ലിജോ സി. ജോർജും ടി ക്രിസ്റ്റീനയും
രണ്ടരമുതല്‍ ആറു സെന്റീമീറ്റര്‍ വരെ നീളമുള്ള ഗപ്പി അക്വേറിയങ്ങളിലെ മിന്നുംതാരമാണ്. ആമസോണില്‍ നിന്നുമെത്തിയാണ് ഗപ്പി മലയാളികളുടെ മനം കവര്‍ന്നത്. ഗപ്പിയെ വളര്‍ത്തി ജീവിതവരുമാനം കണ്ടെത്തുന്നതിന് പുറമെ സന്തോഷം പകരുന്നവരും ഏറെയാണ്. കുന്നംകുളം പോര്‍ക്കുളം സ്വദേശി ലിജോ സി. ജോര്‍ജ് ഇവരിലൊരാളാണ്.
കുടുംബം
പോയിസിലീഡെ കുടുംബത്തിലെ ഏറ്റവും വലുപ്പം കുറഞ്ഞ ശുദ്ധജലമത്സ്യമാണ് ഗപ്പി. മില്യണ്‍ ഫിഷ്, റെയിന്‍ബോ ഫിഷ് എന്നീ പേരുകളിലും ഇവ അറിയപ്പെടുന്നു. തെക്കേ അമേരിക്കയിലും കരീബിയന്‍ പ്രദേശങ്ങളിലാണ് ഇവയെ ആദ്യം കണ്ടെത്തിയത്. 1866-ല്‍ ഗവേഷകനും ജിയോളജിസ്റ്റുമായിരുന്ന റോബര്‍ട്ട് ജോണ്‍ ലെക്മാര് ഗപ്പി എന്ന ഗവേഷകനാണ് കണ്ടെത്തിയത്. അതിനാലാണ് ഗപ്പി എന്ന പേര് ഇവയ്ക്ക് ലഭിച്ചത്. പ്രോസിലിയ റെറ്റികുലേറ്റ എന്നാണ് ശാസ്ത്രീയനാമം.
.jpg?$p=24d41f7&w=610&q=0.8)
അഞ്ഞൂറില്പരം ഇനങ്ങള്‍
അന്താരാഷ്ട്ര വിപണിയില്‍ 500-ല്‍പരം ഇനങ്ങളുണ്ട്. ഓരോ മാസത്തിലും കൂടുതല്‍ ഇനങ്ങളെ വികസിപ്പിച്ചെടുക്കുന്നുണ്ട്. നിറത്തിലെ വൈവിധ്യങ്ങളാണ് ആകര്‍ഷണം. ആല്‍ബിനോ ഫുള്‍ റെഡ് ഇനത്തിനാണ് കൂടുതല്‍ ആവശ്യക്കാരുള്ളത്.
.jpg?$p=f718403&w=610&q=0.8)
50 മുതല്‍ 5000 രൂപ വരെ വില
ഗപ്പികളെ വിലയില്‍ രണ്ടായി തരംതിരിക്കാം.
- ഒന്ന്: ഉത്പാദന ശേഷിയുള്ള നല്ല ഗുണമേന്മയുള്ള ഇനങ്ങളെ പരിപാലിച്ച് ആരോഗ്യമുള്ള കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കാനും വിനോദത്തിനായി വളര്‍ത്താനും ഉപയോഗിക്കുന്നു. ഈയിനങ്ങള്‍ക്ക് വിലയില്‍ വര്‍ധനയുണ്ടാകും.
- രണ്ട്: ഓരോ ഇനത്തെ കൂടാതെ വന്‍തോതില്‍ ഉത്പാദിപ്പിച്ച് ചെറുകിട വിപണി വഴി ജീവിതമാര്‍ഗമായി മാറ്റാനും കഴിയുന്നു. ഇത്തരം ഇനങ്ങള്‍ക്ക് വിപണിയില്‍ വിലയില്‍ കുറവ് വരുന്നു. വ്യത്യസ്ത ഇനത്തിന് ആവശ്യക്കാര്‍ കൂടുന്നതാണ് വിലയില്‍ വര്‍ധനയുണ്ടാകാന്‍ കാരണം.
.jpg?$p=5af3b65&w=610&q=0.8)
ക്രമീകരണം
വെള്ളത്തിന്റെ ശുദ്ധിയും മീന്‍ വളര്‍ത്താന്‍ ഉദ്ദേശിക്കുന്ന ടാങ്കിന്റെ ഗുണമേന്മയും ഉറപ്പുവരുത്തണം. മീനിന് വളരാന്‍ അനുയോജ്യമായ പി.എച്ച്. ലെവല്‍ 7-നും 7.5-നും ഇടയിലാണ്. ടാങ്കില്‍ അണുക്കളില്ലെന്ന് ഉറപ്പാക്കണം. മീനിനെ മാറ്റുന്നതിന് ഒരു ദിവസം മുന്‍പ് വെള്ളം നിറച്ചിടണം. മീന്‍ മാറ്റിക്കഴിഞ്ഞാല്‍ ഒരു ദിവസം ഭക്ഷണം നല്‍കേണ്ടതില്ല. വെള്ളവുമായി ഇടപഴകുന്നതിനാണ് ഇങ്ങനെ ചെയ്യുന്നത്. മൂന്നുനേരം ഭക്ഷണം നല്‍കുക എന്നതാണ് രീതി. മഞ്ഞ്, മഴ എന്നിവ പ്രധാനമായി ശ്രദ്ധിക്കണം. വാല്‍മാക്രി, നീര്‍ക്കോലി, തവള എന്നിവയാണ് ഗപ്പിയുടെ പ്രധാന ശത്രുക്കള്‍.
.jpg?$p=59bad30&w=610&q=0.8)
പ്രസവം, പ്രത്യുത്പാദനം
25 ദിവസമാണ് ഗപ്പിയുടെ പ്രസവകാലം. ആദ്യ പ്രസവത്തില്‍ ആറ് മുതല്‍ പന്ത്രണ്ട് വരെ കുട്ടികളെ ലഭിക്കും. പിന്നീടുള്ള പ്രസവങ്ങളില്‍ കുട്ടികളുടെ എണ്ണം വര്‍ധിക്കും. ഈ സമയങ്ങളില്‍ പത്ത് മുതല്‍ നൂറ് വരെ കുട്ടികളെ ലഭിക്കാം. രണ്ടര മുതല്‍ മൂന്ന് മാസമാണ് പുതിയ കുഞ്ഞുങ്ങളുടെ പ്രസവകാലം. ജനിക്കുന്ന നിമിഷം മുതല്‍ തന്നെ നീന്താനും ഭക്ഷണം കഴിക്കാനുമെല്ലാം കുഞ്ഞുങ്ങള്‍ പ്രാപ്തരായിരിക്കും. കുട്ടികളെ തിരഞ്ഞെടുത്ത് പ്രത്യേകം ടാങ്കില്‍ നിക്ഷേപിക്കുകയോ അല്ലെങ്കില്‍ മാതാപിതാക്കളെ ടാങ്കില്‍നിന്ന് മാറ്റുകയോ ചെയ്യുന്നത് നല്ലതാണ്.
.jpg?$p=08558d0&w=610&q=0.8)
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..