
ബാലകൃഷ്ണനും ഭാര്യ ബേബിയും കൊച്ചുമകൾ ഋഷികയും മട്ടുപ്പാവിലെ കള്ളിമുൾച്ചെടിത്തോട്ടത്തിൽ
ഓമനിച്ച് വളര്‍ത്തുന്ന കള്ളിമുള്‍ച്ചെടികളുടെ തണലില്‍ കോവിഡ് കാലത്തെ അതിജീവിക്കാനുള്ള ശ്രമത്തിലാണ് കോഴിക്കോട്, തിരിത്തിയാട് സ്വദേശിയായ രാരിച്ചന്‍പറമ്പത്ത് ബാലകൃഷ്ണന്. ചെറുപ്പം മുതലേ പൂക്കളോടും ചെടികളോടുമുള്ള സ്നേഹമാണ് ബാലകൃഷ്ണനെ കള്ളിമുള്‍ച്ചെടികളുടെ വിസ്മയലോകത്തെത്തിച്ചത്. വില്‍പ്പനയ്ക്കായിരുന്നില്ല, ഹോബി എന്ന നിലയ്ക്കായിരുന്നു ചെടിവളര്ത്തല്. എന്നാല്‍, നാലുപതിറ്റാണ്ടായി നടത്തുന്ന പ്രിന്റിങ് പ്രസ് വ്യവസായം കോവിഡില്‍ തട്ടി പ്രതിസന്ധിയിലായപ്പോള്‍ കള്ളിച്ചെടികളുടെ വില്‍പ്പനയിലൂടെ വരുമാനം കണ്ടെത്തുകയാണ് ബാലകൃഷ്ണന്.
വീടിനുമുകളിലെയും സമീപത്തുള്ള പ്രിന്റിങ് പ്രസിന്റെയും മുട്ടപ്പാവില്‍ മഴമറയൊരുക്കിയാണ് ബാലകൃഷ്ണന് നൂറുകണക്കിന് കള്ളിമുള്‍ച്ചെടികളുടെ ലോകം ഒരുക്കിയിരിക്കുന്നത്. മുമ്പ് റോസാച്ചെടികളും ചെമ്പരത്തിച്ചെടികളും വളര്‍ത്തിയിരുന്ന ബാലകൃഷ്ണന് 2014 മുതലാണ് കള്ളിമുള്‍ച്ചെടികളുടെ ലോകത്തെത്തുന്നത്. ഇന്ത്യക്കകത്തുനിന്നും പുറത്തുനിന്നും കിട്ടാവുന്നിടത്തോളം ഇനങ്ങള്‍ ശേഖരിച്ചു. ചൈന, ജപ്പാന്, ഇന്‍ഡൊനീഷ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍നിന്നെല്ലാം ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ നല്‍കിയാണ് വിത്തും ചെടികളും വരുത്തിയത്. വരുമാനത്തിന്റെ നല്ലൊരു പങ്കും ഇതിനായി നീക്കിവെക്കുകയായിരുന്നു.
നൂറിലേറെ ഇനങ്ങള്‍
ജിംനൊ കാല്‍സ്യം, എക്കിനോപ്സിസ്, ഗുമ്പാരന്‍ കാറ്റസ്, ആസ്ട്രൊ ഫൈറ്റ, യുഫോര്‍ബിയ, മാമിലാരിയ, സിറസ്, റിബൂട്ടിയ, കാറലൂമ, കാപ്പിയോപ്പ്, എക്കിനോപ്സിസ്... കള്ളിമുള്‍ച്ചെടികളുടെ വന്‍ശേഖരമാണ് ബാലകൃഷ്ണനുള്ളത്. വള്ളിപോലുള്ളവയും പന്തുപോലെ ഉരുണ്ടതും മറ്റ് വിചിത്രാകൃതികളിലുമുള്ള ചെടികള്‍ കാഴ്ചക്കാരില്‍ വിസ്മയം സൃഷ്ടിക്കുന്നവയാണ്.
