട്. നമ്മുടെ ആവശ്യത്തിന് അനുയോജ്യമായ ഒരു ഇനത്തെ തിരഞ്ഞെടുക്കാന്‍ ഇവയെ സംബന്ധിച്ച് വിവരങ്ങള്‍ കൃത്യമായി ശേഖരിക്കണം. ചിത്രങ്ങള്‍, വീഡിയോ, ശ്വാനപ്രദര്‍ശനങ്ങള്‍, കെന്നലുകള്‍ ഇവയിലൂടെ കൂടുതല്‍ അറിവ് നേടാം. തിരഞ്ഞെടുക്കപ്പെടുന്ന ഇനത്തിനനുസരിച്ചുള്ള സൗകര്യങ്ങള്‍ നല്‍കാനുള്ള കഴിവും പരിശോധിക്കണം. സാമ്പത്തിക ഭദ്രത പ്രധാന കാര്യം തന്നെയാണ്. ഇത്രയും ജനുസ്സുകളില്‍ നിന്ന് ഒരെണ്ണത്തിനെ സ്വന്തമാക്കാന്‍ പരിഗണിക്കേണ്ട നിരവധി ഘടകങ്ങള്‍ ഉണ്ട്. ശുദ്ധ ജനുസ്സ് അല്ലെങ്കില്‍ സങ്കരയിനമാണോ എന്നത് തീരുമാനിക്കണം. നായയെ വളര്‍ത്തുന്നതിന്റെ കൃത്യമായ ഉദ്ദേശം കണക്കാക്കണം. ഒരു കാവല്‍ നായ സംരംക്ഷകന്‍ എന്ന നിലയിലാണോ അതോ ഓമനിക്കാനാണോ ലക്ഷ്യമെന്ന് തീരുമാനിക്കണം.
പ്രജനനമോ, ശ്വാനപ്രദര്‍ശനമോ ലക്ഷ്യമാണോയെന്നതും പ്രധാനം. വീട്ടിലെ മറ്റ് അംഗങ്ങളുടെ താല്‍പര്യം പരിഗണിക്കണം. നായ ജനുസ്സുകളെ തിരഞ്ഞെടുക്കാനായി പരിഗണിക്കേണ്ട ഘടകങ്ങള്‍ താഴെ പറയുന്നു. നായയുടെ വലിപ്പം, രോമത്തിന്റെ സ്വഭാവം, നായയുടെ സ്വഭാവം, ഉടമയുമായുള്ള ബന്ധത്തിലെ പ്രതീക്ഷ, താമസ സ്ഥലത്തിന്റെ സ്വഭാവം (വീട്, ഫ്ളാറ്റ്), നഗരത്തിലാണോ, ഗ്രാത്തിലാണോ താമസ്സം, പരിശീലന സൗകര്യം, നായ വളര്‍ത്തലിലെ മുന്‍പരിചയം, അലര്‍ജി, മറ്റ് മൃഗങ്ങളുടെ സാന്നിധ്യം, ജനപ്രിയത, ലഭ്യത തുടങ്ങിയവ. പല ജനുസ്സുകള്‍ക്കും കൃത്യമായ വ്യായാമം ആവശ്യമാണ്. ഇതിനായി സമയം ചിലവഴിക്കാന്‍ കഴിയുമോയെന്ന് ചിന്തിക്കണം. ശ്രദ്ധിക്കാന്‍ ആളില്ലാതെ ഒരു സ്ഥലത്തു മുഴുവന്‍ സമയവും കെട്ടിയിടപ്പെടാന്‍ വിധിക്കപ്പെടരുത്. ഉടമയുടെ ജീവിതശൈലിക്കിണങ്ങിയ വിധം ഊര്‍ജ്ജസ്വലതയുള്ള നായകളാണ് അനുയോജ്യം. ആണ്‍നായയോ, പെണ്ണോ എന്നത്, നായക്കുട്ടിയോ വലിപ്പമുള്ളതോ എന്നതും സാഹചര്യങ്ങള്‍ അനുസരിച്ച് തീരുമാനിക്കണം. വീട്ടിലെ കുട്ടികളുടെ പ്രായവും മനോഭാവവും പരിഗണിക്കണം.
