തൃശ്ശൂര്‍: വീട്ടിലെ തേനീച്ചപ്പെട്ടിയില്‍നിന്ന് ധാരാളം തേന്‍ കിട്ടും. പറമ്പില്‍ നട്ടുനനയ്ക്കാതെ തന്നെ കാന്താരിമുളകും സമൃദ്ധം. രണ്ടിനും കാര്യമായ ആവശ്യക്കാരില്ല. എരിവും മധുരവും സമ്മേളിപ്പിയ്ക്കാന്‍ തീരുമാനിച്ചു. ഉപ്പിലിടേണ്ട കാന്താരിയെ തേനിലിട്ടു. അതൊരു വിജയസംഭവമായി. കൊളസ്ട്രോള്‍ കുറയ്ക്കുന്ന അദ്ഭുത വസ്തുവെന്ന് ഖ്യാതി നേടിയ തേനിലിട്ട കാന്താരിയ്ക്ക് വന്‍ ആവശ്യകത. തൃശ്ശൂരില്‍ തുടങ്ങിയ 'വൈഗ 2017' എന്ന അന്താരാഷ്ട്ര കാര്‍ഷികോത്പന്ന പ്രദര്‍ശനത്തില്‍ വേറിട്ട ചിന്തയില്‍ വിരിഞ്ഞ ഇത്തരത്തിലുള്ള ഒരുപാടിനങ്ങളുണ്ട്.

മകന് പായ്ക്കറ്റില്‍ വരുന്ന ഫ്രൈഡ് സാധനങ്ങള്‍ തിന്നണം. അമ്മയാകട്ടെ, അതിനു സമ്മതിക്കില്ലതാനും. ഒടുവില്‍ അമ്മ തന്നെ അരിപ്പൊടിയും ചോളപ്പൊടിയും ചേര്‍ത്ത മിശ്രിതം മസാല ചേര്‍ത്ത് നാടന്‍ വെളിച്ചെണ്ണയില്‍ വറുത്തെടുത്തു . ഇത് മകന് പാക്കറ്റില്‍ വരുന്ന ഭക്ഷണത്തെക്കാള്‍ ഇഷ്ടപ്പെട്ട ഇനമായി. അരിയ്ക്കുപകരം കിഴങ്ങ് പൊടിച്ചുചേര്‍ത്ത് വകഭേദങ്ങളുണ്ടാക്കി. ഈ വിജയം ചെറുതായിരുന്നില്ല. ഇന്ന് ഇത്തരം ഉത്പന്നം വന്‍തോതില്‍ വിറ്റ് വരുമാനമുണ്ടാക്കുന്ന വനിതാസംരംഭകരെയും ഇവിടെ കാണാം.

തെങ്ങുകയറ്റത്തൊഴിലാളിയായിരുന്നു വേങ്ങരയിലെ ഇറ്റാമന്‍. ഒരു ദിവസം തേങ്ങയിടാന്‍ തോട്ടത്തില്‍ ചെന്നപ്പോള്‍ ഉടമ എത്തിയിട്ടില്ല. അവിടെയിരുന്ന കേടായ തേങ്ങയെടുത്ത് ചെത്തി രൂപംവരുത്തി. ഏറെ ആരാധിച്ചിരുന്ന ഗാന്ധിജിയായിരുന്നു മനസ്സില്‍. ഉടമയെത്തിയപ്പോഴേക്കും കൈയിലെ തേങ്ങ ഗാന്ധിജിയുടെ തലയായി മാറി. ഇന്ന് ഇറ്റാമന്‍ തെങ്ങുകയറാന്‍ പോകുന്നില്ല. തേങ്ങയില്‍ 500-ല്‍പ്പരം രൂപങ്ങളുണ്ടാക്കി. ഓരോന്നും 2,000 മുതല്‍ 20,000 രൂപയ്ക്ക് വരെ വിറ്റു. മാറി പ്രവര്‍ത്തിച്ച ഇറ്റാമനെയും പ്രദര്‍ശനനഗരിയില്‍ കാണാം.

