'മണ്ണറിഞ്ഞ് കൃഷി ചെയ്താല്‍ കിണ്ണം നിറയെ ചോറുണ്ണാം' എന്നാണ് പഴമൊഴി. എന്നാല്‍ പഴയ കാലത്തെ മണ്ണിനെക്കുറിച്ചുള്ള ബോധം പോലും ആധുനിക സമൂഹത്തിനില്ല എന്നതു തന്നെയാണ് മണ്ണുദിനത്തിലെ ബോധവത്കരണത്തിന്റെ പ്രസക്തി. പരിസ്ഥിതി നശിക്കുന്നു, കൃഷിഭൂമി കുറയുന്നു, വനം നശിക്കുന്നു, കുളങ്ങള്‍ ഇല്ലാതാകുന്നു. എന്നിങ്ങനെ ഒട്ടേറെ ആവലാതികള്‍ മാത്രമാണ് ഓരോ ദിനാചരണങ്ങളിലും ഉണ്ടാവുന്നത്. എന്നാല്‍ മണ്ണിനെക്കുറിച്ചും നമ്മുടെ ജീവന്റെ നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഗൗരവമായ ചിന്തകളും ഉണ്ടാകുന്നുണ്ട് എന്നതാണ് ഒരു ആശ്വാസം.

ഭൂമിയില്‍ ജീവന്‍ ഉണ്ടായതിനും അത് നിലനില്‍ക്കുന്നതിനും മണ്ണിനും വെള്ളത്തിനുമുള്ള പങ്ക് ഒഴിച്ചു കൂടാനാവാത്തതാണ്. ഭൂമിയുടെ ഉപരിതലവും മണ്ണും അതിന്റെ തരങ്ങളും പ്രത്യേക അടുക്കുകളുമൊക്കെ പരിസ്ഥിതിയെ നിയന്ത്രിക്കുന്നതിനും ജീവന്‍ നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു. ക്രസ്റ്റ്, മാന്റില്‍, കോര്‍ എന്നിങ്ങനെ മൂന്ന് അടുക്കുകളാണ് ഭൂമിയുടെ ആന്തരിക ഘടനയിലുള്ളത്. ആന്തരികവും ബാഹ്യവുമായ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ക്ക് ഭൂമിയില്‍ ജീവന്‍ നിലനിര്‍ത്തുന്നതില്‍ പങ്കുണ്ടെങ്കിലും ഉപരിതലത്തിനും അതിന്റെ ജൈവകലവറയായ മണ്ണിനുമാണ് പ്രാധാന്യം കൂടുതല്‍

പ്രധാനം പെഡോജെനസിസ് 

മണ്ണുണ്ടാകുന്ന പ്രവര്‍ത്തനത്തെയാണ് പെഡോജെനസിസ് എന്ന പദം കൊണ്ട് വിവക്ഷിക്കുന്നത്.

ഒരു സെന്റീമീറ്റര്‍ കനത്തില്‍ പുതുമണ്ണുണ്ടാകാന്‍ ആയിരം വര്‍ഷത്തോളം വേണം. കാലങ്ങളായി കാറ്റും മഴയും മഞ്ഞും വെയിലുമേറ്റ് ദ്രവിക്കുന്ന പാറകള്‍, കല്ലുകള്‍ എന്നിവ നിക്ഷേപിക്കുന്ന അവശിഷ്ടങ്ങളില്‍ സസ്യ, ജന്തുക്കള്‍ വളര്‍ന്ന് നശിച്ച്, ജീര്‍ണിച്ച് അവയുടെ ജൈവാംശം ചേര്‍ന്നാണ് മണ്ണ് രൂപപ്പെടുന്നത്. ഈ പ്രവര്‍ത്തനമാണ് പെഡോജെനസിസ്്. തുടര്‍ച്ചയായി നടന്നുകൊണ്ടിരിക്കുന്ന ഒരു പ്രകൃതി പ്രതിഭാസമാണിത്. മിക്ക സ്ഥലങ്ങളിലും മണ്ണ് രൂപം കൊള്ളുന്നത് പാളികളായിട്ടാണ്. ഇങ്ങനെ പാളികളായി രൂപപ്പെടുന്നതിനെ ഹൊറിസോണ്‍ എന്നു വിളിക്കുന്നു. ജീവമണ്ഡലത്തിന്റെ അടിസ്ഥാനമായ മണ്ണിന്റെ പോഷക സമ്പുഷ്ടമായ  ഉപരിതല ഭാഗം ഒലിച്ചു പോകുന്നതാണ് മണ്ണൊലിപ്പ്.  ജീവലോകം നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണിത്.  പ്രകൃതിക്ക് നേരെയുള്ള മനുഷ്യന്റെ കടന്നുകയറ്റമാണ് മണ്ണൊലിപ്പിന് പ്രധാന കാരണം. കാട്ടുമരങ്ങള്‍ വെട്ടിനിരത്തിയും കുന്നുകള്‍ ഇടിച്ചുനിരത്തിയും വന്‍ സൗധങ്ങളും ഫ്ളാറ്റുകളും മറ്റും കെട്ടിയുയര്‍ത്തുമ്പോള്‍ അത് പ്രകൃതിയോടും വരും തലമുറയോടും ചെയ്യുന്ന കടുത്ത ദ്രോഹമായി മാറുന്നു. 