മനോഹരമായ പുഷ്പങ്ങളും ചില ഇനങ്ങള്‍ക്കുണ്ടാവും. ഇരുനൂറു മുതല്‍ ആറായിരം രൂപവരെ വിലവരുന്നവയാണ് വിവിധ ഇനം ചെടികള്‍. ജപ്പാനില്‍നിന്നെത്തിയ സിറസ് ക്രസ്റ്റിന് ആറായിരം രൂപവരെ വിലയുണ്ട്. യുഫോര്‍ബിയ അബ്ദുല്‍കുറെ ഡമാസ്ക്, മാമിലേറിയ എലാങ്കട്ട, മാമിലേറിയ ഗ്രാസിസ് തുടങ്ങിയവയും വിലയേറിയ ഇനങ്ങളാണ്. കോവിഡ് കാലത്താണ് ബാലകൃഷ്ണന് സാമൂഹികമാധ്യമങ്ങള്‍ വഴി ചെടികള്‍ വില്‍പ്പന നടത്താന്‍ തുടങ്ങിയത്. മോശമല്ലാത്ത വരുമാനം ഇതുവഴി ലഭിക്കുന്നു. ഭാര്യ ബേബിയും മക്കളായ രാഹുലും ഗോകുലും ബാലകൃഷ്ണന്റെ ഉദ്യാനകൃഷിക്ക് പൂര്‍ണപിന്തുണ നല്കുന്നു.
മരുഭൂമിയിലെ ജൈവവൈവിധ്യം
മരുഭൂമികള്‍ ഉള്‍പ്പെടെ വരണ്ട പ്രദേശങ്ങളിലാണ് കള്ളിമുള്‍ച്ചെടികള്‍ വളരുന്നത്.ലോകത്താകെ 127 ജനുസുകളിലായി 1750-ലേറെ ഇനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.ജലം ഇല്ലാ്ത്തിടങ്ങളിലും അതിജീവിക്കാന്‍ കഴിയുമെന്നതാണ് സവിശേഷത.ഇലകള്‍ ഇല്ലാത്തതിനാല്‍ ജലനഷ്ടം പരമാവധി ഒഴിവാക്കാനാവും.നിറയെ മുള്ളുകളുണ്ടാവും.അപൂര്‍വ്വം ഇനങ്ങള്‍ മാത്രമേ പുഷ്പിക്കാറുള്ളൂ.ചിലയിനങ്ങള്‍ കായ്ക്കുകയും ചെയ്യും.
കരുതലോടെ വളര്‍ത്താം
കടുകുമണികള്‍ പോലെയുള്ള വിത്തുകള്‍ മുളപ്പിച്ചാണ് കള്ളിമുള്‍ച്ചെടികള്‍ വളര്‍ത്തിയെടുക്കുന്നത്. മുളപ്പിച്ച വിത്തുകള്‍ രണ്ടുമാസത്തുനുശേഷം നാടന്‍ ഇനങ്ങളില്‍ ഗ്രാഫ്റ്റ് ചെയ്യുന്നു.പെട്ടെന്ന് വളര്‍ച്ച കിട്ടാനാണ് ഗ്രാഫ്റ്റ് ചെയ്യുന്നത്. ചെടികളില്‍നിന്ന് പൊട്ടുന്ന മുളകള്‍ പൊട്ടിച്ചെടുത്തും തൈകള്‍ ഉല്‍പ്പാദിപ്പിക്കാം. എന്നാല്‍ കൂടുതലും വിത്ത് മുളപ്പിച്ചാണ് വളര്‍ത്തുന്നത്. മണല്‍, ചാണകപ്പൊടി,ചകരിച്ചോര്‍ എന്നിവയുടെ മിശ്രിതം ചട്ടികളില്‍ നിറച്ചാണ് ചെടികള്‍ വളര്‍ത്തുന്നത്. വെള്ളം വളരെ കുറച്ചുമാത്രമേ ആവശ്യമുള്ളൂ.ആഴ്ചയില്‍ ഒരിക്കല്‍ നനച്ചാല്‍ മതിയാവും. രണ്ടുമാസം കൂടുമ്പോള്‍ പത്തുഗ്രാം എല്ലുപൊടി നല്‍കാം. കാര്യമായ രോഗബാധകള്‍ ഉണ്ടാവാറില്ല.
ഫോണ്‍: 7293937066
Content Highlights: Story of Balakrishnan who growing Cactus Plants
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..