മിഴ്‌നാടിന്റെ സ്വന്തം നെല്ലിനങ്ങള്‍ വിളയിച്ച്, നൂറുമേനി കൊയ്‌തെടുക്കാമെന്ന പ്രതീക്ഷയിലാണ് പഴയന്നൂരിലെ ഒരുകൂട്ടം കര്‍ഷകര്‍. കിഴക്കേപ്പാടം, പഴയന്നൂര്‍, ചെറുകര പാടശേഖരങ്ങളിലെ 50 ഏക്കറില്‍ സിഗപ്പിയാണ് കൃഷിചെയ്യുന്നത്. തൃശ്ശൂര്‍ ജില്ലയില്‍ ആദ്യമായാണ് ഇത്തരമൊരു പരീക്ഷണം. കേരളത്തിന്റെ നെല്ലറയായ പാലക്കാട്ട് കര്‍ഷകര്‍ സിഗപ്പിയും പൊന്‍മണിയും എ.എസ്.ഡി. 16-മൊക്കെ കൃഷിചെയ്തുവരുന്നുണ്ട്.

തദ്ദേശീയമായി ലഭിക്കുന്ന നെല്‍വിത്തുകളേക്കാള്‍ മേന്മയേറിയതായതുകൊണ്ടാണ് നെല്‍വിത്തുകള്‍ മാറ്റി പരീക്ഷിക്കാന്‍ കര്‍ഷകര്‍ ഒരുങ്ങുന്നത്. 1000 കിലോഗ്രാം സിഗപ്പി വിത്താണ് ഒന്നാംവിള വിരുപ്പുകൃഷിക്കായി തമിഴ്‌നാട്ടിലെ ധാരാപുരത്തുനിന്ന് പഴയന്നൂരില്‍ എത്തിച്ചിരിക്കുന്നത്. കൂടാതെ, പൊട്ടന്‍കോട്ടെ 10 ഏക്കറില്‍ പൊന്‍മണി അടുത്തിടെ കൃഷിചെയ്യാനുമാരംഭിച്ചു. കെ.പി. ശ്രീജയന്‍, കെ.പി. പ്രസാദ് കുമാര്‍ എന്നിവരാണ് സിഗപ്പി കൂടുതല്‍ കൃഷിചെയ്യുന്നത്.

പ്രളയത്തെ അതിജീവിച്ച നെല്ല്

തമിഴ്‌നാട്ടിലെ നാഗപട്ടണം, തിരുവാരൂര്‍ തുടങ്ങിയ വെള്ളക്കെട്ടുള്ള പ്രദേശങ്ങളിലേക്ക് കൂടുതല്‍ അനുയോജ്യമായ വിത്തിനങ്ങള്‍ക്കായുള്ള പരീക്ഷണങ്ങളില്‍നിന്നാണ് സിഗപ്പിയുടെ പിറവി. അണ്ണാമലൈ സര്‍വകലാശാലയുടെയും ഫിലിപ്പീന്‍സ് അന്താരാഷ്ട്ര നെല്ലുഗവേഷണകേന്ദ്രത്തിന്റെയും സഹകരണത്തോടെ ഡോ. കതിരേശനാണ് 2013-ല്‍ ഇത് വികസിപ്പിച്ചെടുത്തത്. സിഗപ്പി വിളകള്‍ 15 ദിവസത്തോളം വെള്ളത്തിനടിയിലായപ്പോഴും നശിക്കാതെ നിലനിന്നു. സിഗപ്പി കേരളത്തിലാദ്യമായി എത്തിച്ചത് പട്ടാമ്പി നെല്ലുഗവേഷണകേന്ദ്രത്തില്‍നിന്ന് അഗ്രോണമി വിഭാഗം തലവനായി വിരമിച്ച ഡോ. ഇളങ്കോവനാണ്.

എന്തുകൊണ്ട് സിഗപ്പി

120 ദിവസംകൊണ്ട് മൂപ്പാകുന്ന നെല്ലിനമാണ് സിഗപ്പി. സാധാരണ നെന്‍മണികളേക്കാള്‍ തൂക്കവുമുണ്ടാകും. വെള്ളം കെട്ടിനിന്നാലും ചീഞ്ഞുപോകില്ല. മറ്റുള്ളവയെ അപേക്ഷിച്ച് രോഗപ്രതിരോധശേഷി കൂടുമെന്നാണ് കര്‍ഷകരുടെ അനുഭവം. പേരില്‍ മാത്രമേ 'ചുകപ്പു'ള്ളൂ. വെള്ള അരിയാണ്. പരിപാലനച്ചെലവും കുറവാണെന്നാണ് പൊതുവേ പറയുന്നത്. രണ്ട് അടിയോളം ഉയരത്തില്‍ വളരും. ഒരു കതിരില്‍ 250 -300 മണികളുണ്ടാകും. വരള്‍ച്ച അതിജീവിക്കാനുള്ള കഴിവുണ്ട്. വളപ്രയോഗവും താരതമ്യേന കുറവുമതി.

സീഡ് മില്ലുകള്‍ കേരളത്തിലും വേണം

2015 -16 ലാണ് സിഗപ്പി ആദ്യമായി ചെറുകര പാടശേഖരത്തില്‍ കൃഷിചെയ്യുന്നത്. ആ അനുഭവമാണ് തുടര്‍ന്നും സിഗപ്പി കൃഷിചെയ്യാന്‍ പ്രേരിപ്പിച്ചത്. നല്ല വിളവുമുണ്ട്, രോഗബാധ കുറവ്, നല്ല വൈക്കോല്‍, വളം കുറച്ചുമതി എന്നിങ്ങനെ മെച്ചങ്ങളുമുണ്ട്. നല്ല വിത്തുകളെത്തിക്കുന്ന സീഡ് മില്ലുകള്‍ തമിഴ്‌നാട്ടിലുണ്ട്. ഗുണമേന്മ ഉറപ്പാക്കി ജെര്‍മിനേഷന്‍ സര്‍ട്ടിഫിക്കറ്റോടെ മാത്രമേ അവര്‍ വിത്തുകള്‍ വിതരണം ചെയ്യുന്നുള്ളൂ. ആ സംവിധാനം കേരളത്തിലുമുണ്ടായാല്‍ ഗുണം ചെയ്യും.- കെ.പി. ശ്രീജയന്‍ പ്രസിഡന്റ്, പഴയന്നൂര്‍ പാടശേഖരം

കൂടുതല്‍ പഠനം ആവശ്യം

പൊന്‍മണി, സിഗപ്പി എന്നീ നെല്‍വിത്തുകള്‍ കേരളത്തിലെത്തിക്കാനായതില്‍ അഭിമാനമുണ്ട്. പാലക്കാട് ജില്ലയിലാണ് കൂടുതല്‍ പേര്‍ സിഗപ്പി കൃഷിചെയ്യുന്നത്. സിഗപ്പിയുടെ രോഗപ്രതിരോധശേഷിയെക്കുറിച്ച് കൂടുതല്‍ പഠനം ആവശ്യമാണ്.- ഡോ. ഇളങ്കോവന്‍ രാമസാമി, പട്ടാമ്പി നെല്ലുഗവേഷണകേന്ദ്രം അഗ്രോണമി മുന്‍ മേധാവി

Content Highlights: Special Breed Sigapi Paddy cultivation