രിതീയില്‍നിന്ന് വറചട്ടിയിലേക്ക് വീഴുന്ന കര്‍ഷകന്റെ പ്രതീകമാണ് കുളമ്പുകാല്‍ ഇടയില്ല്യം തറവാട്ടിലെ രാഘവന്‍ നായര്‍ എന്ന എഴുപത്തൊന്‍പതുകാരന്‍. പാരമ്പര്യമായി കിട്ടിയ കൃഷിയില്‍ അറുപതുവര്‍ഷമായുണ്ട് അദ്ദേഹം. ''അച്ഛന്റെ കാലത്ത് തുടങ്ങിയതാണ് കവുങ്ങുകൃഷി. 90 വര്‍ഷമെങ്കിലും ആയിക്കാണും.''-അദ്ദേഹം ഓര്‍ക്കുന്നു.

അഞ്ച് സുരങ്കകളും മൂന്ന് കുളങ്ങളും ഒരു കിണറും ഒരു കുഴല്‍ക്കിണറുമുണ്ട് അഞ്ച് ഏക്കറോളംവരുന്ന അദ്ദേഹത്തിന്റെ പറമ്പില്‍. മൂന്ന് സുരങ്കകളിലെ വെള്ളം ഒരു കുളത്തിലേക്ക് വരും. ഈ കുളത്തില്‍നിന്ന് പമ്പുവെച്ച് കവുങ്ങ് നനയ്ക്കും. രണ്ടേക്കറില്‍ത്താഴെയുള്ള സ്ഥലത്താണ് കവുങ്ങുകൃഷി. ആകെ എഴുനൂറോളം കവുങ്ങുകള്‍. മാര്‍ച്ച് പകുതിയോടെ സുരങ്കകളും കുളവും വറ്റി. നനനിര്‍ത്തി. 

പറമ്പില്‍ നേരത്തേ വാഴയും മറ്റ് ഇടവിളകളും ഉണ്ടായിരുന്നു. അത് വന്യമൃഗശല്യത്താല്‍ പൂര്‍ണമായി ഇല്ലാതായി. കുറേഭാഗം തെങ്ങായിരുന്നു. അത് മുമ്പേ ഇടിവെട്ടി ഉണങ്ങിപ്പോയി. അവിടെ റബ്ബര്‍ കൃഷിയിറക്കി. റബ്ബര്‍മരം മൂത്ത് പാകമായി. പക്ഷെ, ടാപ്പിങ്ങിന് ആളെക്കിട്ടാത്തതിനാല്‍ വെറുതെയിട്ടിരിക്കുന്നു. കാടുപിടിച്ചുകിടക്കുകയാണ് തോട്ടം. പറമ്പിലെ ശേഷിച്ച ആശ്രയിക്കാവുന്ന ഓരേയൊരു ദീര്‍ഘകാല വിളയാണ് കവുങ്ങ്. അതില്‍ പാതിയും ഈ വരള്‍ച്ചയില്‍ ഉണങ്ങിപ്പോയി. അല്ലാത്തവയിലെ പൂക്കുലകള്‍ കരിഞ്ഞു. വരുന്നവര്‍ഷം ആദായം പൂജ്യമായിരിക്കുമെന്ന് തോട്ടംകാണുന്ന ആര്‍ക്കും മനസ്സിലാകും.

മാര്‍ച്ച് പാതിയായപ്പോഴേക്കും രാഘവന്‍ നായര്‍ക്ക് രക്തത്തില്‍ പഴുപ്പ് ബാധയും നടുവുവേദനയും വന്നിരുന്നു. മംഗളൂരുവില്‍ ഒരുമാസത്തെ ചികിത്സയ്ക്ക് പോകേണ്ടിവന്നു. വീട്ടില്‍നിന്നിറങ്ങുമ്പോള്‍ കവുങ്ങുകള്‍ ആരോഗ്യത്തോടെയുണ്ട്, നനയ്ക്കുന്നുണ്ടായിരുന്നല്ലോ. ചികിത്സകഴിഞ്ഞ് തിരികെവരുമ്പോള്‍ കണ്ടത് തന്നെക്കാള്‍ അവശതയിലായ കവുങ്ങിന്‍തോപ്പാണ്. 

