ലോകത്ത് ഏറ്റവും കൂടുതല്‍ മനുഷ്യര്‍ പട്ടിണികിടക്കുന്ന ഒരു രാജ്യമാണ് എത്യോപ്യ. അവിടത്തെ ആളുകളാണ് മിക്കവാറും ലോകത്തെ എല്ലാ മാരത്തണുകളിലും ദീര്‍ഘദൂര ഓട്ടങ്ങളിലും ജേതാക്കളാകുന്നത് ഇങ്ങനെ പട്ടിണിക്കോലങ്ങളായ മനുഷ്യര്‍ക്കിടയിലുള്ള ജീവനുകളാണ്. വെറും എല്ലിന്‍കൂടുമാത്രമായതുകൊണ്ടാണ് അവര്‍ ഓട്ടത്തില്‍ ജയിക്കുന്നത് എന്ന് തമാശയായിപ്പറയുമെങ്കിലും അതിന്റെ പിന്നില്‍ അവര്‍കഴിക്കുന്ന ഒരു 'ഇന്‍ജെറ'യെന്നൊരു ഭക്ഷണത്തിന്റെ ഔഷധഗുണമാണത്. കണ്ടാല്‍ നമ്മുടെ മസാലദോശപോലെയുള്ള ഒരു വിഭവമാണിത്. ഒരു പ്രത്യേകധാന്യം കൊണ്ടുണ്ടാക്കിയ ദോശയും അതിന്റെ കൂടെ പച്ചക്കറികളും. ഈ ദോശയുണ്ടാക്കുന്ന ധാന്യമാണ് ലോകത്തെ ഏറ്റവും ചെറുതെന്ന് കരുതുന്ന 'തെഫ്'. ഒരു ഔഷധധാന്യമാണിത്.

വലിപ്പത്തില്‍ ചെറുത്; ഗുണത്തില്‍ മുമ്പന്‍

വലുപ്പത്തില്‍ ചെറുതാണെങ്കിലും ഗുണത്തില്‍ മുമ്പനാണ് തെഫ്. വളരെ ചെറുതായതുകൊണ്ട് നഷ്ടപ്പെട്ടുപോകും എന്ന അര്‍ഥത്തിലാണ് തെഫ് എന്ന വാക്ക് വരുന്നത്. ഇതില്‍ ഉയര്‍ന്നതോതില്‍ ഇരുമ്പ്, കാത്സ്യം, ഫോസ്ഫറസ്, കോപ്പര്‍, ബേരിയം, തയാമിന്‍, മഗ്നീഷ്യം എന്നിവ അടങ്ങിയിരിക്കുന്നു. എളുപ്പം ദഹിക്കുന്ന ആല്‍ബുമിന്‍ അടങ്ങിയ പ്രോട്ടീനിന്റെ ഒരു കലവറയാണിത്.

teff

ശരീരഭാരം നിയന്ത്രിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ക്രമീകരിക്കാനും ദഹനവ്യവസ്ഥയിലെ പ്രധാനപ്പെട്ട അവയവങ്ങളായ ചെറുകുടലിന്റെയും വന്‍കുടലിന്റെയും ആരോഗ്യാവസ്ഥ കാത്തുസൂക്ഷിക്കാനും ഇതിന് കഴിയുന്നു. വന്‍കുടലിനെ ബാധിക്കുന്ന സെലിയാക് രോഗത്തിന് ഗ്ലൂട്ടനിപ്പാത്ത തെഫ് അനുയോജ്യമായ ഭക്ഷണമാണ്. കൂടാതെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷ്യനാരായ 'റെസിസ്റ്റന്റ് സ്റ്റാര്‍ച്ചി'ന്റെ ഉത്തമ ഉറവിടമാണ് തെഫ്. നിറത്തിന്റെ അടിസ്ഥാനത്തില്‍ തെഫ് രണ്ടുവിധത്തിലുണ്ട്. തവിട്ടുകലര്‍ന്ന വെളുപ്പും ബ്രൗണ്‍ കലര്‍ന്ന ചുവപ്പും. രണ്ടും ഒരു പോലെ ഔഷധഗുണമുള്ളതാണ്. ചുവപ്പില്‍ ഇരുമ്പിന്റെ അംശം കൂടും.

കാലാവസ്ഥയും മണ്ണും

ഏത് പ്രതിരോധകാലാവസ്ഥയെയും മറികടന്ന് വളരാനുള്ള തെഫിന്റെ കഴിവാണ് അതിനെ ആഫ്രിക്കന്‍ നാടുകളിലെന്നപോലെ തന്നെ മധ്യപശ്ചിമ ഏഷ്യയിലും പ്രിയങ്കരമാക്കുന്നത്. ഇസ്രയേല്‍ ഈ ധാന്യത്തിന്റെ പ്രാധാന്യം മനസ്സിലാക്കി. രാജ്യം മൊത്തം കൃഷി വ്യാപിപ്പിച്ചിരിക്കുന്നു. ഇന്ത്യയിലും പരീക്ഷണാടിസ്ഥാനത്തില്‍ ഇതിന്റെ കൃഷി ആരംഭിച്ചുകഴിഞ്ഞു.

