ഥകളിക്കുമാത്രമല്ല മറ്റുപലതിനും പേരുകേട്ടതാണ് ചേലിയ എന്ന ഗ്രാമം. എന്നാല്‍ ഗുരു ചേമഞ്ചേരിയുടെ നാട്ടിലെ യുവ കര്‍ഷകസംഘം ഈ കോവിഡ്കാലത്തും തങ്ങളുടെ കൂട്ടായ ജൈവകൃഷിയിലൂടെ നാടിന്റെ പെരുമയുയര്‍ത്തുന്നു. നവഭാരതി സ്വയംസഹായസംഘം എന്ന കൂട്ടായ്മയാണ് ഈ ദുരിതകാലത്തും അതിജീവനത്തിന്റെ വിത്തിറക്കുന്നത്.

സഹായസംഘം

ഇത് ശരിക്കും ഒരു 'സ്വയംസഹായസംഘം' തന്നെയാണ്. 16 പേരടങ്ങുന്ന ഈ കൂട്ടായ്മ പത്തുവര്‍ഷമായി ചേലിയയില്‍ പ്രവര്‍ത്തനം തുടങ്ങിയിട്ട്. സ്വാശ്രയ ഗ്രാമത്തിന്റെ ആവശ്യകതയും സര്‍ക്കാരുകളുടെ പ്രോത്സാഹനവുമാണ് കൃഷിയിലേക്ക് ഇറങ്ങാന്‍ ഇവരെ പ്രേരിപ്പിച്ചത്. മറ്റ് കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളും ചില്ലറ ജൈവകൃഷിയും നടത്തിയിരുന്ന സംഘം ലോക്ഡൗണ്‍ കാലത്താണ് വ്യാപകമായി കാര്‍ഷിപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്.

നെല്ല്, ചേന, ചേമ്പ്, കപ്പ

നാലേക്കറോളം വരുന്ന സ്ഥലത്ത് വിവിധ കൃഷികള്‍ ഇവര്‍ നടത്തിവരുന്നു. രണ്ടേക്കര്‍ സ്ഥലത്ത് തികച്ചും ജൈവ രീതിയില്‍ കൃഷി ചെയ്യുന്ന നെല്ലാണ്. ഐശ്വര്യ നെല്‍വിത്ത് ആണ് വിതച്ചിട്ടുള്ളത്. കന്നിയില്‍ വിളവെടുക്കുന്ന ഇനമാണിത്. ഇപ്പോഴത്തെ തീവ്രമഴ നെല്ലിന്റെ കതിരുകളെ ബാധിച്ചിട്ടുണ്ട്. എങ്കിലും തങ്ങളുടെ അധ്വാനത്തിന് ഫലം കിട്ടുമെന്നാണ് ഇവരുടെ വിശ്വാസം. മറ്റിടങ്ങളില്‍ വാഴയും കപ്പയും ചേനയും ആണ് കൃഷിചെയ്യുന്നു. ഏറെക്കാലമായി കൃഷി ചെയ്യാതിരുന്ന സ്ഥലമാണ് കൃഷിക്കായി കണ്ടെത്തിയിരിക്കുന്നത്.

നയിക്കുന്നത് ചരിചയസമ്പന്നത

പരമ്പരാഗതമായി കൃഷിക്കാരായ കുടുംബാംഗങ്ങളാണ് കൂട്ടായ്മയെ കൃഷിചെയ്തും കൃഷിപഠിപ്പിച്ചും മുന്നോട്ടുകൊണ്ടുപോകുന്നത്. നാടന്‍ വിത്തുകള്‍ സംഘടിപ്പിച്ചതും നിലമൊരുക്കിയതും പറിച്ചുനട്ട് കൃത്യമായ രീതിയില്‍ വളം ചേര്‍ത്തും ജൈവകീടനാശിനികള്‍ തളിച്ചും പരിപാലിക്കുന്നതിനും മാര്‍ഗനില്‍ദേശങ്ങള്‍ നല്‍കുന്നതും ഇവരുടെ നേതൃത്വത്തിലാണ്. സംഘത്തിന്റെ പ്രസിഡന്റ് എന്‍.കെ. ശശിയും സെക്രട്ടറി സി.കെ. നാരായണനുമാണ്

