ണ്ണിനോടുമാത്രമാണ് തൊണ്ണൂറ്റിരണ്ടാം വയസ്സിലും സമരവും പ്രണയവും. 'കൃഷിയാണ് എല്ലാറ്റിന്റെയും അടിസ്ഥാനം. അത് ആരും മറക്കരുത്'. - ഡല്‍ഹി അതിര്‍ത്തിയില്‍ സമരംചെയ്യുന്ന കര്‍ഷകരെക്കുറിച്ച് ചോദിച്ചാല്‍ ഇത്രമാത്രമേ ചാത്തമംഗലം ശാന്തിപ്പറമ്പില്‍ ചിദംബരന്‍നായര്‍ മാഷ് പറയൂ. 350-ലേറെ തെങ്ങുകള്‍ വെച്ചുപിടിപ്പിച്ച കര്‍ഷകന്‍. 27 വര്‍ഷം അധ്യാപകനായിരുന്നയാള്‍. തന്റെ അഞ്ചേക്കര്‍ കരഭൂമിയിലും രണ്ടേക്കര്‍ വയലിലും സൂചികുത്താനിടം തരിശിടാത്തയാള്‍... അധ്വാനിച്ചില്ലെങ്കില്‍, പുതുമണ്ണിന്റെ മണമടിച്ചില്ലെങ്കില്‍ മാഷ് അസ്വസ്ഥനാവും.

അധ്യാപകനായിരിക്കെ രാവിലെ ഒന്‍പതുവരെ കൃഷി ചെയ്തശേഷം സൈക്കിളില്‍ സ്‌കൂളില്‍പോയി. അവധിദിവസങ്ങള്‍ വാഴക്കുലകള്‍ കോഴിക്കോട് അങ്ങാടിയില്‍ കൊണ്ടുപോയി വില്‍ക്കാനും തിരികെ വെണ്ണീര്‍ വാങ്ങി മടങ്ങാനും നീക്കിവെച്ചു. ഉപ്പൊഴികെ ഒന്നും പുറമേനിന്ന് വാങ്ങാതിരുന്ന കാലം. ചര്‍ക്കയില്‍ നൂല്‍നൂറ്റ് വസ്ത്രമുണ്ടാക്കി. വാഴയും ചേനയും കാച്ചിലും കപ്പയുമൊക്കെ ഇന്നും ഈ വിയര്‍പ്പില്‍ തൊടിയില്‍ വിളയുന്നു.

മക്കള്‍ എത്ര വിലക്കിയാലും കൃഷിക്കളത്തില്‍നിന്ന് കയറില്ല മാഷ്. പുല്ലുചെത്തും കാടുവെട്ടും കിളയ്ക്കും തെങ്ങിന് തടമെടുക്കും. പത്തിരി പരത്താന്‍ മുതല്‍ വിറകുവെട്ടി ഒരുക്കിവെക്കാന്‍വരെ ഭാര്യ കാര്‍ത്ത്യായനിയമ്മയോടൊപ്പം നില്‍ക്കും. 16-ാം വയസ്സില്‍ മാഷിന്റെ ജീവിതപങ്കാളിയായതാണ് കാര്‍ത്ത്യായനിയമ്മ.

ശുദ്ധസസ്യഭക്ഷണമേ കഴിക്കൂ. എട്ടരയോടെ ഉറങ്ങും. രാവിലെ ആറിന് പറമ്പിലേക്കിറങ്ങി കൃഷിപ്പണി തുടങ്ങും. സ്ഥിരമായി പണിക്കാരോ സഹായികളോ ഇല്ല. ഗാന്ധിമാര്‍ഗക്കാരനാണ്. ദുശ്ശീലങ്ങള്‍ ഈ ജീവിതത്തോട് അടുക്കില്ല. മുമ്പ് വെറ്റില മുറുക്കുമായിരുന്നു. ഇപ്പോള്‍ അതുമില്ല. അവാര്‍ഡുകള്‍ സ്വീകരിക്കില്ല. തൊട്ടടുത്ത ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ വല്ലപ്പോഴും ഒന്നു പോകുമെന്നതല്ലാതെ വലിയ ഭക്തിപ്രസ്ഥാനക്കാരനൊന്നുമല്ല. ഒരിക്കലും ആശുപത്രിയില്‍ കിടന്നിട്ടില്ല. അല്പം കേള്‍വിക്കുറവുണ്ടെന്നതൊഴിച്ചാല്‍ മറ്റു യാതൊരു പ്രയാസവുമില്ല. പണ്ഡിറ്റ് നെഹ്രുവിനോട് വലിയ ആരാധനയാണ്.

എന്നും റേഡിയോ കേള്‍ക്കണം. മാതൃഭൂമിപത്രവും ആഴ്ചപ്പതിപ്പും മുടങ്ങാതെ വായിക്കണം. ഉച്ചയൂണ് കഴിഞ്ഞ് അരമണിക്കൂര്‍ മയങ്ങണം. യാത്രകള്‍ ഇഷ്ടമല്ല. പരേതരായ ത്രിവിക്രമന്‍ നമ്പൂതിരിയുടെയും തേമനമ്മയുടെയും മകനാണ് മാഷ്. നാലുമക്കള്‍- കെ. മോഹന്‍ദാസ് (റിട്ട. അഗ്രികള്‍ച്ചറല്‍ അസി. ഡയറക്ടര്‍), കെ. രാധാകൃഷ്ണന്‍ (റിട്ട. ഹെഡ്മാസ്റ്റര്‍), കോമളവല്ലി, ഉഷ.

Content Highlights: This retired teacher’s love for farming remains strong even at the age of 92