വീട്ടിലുണ്ടാക്കുന്ന ജൈവവളം, കാലഹരണപ്പെട്ടെന്ന് കരുതിയിരുന്ന പച്ചക്കറികളുടെ വിത്ത്, ഉണക്കിയ ചക്കയും നേന്ത്രക്കായും, അത്യപൂര്‍വ അരിയിനങ്ങള്‍.....വെള്ളാനിക്കരയിലെ കാര്‍ഷികസര്‍വകലാശാലാ അങ്കണത്തില്‍ നടക്കുന്ന വൈഗ അന്താരാഷ്ട്ര കാര്‍ഷികോത്പന്ന പ്രദര്‍ശനത്തിലെ 500-ഓളം സ്റ്റാളുകളിലും വേറിട്ട വിജയത്തിന്റെ കാഴ്ചകളാണ്.

അഞ്ചുദിവസത്തെ പരിപാടി ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം ഉദ്ഘാടനം ചെയ്തു. കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ അധ്യക്ഷനായി. കെ. രാജന്‍ എം.എല്‍.എ., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഐ.എസ്. ഉമാദേവി, കാര്‍ഷികോത്പാദന കമ്മിഷണര്‍ ടിക്കാറാം മീണ, കാര്‍ഷിക വകുപ്പ് ഡയറക്ടര്‍ എ.എം. സുനില്‍കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ദിവസവും സംരംഭകത്വ-മൂല്യവര്‍ധിത ഉത്പന്ന-സംസ്‌കരണ പദ്ധതിയുമായി ബന്ധപ്പെട്ട ശില്പശാലയുണ്ട്.
 
ഭൗമസൂചികാ പദവി നേടിയ പാലക്കാടന്‍ മട്ടയും വിപണിയില്‍

ഭൗമസൂചികാ പദവി നേടിയ പാലക്കാടന്‍ മട്ടയും വിപണിയിലെത്തിച്ചു. തൃശ്ശൂരില്‍ നടക്കുന്ന അന്താരാഷ്ട്ര കാര്‍ഷിക പ്രദര്‍ശന- ശില്പശാലയുടെ പവലിയനിലാണ് പാലക്കാടന്‍ മട്ട ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി ഉത്പന്നം വില്‍പ്പനക്കെത്തിച്ചത്. 2005-ലാണ് പാലക്കാടന്‍മട്ടയ്ക്ക് ഭൗമസൂചികാ പദവി ലഭിച്ചത്. അതിനു ശേഷം ഇത് വിപണിയിലെത്തിക്കാനുതകുന്ന കൃഷിയിറക്കിയത് പാലക്കാടന്‍ മട്ട ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനിയാണ്.

തവളക്കണ്ണന്‍,വട്ടന്‍,ഇരപ്പപ്പൂചെമ്പാന്‍,ചിറ്റിയാനി, ചെങ്കഴമ, ചേറ്റാടി, ആര്യന്‍, അരുവക്കാരി,ജ്യോതി, കുഞ്ഞു കുഞ്ഞ് തുടങ്ങി പത്ത് ഇനം പാലക്കാടന്‍ മട്ടയും വാണിജ്യാടിസ്ഥാനത്തില്‍ ലഭ്യമാണെന്ന് കമ്പനി ചെയര്‍മാന്‍ നാരായണന്‍ ഉണ്ണി പറഞ്ഞു.

പാലക്കാടന്‍ മട്ട കയറ്റുമതി ചെയ്യാനും ഉദ്ദേശിക്കുന്നുണ്ട്. ഇതിനായി കാര്‍ഷികോത്പന്ന കയറ്റുമതിവിഭാഗം സഹായിക്കാമെന്ന് അറിയിച്ചതായും അദ്ദേഹം പറഞ്ഞു.

Content Highlights: Value addition for Income Generation in Agriculture,  International workshop and exhibition , Vellanikkara