റ്റത്തടിയാണെങ്കിലും വേരു മുതല്‍ ഓല വരെ എന്തും ഗുണകരമായതുകൊണ്ട് തെങ്ങ് കല്‍പ്പവൃക്ഷമായെങ്കില്‍ ഗുണങ്ങളുടെ കണക്കെടുത്താല്‍ പുളിമരവും കല്പവൃക്ഷം തന്നെ. ഭക്ഷ്യ, ഔഷധ, വസ്ത്ര, വ്യവസായ ശൃംഖലകളില്‍ പുളിയും പുളിങ്കുരുവും പ്രധാന ഘടകങ്ങളാണ്. ഇന്ത്യയുടെ മൊത്തം സുഗന്ധവ്യഞ്ജന കയറ്റുമതി വരുമാനത്തില്‍ പുളിയുത്പന്നങ്ങള്‍ക്കും പങ്കുണ്ട്. അസംഖ്യം ഗുണങ്ങളുണ്ടെങ്കിലും സ്ഥലപരിമിതിയുടെ പേരുപറഞ്ഞ് പുളിമരത്തെ പലരും വീട്ടുപറമ്പുകളില്‍നിന്ന് വെട്ടിമാറ്റുകയാണ്. കാറ്റിനെയും വരള്‍ച്ചയെയും ഒരുപോലെ പ്രതിരോധിക്കുന്നതാണ് പുളിമരങ്ങള്‍.

പുളി കടല്‍ കടക്കുമ്പോള്‍

ഇന്ത്യയില്‍നിന്ന് അറുപതോളം രാജ്യങ്ങളിലേയ്ക്കാണ് പുളി കയറ്റുമതി ചെയ്യുന്നത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പുളി ഉത്പാദിപ്പിക്കുന്നത് കര്‍ണാടകയിലാണ്. ദേശീയ ഉത്പാദനത്തിന്റെ പതിനെട്ട് ശതമാനം കേരളത്തില്‍നിന്നാണ്. ഇതില്‍ പകുതി പാലക്കാട്ടുനിന്നും. പ്രതിവര്‍ഷം 15,000 ടണ്‍ പുളിയാണ് പാലക്കാട്ടുനിന്ന് ഉത്പാദിപ്പിക്കുന്നത്. ഉത്പാദനത്തില്‍ തൊട്ടടുത്ത് നില്‍ക്കുന്നത് തിരുവനന്തപുരം ജില്ലയാണ്. കുരു കളഞ്ഞ് വൃത്തിയാക്കിയ ഒരു കിലോ പുളിക്ക് 90 മുതല്‍ 120 രൂപ വരെ വിലയുണ്ട്. പുളിയില്‍നിന്ന് ജ്യൂസ്, കോണ്‍സന്‍ട്രേറ്റ്, പുളി മിഠായി, പുളി ഇഞ്ചി, പുളി പേട തുടങ്ങിയവ തയ്യാറാക്കുന്നു.

പുളിങ്കുരു ചെറിയ കുരുവല്ല

കാലിത്തീറ്റയായും റബ്ബര്‍പാല്‍ ഉറയ്ക്കുന്നതിനും മാത്രം ഉപയോഗിച്ചിരുന്ന പുളിങ്കുരു ഇന്ന് നിരവധി വ്യവസായങ്ങളിലെ അസംസ്‌കൃതവസ്തുവാണ്. പുളിങ്കുരു തോടില്‍നിന്നെടുക്കുന്ന ടാനിന്‍ എന്ന രാസവസ്തു വസ്ത്രത്തില്‍ തവിട്ടുനിറം നല്‍കും. കത്തിച്ചുകിട്ടുന്ന കരി ആയുര്‍വേദത്തില്‍ ശുദ്ധീകരണവസ്തുവാണ്. ചണ, പരുത്തി നൂലുകള്‍ക്ക് കട്ടികൂട്ടാന്‍ പുളിങ്കുരുവില്‍നിന്നുള്ള ജെല്ലോസ് എന്ന അന്നജം വാണിജ്യാടിസ്ഥാനത്തില്‍ നിലവിലുണ്ട്. 

