നാടെങ്ങും വയല്‍ നികത്തി കരയാക്കുന്നെന്ന പരിദേവനങ്ങളേ കേള്‍ക്കാനുള്ളൂ. എന്നാല്‍ കരഭൂമി നെല്‍വയലാക്കി വിജയത്തിന്റെ പൊന്‍കതിര്‍ കൊയ്‌തെടുത്ത കഥയാണ് പുനലൂരിലെ കലയനാടിന് പറയാനുള്ളത്. കോവിഡ് കാലത്ത് വിദേശത്തേക്ക് മടങ്ങാനാകാതെ വന്ന പ്രവാസി സഹോദരന്മാരുടേതാണ് ഈ കാര്‍ഷിക വിജയഗാഥ.

വീട്ടുമുറ്റത്തെ 25 സെന്റ് കരഭൂമി വയലാക്കി നൂറുമേനി കൊയ്‌തെടുത്തത് പുനലൂര്‍ നഗരസഭയിലെ കലയനാട് പുഷ്പമംഗലം പാറയില്‍ വീട്ടില്‍ ഷിബുവും അനുജന്‍ ഷിജുവുമാണ്. അച്ഛന്റെ മരണാനന്തര ചടങ്ങുകള്‍ക്കായി നൈജീരിയയില്‍നിന്നു നാട്ടിലെത്തിയ ഇരുവര്‍ക്കും അടച്ചിടല്‍മൂലം മടങ്ങാനാകാതെ വന്നതാണ് നെല്‍ക്കൃഷിയില്‍ കശാലിച്ചത്.

20 വര്‍ഷമായി നൈജീരിയയില്‍ ഓട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്പ് ഉള്‍പ്പെടെയുള്ള ബിസിനസ് ചെയ്യുന്നവരാണ് ഇരുവരും. വയലുകളാല്‍ സമൃദ്ധമായിരുന്ന കലയനാടിന്റെ ഓര്‍മകളാണ് നെല്‍ക്കൃഷി പരീക്ഷിക്കാന്‍ ഇവരെ പ്രേരിപ്പിച്ചത്. പിന്നെ വൈകിയില്ല. മണ്ണുമാന്തിയന്ത്രമെത്തിച്ച് കരഭൂമി വയലാക്കി. നൂറനാട്ടുനിന്ന് ചേറാടിവിത്ത് എത്തിച്ചു.

വിതയ്ക്കാനും കളപറിക്കാനും കുടുംബാംഗങ്ങളും കൂടി. സുഹൃത്തുക്കളും ബന്ധുക്കളും റോട്ടറി ക്ലബ്ബ് അംഗങ്ങളും പിന്തുണയേകി. ആറുമാസത്തെ കൃഷിക്കൊടുവില്‍ ഉത്സവാഘോഷത്തില്‍ കഴിഞ്ഞദിവസം കൊയ്ത്ത് നടത്തി.നെല്‍ക്കൃഷിക്കു പുറമേ ഇവര്‍ കറവൂരില്‍ ഉള്‍പ്പെടെ നാലരയേക്കര്‍ സ്ഥലത്ത് മറ്റു കൃഷികളും ചെയ്യുന്നുണ്ട്.

നെല്‍ക്കൃഷി ഉപേക്ഷിക്കില്ല

നെല്‍ക്കൃഷി ഉപേക്ഷിക്കാന്‍ ഉദ്ദേശ്യമില്ല. കൊയ്ത്തു കഴിഞ്ഞ വയലില്‍ അടുത്തയാഴ്ച വീണ്ടും വിത്തുവിതയ്ക്കും. ലാഭമോ നഷ്ടമോ നോക്കില്ല. കൃഷിയോടുള്ള വൈകാരികബന്ധം കൊണ്ടാണ് കരഭൂമി വയലാക്കിയത്. പുതിയ തലമുറയിലെ നിരവധിപേര്‍ കൃഷിയും കൊയ്ത്തും കാണാന്‍ എത്തിയിരുന്നു.  മുന്‍പ് നാട്ടില്‍ വരുമ്പോള്‍ തമിഴ്‌നാട്ടിലെ ചെങ്കോട്ടയില്‍ കൊണ്ടുപോയാണ് മക്കളെ നെല്‍പ്പാടം കാണിച്ചിരുന്നത്. ഇനി ആ ഗതി ഉണ്ടാകരുതെന്നു കരുതി.- ഷിബു, ഷിജു

Content Highlights: Success story of brothers in paddy cultivation