ഇന്ത്യയില്‍ ഏകദേശം 600 കോടി ടണ്‍ മേല്‍മണ്ണ് പ്രതിദിനം ഒലിച്ചും പൊടിക്കാറ്റില്‍ പറന്നും നഷ്ടമാവുന്നുണ്ട്. വില്‍പ്പനച്ചരക്കെന്ന നിലയില്‍ മണ്ണ് മാറ്റപ്പെടുന്നതിന്റെ കൂടി കണക്കെടുത്താല്‍ അതിഭീമമായിരിക്കും. മണ്ണൊലിപ്പ് മണ്ണിന്റെ ഫലഭൂയിഷ്ഠത നഷ്ടപ്പെടുത്തുന്നതിനോടൊപ്പം കാര്‍ഷിക വിഭവങ്ങളുടെ ഉത്പാദനത്തില്‍ മാത്രമല്ല ഭൂഗര്‍ഭ ജലത്തിന്റെ അളവിലും വലിയ കുറവ് വരുത്തുന്നു.

പുല്ലുകളും സസ്യങ്ങളും മറ്റും വെച്ചുപിടിപ്പിച്ച് ഒരു പരിധിവരെ മണ്ണൊലിപ്പ് തടയാം. മരങ്ങളുടെ വേരുകള്‍ മണ്ണിനെ നന്നായി പിടിച്ചു നിര്‍ത്തുന്നതിനാല്‍ വന്‍മരങ്ങള്‍ വെച്ചു പിടിപ്പിക്കുന്നതും നല്ലതാണ്. ജൈവാംശമുള്ള മണ്ണില്‍ മണ്ണൊലിപ്പിന്റെ സാധ്യത വളരെ കുറവാണ്. വനങ്ങള്‍ മണ്ണിനെയും വെള്ളത്തെയും നന്നായി പിടിച്ചു നിര്‍ത്തുന്നു. കുന്നിന്‍ ചരിവുകളില്‍ തട്ടുതട്ടായി കൃഷിചെയ്യുന്നത് മണ്ണൊലിപ്പിനെ പ്രതിരോധിക്കാനുള്ള ഉചിതമായ മാര്‍ഗമാണ്. മണ്ണും വെള്ളവും ഒരുമിച്ച് ഒരിടത്ത് നിലനിര്‍ത്താന്‍ നൈസര്‍ഗിക ജീവസമൂഹങ്ങള്‍ക്കേ കഴിയൂ. ഇതിനു പറ്റിയ ഇടങ്ങളാണ് വയലുകളും നീര്‍ത്തടങ്ങളും. അവയും മേല്‍മണ്ണ് സംരക്ഷിക്കുന്നതിന് കാര്യമായ സംഭാവന ചെയ്യുന്നു.

