കുപ്പിക്കുള്ളിലെ ചെറുവനവുമായി ജിൻസി വർഗീസ്
പ്രകൃതിയെ ഹരിതാഭമാക്കുന്ന ചെറു സസ്യജാലങ്ങളെ ചില്ലുഭരണിയിലാക്കുകയാണ് വെണ്ണിക്കുളം താഴത്തേക്കൂറ്റ് ജിന്‍സി വര്‍ഗീസ്. വഴിയില്‍ ചവിട്ടിയരച്ച് കടന്നുപോകുന്ന പായലും പന്നലും മുക്കുറ്റിയുമൊക്കെ കണ്ണാടിക്കാഴ്ചയില്‍ പുതിയ രൂപഭാവങ്ങളിലേക്ക് മുഖം മാറുന്നു. ഇത് 'ടെറാറിയം'- മേശപ്പുറങ്ങള്‍ക്ക് അലങ്കാരമാകുന്ന സൂക്ഷ്മവനം.
Also Read
ഒരിക്കല്‍ നട്ടാല്‍ പിന്നെ വെള്ളമൊഴിക്കാന്‍പോലും തുറക്കേണ്ടാത്ത ചെറു പച്ചത്തുരുത്തുകള്‍. ബാഷ്പീകരണവും സാന്ദ്രീകരണവുമൊക്കെയുള്ള ചാക്രിക പ്രവര്‍ത്തനം സംഭവിക്കുന്നതിനാല്‍ തനതായ ആവാസവ്യവസ്ഥ തന്നെയാണ് ഈ ചില്ലുകൂടിനുള്ളില്‍ ഒരുങ്ങുക. ചട്ടികളില്‍ വളര്‍ത്തുന്ന ചെടികളുടെ അത്രപോലും പരിചരണം ആവശ്യമില്ലെന്നതാണ് ടെറാറിയത്തിന്റെ പ്രത്യേകത. 'ഒന്നുപച്ചപിടിച്ചുകഴിഞ്ഞാല്‍ കാര്യമായ ശ്രദ്ധയില്ലാതെതന്നെ മുന്നോട്ടു പൊയ്‌ക്കോളും. കൃത്യമായ വെളിച്ചം മാത്രം ഉറപ്പാക്കിയാല്‍ മതി'-ജിന്‍സി പറയുന്നു.
.jpg?$p=6d0bc7f&&q=0.8)
ഇംഗ്ലീഷ് ഡോക്ടറായ നഥനിയേല്‍ ബോഗ്ഷാ വാര്‍ഡ് ആണ് ആദ്യമായി ടെറാറിയം നിര്‍മിച്ചതെന്ന് ചരിത്രം. 1842-ലായിരുന്നു അത്. ഫേണ്‍, മോസ് തുടങ്ങി ഉഷ്ണമേഖലാ സസ്യങ്ങളാണ് ടെറാറിയങ്ങള്‍ക്ക് അനുയോജ്യം. സ്പ്രിങ്ടെയില്‍സ്, ഐസോപോഡ്‌സ് തുടങ്ങിയ ചെറുജീവികളെയും നിക്ഷേപിക്കാറുണ്ട്. ഫംഗസ്, അമിതമായ ചൂട് തുടങ്ങി ടെറാറിയങ്ങളെ പ്രതികൂലമായി ബാധിക്കാവുന്ന ഘടകങ്ങള്‍ ഏറെയാണ്.
വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത, മൂന്നിഞ്ചുമുതല്‍ ഒരടിക്കുമേല്‍വരെ ഉയരം വരുന്ന ചില്ലുകുപ്പികളിലാണ് ജിന്‍സി ടെറാറിയങ്ങള്‍ തീര്‍ക്കുന്നത്. ഭരണിക്കുള്ളില്‍ ആദ്യം കല്ലുകള്‍ നിരത്തും. മുകളില്‍ ദ്വാരങ്ങളിട്ട പ്ലാസ്റ്റിക് കടലാസ് വിരിക്കും. മാര്‍ബിള്‍ കഷണങ്ങളും ചാര്‍ക്കോളും പ്രത്യേകം തയ്യാറാക്കിയ കൊക്കോപിത്ത് ചേര്‍ത്ത മണ്ണും ഒക്കെ നിരത്തിയ ശേഷമാണ് ചെറു ചെടികള്‍ നടുക. ചെറിയ പാറകളും വയ്ക്കാം. ഇതിനൊപ്പം വീടോ, ഇരിപ്പിടങ്ങളോ മൃഗങ്ങളോ ഒക്കെ ചെറുരൂപങ്ങളായി ചേര്‍ത്താല്‍ കൂടുതല്‍ യാഥാര്‍ഥ്യബോധം നല്‍കും.

ഗ്ലാസില്‍ പറ്റിപ്പിടിച്ച മണ്ണും മറ്റും തുടച്ചുമാറ്റി പണി തീരുമ്പോള്‍ ഭരണിക്കുള്ളില്‍ ഒരു പൂന്തോട്ടം വിരിയും. രണ്ടുമുതല്‍ മൂന്നുവരെ മാസമെടുത്താണ് ഓരോ ടെറാറിയവും സജ്ജമാകുക. കുപ്പിക്കുള്ളിലെ അന്തരീക്ഷം സ്ഥിരപ്പെടുത്താനാവശ്യമായ സമയമാണിത്. നിര്‍മിച്ചതില്‍ പകുതിയും കേരളത്തില്‍ പലയിടത്തായി വിറ്റുപോയി. 'മൈക്രോഫോറസ്റ്റ്' എന്നപേരില്‍ ഓണ്‍ലൈനില്‍ എത്തിയപ്പോള്‍ത്തന്നെ ആവശ്യക്കാര്‍ മുന്നോട്ടുവന്നു. നടന്‍ അനൂപ് മേനോന്‍ അടക്കം പലരുടെയും സ്വീകരണമുറിയില്‍ ഇതിനോടകം എത്തിക്കഴിഞ്ഞു.
ഇന്ത്യയിലും വിദേശത്തുമായി ഒന്നര പതിറ്റാണ്ടോളം നഴ്‌സായി സേവനമനുഷ്ഠിച്ച ജിന്‍സി സൗദിയിലെ ആരോഗ്യമന്ത്രാലയത്തിനുകീഴിലെ ജോലി രാജിവെച്ചാണ് 2021-ല്‍ നാട്ടിലെത്തിയത്. ബേക്കിങ്ങും കസ്റ്റം കേക്കുകളുമായി 'ഷുഗര്‍സ്റ്റുഡിയോ' എന്ന സ്ഥാപനവും നടത്തുന്നുണ്ട്. ഭര്‍ത്താവ് 'സ്മാര്‍ട്ട് ഡ്രൈവ്' ഓട്ടോമോട്ടീവ് മാസികയില്‍ പ്രവര്‍ത്തിക്കുന്ന ജുബിന്‍ ജേക്കബ്, ജിന്‍സിയുടെ പ്രവര്‍ത്തങ്ങള്‍ക്ക് ഒപ്പമുണ്ട്.
Content Highlights: terrarium making, agri business
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..