agri
നവഭാരതി സ്വയംസഹായസംഘത്തിലെ അംഗങ്ങള്‍ കൃഷിയിടത്തില്‍| Photo: Pramod Kumar Vc

കൃഷി സാമൂഹിക അകലം പാലിച്ച്

16 കുടുംബങ്ങള്‍ അംഗങ്ങളായുണ്ടെങ്കിലും കൃഷിജോലികളെല്ലാം ചെയ്യുന്ന തികച്ചും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ചുകൊണ്ടുതന്നെയാണ്. ഒരു ദിവസം നാലില്‍ക്കൂടുതല്‍ ആളുകള്‍ കൃഷി ജോലിക്കിറങ്ങാറില്ല. ഊഴമിട്ടാണ് ഓരോദിവസവും പണിക്കിറങ്ങുക. മുഖാവരണങ്ങള്‍ അണിഞ്ഞും ഇടയ്ക്കിടെ കൈകള്‍ കഴുകാനുള്ള സൗകര്യമൊരുക്കിയും ആണ് വയലിലെ ജോലി. 

കൊറേണക്കാലത്തെ മനം മടുപ്പിക്കുന്ന ഏകാന്തതയില്‍ ഒരു സാന്ത്വനമാണ് കൂട്ടു കൃഷിയെന്ന് അംഗങ്ങള്‍ ഒരേ സ്വരത്തില്‍ പറയുന്നു. അടുത്ത പ്രദേശങ്ങളില്‍ത്തന്നെ യാണ് വിപണനവും. പ്രദേശത്തുകാര്‍ കൃഷിയിടത്തിലെത്തിയും സാധനങ്ങള്‍ വാങ്ങിക്കൊണ്ടുപോകുന്നുണ്ട്.

ജൈവവളങ്ങള്‍ മാത്രം

മണ്ണിനെ നശിപ്പിക്കുന്ന രാസവളങ്ങളും രാസകീടനാശിനികളും ഉപയോഗിക്കരുതെന്ന നിര്‍ബന്ധത്തില്‍ വളമായി ഉപയോഗിക്കുന്നത് ചാണകവും ഗോമൂത്രവും പിന്നെ കടലപ്പിണ്ണാക്കുമാണ്. എല്ലുപൊടി, വേപ്പിന്‍പിണ്ണാക്ക് എന്നിവും ആവശ്യാനുസരണം ചേര്‍ക്കുന്നുണ്ട്. രാസകീടനാശിനികള്‍ ഒന്നുംതന്നെ ഇവര്‍ കൃഷിയിടത്തില്‍ ഉപയോഗിക്കുന്നില്ല. വേപ്പെണ്ണ എമെല്‍ഷന്‍, പുകയില ബാര്‍സോപ്പ് കഷായം, വെളുത്തുള്ളി-കാന്താരി മിശ്രിതം എന്നിവയാണ് രോഗകീടങ്ങള്‍ക്ക് കൃഷിയിടത്തില്‍ ഉപയോഗിച്ചുവരുന്നത്. 

കൃഷിവകുപ്പിന്റെ മറ്റ് സഹായങ്ങളൊന്നും ലഭിച്ചിട്ടില്ലെങ്കിലും ചെങ്ങോട്ടുകാവ് പഞ്ചായത്ത് സുഭിക്ഷ കേരളം പദ്ധതിയിലുള്‍പ്പെടുത്തി സഹായത്തിന് അപേക്ഷിച്ചിട്ടുണ്ട്. അതുലഭിക്കുമെന്നാണ് പ്രതീക്ഷ. തുടര്‍ന്നുള്ള വര്‍ഷങ്ങളിലും കൂടുതല്‍ ഊര്‍ജ്ജിതമായി കൃഷി തുടരണമെന്നു തന്നെയാണ് സംഘാംഗങ്ങളുടെ ആഗ്രഹം.

Content Highlights: Success story of an agricultural self-help group