പൂച്ച നല്ല പൂച്ച
യജമാനസ്നേഹത്തേക്കാള്‍ ഉപരി വീടിനോടുള്ള സ്നേഹമാണ് പൂച്ചയുടെ പ്രത്യേകത. ഇനിയും മെരുങ്ങാത്ത വന്യ ഭാവങ്ങള്‍ ഇവയ്ക്കുണ്ട്. 45 ഓളം ജനുസ്സുകള്‍ ലോകത്തിലുണ്ടെങ്കിലും പേര്‍ഷ്യന്‍, സയാമിസ്, സങ്കര ഇനങ്ങള്‍ തുടങ്ങി ചുരുക്കം ജനുസ്സുകളാണ് കേരളത്തില്‍ ലഭ്യം. ഉടമയുടെ താമസസ്ഥലം (ഫ്ളാറ്റ്/വീട്), (ഗ്രാമം/നഗരം). സ്ഥലലഭ്യത, ഉടമയുടെ പ്രായം, കുട്ടികളുടെ പ്രായം, പൂച്ചയുടെ ശരീരപ്രകൃതം രോമാവരണം, ഊര്‍ജ്ജസ്വലത, സ്വഭാവം, മാന്യത, സ്നേഹപ്രകടനം സ്വയം പര്യാപ്തത എന്നിവയാണ് പരിഗണിക്കേണ്ടത്. ഫ്ളാറ്റുകളില്‍ വളര്‍ത്താന്‍ യോജിച്ച പേര്‍ഷ്യന്‍ പൂച്ചകള്‍ സ്നേഹ പ്രകൃതിയുള്ളവരും കമ്പിളി രോമക്കെട്ടുള്ളവരുമാണ്. അതിനാല്‍ രോമ സംരക്ഷണം പ്രധാനം.
അരുമപക്ഷികളെ തേടുമ്പോള്‍
മുന്‍പരിചയം, പക്ഷികളുടെ വലിപ്പം, കുട്ടികളുടെ സ്വരക്ഷ, താമസ്ഥലം, സ്ഥല ലഭ്യത, അലര്‍ജി, ചെലവ്, സമയ ലഭ്യത, ശബ്ദശല്യം സഹവാസത്തിന്റെ പ്രത്യേകതകള്‍ തുടങ്ങിയ നിരവധി പരിഗണനകള്‍ വേണം. ഉടമകള്‍ക്ക് സ്വഭാവ പരിശോധന അല്ലെങ്കില്‍ വ്യക്തിത്വ പരിശോധന നടത്തി അവര്‍ക്ക് പറ്റിയ ഇനംങ്ങളെ കണ്ടെത്തുന്ന രീതിയുമുണ്ട്. ഉടമയുടെ സൗഹൃദ സ്വഭാവം, നര്‍മബോധം, സംഗീതാസ്വാദനം, ഇഷ്ടവിഷയങ്ങള്‍, പ്രതിസന്ധികളിലെ പ്രതികരണം, ഏര്‍പ്പെടുന്ന വിനോദങ്ങള്‍, ജോലിയുടെ സ്വഭാവം, ഇഷ്ട നിറങ്ങള്‍ ഇവയൊക്കെ ഇഷ്ടപക്ഷിയെ തിരഞ്ഞെടുക്കാന്‍ സഹായിക്കും.
നിങ്ങള്‍ക്ക് ചേര്‍ന്ന നായ, പൂച്ച, പക്ഷി ഇവയെ തിരഞ്ഞെടുക്കാന്‍ സഹായിക്കുന്ന വെബ് സൈറ്റുകള്‍ ഉണ്ട്. നിരവധി ചോദ്യാവലികള്‍ വഴിയാണ് ഇവര്‍ നിങ്ങളുടെ അഭിരുചി കണ്ടെത്തുന്നത്. Dog breed selector/Cat breed selector/pet bird selector, എന്നിങ്ങനെ തിരഞ്ഞാല്‍ ചോദ്യാവലി ലഭിയ്ക്കും. ഇവ ഒരു വഴികാട്ടിയായി ഉപയോഗിക്കാമെങ്കിലും അവസാന വാക്കല്ലായെന്നോര്‍ക്കണം. കൃത്യമായ പഠനങ്ങളും, നിരീക്ഷണങ്ങളും വഴിയെ നല്ലൊരു ചങ്ങാതി വീട്ടില്‍ എത്തുകയുള്ളൂ.
Content Highlights: Tips for Choosing the Right Pet for Your Family
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..