കുറഞ്ഞ ചെലവില്‍ കൂടുതല്‍ ലാഭം വിളയുന്ന കൂവക്കൃഷിയിലൂടെ വിജയഗാഥ തീര്‍ക്കുകയാണ് കൂടരഞ്ഞി ഉഴുന്നാലില്‍ അബ്രഹാം എന്ന അപ്പച്ചന്‍. കാട്ടിലും തൊടിയിലും ആരാലും ശ്രദ്ധിക്കപ്പെടാതെ വളരുന്ന കൂവ എന്ന ഔഷധ സസ്യത്തെ മൂല്യവര്‍ധിത ഉത്പന്നമാക്കി മുന്നേറുകയാണ് ഇദ്ദേഹം. പറയങ്ങാട്-ഈട്ടിപ്പാറ റോഡില്‍ രണ്ടേകാല്‍ ഏക്കര്‍ ഉള്‍പ്പെടെ കൂടരഞ്ഞി, തിരുവമ്പാടി ഗ്രാമപ്പഞ്ചായത്തുകളിലെ വിവിധ സ്ഥലങ്ങളിലായി നാല് ഏക്കറോളം സ്ഥലത്താണ് കൂവ കൃഷിചെയ്തുവരുന്നത്.

അബ്രഹാം ഈ കൃഷിയിലേക്ക് തിരിഞ്ഞിട്ട് കാല്‍നൂറ്റാണ്ട് പിന്നിടുകയാണ്. തന്റേതായ കൃഷിരീതിയാണ് ഇപ്പോഴും പിന്തുടരുന്നത്. കൂവയ്ക്ക് നല്ലത് ഇടവിളയാണെന്ന് ഇദ്ദേഹം പറയുന്നു. റബ്ബര്‍, തെങ്ങ്, കമുക് തുടങ്ങിയവയുടെ ഇടവിളയായി കൂവ കൃഷിചെയ്യുന്നു. ബിലാത്തിക്കൂവ, നീലക്കൂവ, മഞ്ഞക്കൂവ എന്നിങ്ങനെ എല്ലാതരം കൂവകളും ഇദ്ദേഹം കൃഷിചെയ്തുവരുന്നു. ഇടവിളയായുള്ള കൃഷിയില്‍ കൂവയ്ക്ക് വളംചെയ്യാറില്ല. എങ്കിലും ചാണകം പോലെയുള്ള ജൈവവളങ്ങള്‍ പ്രയോഗിച്ചാല്‍ വിളവ് വര്‍ധിക്കുമെന്ന് അബ്രഹാം പറയുന്നു.

arrowroot

വന്യമൃഗശല്യമില്ല

മലയോരമേഖലയിലെ കര്‍ഷകര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി കാട്ടാനകള്‍മുതല്‍ പന്നികള്‍വരെയുള്ള മൃഗശല്യമാണ്. കൂവക്കൃഷിക്കാകട്ടെ ഈ വകശല്യം ഒട്ടുമില്ല. കീടരോഗബാധകള്‍ കുറവാണെന്നതും പ്രത്യേകതയാണ്. ഇതില്‍ വെളുത്ത കൂവ എലിയും പെരിച്ചാഴിയും തിന്നാറുണ്ട്. ചക്കക്കുരുവിന്റെ വലുപ്പമുള്ള കുഴിക്കൂവയുണ്ട്. ഇതിന്റെ പൊടിക്കാണ് ഏറ്റവും കൂടുതല്‍ ഔഷധഗുണമുള്ളതെന്ന് ഇദ്ദേഹം പറയുന്നു. തൂമ്പ ഉപയോഗിച്ചാണ് വിളവെടുപ്പ് നടത്തുന്നത്.

