അമ്പലവയല്‍: വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ നല്‍കുന്ന ക്ലാസ്സുകളില്‍നിന്ന് പാഠമുള്‍ക്കൊണ്ട് അവ കൃഷിയിടത്തില്‍ പ്രാവര്‍ത്തികമാക്കുന്ന യുവകര്‍ഷകനെ പരിചയപ്പെടാം. നെന്‍മേനി പഞ്ചായത്തിലെ കരടിപ്പാറ കറുത്താണ്ടന്‍ കൃഷ്ണദാസാണ് തന്റെ കൃഷിയിടം നൂതന കൃഷിപരീക്ഷണങ്ങളുടെ വിളനിലമാക്കി മാറ്റിയിരിക്കുന്നത്. 25 വര്‍ഷമായി കൃഷി വരുമാനമാര്‍ഗമാക്കിയ കൃഷ്ണദാസിന്റെ മൂന്നേക്കര്‍ കൃഷിയിടം ഇന്ന് കാര്‍ഷിക വിദ്യാര്‍ഥികളുടെയും കൃഷി വിദഗ്ധരുടെയും റഫറന്‍സ് പാടമാണ്.

തേയില, കാപ്പി, കുരുമുളക് എന്നീ നാണ്യവിളകളിലാണ് കൃഷ്ണദാസ് ശ്രദ്ധയൂന്നിയിരിക്കുന്നത്. ഒരേക്കറോളം സ്ഥലത്ത് വിവിധയിനം പച്ചക്കറികള്‍ കൃഷിചെയ്യുന്നു. ബത്തേരി ബ്ലോക്കിലെ മുഴുവന്‍ കൃഷിഭവനുകള്‍ക്കും ആവശ്യമായ പച്ചക്കറിത്തൈകള്‍ ഉത്പാദിപ്പിക്കുന്നത് കൃഷ്ണദാസിന്റെ കൃഷിയിടത്തിലാണ്. പ്രദേശത്തെ 28 കര്‍ഷകരുടെ സംഘമാണ് ഇതിനുപിന്നില്‍. ഇവര്‍ ചേര്‍ന്ന് നിര്‍മിച്ച തേയില സംസ്‌കരണഫാക്ടറി പ്രവര്‍ത്തനമാരംഭിക്കാനിരിക്കുന്നു. അങ്ങനെ കാര്‍ഷിക മേഖലയില്‍ വലിയ കുതിച്ചുചാട്ടത്തിന് കൈയും മെയ്യും മറന്ന് പണിയെടുക്കുകയാണ് ഈ യുവകര്‍ഷകന്‍. 

cauliflower
വെള്ളം പാഴാകാത്ത തിരിനനയില്‍ കോളിഫ്‌ളവര്‍ കൃഷി

പ്രകൃതിക്കൃഷി ചിലവില്ലാതെ

പ്രശസ്ത കൃഷി ശാസ്ത്രജ്ഞന്‍ സുഭാഷ് പാലേക്കറിന്റെ ചെലവില്ലാ കൃഷിരീതിയാണ് കൃഷ്ണദാസ് ഏഴുവര്‍ഷമായി പിന്തുടരുന്നത്. ആത്മയും കൃഷിഭവനും നല്‍കുന്ന ക്ലാസുകളില്‍നിന്നുള്ള അറിവാണ് പിന്‍ബലം. ജീവാമൃതവും ജൈവവളങ്ങളും മാത്രമുപയോഗിച്ചുള്ള പ്രകൃതിക്കൃഷിയുടെ ഉത്തമമാതൃകയാണ് കൃഷ്ണദാസിന്റെ കൃഷിയിടം.

തുള്ളിനന മൂന്നുതരം

ജലക്ഷാമം വലിയ പ്രശ്നമായിക്കൊണ്ടിരിക്കുന്ന വയനാട്ടില്‍ പച്ചക്കറി കൃഷി പ്രതിസന്ധിയിലാകാതിരിക്കാന്‍ കൃഷ്ണദാസ് തന്റെ കൃഷിയിടത്തില്‍ തുള്ളിനനയുടെ ലളിതമായ മൂന്നുമാര്‍ഗങ്ങള്‍ പരിചയപ്പെടുത്തുന്നു. ഒരുതുള്ളി വെള്ളംപോലും പാഴാകാതെയുള്ള തിരിനനയാണ് ഒരുരീതി. മൂന്നിഞ്ച് വ്യാസമുള്ള പി.വി.സി. പൈപ്പ് വാട്ടര്‍ലെവലില്‍ മണ്ണില്‍ കുഴിച്ചിട്ടാണ് തിരിനന സജ്ജീകരിക്കുന്നത്. പൈപ്പിനുള്ളില്‍ നിറയ്ക്കുന്ന ജലം ചകിരിച്ചോറിലൂടെ ചെടികള്‍ വലിച്ചെടുക്കുന്ന രീതിയാണിത്. ആഴ്ചയിലൊരിക്കല്‍ പൈപ്പില്‍ വെള്ളം നിറച്ചാല്‍ മതിയെന്നുമാത്രമല്ല ഒരുതുള്ളിപോലും പാഴാകുകയുമില്ല. കീടങ്ങളുടെ ശല്യം തീരെയില്ലാത്തതിനാല്‍ നല്ല വിളവുലഭിക്കുന്നു. ഇത്തരത്തില്‍ കോളിഫ്ലവറും കാബേജും തക്കാളിയുമെല്ലാം കൃഷിചെയ്യാനാകുമെന്ന് കൃഷ്ണദാസ് പറയുന്നു.

