കോവിഡ് കാലത്ത് കൂട്ടായ്മയുടെ മികവില്‍ കൃഷിയില്‍ മാതൃകയാവുകയാണ് കോഴിക്കോട്, ചെറുതടത്തിലെ 15 കുടുംബങ്ങള്‍. ചെറുതടം റെസിഡന്‍ഷ്യല്‍ അസോസിയേഷന്റെ പിന്തുണയോടെ കോവിഡ് കാലം തുടങ്ങിയപ്പോള്‍ത്തന്നെ കൃഷിയിലേക്കിറങ്ങി പ്രയാസങ്ങളെ തോല്‍പ്പിക്കാന്‍ തീരുമാനിച്ചു. മൂന്നിടത്തായി നാട്ടിലെ സ്ഥലമുടമകള്‍ പാട്ടമൊന്നും വാങ്ങാതെ വിട്ടുകൊടുത്ത മൂന്നര ഏക്കറോളം സ്ഥലത്ത് കൃഷി തുടങ്ങി. 

നിത്യജീവിതത്തില്‍ ഉപയോഗിക്കുന്ന ഭക്ഷ്യവിളകള്‍ക്കാണ് മുന്‍ഗണന നല്‍കിയത്. ഒരു സ്ഥലത്ത് കപ്പക്കൃഷിയാണ് തുടങ്ങിയത്. പന്ത്രണ്ടുതരം കപ്പത്തണ്ടുകളാണ് കൃഷിചെയ്തിട്ടുള്ളത്. അടുത്ത മാസത്തോടെ വിളവെടുക്കാനാകും. ചേന, ചേമ്പ്, കൂര്‍ക്ക, കാച്ചില്‍, മധുരക്കിഴങ്ങ്, ചെറുകിഴങ്ങ്, മഞ്ഞള്‍, പച്ചക്കറി എന്നിവയാണ് മറ്റ് പ്രധാന കൃഷികള്‍.

വളമായി ചാരംമാത്രം

സമൃദ്ധമായി വളര്‍ന്നുനില്‍ക്കുന്ന കൃഷിയിടങ്ങളില്‍ ആകെ നല്‍കിയ വളം ചാരംമാത്രം. അതാകട്ടെ, 15 കുടുംബങ്ങളിലെ അടുപ്പുകളില്‍ ഉണ്ടായതുമാണ്. പണംകൊടുത്ത് ഒരു വളവും വാങ്ങുന്നില്ല.

പരിചരണംതന്നെ പ്രധാനം

കോവിഡ് കാലമായതിനാല്‍ മറ്റ് ജോലികളില്ലാതായി. ഇതാടെ നേരംപുലര്‍ന്നാല്‍ കൃഷിയിടത്തിലേക്കിറങ്ങുന്നത് കുടുംബാംഗങ്ങളുടെ ദിനചര്യയായി. മാനസിക ഐക്യവും വിട്ടുവീഴ്ചയും കൂട്ടുസംരംഭങ്ങളുടെ വിജയമന്ത്രമാണെന്നുകൂടി ഇവരില്‍നിന്ന് പഠിക്കാനുണ്ട്.

പച്ചക്കറിയില്‍ ബാലപാഠം

മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെ പച്ചക്കറിക്കൃഷി നടത്തിയതാണ് ഈ കുടുംബക്കൂട്ടായ്മയ്ക്ക് തുടക്കമിട്ടതെന്ന് നേതൃത്വം കൊടുക്കുന്ന പ്രിന്‍സ് മാമ്പറ്റ പറഞ്ഞു. മൂന്നുവര്‍ഷംമുമ്പ് ആരംഭിച്ച പച്ചക്കറിക്കൃഷിയില്‍ നല്ല വിളവ് ലഭിച്ചു. ഭക്ഷ്യാവശ്യം കഴിഞ്ഞ് വിറ്റതിലൂടെ വരുമാനവും കിട്ടി. കുടുംബക്കൂട്ടായ്മയുടെ പരസ്പര ധാരണയും ഐക്യവും തിരിച്ചറിയാനുമായി. ഇതോടെ എന്തും ഏറ്റെടുക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം ഇവരുടെ മൂലധനവുമായി. അടുത്തവര്‍ഷം കരനെല്‍ക്കൃഷി പരീക്ഷിച്ച് വിജയം ആവര്‍ത്തിച്ചു.

തുടര്‍ന്ന് കൃഷിയിടത്തിന്റെ വിസ്തൃതിയും വിളകളുടെ വൈവിധ്യവും വര്‍ധിപ്പിച്ചു. ഇന്നിപ്പോള്‍ ആരും നോക്കിനിന്നുപോകുന്ന സമൃദ്ധിയുടെ ചാരുതയുള്ള കൃഷിയിടങ്ങളാണ് ഇവരുടെ പരിചരണയില്‍ പിറവികൊണ്ടിട്ടുള്ളത്. ഒപ്പം വിഷരഹിതമായ ഭക്ഷ്യവിളകളുടെ സ്വയംപര്യാപ്തതയിലേക്ക് നാടിനെ ഉയര്‍ത്തുക കൂടിയാണ്.

ഭൂമി വിട്ടുനല്‍കിയും മാതൃക

കുടുംബക്കൂട്ടായ്മയുടെ കൂട്ടുകൃഷിക്ക് അവസരമൊരുക്കിയത് പ്രദേശത്തെ സ്ഥലമുടമകളുടെ സന്മനസ്സുകൂടിയാണ്. ഐക്യത്തോടെയുള്ള ഉത്സാഹം മനസ്സിലാക്കി.കൊറ്റങ്ങല്‍ തങ്കമണി, വത്സന്‍ കോഴിക്കോട്, ജയപ്രകാശ് കോഴിക്കോട്, ടി.സി. ആശാലത വെള്ളിമാട്കുന്ന് എന്നിവര്‍ ചെറുതടം പ്രദേശത്തുള്ള ഭൂമി ഒരു പ്രതിഫലവും വാങ്ങാതെ കൃഷിയിറക്കാന്‍ വിട്ടുകൊടുത്തു.

Content Highlights: Success story of a group of farmers from Kozhikode