Cashewnut Tree
കവുങ്ങിനുപകരം കൃഷിചെയ്യാന്‍ തീരുമാനിച്ച കശുമാവിന്‍തൈകള്‍ക്കരികെ കര്‍ഷകന്‍ രാഘവന്‍ നായര്‍.

ഒരുതുള്ളിവെള്ളംകിട്ടാതെ ഉണങ്ങുകയാണ് ഓരോ കവുങ്ങും. വിതുമ്പിപ്പോയി രാഘവന്‍ നായര്‍. നശിച്ചുകൊണ്ടിരിക്കുന്ന കവുങ്ങുകളെ പറമ്പില്‍ അനാഥമാക്കിവിട്ട് വീട്ടിലേക്ക് കയറാന്‍ അദ്ദേഹത്തിന് മനസ്സുവന്നില്ല. വീട്ടുകാര്‍ ഒത്തിരി നിര്‍ബന്ധിച്ചാണ് അകത്തുകയറിയത്. പക്ഷെ, കവുങ്ങുകൃഷി അവസാനിപ്പിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. 

കൂണ്ടാറിലെ കാര്‍ഷികകേന്ദ്രത്തില്‍ മകനെ പറഞ്ഞുവിട്ട് നൂറ് കശുമാവിന്‍തൈകള്‍ വാങ്ങി. കവുങ്ങിന്‍തോപ്പില്‍ കുഴിയെടുത്തു, മഴയെത്തുമ്പോള്‍ നടാന്‍. ''ഇനി ഞാന്‍ കവുങ്ങുകൃഷിയിലേക്കില്ല. ഭാവിയില്‍ ഇത്രപോലും വെള്ളംകിട്ടില്ല. കവുങ്ങുകള്‍ കൂട്ടത്തോടെ ഉണങ്ങുന്നത് കാണേണ്ടിവരും. എനിക്ക് വയ്യ. കശുമാവാണെങ്കില്‍ നനയ്‌ക്കേണ്ടല്ലോ.'' സ്വയം സമാധാനം കണ്ടെത്തി അദ്ദേഹം.

കാസര്‍കോട് ഇതാ ഇവിടെ

ജലസേചനത്തെ കാര്യമായി ആശ്രയിക്കുന്നു കവുങ്ങുകൃഷി. വെള്ളംകിട്ടാത്ത സാഹചര്യത്തില്‍ ആളുകള്‍ അതില്‍നിന്ന് പിന്‍വാങ്ങുക സ്വാഭാവികം. പക്ഷെ, കാസര്‍കോടിന്റെ സമ്പദ്വ്യവസ്ഥയില്‍ അടയ്ക്ക എവിടെ നില്‍ക്കുന്നുവെന്ന് മനസ്സിലായാലേ അതിന്റെ നഷ്ടം വ്യക്തമാകൂ. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിന്റെ (സി.പി.സി.ആര്‍.ഐ.) കണക്കുപ്രകാരം ലോകത്ത് അടയ്ക്കാ ഉത്പാദനത്തില്‍ ഒന്നാമതാണ് ഇന്ത്യ. 4,53,600 ഹെക്ടര്‍ വിസ്തൃതി, 6,32,600 ടണ്‍ ഉത്പാദനം, ഹെക്ടറിന് 1,395 കിലോഗ്രാം ഉത്പാദനക്ഷമത (പൈ ചാര്‍ട്ട് -1). 

