തംബുരു എന്ന 23-കാരന് കൃഷിയെന്നാല്‍ ജീവിതമാണ് ഇപ്പോള്‍. തിരുവനന്തപുരം, നെല്ലിക്കാട് തംബുരുഭവനില്‍ സുരാജ്- രമാദേവി ദമ്പതിമാരുടെ ഏക മകനായ തംബുരു അഞ്ചുവര്‍ഷമായി കൃഷിക്കിറങ്ങിയിട്ട്. ഇനിയുള്ള ജീവിതവും കൃഷിചെയ്തു മതിയെന്നാണ് തംബുരു പറയുന്നത്.

കുട്ടിക്കാലം മുതല്‍ കാലിവളര്‍ത്തലും ചെറിയ വാഴക്കൃഷിയുമായി കുടുംബം പോറ്റിയിരുന്ന അച്ഛന്റെ കൂടെ പലപ്പോഴും സഹായിയായി കൂടിയതാണ് കൃഷിയിലേക്ക് തംബുരുവിനെ കൂടുതല്‍ അടുപ്പിച്ചത്. തംബുരു പ്ലസ്ടുവിനുശേഷം സര്‍വേ കോഴ്‌സില്‍ ചേരാന്‍ തീരുമാനിച്ചു. എന്നാല്‍, അഡ്മിഷന്‍ ലഭിച്ചത് ജില്ലയ്ക്ക് പുറത്ത്. മാതാപിതാക്കളെ പിരിഞ്ഞുനില്‍ക്കാന്‍ കഴിയാത്തതിനെത്തുടര്‍ന്ന് പഠിത്തം അവിടെ അവസാനിപ്പിച്ചു. പിന്നയങ്ങോട്ട് അച്ഛനെ സഹായിക്കാന്‍ പോയിത്തുടങ്ങി.

മാറനല്ലൂര്‍, കാട്ടാക്കട പഞ്ചായത്തുകളിലെ ഏലാപ്രദേശങ്ങളില്‍ ചെറിയ വാഴക്കൃഷി നടത്തിയിരുന്ന അച്ഛനോട് കൃഷി വിപുലമാക്കണമെന്ന ആഗ്രഹം അറിയിച്ചെങ്കിലും കൂടുതല്‍ ഭൂമിയില്ലാത്തതിനാല്‍ അദ്ദേഹം കൂടുതല്‍ താത്പര്യം കാട്ടിയില്ല. ഇപ്പോള്‍ കൃഷി ചെയ്യുന്നത് പലതും പാട്ടത്തിനെടുത്ത ഭൂമിയിലാണ്.

തരിശുഭൂമി കണ്ടെത്തി കൃഷിയിറക്കണമെന്ന സര്‍ക്കാരിന്റെ പ്രഖ്യാപനമാണ് വീണ്ടും പ്രതീക്ഷയ്ക്കു വക നല്‍കിയതെന്ന് തംബുരു പറയുന്നു. തന്റെ വീടിനുമുന്നില്‍ കാടുപിടിച്ചു കിടക്കുന്ന രണ്ടേക്കറോളം വരുന്ന ഭൂമി പാട്ടത്തിനു നല്‍കണമെന്ന് ഭൂവുടമയോട് ആവശ്യപ്പെട്ടു. വസ്തു വൃത്തിയാക്കുകയാണെങ്കില്‍ ഭൂമി വിട്ടുതരാമെന്ന് ഭൂവുടമ അറിയച്ചതിനെ തുടര്‍ന്ന് രണ്ടേക്കറോളം വരുന്ന ഭൂമി മണ്ണുമാന്തിയന്ത്രവും പണിക്കാരെയുംകൊണ്ട് കൃഷിക്ക് ഉപയുക്തമാക്കി. വര്‍ഷത്തില്‍ പാട്ടത്തുകയായി നാല്‍പ്പതിനായിരം രൂപ നല്‍കണമെന്ന ഭൂവുടമയുടെ ആവശ്യവും അംഗീകരിച്ചു.

ഇപ്പോള്‍ പാവലും പയറുമൊക്കെ കൃഷി ചെയ്യുന്നു. വിളവെടുപ്പിനുശേഷം കൂടുതല്‍ തരിശുഭൂമി കണ്ടെത്തി കൃഷിചെയ്യാനാണ് ആലോചന. വീടിനു സമീപത്തു നടത്തുന്ന കൃഷിക്ക് ഇപ്പോള്‍ വെള്ളമെത്തിക്കുന്നതാണ് കുറച്ചു ബുദ്ധിമുട്ട്. വീട്ടിലെ കിണറ്റില്‍നിന്ന് പൈപ്പിട്ട് പലയിടത്തായി സ്ഥാപിച്ചിട്ടുള്ള ബാരലുകളില്‍ വെള്ളം നിറച്ചശേഷമാണ് ഉപയോഗിക്കുന്നത്. ഇത് ഒരു ബുദ്ധിമുട്ടാണെങ്കിലും സ്ഥിരമായതോടെ എളുപ്പമായെന്നും തംബുരു പറയുന്നു.

വാഴക്കൃഷി പലപ്പോഴും നഷ്ടമുണ്ടാക്കുന്നുവെന്നും തംബുരു പറയുന്നു. ശക്തമായ കാറ്റും മഴയും ഉണ്ടാകുമ്പോള്‍ വാഴകള്‍ പലതും ഒടിഞ്ഞുവീഴുകയും മാര്‍ക്കറ്റില്‍ എത്തിക്കുമ്പോള്‍ കുറഞ്ഞ വില ലഭിക്കുന്നതുമാണ് പച്ചക്കറിക്കൃഷിയിലേക്കു തിരിയുന്നതിന് കാരണമായത്. വിഷരഹിത പച്ചക്കറിക്കൃഷി വ്യാപിപ്പിച്ച് ജനങ്ങളില്‍ എത്തിക്കുകയാണ് ഇനിയുള്ള ശ്രമം. കൃഷിയിടങ്ങളില്‍ പലയിടത്തും കത്തിരിയും വെണ്ടയും ഇപ്പോള്‍ ചെറുതായി ചെയ്തുവരുന്നുണ്ട്. മറ്റു പച്ചക്കറികളും കൃഷി ചെയ്ത് കാട്ടാക്കട, മാറനല്ലൂര്‍ പഞ്ചായത്തുകളില്‍ വിപണനത്തിന് എത്തിക്കുകയാണ് ലക്ഷ്യം.

Content Highlights: story of a 23-year-old man who made farming is main source of income