പ്രതീകാത്മക ചിത്രം | ഫോട്ടോ : മാതൃഭൂമി
അധികം പരിചരണം വേണ്ടാത്ത, എന്നാല്‍ കേരളീയര്‍ വേണ്ടത്ര പരിഗണന നല്‍കാത്ത പോഷകസമൃദ്ധമായ പച്ചക്കറിയാണ് വാളരിപ്പയര്‍. വാളമര എന്നപേരിലും അറിയപ്പെടുന്നു. വാളിന്റെ ആകൃതി ഉള്ളതിനാലാണ് ഈ പേര് വരാന്‍ കാരണം. രണ്ടിനങ്ങളാണുള്ളത്. പടരുന്ന, വര്‍ഷങ്ങളോളം വിളവ് നല്‍കുന്നവയും കുറ്റിയായി വളരുന്നവയും. നനയ്ക്കാന്‍ സൗകര്യമുണ്ടെങ്കില്‍ എല്ലാകാലത്തും ഏതുതരം മണ്ണിലും കൃഷിചെയ്യാന്‍ സാധിക്കുന്ന വാളരിപ്പയറിന്റെ പൊതുവായ കൃഷിക്കാലം മേയ്-ജൂണ്‍, സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളാണ്.
കൃഷിരീതി
സൂര്യപ്രകാശം ഏറെയിഷ്ടപ്പെടുന്ന വിളയാണിത്. 45 സെന്റീമീറ്റര്‍ ആരത്തിലും 10 സെന്റീമീറ്റര്‍ ആഴത്തിലും കുഴികളെടുക്കുക. വെള്ളക്കെട്ട് ഉണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ തടങ്ങളില്‍ വേണം തുടങ്ങാന്‍. മേല്‍പ്പറഞ്ഞ കുഴികളില്‍ ലഭ്യമായ കാലിവളമോ ജീര്‍ണിച്ച കോഴി, ആട്ടിന്‍ കാഷ്ഠമോ ഒരു കുട്ട അടിവളമായി മണ്ണിനോട് ഇളക്കിച്ചേര്‍ക്കാന്‍ ശ്രദ്ധിക്കണം. ഒരു കുഴിയില്‍ കുറ്റിവാളരി ആണെങ്കില്‍ 3-4 വിത്ത് നടാം. വള്ളിയായി പടരുന്നവയാണെങ്കില്‍ രണ്ട് വിത്ത് നടാം. കുറ്റിവാളരി നടുമ്പോള്‍ കുഴികള്‍ തമ്മില്‍ 80 സെന്റീമീറ്റര്‍ അകലവും പടരുന്നവയാണെങ്കില്‍ രണ്ട് മീറ്റര്‍ അകലവും വേണം. പടരുന്നവയ്ക്ക് ശക്തമായ പന്തല്‍ വേണം.
ഗ്രോബാഗിലാണെങ്കില്‍ ഒരുവിത്ത് നടുക. വിത്തിന്റെ മുളയ്ക്കല്‍ശേഷി വര്‍ധിപ്പിക്കാന്‍ രണ്ട് മിനിറ്റ് വരെ ചെറു ചൂടുവെള്ളത്തില്‍ കുതിര്‍ക്കുന്നത് സുഷുപ്തിയില്‍ ആണ്ടിരിക്കുന്ന വിത്തുകള്‍ മുളയ്ക്കാന്‍ സഹായിക്കും. രണ്ട്-മൂന്ന് ദിവസം ഇടവിട്ട് നനയ്ക്കുകയും രണ്ടാഴ്ചയിലൊരിക്കല്‍ പച്ചച്ചാണകം പുളിപ്പിച്ചതോ മറ്റ് ലഭ്യമായ ജൈവവളങ്ങളും നല്‍കുന്നത് ചെടികളുടെ വേഗത്തിലും കരുത്തോടെയുമുള്ള വളര്‍ച്ചയെയും നന്നായി പൂക്കാനും കായ്ക്കാനും സഹായിക്കും.
വിളവെടുപ്പ്
നാലംഗങ്ങളുള്ള ഒരുവീട്ടില്‍ രണ്ട് തടത്തില്‍ വാളരി കൃഷിചെയ്താല്‍ ആ കുടുംബത്തിനാവശ്യമായ പയര്‍ ലഭിക്കും. ഇളം പയറാണ് സ്വാദേറിയത്. ചുരുക്കംചില ഇനങ്ങളില്‍ കാണപ്പെടുന്ന കട്ട് അഥവാ ദുസ്വാദ് ഒഴിവാക്കാന്‍ വെള്ളത്തില്‍ തിളപ്പിച്ച് ആ വെള്ളം ഒഴിവാക്കിയാല്‍ മതിയാകും.
മേല്‍പ്പറഞ്ഞരീതിയില്‍ കൃഷി ചെയ്താല്‍ ഒരു ചെടിയില്‍നിന്നും ഒരുവര്‍ഷം കുറ്റിയാണെങ്കില്‍ അഞ്ച് കിലോയും പടരുന്ന ഇനമാണെങ്കില്‍ 10 കിലോയ്ക്കുമുകളിലും വിളവ് ലഭിക്കും. ഇവയില്‍ കീടരോഗബാധ പൊതുവേ കാണാറില്ല. എന്നിരുന്നാലും ചില സാഹചര്യങ്ങളില്‍ ചാഴിയുടെ ഉപദ്രവം കാണാറുണ്ട്. ഇതിനായി ബിവേറിയ ബാസിയാന എന്ന മിത്രകുമിള്‍ 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി ചാഴികളില്‍ തളിക്കുക. 48 മണിക്കൂര്‍കൊണ്ട് ഈ മിത്രകുമിള്‍ ചാഴിയുടെ ദേഹത്ത് വളര്‍ന്ന് അവയെ നശിപ്പിക്കുന്നു.
(കോഴിക്കോട് തുറയൂര്‍ കൃഷിഭവനില്‍ കൃഷി അസിസ്റ്റന്റ് ആണ് ലേഖകന്‍)
Content Highlights: sword bean cultivation should be encouraged more to protein rich and tasty beans
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..