ചെറി ഓഫ് റിയോഗ്രാന്റ്, ജബോട്ടിക്കാബ സബാര, ജബോട്ടിക്കാബ പ്രക്കോസി, സങ്കോയ... പേര് കേട്ട് ഞെട്ടേണ്ട, എല്ലാവരും വിദേശികളാണ്. മുളന്തുരുത്തി കാരിക്കോട് സ്വദേശിയായ അജിത്ത് വളര്‍ത്തുന്ന ഫലവക്ഷങ്ങളാണിത്. തീരുന്നില്ല പട്ടിക, നാടനും വിദേശിയുമായി 200-ഓളം പഴവര്‍ഗങ്ങളാണ് ഈ മുളന്തുരുത്തിക്കാരന്റെ വീടിനോടു ചേര്‍ന്ന 70 സെന്റ് ഭൂമിയില്‍ വളരുന്നത്.

അധ്യാപകനായ അജിത്ത് 'പഴവനം' ഒരുക്കുന്ന ജോലികള്‍ തുടങ്ങിയിട്ട് അഞ്ചു വര്‍ഷമായി. അടുത്ത അഞ്ചു വര്‍ഷത്തിനകം പൂര്‍ണമായും പഴങ്ങള്‍ വിളഞ്ഞുനില്‍ക്കുന്ന പഴവനമായി തന്റെ ഭൂമി മാറ്റിയെടുക്കാനാകുമെന്നാണ് അജിത്തിന്റെ പ്രതീക്ഷ. 

14 ഇനം പ്ലാവുകള്‍, 10 തരം മുന്തിരി, ഒമ്പത് ഇനം മാവുകള്‍, ഏഴ് തരം റമ്പൂട്ടാന്‍, അഞ്ച് തരം ഡ്രാഗണ്‍ ഫ്രൂട്ട്, അഞ്ചിനം പപ്പായ, പൈനാപ്പിള്‍ മൂന്ന് തരം, അവക്കാഡോ, സ്റ്റാര്‍ ഫ്രൂട്ട്, ആപ്പിള്‍ എന്നിവ രണ്ട് തരം വീതം തുടങ്ങി വിവിധ ഇനം പഴ വര്‍ഗങ്ങളാണ് ഈ വീട്ടുവളപ്പില്‍ വളരുന്നത്. ഏതാണ്ട് 78-ഓളം കിഴങ്ങുവര്‍ഗങ്ങളും, ഔഷധ സസ്യങ്ങളും പച്ചക്കറിയും കൂടെയുണ്ട്. തൊട്ടടുത്തുള്ള ഒന്നരയേക്കര്‍ പാടത്ത് ഞവര, കൃഷ്ണ കൗമോദ്, രക്തശാലി എന്നീ ഇനങ്ങളിലുള്ള നെല്ലും അജിത്ത് കൃഷി ചെയ്യുന്നു.

15 വര്‍ഷം മുമ്പുവരെ റബ്ബര്‍ തോട്ടമായിരുന്നു ഈ ഭൂമി. പിന്നീട് ഇതു വെട്ടി കശുമാവ് പിടിപ്പിച്ചു. എന്നാല്‍ കീടനാശിനി അടിക്കാതെ ഈ കൃഷി നടക്കില്ലെന്നായതോടെ ഇവയെല്ലാം മാറ്റി ഫലവൃക്ഷത്തൈകള്‍ നട്ടുതുടങ്ങി. രാസവളം ഉപയോഗിക്കാറില്ല. ജൈവ രീതിയിലാണ് കൃഷി. ബയോഗ്യാസ് പ്ലാന്റില്‍ നിന്ന് ലഭിക്കുന്ന സ്ലറിയും മറ്റു നാടന്‍ വളങ്ങളും ആണ് കൃഷിക്ക് ഉപയോഗിക്കുക.

പഴങ്ങള്‍ അജിത്ത് വില്‍പ്പന നടത്താറില്ല. സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും സമ്മാനമായി നല്‍കും. സോഷ്യല്‍ മീഡിയ കൃഷി ഗ്രൂപ്പുകളിലെ സുഹൃത്തുക്കളാണ് വിവിധയിനം പഴവര്‍ഗ വിത്തുകള്‍ എത്തിച്ചുനല്‍കാന്‍ സഹായിക്കുന്നത്. 'ഫ്രൂട്ട് ലവേഴ്സ് കേരള' ഫേസ് ബുക്ക് കൂട്ടായ്മയിലെ അംഗങ്ങള്‍ പല സഹായങ്ങളും അജിത്തിന് ചെയ്ത് നല്‍കുന്നുണ്ട്.

മലേഷ്യ, ഇന്‍ഡൊനീഷ്യ എന്നിവിടങ്ങളിലെ പഴവര്‍ഗങ്ങള്‍ നമ്മുടെ കാലാവസ്ഥയ്ക്ക് യോജിക്കുന്നതാണെന്നും ഇവ നല്ലരീതിയില്‍ തന്റെ ഭൂമിയില്‍ വളരുന്നുണ്ടെന്നും അജിത്ത് പറയുന്നു. അബുജാക്ഷന്‍ നായരുടെയും രാധാമണിയുടെയും മകനായ അജിത്ത്, കളമശ്ശേരി ഐ.ടി.ഐ.യിലെ അധ്യാപകനാണ്. രമ്യ വിശ്വനാഥനാണ് ഭാര്യ. വൈഷ്ണവ്, കൃഷ്ണജ എന്നിവരാണ് മക്കള്‍.

Content Highlights: This man grows more than 200 Varieties of Fruits in 70 Cents Land