Graph
ലോകത്തിലെ അടക്ക ഉത്പാദനത്തില്‍ ഇന്ത്യയുടെ പങ്ക്.(പൈ ചാര്‍ട്ട്-1 അവലംബം: സി.പി.സി.ആര്‍.ഐ)

ഇന്ത്യയില്‍ ഒന്നാംസ്ഥാനത്ത് കര്‍ണാടകം. വിസ്തൃതി 2,21,400 ഹെക്ടര്‍, ഉത്പാദനം 3,58,600 ടണ്‍, ഉത്പാദനക്ഷമത ഹെക്ടറിന് 1,620 കിലോഗാം. രണ്ടാംസ്ഥാനത്ത് കേരളമാണ്. 1,01,700 ഹെക്ടര്‍ വിസ്തൃതി, 1,18,200 ടണ്‍ ഉത്പാദനം, ഹെക്ടറിന് 1,162 കിലോഗ്രാം ഉത്പാദനക്ഷമത (പൈ ചാര്‍ട്ട്-2). കേരളത്തില്‍ ഏറ്റവുംമുന്നില്‍ കാസര്‍കോടാണ്. സംസ്ഥാന സ്ഥിതിവിവരക്കണക്ക് വകുപ്പിന്റെ കണക്കുപ്രകാരം വിസ്തൃതി 20,191.93 ഹെക്ടര്‍, ഉത്പാദനം 47,323 ടണ്‍, ഉത്പാദനക്ഷമത 2,344 കിലോഗ്രാം. (സംസ്ഥാന സര്‍ക്കാരിന്റെയും തോട്ടവിള ഗവേഷണ കേന്ദ്രത്തിന്റെയും കണക്കുകള്‍ തമ്മില്‍ അന്തരമുണ്ട്. പക്ഷെ, സ്ഥാനങ്ങളില്‍ മാറ്റമില്ല).

Graph
ഇന്ത്യയിലെ അടക്ക ഉത്പാദനത്തില്‍ കേരളത്തിന്റെ പങ്ക്.(പൈ ചാര്‍ട്ട്-2 അവലംബം: സി.പി.സി.ആര്‍.ഐ)

കേരളത്തെയും ഇന്ത്യയെയും ലോകത്തെയും മറികടന്ന് ഉത്പാദനക്ഷമതയില്‍ ഒന്നാമത് നില്‍ക്കുന്നു കാസര്‍കോടന്‍ അടയ്ക്ക. കേരളത്തില്‍ ഉത്പാദനക്ഷമതയില്‍ രണ്ടാംസ്ഥാനത്ത് നില്‍ക്കുന്ന കണ്ണൂരില്‍ ഹെക്ടറിന് 1,267 കിലോഗ്രാം മാത്രമാണ്. കാസര്‍കോടിന്റെ പകുതിയില്‍ അല്‍പ്പംകൂടുതല്‍. 2016-17 ല്‍ 1344.05 കോടി രൂപയുടെ അടയ്ക്ക ഇവിടെ ഉത്പാദിപ്പിച്ചതായാണ് സര്‍ക്കാര്‍ കണക്ക്. ഇതുമുഴുവന്‍ ഗുജറാത്തുപോലുള്ള ഇതരസംസ്ഥാനങ്ങളിലേക്കാണ് പോയത്. അവിടുത്തെ പണം ഇങ്ങോട്ടുവരികയാണ് ചെയ്തതെന്നര്‍ഥം. വരള്‍ച്ച ഇത്തരം വരുമാനസാധ്യതകള്‍ ഇല്ലാതാക്കി.

വെള്ളം കുടിയ്ക്കുന്നു, കവുങ്ങും കര്‍ഷകരും

''ഒരുതവണകൂടി ഞാന്‍ പരീക്ഷിക്കും. അതും പരാജയപ്പെട്ടാല്‍ പിന്‍മാറാന്‍ നിര്‍ബന്ധിതമാകും. എനിക്കുപക്ഷെ മറ്റ് ജോലിയൊന്നും അറിയില്ല.'' നൂറുകണക്കിന് കവുങ്ങ് ഉണങ്ങിപ്പോയ ശാന്തിനഗര്‍ കരണിയിലെ ഇ.കെ.രാജേഷ് എന്ന കര്‍ഷകന്‍ പറയുന്നു. രാജേഷിന്റെ പറമ്പിനോടനുബന്ധിച്ച് 15 വര്‍ഷംമുമ്പുള്ള ക്വാറിയുടെ കൂറ്റന്‍ കുഴിയുണ്ട്. അതിലെ വെള്ളമാണ് പറമ്പ് നനയ്ക്കാന്‍ ഉപയോഗിച്ചിരുന്നത്. 

