ഴക്കാലാരംഭത്തോടെ ഇടവിളയായും തനിവിളയായും നാടിന്റെ നാനാഭാഗവും മരച്ചീനിക്കൃഷിക്കായി ഒരുങ്ങി. രോഗകീടബാധയേല്‍ക്കാത്ത ഗുണമേന്മയുള്ള നടീല്‍വസ്തുക്കള്‍ ആവശ്യത്തിന് ലഭിക്കുകയെന്നത് പ്രയാസമുള്ള കാര്യമാണ്.

എളുപ്പം ചെയ്യാം

ഈയൊരു സാഹചര്യത്തില്‍ കേന്ദ്ര കിഴങ്ങുവര്‍ഗ ഗവേഷണകേന്ദ്രത്തില്‍ വികസിപ്പിച്ചെടുത്ത 'മിനി സെറ്റ് ടെക്‌നിക്' രീതിക്ക് പ്രാധാന്യം വര്‍ധിക്കുന്നു. സാങ്കേതിക സങ്കീര്‍ണത ഒന്നുമില്ലാതെ എളുപ്പം ആര്‍ക്കും ചെയ്യാവുന്ന രീതിയാണിത്. മിനി സെറ്റ് രീതി മുഖേന ദ്രുതഗതിയില്‍ നടീല്‍വസ്തുക്കള്‍ ഉത്പാദിപ്പിക്കുന്നതിന് മൂപ്പെത്തിയതും രോഗബാധയില്ലാത്തതുമായ കമ്പുകള്‍ തിരഞ്ഞെടുക്കണം. ഈ കമ്പുകളില്‍നിന്ന് രണ്ടു മുകുളങ്ങളുള്ള ഏതാണ്ട് നാല്-അഞ്ച് സെ.മീ. നീളമുള്ള ചെറിയ കഷണങ്ങളാക്കി മൂര്‍ച്ചയുള്ള ഒരു ഹാക്സോ ബ്ലേഡ് ഉപയോഗിച്ച് മുറിച്ചെടുക്കണം.

ഒരു മീറ്റര്‍ വീതിയിലും അനുയോജ്യമായ നീളത്തിലും തയ്യാറാക്കിയ തവാരണകളില്‍ ഈ ചെറിയ കഷണങ്ങള്‍, മുകുളങ്ങള്‍ ഇരു വശങ്ങളിലും വരത്തക്ക രീതിയില്‍ മണ്ണിനടിയില്‍ അരയിഞ്ച് ആഴത്തില്‍ തിരശ്ചീനമായി (കിടത്തി) നടണം. ഭാഗികമായ തണല്‍ ലഭിക്കുന്ന സ്ഥലത്താണ് തവാരണ ഒരുക്കേണ്ടത്. 35 ശതമാനം തണല്‍ നല്‍കുന്ന ഷേഡ് നെറ്റ് ഹൗസും ഇതിനായി ഉപയോഗിക്കാം.

ഈര്‍പ്പം നിലനിര്‍ത്താനായി ഇടവിട്ട് നനയ്ക്കണം. ഏതാണ്ട് ഒരാഴ്ചകൊണ്ട് മിനി സെറ്റുകള്‍ മുളച്ചുതുടങ്ങും. ഏതെങ്കിലും രോഗലക്ഷണങ്ങളുള്ള തൈകള്‍ ഉണ്ടെങ്കില്‍ പിഴുതുമാറ്റണം. മുളച്ച ചെറുകമ്പുകള്‍ മൂന്നുമുതല്‍ നാലാഴ്ച കഴിയുമ്പോള്‍ നടീലിന് പാകമാകും.

നടുമ്പോള്‍ ശ്രദ്ധിക്കാം

മുന്‍കൂട്ടി തയ്യാറാക്കിയ സ്ഥലത്ത് 45 സെ.മീ. അകലത്തില്‍ ഇവ നടാം. പറിച്ചുനടുമ്പോള്‍ കഴിവതും വേരുകള്‍ക്ക് ക്ഷതമേല്‍ക്കാതിരിക്കാനും പൊടിപ്പുകള്‍ നഷ്ടപ്പെടാതിരിക്കാനും ശ്രദ്ധിക്കണം. കാലവര്‍ഷത്തിന്റെ ഏതുസമയത്തും മിനി സെറ്റ് തൈകള്‍ നടാം. പരമ്പരാഗത രീതിയില്‍ ഒരേക്കര്‍ സ്ഥലത്ത് 1000 കമ്പുകള്‍ വേണ്ടിവരുമ്പോള്‍ ഈ രീതിയനുസരിച്ച് 330 കമ്പുകള്‍ മതിയാകും.

വിവരങ്ങള്‍ക്ക്: 9446088605

Content Highlights: Tapioca (Cassava) cultivation methods in Kerala