കോഴിക്കോട് ജില്ലയിലേക്കുവേണ്ട എല്ലാതരം പച്ചക്കറിത്തൈകളും ഫലവൃക്ഷത്തൈകളും ഉത്പാദിപ്പിക്കുന്ന ഒരാളുണ്ട്. മാവൂരിനടുത്തുള്ള ചന്ദ്രന്‍ വെള്ളന്നൂര്‍. കൃഷിവകുപ്പിന്റെ വിവിധ പദ്ധതികള്‍ക്കുവേണ്ടിയുള്ള ഒട്ടുമിക്ക തൈകളും മുളപ്പിച്ചു വലുതാക്കുന്നത് കോഴിക്കോട് മാവൂരിനടുത്തുള്ള ചന്ദ്രേട്ടന്റെ വെള്ളന്നൂര്‍ ഹൈടെക്ക് നഴ്സറിയിലാണ്.
കഴിഞ്ഞവര്‍ഷം മൂന്നുലക്ഷത്തിലധികം തൈകളാണ് ഇവിടെ ഉത്പാദിപ്പിച്ചത്. ഈവര്‍ഷവും അതിനടുത്ത് തൈകള്‍ തയ്യാറായിട്ടുണ്ട്. ഇപ്പോള്‍ത്തന്നെ ഒന്നരലക്ഷം തൈകള്‍ക്ക് ഓര്‍ഡര്‍ കിട്ടിയിട്ടുണ്ട്. വെണ്ട, വഴുതന, തക്കാളി, മുളക്, പയര്‍ എന്നിവയാണിപ്പോഴുള്ളത്. ഇപ്പോഴത്തെ തൈകള്‍ കഴിഞ്ഞാല്‍ ശീതകാല പച്ചക്കറികളായ കാബേജ്, കോളിഫ്ളവര്‍ തൈകളും ഉത്പാദിപ്പിക്കും.
പ്രളയങ്ങള്‍ മുക്കിയിട്ടും
രണ്ടുതവണയും പ്രളയം മുക്കിയതാണ് ചന്ദ്രേട്ടന്റെ നഴ്സറിയെ. 2018-ലെ പ്രളയം തീര്‍ത്ത നാശത്തില്‍നിന്നും ഒന്ന് കരകയറിവരുന്നതിനിടയ്ക്കാണ് 2019-ല്‍ വീണ്ടും ചെറുപുഴ ഇരച്ചു കയറിയത്. 2019-ല്‍ പ്രളയത്തെ നേരിടാന്‍ ഫാം മണ്ണിട്ടുയര്‍ത്തി. ഇരുമ്പ് സ്റ്റാന്‍ഡുകള്‍ ഫിറ്റുചെയ്താണ് പിന്നീട് തൈകള്‍ തയ്യാറാക്കിയത്. പക്ഷേ, മുമ്പത്തേതിനെക്കാള്‍ രണ്ടുമീറ്ററോളം അധികം വെള്ളം ഉയര്‍ന്നതിനാല്‍ എല്ലാം വെള്ളത്തിലായി.
ആറു ടണ്ണോള്ളം വ്യത്യസ്തയിനം നാടന്‍ നെല്‍വിത്തുകളാണ് കഴിഞ്ഞ തവണത്തെ പ്രളയത്തില്‍ നശിച്ചുപോയത്. വെള്ളനൂര്‍ വഴുതിന, വേങ്ങേരി വഴുതന, കുലവഴുതന, നാടന്‍ കൈപ്പ, നാടന്‍ കാര്‍കൂന്തല്‍ പയര്‍, നാടന്‍ വെള്ളവെണ്ട, മുള്ളന്‍ കൈപ്പ, വൈദ്യരുകുമ്പളം, പാലക്കാടന്‍ ചുവപ്പുവെണ്ട... തുടങ്ങി ഒട്ടേറെ നാടന്‍ ഇനങ്ങളാണ് നശിച്ചത്. കൂടാതെ 2019-ലെ ചിങ്ങം ഒന്നിന് ജില്ലയുടെ വിവിധ സ്ഥലങ്ങളില്‍ വിതരണത്തിന് തയ്യാറാക്കിയ കാല്‍ ലക്ഷത്തോളം ഹൈബ്രിഡ് പച്ചക്കറിത്തൈകള്‍, കൃഷിവകുപ്പിന് നല്‍കാനായി മണ്ണും വളവും നിറച്ചു തയ്യാറാക്കിയ 2500 ഗ്രോബാഗുകള്‍, കരിയിഞ്ചി, കരിമഞ്ഞള്‍, വരമഞ്ഞള്‍, കാട്ടുതിപ്പലിയില്‍ ഗ്രാഫ്റ്റുചെയ്തെടുത്ത ചെടിക്കുരുമുളക്, കുറ്റിക്കുരുമുളക് തൈകള്‍, ആയിരക്കണക്കിന് കറിവേപ്പിന്‍ത്തൈകള്‍, റെഡ് ലേഡി പപ്പായ, മുരിങ്ങ, അപൂര്‍വവും വിദേശയിനങ്ങളുമായ ഫലവൃക്ഷത്തൈകള്‍ എന്നിവയെല്ലാം നശിച്ചു.