ഇതുവരെ വറ്റാതിരുന്ന കുഴി ഇത്തവണ ഏപ്രില്‍ ആയപ്പോഴേക്കും വറ്റി. ഇതിന് തൊട്ടുചേര്‍ന്ന ചെറിയ ചാലൊഴുകിയിരുന്നത് നേരത്തേ വരണ്ടിരുന്നു. വരള്‍ച്ച രൂക്ഷമായപ്പോള്‍ ഇവിടുത്തെ കവുങ്ങുമാത്രമല്ല ഉണങ്ങിയത്. കവുങ്ങിന്‍പാടത്തെ പുല്ലും ഉണങ്ങി. പശുവിന് തീറ്റയില്ലാതായി. പാല് കുറഞ്ഞു, വരുമാനം കുറഞ്ഞു. ഈവര്‍ഷം പുതിയ കവുങ്ങിന്‍തൈ വാങ്ങിവെയ്ക്കാനാണ് രാജേഷ് ഉദ്ദേശിക്കുന്നത്, അടുത്തവര്‍ഷം വരള്‍ച്ചയുണ്ടാകില്ലെന്ന പ്രതീക്ഷയില്‍.

Diagram
കേരളത്തിലെ വിവിധ ജില്ലകളിലെ അടക്ക ഉത്പാദനവും ഉത്പാദനക്ഷമതയും. രണ്ടിലും മറ്റുജില്ലകളെക്കാള്‍ വളരെ മുന്നിലാണ് കാസര്‍കോട്. അവലംബം സംസ്ഥാന സ്ഥിതിവിവരക്കണക്ക് വിഭാഗം.

കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധിയും അതാണ്. മഴ പൊതുവെ കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ വീണ്ടും കവുങ്ങുകൃഷിചെയ്യുന്നത് അബദ്ധമാകുമോ എന്ന ഭയം. രാഘവന്‍ നായരെപ്പോലെ ചിലര്‍ പിന്‍വാങ്ങുന്നു. രാജേഷിനെപ്പോലെ ചിലര്‍ ഒരുപരീക്ഷണത്തിനുകൂടി മുതിരുന്നു.

''കാസര്‍കോട്ടെയും ദക്ഷിണ കാനറയിലെയും കവുങ്ങുകൃഷി മിക്കവാറും വേനലില്‍ നനയ്ക്കുന്നതാണ്. നൂറുശതമാനം എന്നുതന്നെ പറയാം. ഉത്പാദനക്ഷമത കൂടാനുള്ള പ്രധാന കാരണവും അതാണ്. ജലസേചനസാധ്യതയില്ലെങ്കില്‍ കൃഷി വലിയ പ്രതിസന്ധിനേരിടും.'' -കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞന്‍ ഡോ. കെ.ഷംസുദ്ദീന്‍ ചൂണ്ടിക്കാട്ടുന്നു. 

കവുങ്ങിനെയപേക്ഷിച്ച് ഇവിടുത്തെ തെങ്ങ് വരള്‍ച്ചയെ കൂടുതല്‍ അതിജീവിച്ചത് നനയ്ക്കുന്നത് കുറവായതുകൊണ്ടാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. കവുങ്ങിന് ദിവസം 30 ലിറ്റര്‍ വെള്ളമെന്നാണ് കണക്ക്. തെങ്ങിന് 50 ലിറ്ററും. എല്ലാ സ്രോതസ്സുകളും വറ്റുന്ന സാഹചര്യത്തില്‍ ഇരുപതിനായിരത്തില്‍പ്പരം ഹെക്ടര്‍ പ്രദേശത്തെ കവുങ്ങ് നനയ്ക്കാന്‍ വേനലില്‍ നമ്മള്‍ എവിടുന്ന് വെള്ളം കൊണ്ടുവരും?

(തുടരും)

Content Highlights: Sufferings Of Arecanut Farmers