വെള്ളം കുറവുമതി

നെല്ലിനെപ്പോലെയോ മറ്റ് ധാന്യങ്ങളെയോ പോലെയോ സമൃദ്ധമായ വെള്ളം ആവശ്യമില്ലാത്ത വിളയാണ് തെഫ്. നെല്ലിന്റെയും ഗോതമ്പിന്റെയും ആവശ്യകതയെ അപേക്ഷിച്ച് അഞ്ചിലൊന്ന് വെള്ളം മതി തെഫിന്റെ ചെടി നന്നായി വളരാന്‍. അതിനാല്‍ത്തന്നെ വലിയ വരള്‍ച്ചയെയും പ്രതികൂല കാലാവസ്ഥയെയും പ്രതിരോധിക്കാന്‍ ഈ ധാന്യത്തിന് കഴിയുന്നു.

കൃഷിരീതി

മഴക്കാലത്തും വേനലിലും ഒരു പോലെ കൃഷി ചെയ്യാവുന്നതാണിത്. നല്ല ജൈവപുഷ്ടിയും ഇളക്കവുമുള്ള മണ്ണാണ് തെഫ് കൃഷിക്ക്  ഉത്തമം. കേരളത്തിലെ ഭൂപ്രകൃതിയനുസരിച്ച് 1000 മീറ്റര്‍വരെ ഇത് കൃഷിചെയ്യാം എന്നാല്‍, 400-800 മീറ്ററിലാണ് വിളവ് കൂടുതല്‍ കിട്ടുന്നതായി കണ്ടുവരുന്നത്. നടുന്ന മണ്ണ് നല്ല നീര്‍വാര്‍ച്ചയുള്ളതും നല്ലവായു സഞ്ചാരം നിലനില്‍ക്കുന്നതുമായിരിക്കണം. മാത്രമല്ല മണ്ണിന്റെ അമ്ല-ക്ഷാര നിലവാരം ആറിനും ഏഴിനുമിടയിലായാല്‍ ഗുണം കൂടും. അമ്ലഗുണം കൂടിയ മണ്ണില്‍ ഡോളമൈറ്റോ കുമ്മായമോ വിതറി അത് കുറയ്ക്കാം. നടുന്നതിനുമുമ്പ് കൃഷിയിടം നന്നായി  ഉഴുത് മറിക്കണം. അതിനുശേഷം അതില്‍ സെന്റൊന്നിന് 30-40 കിലോ തോതില്‍ കാലിവളമോ കംപോസ്റ്റോ ചേര്‍ത്തിളക്കി നിരപ്പാക്കണം . അങ്ങനെ വളംചേര്‍ത്ത് നിരപ്പാക്കിയ നിലത്താണ് വിത്തുവിതയേ്ക്കണ്ടത്. 

teff

വിത്തുകള്‍ കാലിഞ്ചിലധികം മണ്ണില്‍ താഴ്ന്നു പോകരുത്. മണ്ണില്‍ മതിയായ നനവ് നിലനില്‍ക്കുന്നയിടങ്ങളില്‍ 24 മണിക്കൂറിനകം വിത്തുകള്‍ മുളച്ചുപൊന്തും. 7-10 ദിവസത്തിനുള്ളില്‍ വിത്തുകളെല്ലാം മുളച്ച് തൈകളായിട്ടുണ്ടാവും. ഇടതൂര്‍ന്ന് വളരുന്ന തൈകള്‍ വേണമെങ്കില്‍ പറിച്ചുമാറ്റി മറ്റ് ചെടികള്‍ക്ക് മികച്ച വളര്‍ച്ച ഉറപ്പാക്കാവുന്നതാണ്.  ഒരേക്കറിന് 500-700 ഗ്രാം വിത്ത് മതിയാവും. ചെടി പൊന്തിവന്ന് 30-60 ദിവസം പ്രായങ്ങളില്‍ വീണ്ടും മേല്‍വളം നല്‍കാവുന്നതാണ്. 

തെഫ് എന്ന ഔഷധധാന്യത്തിന് കാര്യമായ കീടശല്യം ഉണ്ടാകാറില്ല. അഥവാ കണ്ടാല്‍ത്തന്നെ വേപ്പെണ്ണ-സോപ്പ് ലായനി കലക്കിത്തളിച്ചാല്‍ മതി. നെല്ലിനെപ്പോലെ  കതിരുകള്‍ സ്വര്‍ണനിറമായാല്‍ മെതിച്ച് ഈര്‍പ്പം തട്ടാതെ സൂക്ഷിക്കാം. എന്താ നമുക്കും ഓട്ടക്കാരായിക്കൂടേ.

Content highlights: Teff, Agriculture, Runner's food, Ethiopia

pramodpurath@gmail.com