ഫോട്ടോ: UNI
കേരളത്തില്‍ അധികം പ്രചാരം കിട്ടിയിട്ടില്ലാത്ത ടര്‍ക്കിക്കോഴി വളര്‍ത്തല്‍ മികച്ച ആദായംതരുന്ന സംരംഭമാണ്. കോഴികളേക്കാള്‍ വലിപ്പമുള്ള പക്ഷികളാണ് ടര്‍ക്കികള്‍. നല്ല വളര്‍ച്ചയെത്തിയ പൂവന് ടര്‍ക്കികള്‍ക്ക് ഏഴു കിലോയോളം തൂക്കംവരും. ടര്‍ക്കി ഇറച്ചിയില്‍ കൊളസ്ട്രോള്‍ വളരെ കുറവാണ്. മാംസത്തിന്റെ അളവ് കൂടുതലും. കാത്സ്യം, പൊട്ടാസ്യം, മഗ്നീഷ്യം, സിങ്ക്, ഇരുമ്പ് എന്നീ ധാതുക്കുകളാല് സമൃദ്ധമാണ് ഇറച്ചി. നല്ല തീറ്റക്രമവും കൃത്യമായ പരിപാലനവും നല്കിയാല് ഏഴു മാസമാകുമ്പോള്‍ ഇവ മുട്ടയിടും. വര്‍ഷത്തില്‍ നൂറു മുട്ടകള്‍വരെ ലഭിക്കും.
ഇനങ്ങള്‍
ടര്‍ക്കികളെ ഇനങ്ങളായി തരംതിരിച്ചിട്ടില്ലെങ്കിലും ഏഴ് ഇനങ്ങള്‍ ലഭ്യമാണ്. വെങ്കലം, വൈറ്റ് ഹോളണ്ട്, ബര്‍ബണ്‍ റെഡ്, നരഗന്‍സെറ്റ്, ബ്ലാക്ക്, സ്ലേറ്റ്, ബെല്‍റ്റ്സ്വില്ലെ എസ് എന്നിവ.
പാര്‍പ്പിടം
കുഞ്ഞുങ്ങളെ താമസിപ്പിക്കുന്ന കൂടിന്റെ തറ ഉണങ്ങിയതാകണം. കൂട്ടില്‍ ആവശ്യത്തിന് വെളിച്ചവും നല്ല വായുസഞ്ചാരവും ഉറപ്പുവരുത്തണം. തറയില്‍ അഞ്ച് സെന്റിമീറ്റര്‍ ഘനത്തില്‍ ചിന്തേരുപൊടി, ഉമി, പതിര്, വെട്ടിനുറുക്കിയ വൈക്കോല്‍, നിലക്കടലത്തോട് എന്നിവയിലേതെങ്കിലും വിതറണം. ആദ്യത്തെ അഞ്ചുദിവസം ഇതിനുമുകളില്‍ കടലാസ് വിരിക്കണം.
കുഞ്ഞുങ്ങള്‍ക്ക് തൂവലുകള്‍ വളരുന്നതുവരെ കൃത്രിമമായി ചൂട് നല്‍കണം. ടര്‍ക്കിക്കോഴികളുടെ പരിപാലനം രണ്ട് വിധത്തില്‍ നടത്താവുന്നതാണ്. ഡീപ്പ് ലിറ്റര്‍ രീതിയും തുറസ്സായ സ്ഥലത്ത് വിട്ടു വളര്‍ത്തുന്ന രീതിയും. 100 ടര്‍ക്കി കോഴികള്‍ക്ക് അരയേക്കര്‍ പുരയിടം എന്ന നിലയിലാണ് നല്‍കേണ്ടത്.
പരിചരണം
തീറ്റച്ചെലവ് കുറയ്ക്കുന്നതിനായി പച്ചപ്പുല്ല് അരിഞ്ഞുനല്കാം. അതേസമയം ഇവയെ പറമ്പിലൊക്കെ തുറന്നുവിട്ടാല്‍ എല്ലാ സസ്യങ്ങളും കൊത്തിത്തിന്നു തീര്‍ത്തേക്കാം. അതുകൊണ്ട് തുറസ്സായ സ്ഥലത്താണെങ്കിലും ഫെന്‍സിങ്ങും വലയുമൊക്കെ ഇട്ടുകൊടുക്കണം. 50 ടര്‍ക്കികളെ ചെറിയ യൂണിറ്റില്‍ വളര്‍ത്താന്‍ സാധിക്കും. കോഴിത്തീറ്റയ്ക്കും പച്ചപ്പുല്ലിനും പുറമേ മറ്റ് പച്ചക്കറി, ഭക്ഷ്യ അവശിഷ്ടങ്ങളും നല്‍കാം. ടര്‍ക്കി പിടകള്‍ ഏഴുമാസംമുതല് മുട്ടയിട്ട് തുടങ്ങും. ഇറച്ചിക്കാണെങ്കില്‍ നാലുമുതല്‍ അഞ്ചുമാസത്തിനുള്ളില്‍ ഉപയോഗിക്കുന്നതാണ് നല്ലത്. ഈ സമയത്ത് വിറ്റാല്‍ നല്ല ആദായവും കിട്ടും.
ടര്‍ക്കി കോഴികള്‍ക്ക് :
- ഡിസ്ട്രിക്ട് ടര്‍ക്കി ഫാം, കുരീപ്പുഴ, കൊല്ലം (0474-2799222).
- വെറ്ററിനറി യൂണിവേഴ്സിറ്റി പൗള്‍ട്രി ഫാം, മണ്ണുത്തി, തൃശ്ശൂര്‍ (0487-2371178, 2370117).
- റീജണല്‍ പൗള്‍ട്രി ഫാം, കുടപ്പനക്കുന്ന്, തിരുവനന്തപുരം (0471-2730804).
- സെന്‍ട്രല്‍ ഹാച്ചറി, ചെങ്ങന്നൂര്‍, ആലപ്പുഴ (0479-2452277)
- റീജണല്‍ പൗള്‍ട്രി ഫാം, മുണ്ടയാട്, കണ്ണൂര്‍ (0497-2721168)
Content Highlights: tips for bettering turkey hen farming techniques
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..