ചാലിയാര്‍ പഞ്ചായത്തിലെ മലയോര മേഖലയായ കക്കാടംപൊയിലിലെ ഓട്ടോമൊബൈല്‍ എന്‍ജിനീയര്‍ അനീഷിന് കൃഷിയാണ് ജീവിതം. തോട്ടപ്പള്ളി കൊങ്ങോല വീട്ടില്‍ അനീഷ് ജോയിയാണ് 13 വര്‍ഷമായി നേന്ത്രവാഴ കൃഷി ചെയ്യുന്നത്.

പ്രോസസ് കണ്‍ട്രോള്‍ ഇന്‍സ്ട്രുമെന്റേഷനില്‍ ഡിപ്‌ളോമയും പാസായിട്ടുണ്ട്. കുറച്ചുകാലം പഞ്ചാബില്‍ ജോലിയുണ്ടായിരുന്നു. കാനഡയിലേക്കു പോകാനിരുന്ന സമയത്ത് ചില സാങ്കേതികകാരണത്താല്‍ വൈകി. അപ്പോഴാണ് സ്ഥലം പാട്ടത്തിനെടുത്ത് നേന്ത്രവാഴ കൃഷി തുടങ്ങിയത്. നിലവില്‍ 7000 വാഴകളുണ്ട്. ഇപ്പോള്‍ വിളവെടുപ്പ് തിരക്കിലാണ്. മാതാപിതാക്കളായ ജോയിയും ഏലിയാമ്മയും നല്ല കര്‍ഷകരാണ്.

കൃഷിയില്‍നിന്നുള്ള വരുമാനംകൊണ്ട് 46 സെന്റ് വാങ്ങി വീടുവെക്കാനുള്ള തയ്യാറെടുപ്പിലാണ് അനീഷ്. കര്‍ഷകരാണ് അന്നം നല്‍കുന്നതെങ്കിലും കര്‍ഷകരെ മുഖ്യധാരയില്‍ കാണാനുള്ള മനസ്സ് പലര്‍ക്കും നഷ്ടമായിരിക്കുന്നതായി ഈ 32-കാരന്‍ പറയുന്നു. വിവാഹാലോചനകളില്‍പ്പോലും കര്‍ഷകരാണെന്ന് അറിഞ്ഞാല്‍ വേണ്ടെന്നു വെക്കുന്നവരുണ്ട്. വിളകള്‍ക്ക് ന്യായവില ലഭിക്കാത്തതും ചിലപ്പോള്‍ വലിയ തിരിച്ചടിയാണെന്നും അനീഷ് പറഞ്ഞു.

1970-കളുടെ തുടക്കത്തിലാണ് അനീഷിന്റെ മാതാപിതാക്കള്‍ ചാലിയാര്‍ പഞ്ചായത്തിലെ തോട്ടപ്പള്ളിയിലെത്തിയത്. രണ്ടു വര്‍ഷമായി കോഴിഫാമുമുണ്ട്.

Content Highlights: Story Of A Successful Banana farmer From Malappuram