വെര്‍ട്ടിക്കല്‍ ഫാമിങ്

സ്ഥലപരിമിതിയുള്ളവര്‍ക്ക് പ്രയോജനപ്പെടുന്നതാണ് രണ്ടാമത്തെ രീതി. വിവിധ വലിപ്പത്തിലുള്ള പി.വി.സി. പൈപ്പുകളില്‍ സജ്ജീകരിച്ചിരിക്കുന്ന വെര്‍ട്ടിക്കല്‍ ഫാമിങ്. തക്കാളി, വെണ്ട, പയര്‍ തുടങ്ങി പത്തിനം പച്ചക്കറികളാണ് ഈ രീതിയില്‍ വളര്‍ത്തുന്നത്. ഓരോ ചുവടുകളിലേക്കും വെള്ളം കൃത്യമായ അളവില്‍ എത്തുന്നരീതിയിലാണ് ഇതിന്റെ സജ്ജീകരണം. മുകളിലെ പൈപ്പില്‍ വെള്ളമൊഴിച്ചാല്‍ എല്ലായിടത്തും ഒഴുകിയെത്തും. വെര്‍ട്ടിക്കല്‍ ഫാമിങ്ങില്‍ ദിവസം ഒരുപ്രാവശ്യം വെള്ളമൊഴിക്കണം.

വിക്ക് ഇറിഗേഷന്‍

പ്രകൃതിക്ക് ദോഷകരമാകുന്ന പ്ലാസ്റ്റിക് കുപ്പികളുടെ ഫലപ്രദമായ പുനരുപയോഗമാണ് വിക്ക് ഇറിഗേഷന്‍ രീതി. സ്റ്റീല്‍ പൈപ്പില്‍ നിര്‍മിച്ചിരിക്കുന്ന ഫ്രെയിമില്‍ ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പിയുടെ ഒരുഭാഗം ഉറപ്പിച്ചശേഷം മറുഭാഗം തുരന്ന് തിരിയിലൂടെ വെള്ളം ചെടിയുടെ ചുവട്ടിലേക്കെത്തിക്കും. വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ പോലെതന്നെ കുറഞ്ഞ സ്ഥലത്ത് ചെയ്യാമിതും. ആഴ്ചയിലൊരിക്കല്‍ നനച്ചാല്‍ മതിയെന്ന പ്രത്യേകത ഇതിനുമുണ്ട്. ഇവ മൂന്നും പൂപ്പൊലിപോലുള്ള കാര്‍ഷികമേളകളില്‍ പ്രദര്‍ശിപ്പിച്ചതിലൂടെ വിദേശികളടക്കം നിരവധിപേരാണ് കൃഷ്ണദാസിന്റെ കൃഷിയിടത്തില്‍ എത്തുന്നത്. ജില്ലക്കകത്തും പുറത്തും ഈ മോഡലുകള്‍ നിര്‍മിച്ചുനല്‍കാനും ഇദ്ദേഹം സമയം കണ്ടെത്തുന്നു.

ഗ്രീന്‍ടീയും ഗ്രീന്‍കോഫിയും

ഇവക്കെല്ലാം പുറമെ ഒരേക്കര്‍ സ്ഥലത്ത് തേയില കൃഷ്ണദാസ് കൃഷിചെയ്യുന്നു. കര്‍ഷകരുടെ കൂട്ടായ്മയില്‍ വയനാട്ടില്‍ ആദ്യമായി തേയില സംസ്‌കരണ ഫാക്ടറിക്ക് തുടക്കംകുറിച്ച് ഈരംഗത്ത് വലിയ ചുവടുവെപ്പിന് ഒരുങ്ങുകയാണ് കൃഷ്ണദാസും കൂട്ടരും. കെട്ടിടത്തിന്റെ ഉദ്ഘാടനം കഴിഞ്ഞു. ഉടന്‍ ഗ്രീ ടീഫാക്ടറി ഉത്പാദനവും വിപണനവും ആരംഭിക്കും. ഹാന്റ് മേയ്ഡ് ഗ്രീന്‍ടീ ഉത്പാദിപ്പിച്ച് കഴിഞ്ഞവര്‍ഷം ആത്മയുടെ മികച്ച കര്‍ഷകരുടെ ലിസ്റ്റില്‍ കൃഷ്ണദാസ് ഇടംനേടിയിരുന്നു. ഇതില്‍ നിന്ന് ഊര്‍ജമുള്‍ക്കൊണ്ട് ഗ്രീന്‍ കാപ്പിയടക്കമുള്ള പുതുമയുള്ള ഇനങ്ങള്‍ പരീക്ഷിക്കുകയാണ് ഇപ്പോള്‍. കാര്‍ഷികവൃത്തിയില്‍ മനസ്സറിഞ്ഞ് പിന്തുണനല്‍കാന്‍ ഭാര്യ ലൗനയും ഉണ്ട്. ബിരുദ വിദ്യാര്‍ഥികളായ രണ്ടുമക്കളും ഇവരെ സഹായിക്കാനുണ്ട്.

Content highlights: Wick irrigation, Green tea, Green coffee, Agriculture