അരുവാപ്പുലം: പഠനത്തോടൊപ്പം പച്ചക്കറിക്കൃഷിയിലും കഴിവു തെളിയിച്ച് എട്ടാംക്ലാസ് വിദ്യാര്‍ഥി. അരുവാപ്പുലം മരുതിമൂട്ടില്‍ കിഴക്കേതില്‍ ആകാശ് എം.പിള്ളയാണ് വീട്ടിലെ മട്ടുപ്പാവില്‍ പച്ചക്കറി കൃഷിചെയ്യുന്നത്. കോന്നി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ഥിയാണ്. ഗ്രോബാഗിലാണ് പച്ചക്കറികള്‍ നട്ടുപിടിപ്പിച്ചിരിക്കുന്നത്. തക്കാളി, കാബേജ്, കോളിഫ്‌ളവര്‍, വഴുതന, പയര്‍, ചീര, വെണ്ട, വെള്ളരി എന്നിവയാണ് കൃഷിചെയ്തിരിക്കുന്നത്. രാവിലെയും വൈകീട്ടും ഇവയ്ക്കുവേണ്ട വെള്ളം നനയ്ക്കും. 

അരുവാപ്പുലം കൃഷി ഓഫീസിന്റെ സഹായത്തോടെ ജൈവവളങ്ങളും ജൈവകീടനാശിനിയുമാണ് ഉപയോഗിക്കുന്നത്. രണ്ടുവര്‍ഷമായി പച്ചക്കറിക്കൃഷി നടത്തുന്നു. ഈവര്‍ഷം ഇതുവരെ 10 കിലോ തക്കാളി ലഭിച്ചു. കഴിഞ്ഞവര്‍ഷം കൂടുതല്‍ വിളവു കിട്ടിയതായി ആകാശ് പറഞ്ഞു. 

   മാലിന്യമില്ലാത്ത ശുദ്ധമായ പച്ചക്കറി ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യമാണ് പച്ചക്കറിത്തോട്ടത്തിലേക്കു തിരിയാന്‍ കാരണമെന്ന് ആകാശ് പറഞ്ഞു. കൃഷിയില്‍ സഹായവുമായി അച്ഛന്‍ മധുസൂദനന്‍പിള്ളയും അമ്മ മഞ്ജുഷയും ഒപ്പമുണ്ട്. പച്ചക്കറിക്കൃഷിയിലൂടെ, ഉപയോഗശൂന്യമെന്നു കരുതിയിരുന്ന മട്ടുപ്പാവ് പ്രയോജനപ്പെടുത്താനും ഈ വിദ്യാര്‍ഥിക്കു കഴിഞ്ഞു. ഇവിടെ ഉത്പാദിപ്പിക്കുന്ന പച്ചക്കറികള്‍ വീട്ടാവശ്യത്തിനും ഒപ്പം കൂട്ടുകാര്‍ക്കു സൗജന്യമായും കൊടുക്കും.