Organic farming

ജീവജാലങ്ങളും മണ്ണിന്റെ പ്രാധാന്യവും

അതിസൂക്ഷ്മവും വലുതുമായ വൈവിദ്ധ്യം  നിറഞ്ഞ ഒട്ടേറെ ജീവജാലങ്ങളുടെ ആവാസകേന്ദ്രമാണ് മണ്ണ്.  മൈക്രോ ഫൗന, മെസോഫൗന, മാക്രോ ഫൗന എന്നിങ്ങനെയാണ് വലിപ്പത്തിന്റെ അടിസ്ഥാനത്തില്‍ ഇവയെ തരംതിരിച്ചിരിക്കുന്നത്. 0.2 മില്ലിമീറ്ററിലും താഴെ വലുപ്പമുള്ളവയാണ് സൂക്ഷ്മവിഭാഗത്തില്‍പെട്ടവ. സാധാരണഗതിയില്‍ നഗ്നനേത്രങ്ങളെക്കൊണ്ട് കാണാന്‍ കഴിയാത്തവയാണ് ഇവ. വ്യത്യസ്ത വര്‍ഗത്തില്‍പ്പെട്ട സൂക്ഷ്മാണുജീവികളായ ആല്‍ഗെ, ബാക്ടീരിയ, വൈറസ്, ഫംഗസ്, പ്രോട്ടോസോവ എന്നിവയുടെയെല്ലാം വിളനിലമാണ് മണ്ണ്. ആരോഗ്യകരമായ ജീവസുറ്റ മണ്ണിന്റെ നിലനില്‍പ്പിന് സൂക്ഷ്മജീവികളുടെ പ്രവര്‍ത്തനങ്ങള്‍ അത്യാവശ്യമാണ്. ഉറുമ്പുകളും പ്രാണികളും മുതല്‍ വണ്ടുകള്‍, പുഴുക്കള്‍, മണ്ണിരകള്‍, ചേരട്ടകള്‍, ഷഡ്പദങ്ങള്‍, എട്ടുകാലികള്‍, തവള, ഉരഗങ്ങള്‍, എലി, അണ്ണാന്‍, മുയല്‍, പക്ഷികള്‍ മുതലായവ വരെയും സസ്യജാലങ്ങളും മണ്ണിനെ ജീവസ്സുറ്റതാക്കുന്നു. 

പൊന്നാണ് മണ്ണ്

ഭൂമിയില്‍ മൊത്തമുള്ള കരപ്രദേശത്തിന്റെ 11 ശതമാനം മാത്രമാണ്് നല്ല കൃഷിഭൂമി. ഭൂമി കരയായി കാണുന്നിടത്തൊക്കെ വളക്കൂറുള്ള മണ്ണല്ല. കരയുടെ 28 ശതമാനം നിതാന്ത വരള്‍ച്ച നേരിടുന്ന മരുഭൂമിയാണ്. ധാതുക്കളും പോഷകങ്ങളുമില്ലാത്ത ഊഷരഭൂമി 23 ശതമാനത്തോളം വരും. 23 ശതമാനം ഭൂമിയിലെ മണ്ണ് വളരെ നേര്‍ത്തതും 19 ശതമാനം ഭൂമി വെള്ളം കെട്ടിക്കിടക്കുന്നതുമാണ്. ആറ് ശതമാനം ഭൂമി സ്ഥിരമായി മഞ്ഞുപാളികളാല്‍ മൂടികിടക്കുന്നതുമാണ്. ഒട്ടേറെ ജൈവ രാസ ഘടകങ്ങള്‍ ഉള്‍പ്പെടുന്നതാണ് മണ്ണ്. ഗുണമേന്മയുള്ള മണ്ണില്‍ 45 ശതമാനം ധാതുലവണങ്ങളും,  അഞ്ച് ശതമാനം ജൈവ വസ്തുക്കളും ഉണ്ടാവണം. അവശേഷിക്കുന്നതില്‍ 25 ശതമാനം വീതം  ഭാഗം വായുവും  ജലവും ഉണ്ടാവണം. ഇതാണ് മണ്ണിന്റെ ആരോഗ്യത്തിന്റെ ലക്ഷണം.

മണ്ണ് മലിനമാക്കരുത്

കൃഷിക്ക് യോഗ്യമായ ഭൂമിയുടെ വിസ്തൃതി കുറയുന്നതോടൊപ്പം തന്നെ നിലവിലുള്ള മണ്ണ് മലിനമാക്കപ്പെടുകയും ചെയ്യുന്നു. വര്‍ഷംതോറും ലോകത്താകെ ആയിരം കോടി ടണ്ണിനടുത്ത് ഖരമാലിന്യം ആളുകള്‍ വലിച്ചെറിയുന്നുണ്ട് എന്നാണ് കണക്ക്. മൃഗങ്ങളുടെ വിസര്‍ജ്യ വസ്തുക്കള്‍ മുതല്‍ ശാസ്ത്ര സാങ്കേതിക പുരോഗതി സൃഷ്ടിച്ച ഇ-മാലിന്യം, പ്ലാസ്റ്റിക്, പോളിത്തീന്‍ ബാഗുകള്‍, കടലാസ്, നൈലോണ്‍ തുടങ്ങി മോട്ടോര്‍ കാര്‍ വരെ ഇതിലുള്‍പ്പെടുന്നു. ഖരമാലിന്യങ്ങളില്‍ ജൈവവിഘടനത്തിന് വിധേയമാകാത്ത എല്ലാ വസ്തുക്കളും മണ്ണിന് ഭീഷണി ഉയര്‍ത്തുന്നവയാണ്. 

