തിരുവനന്തപുരം: കവടിയാര്‍ ജവഹര്‍നഗറിലെ ജയചന്ദ്രന്റെ മൂന്ന് സെന്റിലുള്ള വീടിന്റെ മട്ടുപ്പാവ് നിറയെ പച്ചക്കറികളാണ്. പയര്‍, വെണ്ട, തക്കാളി, ചീര, തണ്ണിമത്തന്‍, പച്ചമുളക്, കറിവേപ്പില തുടങ്ങി വീട്ടാവശ്യത്തിനുള്ള പച്ചക്കറികള്‍ 180 ഗ്രോബാഗുകളിലായി നട്ടിരിക്കുന്നു.

കേരള പോലീസില്‍ സീനിയര്‍ സിവില്‍ ഓഫീസറാണ് ജയചന്ദ്രന്‍. രണ്ട് നേരമാണ് തൈകള്‍ നനയ്ക്കുന്നത്. ഇതിന് ചുക്കാന്‍ പിടിക്കുന്നതാവട്ടെ മക്കളായ അശ്വിനും അര്‍ജുനുമാണ്. ദിവസവും ഒരു കിലോ തക്കാളി വരെ പറിക്കാറുണ്ട്. തീര്‍ത്തും ജൈവവളമുപയോഗിച്ചാണ് കൃഷി.

മുളപ്പിച്ച തൈകളില്‍ ആദ്യം കുറച്ച് കോഴിവളവും ചാരവും ഇടും. കീടങ്ങളെ അകറ്റുന്നതിന് ഇത് സഹായിക്കും. തൈകള്‍ അല്പം വലുതായിക്കഴിയുമ്പോള്‍ ആഴ്ചയിലൊരിക്കല്‍ ചാണകം ഒഴിക്കും. ഇതാണ് വളം.

നഗരത്തില്‍ താമസിക്കുന്നതിനാല്‍ മണ്ണ് കിട്ടാന്‍ പ്രയാസമാണ്. നെടുമങ്ങാടുള്ള തറവാട്ട് വീട്ടില്‍ പോവുമ്പോള്‍ ചാക്കിലാക്കി മണ്ണ് കൊണ്ടുവന്ന് നിറച്ചാണ് കൃഷി. വീട്ടാവശ്യത്തിനുള്ള പച്ചക്കറിയെടുത്ത് ബാക്കിവരുന്നത് സുഹൃത്തുക്കള്‍ക്കും അനാഥ മന്ദിരത്തിനും നല്‍കാറാണ് പതിവ്. ഗ്രോബാഗില്‍ പച്ചക്കറികള്‍ നടുന്നതിന് ചില പൊടിപൊടിക്കൈകള്‍ ജയചന്ദ്രന്റെ കൈവശമുണ്ട്.

വിത്തിട്ട് വെള്ളം നനച്ചാല്‍ തൈകള്‍ ആവശ്യാനുസരണം വലുതായിക്കൊള്ളും. എന്നാല്‍, ദിവസവും അര മണിക്കൂറെങ്കിലും അവയെ പരിചരിക്കണമെന്നാണ് ജയചന്ദ്രന്റെ പാഠം. ചാണകപ്പൊടി, ചകിരിച്ചോറ്, വേപ്പിന്‍ പിണ്ണാക്ക്, സൂഡോമോണസ് എന്നിവ ചേര്‍ത്ത് മണ്ണ് നന്നായി ഇളക്കിയ ശേഷം ഗ്രോബാഗിന്റെ പകുതിക്കു താഴെ നിറയ്ക്കുക. മൂന്ന്-നാല് മണിക്കുര്‍ വിത്തുകള്‍ അല്‍പം സൂഡോമോണസ് ചേര്‍ത്ത വെള്ളത്തില്‍ ഇട്ട് തുണിയില്‍ കെട്ടിവെയ്യുക. ഇവ മൂന്നോ നാലോ മണിക്കുറിന് ശേഷം നടാവുന്നതാണ്.

ചീരപോലുള്ള പാകി നടുന്ന വിത്തുകളും ഇത്തരത്തില്‍ ചെയ്യാവുന്നതാണ്. ഇത് തൈകള്‍ക്ക് കൂടുതല്‍ പ്രതിരോധശേഷി നല്‍കും. തൈകള്‍ പറിച്ച നടാന്‍ വൈകുന്നേരമാണ് നല്ലത്. വാടിപ്പോവാതിരിക്കാനാണിത്. ഗ്രോബാഗുകളില്‍ തെനട്ട് ഒരാഴ്ച തണലത്ത് വെയ്ക്കണം. ഇത് തൈകള്‍ക്ക് നന്നായി വേരു പിടിക്കാന്‍ സഹായിക്കും. ഗ്രോബാഗ് വയ്ക്കുമ്പോള്‍ ഇഷ്ടികകള്‍ക്കോ, ചിരട്ടകള്‍ക്കാ മുകളില്‍ വേണം വെയ്ക്കാന്‍. ബാഗുകള്‍ തമ്മില്‍ രണ്ടടിയെങ്കിലും അകലം വേണം. ചെടികളുടെ ചുവട്ടില്‍ കരിയിലകള്‍ കൊണ്ട് പുതയിടുന്നത് നല്ലതാണ്. കളകളെ അകറ്റാനും അള്‍ട്രാവയലറ്റ് രശ്മികള്‍ നേരിട്ട് മണ്ണില്‍ പതിച്ച് വേരുകള്‍ കേടാകാതിരിക്കാനും ഇത് നല്ലതാണെന്ന് ജയചന്ദ്രന്‍ പറയുന്നു.