വിളവെടുത്ത ഉടനെതന്നെ വിത്തുവിതയ്ക്കുന്ന രീതിയാണ് അവലംബിച്ചുവരുന്നതെന്ന് അബ്രഹാം പറയുന്നു. പത്തുമാസം പിന്നിട്ടാല്‍ വിളവെടുപ്പിന് പാകമാകും. ഈര്‍പ്പമുള്ള മണ്ണാണ് ഉത്തമം. വിരല്‍ നീളത്തിലുള്ള കിഴങ്ങുകഷണങ്ങളാണ് നടീല്‍വസ്തു. തായ്ച്ചെടിയുടെ ചിനപ്പുകളും നടാന്‍ ഉപയോഗിക്കാം. കേന്ദ്ര കിഴങ്ങു ഗവേഷണ കേന്ദ്രത്തില്‍ നടത്തിയ പരീക്ഷണങ്ങളില്‍ ചെടികള്‍ തമ്മില്‍ 30 സെന്റീമീറ്ററും വരികള്‍ തമ്മില്‍ 15 സെന്റീമീറ്ററും അകലം നല്‍കിയപ്പോള്‍ കൂടുതല്‍ വിളവ് ലഭിച്ചിട്ടുണ്ട്. ക്ഷമയോടെ ചെയ്യേണ്ട ജോലിയാണ് കൂവപ്പൊടിയുണ്ടാക്കല്‍. അരച്ച കൂവ വെള്ളമൊഴിച്ച് തിരുമ്മി പിഴിഞ്ഞ് ഒരു തുണിയിലൂടെ അരിച്ചെടുക്കും. അരിച്ച കൂവപ്പൊടി കലര്‍ന്ന വെള്ളം വലിയ പാത്രമെടുത്ത് തെളിയാന്‍ വെക്കും.

arrowroot
അബ്രഹാമും ഭാര്യ അന്നമ്മയും കൂവ അരയ്ക്കുന്ന പണിയിൽ

പോഷകമൂല്യങ്ങളുടെ കലവറ

ഔഷധഗുണമാണ് കൂവയുടെ പ്രാധാന്യം. പോഷക മൂല്യങ്ങളുടെ കലവറയാണ് കൂവപ്പൊടി. ഗ്ലൂക്കോസിനെ വെല്ലുന്ന ആരോഗ്യദായനി. കാര്‍ബോ ഹൈഡ്രേറ്റ്, പ്രോട്ടീന്‍, സോഡിയം, പൊട്ടാസ്യം, കാല്‍സ്യം തുടങ്ങിയവ ധാരാളമായി അടങ്ങിയിട്ടുണ്ട്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും കൂവപ്പൊടി വിരകി കഴിക്കാം. ഉഷ്ണകാലത്ത് കൂവവെള്ളം കുടിക്കുന്നത് ശരീരോഷ്മാവിനെ നിയന്ത്രിക്കുന്നു. അരിപ്പൊടി ചേര്‍ത്ത് അടയുണ്ടാക്കാം. ഹലുവ പോലുള്ള പലഹാരങ്ങളും ചക്കയുത്പന്നങ്ങളോടു ചേര്‍ത്ത് വിഭവങ്ങളും ഉണ്ടാക്കാം. കേരളത്തിലുടനീളം തനിക്ക് ഉപഭോക്താക്കള്‍ ഉള്ളതായി അബ്രഹാം പറയുന്നു.

തിരുവമ്പാടിയിലെയും പരിസരങ്ങളിലെയും കടകളിലും ഇദ്ദേഹത്തിന്റെ കൂവ ലഭ്യമാണ്. കൂവ തേടി ഈയിടെ ഓസ്ട്രേലിയയില്‍നിന്നുപോലും വിളിയെത്തി. അഞ്ച് ടണ്‍ ആണ് പ്രവാസി മലയാളികള്‍ ആവശ്യപ്പെട്ടത്. അന്ന് ഇത്രയും സ്റ്റോക്ക് ഇല്ലാത്തതിനാല്‍ കൊടുക്കാനായില്ല. ഗള്‍ഫിലേക്ക് പോകുന്നവര്‍ സ്ഥിരമായി കൂവ തേടിവരാറുണ്ട് -അബ്രഹാം പറയുന്നു.

അനുകൂല അന്തരീക്ഷം

കേരളത്തിലെ അന്തരീക്ഷ ഊഷ്മാവും മഴയുടെ തോതും കൂവക്കൃഷിക്ക് അനുകൂല അന്തരീക്ഷമൊരുക്കുന്നു. ജൂണ്‍ ആദ്യം മഴയുടെ ആരംഭത്തില്‍ നടീല്‍ തുടങ്ങാം. പോഷക മൂല്യമുള്ള ഔഷധം എന്ന നിലയില്‍ കൂവക്കൃഷിക്ക് വലിയ വിപണന സാധ്യതയാണുള്ളത് -മിഷേല്‍ ജോര്‍ജ്, കൂടരഞ്ഞി കൃഷിഭവന്‍ കൃഷി അസിസ്റ്റന്റ്

Content Highlights: This Kozhikode Farmer who amazes us by making money from Arrowroot Tubers