സസ്യങ്ങളുടെ വളര്‍ച്ചയ്ക്കാവശ്യമായ മണ്ണിലെ ജൈവാംശം നിലനിര്‍ത്താന്‍ സൂക്ഷ്മജീവികളുടെയും മണ്ണിരകളുടെയും പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണ്. പ്ലാസ്റ്റിക് പോലെയുള്ള വസ്തുക്കളുടെ സാന്നിധ്യം ഈ ജീവികളുടെ നിലനില്‍പ്പിനെയും ജലവും വളവും വലിച്ചെടുക്കാനുള്ള ചെടികളുടെ സ്വാഭാവിക കഴിവിനെയും പ്രതികൂലമായി ബാധിക്കും. ഉത്പാദന വര്‍ധനയ്ക്കുവേണ്ടി  മണ്ണില്‍ പ്രയോഗിക്കപ്പെടുന്ന രാസവളങ്ങളും കീടനാശിനികളും മണ്ണിനെ വിഷലിപ്തമാക്കുന്നുണ്ട്. ഇങ്ങനെയുള്ള മണ്ണില്‍ വിളയിച്ചെടുക്കുന്ന വിളകളില്‍ മാരകമായ തോതില്‍ വിഷാംശം കലര്‍ന്നിരിക്കും. ഇത് ഭക്ഷിക്കുന്ന മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും ഗുരുതരമായ പല രോഗങ്ങളും ഉണ്ടാകും.

അനേകം കോടി സസ്യജന്തുജാലങ്ങളിലെ ജീവന്റെ തുടിപ്പിനെ നിലനിര്‍ത്തുന്ന ആവാസവ്യവസ്ഥയാണ് മണ്ണ് എന്ന് നാം തിരിച്ചറിയണം. ഇന്ത്യയില്‍ മാത്രം  ഏകദേശം 600 കോടി ടണ്‍ മേല്‍മണ്ണ് പ്രതിദിനം ഒലിച്ചും പൊടിക്കാറ്റില്‍ പറന്നും നഷ്ടമാവുന്നുണ്ട് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. വില്‍പനച്ചരക്കെന്ന നിലയില്‍ മണ്ണ് മാറ്റപ്പെടുന്നതിന്റെ കണക്കെടുത്താല്‍ അതിഭീമമായിരിക്കും. മണ്ണൊലിപ്പ് മണ്ണിന്റെ ഫലഭൂയിഷ്ഠത നഷ്ടപ്പെടുത്തുന്നതിനൊപ്പം കാര്‍ഷിക വിഭവങ്ങളുടെ ഉല്‍പാദനത്തിലും ഭൂഗര്‍ഭജലത്തിന്റെ അളവിലും വലിയ കുറവ് വരുത്തുന്നു.

മണ്ണിന്റെ തരങ്ങള്‍ പരിചയപ്പെടാം

പഠന, ഗവേഷണങ്ങളുടെ ആവശ്യാര്‍ഥം മണ്ണിന്റെ നിറം, ഘടന, അവയില്‍ അടങ്ങിയ വസ്തുക്കള്‍  തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ മണ്ണിനങ്ങളെ  തരംതിരിച്ചിട്ടുണ്ട്. ഫലഭൂയിഷ്ടമായ എക്കല്‍മണ്ണ് നദീതടങ്ങളിലും തീരപ്രദേശങ്ങളിലാണ് പ്രധാനമായി കണ്ടുവരുന്നത്. കൃഷിക്ക് ഏറെ സഹായകമായതാണ് എക്കല്‍ മണ്ണ്. പരുത്തികൃഷിക്ക് പേരുകേട്ട കരിമണ്ണ്, ഡക്കാന്‍ പീഠഭൂമിയിലും മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലുമാണ് ധാരാളമായി കാണപ്പെടുന്നത്. അഗ്നിപര്‍വ്വത സ്ഫോടനഫലമായാണത്രേ കരിമണ്ണ് രൂപപ്പെടുന്നത്. മറ്റൊരു പ്രധാന മണ്ണിനമാണ് ചെമ്മണ്ണ്. അയേണ്‍ ