ത്മവിശ്വാസമുണ്ടെങ്കില്‍ ഒരു പ്രതിസന്ധിക്കും ആരെയും തളര്‍ത്താനാവില്ല. മുരടിച്ചുപോയ പ്രതീക്ഷകളെയെല്ലാം അധ്വാനംകൊണ്ട് തിരികെപ്പിടിക്കുന്ന എം. സന്തോഷ് ഇത് തെളിയിക്കുന്നത് സ്വന്തം ജീവിതത്തിലൂടെയാണ്. ശ്രീകൃഷ്ണപുരം മുണ്ടക്കോട് സന്ധ്യാനിലയത്തിലെ സന്തോഷിന് (40) ഇരുകാലിനും ശേഷിക്കുറവുള്ളതിനാല്‍ നിവര്‍ന്ന് നില്‍ക്കാനാവില്ല. വേണ്ടത്ര വിദ്യാഭ്യാസം ലഭിച്ചിട്ടില്ല. വലിയ സാമ്പത്തികശേഷിയില്ല. എങ്കിലും ഒന്നിനോടും പിന്തിരിഞ്ഞ് നില്‍ക്കില്ല സന്തോഷ്. ഒന്നിനുപുറകെ ഒന്നായിവന്ന ദുരിതങ്ങളെയെല്ലാം ചിരിച്ചുകൊണ്ട് നേരിടുകയാണ് അദ്ദേഹം.

ശാരീരിക പരിമിതികളെയും കുടുംബത്തിലെ കഷ്ടതകളെയും മറികടന്ന് വാച്ച് നേരെയാക്കുന്ന ഒരുകൈത്തൊഴില്‍ പഠിച്ചെടുത്തതുമുതല്‍ തുടങ്ങുന്നു ആ കഥ. പിന്നീട് മാറിയകാലത്ത് മൊബൈല്‍ റിപ്പയറിങ്ങും ആരംഭിച്ച് കുടുംബത്തിന് താങ്ങായി. സന്തോഷിന്റെ വാച്ച് റിപ്പയറിങ് കടയ്ക്ക് ലോക്ഡൗണ്‍കാലത്ത് പൂട്ടുവീണെങ്കിലും അപ്പോഴും ആ ചെറിയ ശരീരം തളരുന്നില്ല. മണ്ണിലിറങ്ങി അധ്വാനിക്കയാണിദ്ദേഹം.

പോളിയോ കവര്‍ന്ന കാലുകളും അച്ഛനെ കാണാതാവലും

ജനിച്ച് ഒമ്പതാംമാസത്തില്‍ ഒരു പനിവന്നതായിരുന്നു സന്തോഷിന്. പിന്നീട് രണ്ടുകാലും തളര്‍ച്ചയിലായി. കിടപ്പിലായ മകനെയും തൂക്കിയെടുത്ത് അച്ഛന്‍ ഭാസ്‌കരനും അമ്മ പ്രേമയും കയറാത്ത ആശുപത്രികളില്ല. മുട്ടിയ വാതിലുകളിലൊന്നിലും പ്രതീക്ഷയ്ക്ക് വകയുണ്ടായിരുന്നില്ല. ബലക്ഷയംവന്ന കാലുകള്‍കൊണ്ട് പ്രയോജനമില്ലെന്നായിരുന്നു ഡോക്ടര്‍മാരുടെയും വിധിയെഴുത്ത്.

മൂന്നാംക്ലാസ്വരെയുള്ള സ്‌കൂള്‍പഠനം തൃശ്ശൂരിലുള്ള സര്‍ക്കാരിന്റെ വികലാംഗപഠനകേന്ദ്രത്തിലായി. കൂലിപ്പണിചെയ്ത് ജീവിക്കുന്ന മാതാപിതാക്കള്‍ക്ക് തുടര്‍ന്ന് പഠിപ്പിക്കാന്‍ വയ്യാതായതോടെ തിരിച്ച് നാട്ടിലേക്കെത്തി. പിന്നീട് വീടിനടുത്തുള്ള ഈശ്വരമംഗലം ശ്രീരാമജയം എല്‍.പി. സ്‌കൂളില്‍ ചേര്‍ന്നു. അഞ്ചാംക്ലാസിലേക്ക് ജയിച്ചെങ്കിലും കിലോമീറ്ററുകള്‍ അകലെയുള്ള യു.പി. സ്‌കൂളിലേക്ക് പോകാന്‍ ശാരീരികപരിമിതി തടസ്സമായി. ഇതോടെ പഠനം ഉപേക്ഷിച്ചു. പിന്നീട്, വീട് മാത്രമായി ലോകം.

ഇതിനിടെ, കൂലിപ്പണിചെയ്യാനായി മലപ്പുറത്തേക്ക് പോയിരുന്ന അച്ഛനെ കാണാതായി. പോലീസില്‍ പരാതിപ്പെട്ടിട്ടും കണ്ടെത്താനായില്ല. ഇതോടെ, സന്തോഷിനെയും താഴെയുള്ള മറ്റ് മൂന്ന് മക്കളെയും നോക്കേണ്ട ബാധ്യത പൂര്‍ണമായും അമ്മ പ്രേമയുടെ ചുമലിലായി. ദാരിദ്ര്യത്തിന്റെ കയ്പുകള്‍ നേരിട്ടറിഞ്ഞ ദിവസങ്ങളായിരുന്നു പിന്നീടെന്ന് സന്തോഷ് പറയുന്നു.

പത്തുരൂപയ്ക്കുവേണ്ടി ഫോണ്‍ബൂത്തില്‍; ഒപ്പം വാച്ച് റിപ്പയറിങ് പഠനവും

പഠനംനിലച്ച് സന്തോഷ് വീട്ടിലിരിക്കുന്നതിനിടെയാണ് പരിചയക്കാരനായ ഗോപിനാഥന്‍ എന്ന കേന്ദ്രസര്‍വീസ് ഉദ്യോഗസ്ഥന്‍ സന്തോഷിന്റെ വീട്ടുകാരോട് അവന് ഒരു ജോലിയൊക്കെവേണ്ടേ എന്ന് ചോദിക്കുന്നത്. ഭിന്നശേഷിക്കാര്‍ക്ക് തൊഴില്‍ കണ്ടെത്താന്‍ പരിശീലനംനല്‍കുന്ന തിരുവനന്തപുരത്തെ വി.ആര്‍.സി. കേന്ദ്രത്തെക്കുറിച്ച് സന്തോഷ് അറിഞ്ഞതും അദ്ദേഹത്തില്‍നിന്നാണ്. 20-ാം വയസ്സില്‍ ഒരുവര്‍ഷത്തെ വാച്ച് റിപ്പയറിങ് കോഴ്‌സ് പഠിക്കാനായി തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. 

ഹോസ്റ്റല്‍ഭക്ഷണത്തിനടക്കം തുക വേണ്ടിവന്നതിനാല്‍, പഠനംകഴിഞ്ഞുള്ള സമയത്ത് പരിശീലനകേന്ദ്രത്തിന് അടുത്തുള്ള എസ്.ടി.ഡി. ഫോണ്‍ബൂത്തില്‍ പോയിത്തുടങ്ങി. വൈകീട്ട് അഞ്ചുമണിമുതല്‍ രാത്രി 12വരെ കാവല്‍ക്കാരനായി ഇരുന്നാല്‍ ഉടമ 10 രൂപ നല്‍കും. അവധിദിവസങ്ങളിലാണെങ്കില്‍ 20 രൂപയും. ആ തുക കൈയില്‍ക്കിട്ടുന്നത് തനിക്ക് വലുതായിരുന്നെന്ന് സന്തോഷ് പറയുന്നു.

സമയം നന്നായിത്തുടങ്ങിയ കാലം

വാച്ച് റിപ്പയറിങ് കോഴ്‌സ് കഴിഞ്ഞ് നാട്ടിലെത്തിയെങ്കിലും ഭിന്നശേഷിക്കാരനായതിനാല്‍ ജോലികിട്ടാന്‍ പ്രയാസമായിരുന്നു. അന്ന് സങ്കടംമാറ്റിയത് നടരാജന്‍ചേട്ടന്‍ എന്ന പരിചയക്കാരനായിരുന്നു. ശ്രീകൃഷ്ണപുരത്തുള്ള 'നടരാജ് വാച്ച് വര്‍ക്‌സ് ' എന്ന കടയില്‍ സഹായിയായി നിന്നോളാന്‍ അദ്ദേഹം സമ്മതിച്ചു. കൈകള്‍ നിലത്തുകുത്തി നിരന്നുനീങ്ങി മുക്കാല്‍മണിക്കൂറോളം പാടത്തുകൂടെയടക്കം സഞ്ചരിച്ചാലാണ് കടയിലെത്തുക. പാന്റ്സിലും ഷര്‍ട്ടിലും ചളിനിറഞ്ഞിട്ടുണ്ടാകുമെങ്കിലും നടരാജ് ചേട്ടന്‍ അതൊന്നും കാര്യമാക്കാറില്ലെന്ന് സന്തോഷ് പറയുന്നു. ഒന്നരവര്‍ഷത്തിനുശേഷം സ്വന്തംകാലില്‍ നില്‍ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇതോടെയാണ് 5,000രൂപ പലിശയ്ക്ക് കടംവാങ്ങി ഒരു പെട്ടിക്കടതുടങ്ങി സ്വന്തമായി വാച്ചുനന്നാക്കാന്‍ തീരുമാനിച്ചത്. 

