ആമിന തന്റെ ഫാമിലെ ആട്ടിൻ കുട്ടികൾക്കൊപ്പം
വീട്ടമ്മയായ ആമിനയുടെ ജീവിത വിജയം ആരെയും വിസ്മയിപ്പിക്കും. കോവിഡും ലോക് ഡൗണും എല്ലാം തന്റെ കുടുംബത്തെ പട്ടിണിയിലേക്ക് തള്ളിവിട്ടപ്പോള്‍ രണ്ട് വര്‍ഷം മുമ്പ് രണ്ട് ആടുകളുമായി ഉപജീവന മാര്‍ഗം കണ്ടെത്തിയ ആമിനാ ഇന്ന് നൂറില്‍ പരം ആടുകളുള്ള ഒരു മാതൃകാ ആടുഫാമിന്റെയും, പുല്‍കൃഷി തോട്ടത്തിന്റെയും ഉടമയാണ്. കഠിന അധ്വാനവും കുടുംബത്തിന്റെ പിന്തുണയുമാണ് ആമിനാ മുഹമ്മദ് യൂസഫിനെ മികച്ച കര്‍ഷക സംരഭകയാക്കിയത് .
പിതാവ് പീര്‍ മുഹമ്മദ് വാങ്ങി നല്‍കിയ രണ്ട് ആട്ടിന്‍ കുഞ്ഞുങ്ങളെ പരിപാലിച്ചുകൊണ്ടാണ് ആമിന തന്റെ ആടുജീവിതം ആരംഭിക്കുന്നത്. ട്രാവല്‍ ഏജന്‍സി നടത്തി വന്നിരുന്ന ഭര്‍ത്താവിന്റെ ബിസിനസ് കോവിഡിനെയും, ലോക്ക് ഡൗണിനെയും തുടര്‍ന്ന് നഷ്ടത്തിലായതോടെയാണ് മറ്റൊരു ഉപജീവന മാര്‍ഗത്തെപ്പറ്റി ആമിനയും കുടുംബവും ആലോചിക്കുന്നത്.
ചെറുപ്പം മുതല്‍ ആടുകളെ വളര്‍ത്തി ശീലമുള്ള ആമിനാ ശാസ്ത്രീയമായി ആടുകളെ വളര്‍ത്താന്‍ തീരുമാനിച്ചു ഭര്‍ത്താവ് മുഹമ്മദ് യൂസഫും മകന്‍ അബുവും പൂര്‍ണ പിന്‍തുണയുമായി ആമിനക്ക് ഒപ്പംനിന്നു. കുടുംബശ്രീയുടെയും ശാന്തന്‍പാറ പഞ്ചായത്തിന്റെയും സഹായത്തോടെ 20-ആടുകളുമായി ഒരു ചെറിയ ഫാമിന് ആമിന തുടക്കം കുറിച്ചു. ഹൈറേഞ്ചിന്റെ കാലാവസ്ഥക്ക് അനുയോജ്യമായ മലബാറി ആടുകളെയാണ് ആമിന തിരഞ്ഞെടുത്തത്.

പാട്ടത്തിനെടുത്ത ഭൂമിയില്‍ തായിലാന്‍ഡ് സൂപ്പര്‍ നേപ്പിയര്‍ എന്ന പുല്‍കൃഷിയും ആരംഭിച്ചു. ബാങ്ക് ലോണ്‍ ലഭിച്ചതിലൂടെ ഹൈടെക്ക് ആട്ടിന്‍ കൂട് നിര്‍മിക്കാനും ആമിനക്കു കഴിഞ്ഞു. ഫാമില്‍ ഇന്ന് 100-ല്‍ പരം ആടുകള്‍ ഉണ്ട്. നൂറോളം കുഞ്ഞുങ്ങളെ ഇതിനകം വില്‍പ്പന നടത്തി മികച്ച വരുമാനവും നേടി.
ആടുകൃഷി ആരംഭിച്ചു ലാഭത്തിലേക്ക് എത്തുവാന്‍ ഒന്നര വര്‍ഷം വേണമെന്ന് ആമിന പറഞ്ഞു. ഒരു പ്രസവത്തിലൂടെ രണ്ടുമുതല്‍ നാല് കുഞ്ഞുങ്ങളെ വരെ ലഭിക്കും, പുല്ല്, കടലപ്പിണ്ണാക്ക്, തേങ്ങാപ്പിണ്ണാക്ക്, മിനറല്‍സ് തുടങ്ങിയവയാണ് ആടുകള്‍ക്ക് ഭക്ഷണമായി നല്‍കുന്നത്. ആട്ടിന്‍ കാഷ്ഠത്തിന്റെ വില്‍പ്പനയിലൂടെയും മികച്ച വരുമാനമാണ് ആമിനക്ക് ലഭിക്കുന്നത്.
ജില്ലാ മിഷന്‍ മോഡല്‍ ഫാം ആയും ശാന്തന്‍പാറ പഞ്ചായത്തിലെ മികച്ച സംരഭകയായും ആമിനയുടെ 'മൂന്നാര്‍ ഗോട്ട് ഫാം' വളര്‍ന്നു. ഒരുവര്‍ഷം മൂന്ന് ലക്ഷം രൂപ മുതല്‍ അഞ്ച് ലക്ഷം രൂപവരെ ആടുവളര്‍ത്തലിലൂടെ ലാഭം കണ്ടെത്താന്‍ സാധിക്കുമെന്നാണ് ആമിനാ പറയുന്നത്. സമൂഹ മാധ്യമങ്ങളുടെ സഹായത്തോടെയാണ് ആമിന വിപണി കണ്ടെത്തുന്നത്. ഫാം വിപുലീകരിക്കാനും തമിഴ് നാട്ടിലേക്ക് കൂടി ആടുകളുടെ വില്‍പ്പന വ്യാപിപ്പിക്കാനാണ് ആമിനയുടെ ലക്ഷ്യം.
Content Highlights: Success story of a goat farmer from Idukki
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..