17 മുതല്‍ 20 ശതമാനം വരെ പ്രോട്ടീന്‍ അടങ്ങിയ പുളിങ്കുരുവിന് പോഷകഗുണങ്ങള്‍ ഏറെയാണ്. ഇതിലെ പെക്ടിന്‍ ബേക്കറി പലഹാരങ്ങളിലും ബ്രഡ്, ബിസ്‌കറ്റ്, ജാം, ജെല്ലി തുടങ്ങിയവയിലും ചേര്‍ക്കുന്നു. ബുക്ക് ബൈന്‍ഡിങ്ങിനും പ്ലൈവുഡ് വ്യവസായത്തിലും അവശ്യഘടകമാണ്. പുളിങ്കുരുവില്‍നിന്നുള്ള തൈലം പെയിന്റ്, വാര്‍ണിഷ് എന്നിവയില്‍ ചേര്‍ക്കും. പുളിങ്കുരുവിന് കിലോയ്ക്ക് 15 രൂപയാണുള്ളത്.

പുളിയിലയ്ക്കും ഞരമ്പിനും ഡിമാന്‍ഡ്

ആയുര്‍വേദത്തിലും ഔഷധവ്യവസായത്തിലും പുളിയുടെ ഇലയും ഇല കളഞ്ഞ ഞരമ്പും വ്യാപകമായി ഉപയോഗിക്കുന്നു. പുളിയില പൂര്‍ണമായി കൊട്ടന്‍ചുക്കാദി ചൂര്‍ണത്തിലും പുളിഞരമ്പ് രാസ്നാദി ചൂര്‍ണത്തിലും ചേര്‍ക്കുന്നു. പുളിയുടെ തളിരിലയും പൂവും പല കറിക്കൂട്ടുകളിലും അച്ചാറുകളിലും ധാരാളം ഉപയോഗിക്കുന്നുണ്ട്. ഇതിന് കിലോയ്ക്ക് 30 രൂപ വരെ ലഭിക്കും. ആയുര്‍വേദ ഔഷധനിര്‍മാണത്തിന് പുളിവിറകാണ് ഉപയോഗിക്കുക.

ജനിതകശേഖരം സംരക്ഷിക്കും

പുളിയുടെ ജനിതകശേഖരം സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. ഗുണത്തിലും രുചിയിലും ഉത്പാദനത്തിലും വൈവിധ്യമുള്ള തേന്‍പുളി, വാളന്‍പുളി, മധുരപ്പുളി, പച്ചപ്പുളി, കുമ്പളപ്പുളി അങ്ങനെ നിരവധി ഇനങ്ങളുണ്ട്. കേരളത്തില്‍ കാലിത്തീറ്റയായാണ് പുളിങ്കുരു കൂടുതലും ഉപയോഗിക്കുന്നത്. കേരളത്തില്‍നിന്ന് പുളിങ്കുരു തമിഴ്നാട്ടിലേയ്ക്ക് കയറ്റിയയച്ച് അവിടെനിന്നാണ് മറ്റ് രാജ്യങ്ങളിലേയ്ക്ക് കയറ്റി അയയ്ക്കുന്നത്. കാരണം പുളിങ്കുരുവിന്റെ തോട് കളയാനുള്ള യന്ത്രസംവിധാനങ്ങള്‍ തമിഴ്നാട്ടിലാണുള്ളത്. -ഡോ. ജലജ എസ്. മേനോന്‍ കാര്‍ഷിക സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസ്സറും മാടക്കത്തറ കശുമാവ് ഗവേഷണകേന്ദ്രം മേധാവിയുമാണ്.

Content Highlights: Agriculture Features: Tamarind export to over 60 countries