മലേഷ്യന്‍ ഡ്വാര്‍ഫ് അടക്കമുള്ള കുള്ളന്‍ ഇനത്തില്‍പ്പെട്ട തെങ്ങിന്‍ തൈകള്‍, ഒന്നരയേക്കര്‍ പറമ്പിനു ചുറ്റും വെച്ചിരുന്ന ആയിരക്കണക്കിന് ഇഞ്ചി, മഞ്ഞള്‍ ഗ്രോബാഗുകള്‍, ഒട്ടേറെയിനം അപൂര്‍വ പ്ലാവിന്‍തൈകള്‍, കുളത്തിലെ വിളവെടുക്കാറായ മത്സ്യങ്ങള്‍, കോണ്‍ക്രീറ്റ് ടാങ്കില്‍ സൂക്ഷിച്ച 12000 മത്സ്യക്കുഞ്ഞുങ്ങള്‍.... അങ്ങനെ ഒട്ടേറെ ജീവനുകളാണ് വെള്ളത്തില്‍ ഒലിച്ചു പോയത്. രണ്ടു ബെല്‍റ്റിട്ട് കെട്ടിയ കുളം ഇടിഞ്ഞുനിരന്നുപോയി.
ചാണകം പൊടിക്കുന്ന യന്ത്രം, നെല്ലുകുത്തുന്നതും എണ്ണയാട്ടുന്നതും അവിലിടിക്കുന്നതുമായ യന്ത്രങ്ങള്‍, പമ്പ്ഹൗസിലെ മോട്ടോറുകള്‍ എന്നിവയെല്ലാം വെള്ളം നിന്ന് കേടായി 2018-ല്‍ ഒരുദിവസം കൊണ്ട് വെള്ളം ഇറങ്ങിയെങ്കില്‍ 2019-ല്‍ മൂന്നു ദിവസമാണ് വെള്ളം ഒരേ നില്‍പ്പ് നിന്നത്. ജൈവവള നിര്‍മാണയൂണിറ്റിലെ സാധനങ്ങളെല്ലാം ഒലിച്ചുപോയി. വെള്ളത്തില്‍ നനഞ്ഞ് വേപ്പിന്‍ പിണ്ണാക്ക്,കുമ്മായം എന്നിവ കേടായി. വയലിലും പറമ്പിലും കൃഷിചെയ്തിരുന്ന നെല്ല്, വാഴ, കപ്പ എന്നിവയെല്ലാം നശിച്ചു.
കൃഷിനാശത്തിന് നഷ്ടപരിഹാരം ലഭിച്ചില്ല
2018-ല്‍ എട്ടുലക്ഷം രൂപയുടെ നഷ്ടംവന്നെങ്കിലും ആകെ നഷ്ടപരിഹാരമായികിട്ടിയത് 10000 രൂപ മാത്രമായിരുന്നു. 2019-ല്‍ വെള്ളം എല്ലാം ഒഴുക്കിക്കളഞ്ഞതിനാല്‍ നഷ്ടം 12 ലക്ഷത്തിലധികമായിരുന്നു. കഴിഞ്ഞവര്‍ഷം നഷ്ടമായ കൃഷിക്ക് ഒന്നിനും നഷ്ടപരിഹാരം കിട്ടിയില്ല എന്ന് ചന്ദ്രേട്ടന്‍ സങ്കടത്തോടെ പറഞ്ഞു.
