'എല്ലാത്തിനും അതിന്റേതായ ഒരു സമയമുണ്ട്' എന്ന തിരിച്ചറിവിലാണ് ഈ പ്രവാസി ദമ്പതിമാര്‍. കോവിഡ്കാല പ്രതിസന്ധികളെ മറികടക്കാന്‍ തുടങ്ങിയ പശുവളര്‍ത്തല്‍ സൂപ്പര്‍ഹിറ്റായ സന്തോഷത്തിലാണ് കണ്ടാണശ്ശേരി കളത്തിപ്പറമ്പില്‍ മോഹനനും ഭാര്യ മായയും. 40 വര്‍ഷം കുവൈത്തിലായിരുന്നു മോഹനന്‍. 15 വര്‍ഷമായി മായയും. കഴിഞ്ഞ വര്‍ഷം നാട്ടിലേക്ക് വന്നപ്പോഴായിരുന്നു ലോക്ഡൗണ്‍. തിരിച്ചുപോക്ക് നടക്കില്ലെന്നായപ്പോള്‍ പശുവളര്‍ത്തലിനെപ്പറ്റി ചിന്തിച്ചു. 

തമിഴ്നാട്ടില്‍നിന്ന് 95,000 രൂപയ്ക്ക് നല്ലയിനം പശുവിനെ ഓണ്‍ലൈനില്‍ ബുക്ക് ചെയ്ത് വാങ്ങിച്ചു. പിന്നീട് പഞ്ചാബില്‍നിന്ന് പത്തു പശുക്കളെക്കൂടി വാങ്ങി. ഇപ്പോള്‍ പശുക്കളും കിടാങ്ങളുമായി 16 എണ്ണം. അതിരാവിലെ മായ തന്നെ പാല്‍ കറക്കും. 200 ലിറ്റര്‍ പാല്‍ ദിവസവും കിട്ടും. അവ കണ്ടാണശ്ശേരിയിലെ ഹോട്ടലുകളിലേക്കും കടകളിലേക്കും സൊസൈറ്റിയിലേക്കും വാഹനത്തില്‍ എത്തിക്കും. 

പാലിനു പുറമേ, തൈര്,നെയ്യ്,സംഭാരം തുടങ്ങിയവ പാക്കറ്റുകളിലാക്കി വിതരണം ആരംഭിച്ചപ്പോള്‍ 'മായ ബ്രാന്‍ഡിന്' ഡിമാന്‍ഡ് ആയി. പശുവളര്‍ത്തലില്‍നിന്ന് വരുമാനമായപ്പോള്‍ ഇനി ഗള്‍ഫിലേക്കില്ലെന്ന് ഈ ദമ്പതിമാര്‍ തീരുമാനിക്കുകയായിരുന്നു. ഓരോ പശുവിനും പ്രത്യേകം പേരുകളുമുണ്ട്. ചെമ്പ, വെളുമ്പി, മാളുട്ടി, അനുരാധ, സുദേവി, സുരഭി, കാളി, ഗൗരി, ചിത്ര, ലളിത എന്നിങ്ങനെ. ആധുനിക രീതിയിലുള്ള തൊഴുത്താണ് പണിതിട്ടുള്ളത്.

വൈക്കോലിനു പകരം തമിഴ്‌നാട്ടില്‍നിന്ന് കൊണ്ടുവരുന്ന നല്ലയിനം ചോളപ്പുല്ലാണ് നല്‍കുന്നത്. ഇപ്പോള്‍ വീടിനടുത്ത് സ്വന്തം പറമ്പില്‍ ചോളപ്പുല്ലിന്റെ കൃഷി ആരംഭിച്ചിട്ടുണ്ട്. അധ്വാനിക്കാന്‍ തയ്യാറായാല്‍ ഗള്‍ഫല്ല,നാട്ടിലും ജീവിതം കരുപിടിപ്പിക്കാമെന്നാണ് ഇവര്‍ പറയുന്നത്. മക്കളായ എന്‍ജിനീയര്‍ മിഥുന്‍ മോഹനും ഹോട്ടല്‍ മാനേജ്മെന്റ് വിദ്യാര്‍ഥി മിലൂബ് മോഹനും പുതിയ സംരംഭത്തിന് 'ലൈക്കടിച്ചപ്പോള്‍' മോഹനനും മായയും കൂടുതല്‍ ആവേശത്തിലായി.

Contnt Highlights: Success story of a couple from Thrissur in Cattle farming