മംഗലാംകുന്നില്‍ തുടങ്ങിയ കടയില്‍ അധികംവൈകാതെ തിരക്കേറി. എന്നാല്‍, മൊബൈല്‍ഫോണ്‍ വന്നതോടെ അത് കുറഞ്ഞു. ആളുകള്‍ വാച്ച് ഉപേക്ഷിക്കുന്നതായിരുന്നു കാരണം. ഇതിനിടെ, പഞ്ചായത്തില്‍നിന്നും ഭിന്നശേഷിക്കാര്‍ക്കുള്ള മുച്ചക്രവാഹനം കിട്ടി. ഇതോടെ, വാച്ചുകട പൂട്ടുന്ന വൈകുന്നേരങ്ങളില്‍ സുഹൃത്തായ ഷാജിയുടെ സഹായത്തോടെ മറ്റൊരു സുഹൃത്തിന്റെ മൊബൈല്‍ക്കടയില്‍പ്പോയി ചെറിയരീതിയില്‍ റിപ്പയറിങ്ങും പഠിച്ചു. മുമ്പെടുത്ത പലിശപ്പണം കൊടുത്തുതീര്‍ത്തതിനാല്‍ ബാങ്കില്‍നിന്ന് അഞ്ചുലക്ഷംരൂപ വായ്പയെടുത്ത് മംഗലാംകുന്നില്‍ത്തന്നെ സ്വന്തമായി ഒരു കടമുറി തുടങ്ങി. 

ഇവിടെ വാച്ച് റിപ്പയറിങ്ങിനൊപ്പം മൊബൈല്‍ റിപ്പയറിങ്ങും റീചാര്‍ജിങ്ങും തുടങ്ങിയതോടെ ദിവസവും 700 രൂപവരെ വരുമാനം കിട്ടിത്തുടങ്ങി. ഇതിനിടെ, സാക്ഷരതാമിഷന്റെ തുല്യതാപഠനത്തിന് സമയംകണ്ടെത്തി പത്താം ക്ലാസ് പരീക്ഷ പാസായി. വരുമാനംകിട്ടിയപ്പോള്‍മുതല്‍ ബാങ്ക് വായ്പ മുടക്കാറില്ലെങ്കിലും ഒരു ദിവസം കടയില്‍നിന്നും സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങിവരുമ്പോഴുണ്ടായ വാഹനാപകടം ചതിച്ചു. തോളിന് സാരമായി പരിക്കേറ്റതോടെ, കുറേക്കാലം ജോലിക്ക് പോകാന്‍ കഴിയാതായി. തിരിച്ചടവ് മുടങ്ങി. ഒരുലക്ഷത്തോളം രൂപ ഇനിയും അടച്ചുതീര്‍ക്കാനുണ്ട്. അതിനിടെയാണ് ലോക് ഡൗണിന്റെ വരവെന്ന് സന്തോഷ് പറയുന്നു. സ്വന്തമായി കടയിടാന്‍ കഴിഞ്ഞതും അനുജന്മാരായ സനോജ് (ഒട്ടോറിക്ഷാ ഡ്രൈവര്‍), സജിത്ത് (നിര്‍മാണത്തൊഴിലാളി) എന്നിവര്‍ പണിക്കുപോയിത്തുടങ്ങിയതുമാണ് കുടുംബത്തിന്റെ പ്രശ്‌നങ്ങള്‍ ഒരു പരിധിവരെ പരിഹരിച്ചത്. 

കൃഷിയിലേക്കുള്ള നടത്തം

ലോക്ഡൗണില്‍ കടയ്ക്ക് പൂട്ടുവീണതോടെയാണ് സന്തോഷ് വീട്ടുവളപ്പില്‍ കൃഷിയാരംഭിച്ചത്. വീട്ടിലേക്കാവശ്യമായ വെണ്ട, വഴുതിന, പയര്‍, ഇഞ്ചി, മഞ്ഞള്‍, കൂവ, ചക്കരക്കിഴങ്ങ് തുടങ്ങി നിരവധിവിളകള്‍ വീട് നില്‍ക്കുന്ന 10 സെന്റ് സ്ഥലത്ത് വെച്ചിട്ടുണ്ട്. നിലത്തിരുന്ന് നിരങ്ങിനീങ്ങി കൃഷിയിടത്തിലെത്തുന്ന സന്തോഷ് തന്നെയാണ് തൂമ്പയുടെ വായ്ഭാഗംകൊണ്ട് മണ്ണ് കിളച്ച് വിത്ത് നടുന്നത്. സഹോദരിയുടെ മക്കളായ അദില്‍കൃഷ്ണ (ആറാം ക്ലാസ്), ആദികൃഷ്ണ (നാലാം ക്ലാസ് ) എന്നിവര്‍ സ്‌കൂളില്ലാതായതോടെ ചെടിനനയ്ക്കാനും മറ്റും ഒപ്പം കൂടുന്നുണ്ട്. വീട്ടാവശ്യത്തിനുള്ള പച്ചക്കറി ഉത്പാദിപ്പിക്കയാണ് ലക്ഷ്യമെന്നും, വില്‍പ്പന നടത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും സന്തോഷ് പറഞ്ഞു. ലോക്ഡൗണ്‍ തീരുംവരെ കൃഷിയിടത്തില്‍ തുടരാനാണ് തീരുമാനമെന്നും മഴമാത്രമാണ് കൃഷിക്ക് തടസ്സമാകുന്നതെന്നും സന്തോഷ് ചിരിച്ചുകൊണ്ട് പറയുന്നു.

Content Highlights: Survival story of polio victim K Santosh from Palakkad