നഴ്സറി മാറ്റി സ്ഥാപിച്ചു
ഇത്തവണ പ്രളയം വരുമെന്നതിന്റെ മുന്‍കരുതലായി തന്റെ നഴ്സറി യൂണിറ്റ് മറ്റാരു സ്ഥലത്തേക്ക് ചന്ദ്രേട്ടന്‍ പറിച്ചുനട്ടു. ചൂലൂരിനടുത്തുള്ള വി.എഫ്.പി.സി.കെ.യുടെ ഔട്ട്ലെറ്റിന് സമീപത്തുള്ള ഉയര്‍ന്ന പ്രദേശത്തേക്കാണ് 15 ലക്ഷം രൂപ ബാങ്കുകളില്‍നിന്നും വായ്പയെടുത്ത് നഴ്സറി മാറ്റിയത്. അതുകൊണ്ട് വെള്ളം കയറുമെന്ന പേടി ഉണ്ടായിരുന്നില്ല. ഈ വര്‍ഷം വീട്ടിലും വഴിയിലും വെള്ളം കയറിയെങ്കിലും നഴ്സറിയിലെത്തിയില്ല. അതിനാല്‍ രക്ഷപ്പെട്ടു.
തൈകളുടെ മെച്ചം
വിത്തിനു പകരം തൈകള്‍ എന്ന ആശയം ഒട്ടേറെ ഗുണഫലങ്ങളാണ് കാര്‍ഷികമേഖലയില്‍ ഉണ്ടാക്കിയിരിക്കുന്നത്. ഒന്നാമത്തെ മെച്ചം വിത്തുകള്‍ മുളപ്പിക്കുന്നതില്‍ തന്നെയാണ്. ഓരോവിത്തിനും അത് മുളപ്പിച്ചെടുക്കാനുള്ള പാരിസ്ഥിതികാവസ്ഥകള്‍ വ്യത്യസ്തമായിരിക്കും. താപനില, അന്തരീക്ഷ ഈര്‍പ്പാവസ്ഥ, മണ്ണില്‍വേണ്ട നനവ്, വെള്ളത്തിന്റെ അളവ്, ലഭിക്കേണ്ട സൂര്യപ്രകാശം എന്നിങ്ങനെയുള്ളതെല്ലാം വ്യത്യസ്തമായിരിക്കും. അത് മണ്ണിലേക്ക് പോകേണ്ടുന്നതിന്റെ ആഴത്തിലും വ്യത്യാസം കാണാം. വിത്തുകള്‍പാകി മുളപ്പിച്ചെടുക്കുന്നതില്‍ നിന്നും തൈകള്‍ വാങ്ങിനടുന്നതിലേക്ക് മാറുന്ന കര്‍ഷകര്‍ക്ക് വാങ്ങുന്നയിനം തൈകള്‍ വളര്‍ത്താന്‍വേണ്ട പരിതസ്ഥിതിമാത്രം ഒരുക്കിയാല്‍ മതിയാകും. രണ്ടാമതായി കര്‍ഷകര്‍ക്ക് നല്ല കരുത്തുള്ള മികച്ച വിളവ് ലഭ്യമാക്കുന്ന തരം ചെടികള്‍ ലഭിക്കുന്നു.
'നാടന്‍ ആയാലും ഹൈബ്രീഡ് ആയാലും തൈകള്‍ മൊത്തം മുളപ്പിച്ച് വളര്‍ത്തിയെടുക്കുന്ന തൈ ഫാക്ടറികള്‍ അവയ്ക്കുവേണ്ട എല്ലാ പോഷകങ്ങളും തങ്ങളുടെ പോട്ടിങ് മിശ്രിതത്തില്‍ ഉറപ്പുവരുത്തുന്നതിനാല്‍ വില്‍പ്പനയ്ക്ക് തയ്യാറാക്കപ്പെടുന്ന തൈകള്‍ മികച്ചതായിരിക്കും.' -ചന്ദ്രേട്ടന്‍ പറഞ്ഞു.
നഴ്സറി തുടങ്ങാന്‍
നഴ്സറി തുടങ്ങാന്‍ ഒരുപാട് സ്ഥലമൊന്നും ആവശ്യമില്ല. രണ്ടുസെന്റ് സ്ഥലത്തും രണ്ടേക്കറിലും മനസ്സുണ്ടെങ്കില്‍ നമ്മുക്ക് ഒരുപോലെ നഴ്സറി ആരംഭിക്കാം. വേണമെങ്കില്‍ നമ്മുടെ മട്ടുപ്പാവും ടെറസ്സിന്റെ ഓപ്പണ്‍സ്പേസും വരെ തൈകളുടെ ഫാക്ടറിയാക്കാം. പോട്ടിങ്ങ് മിശ്രിതം നിര്‍മിക്കാനും അത് ട്രേകളില്‍ നിറയ്ക്കാനും സഥലം മതി. പിന്നീട് തട്ടുകള്‍ നിര്‍മിച്ച് ട്രേകള്‍ അതിലടുക്കി മുളപ്പിച്ചെടുത്ത് വിപണനംചെയ്യാം.
Content Highlights: Success story of a farmer from Kozhikode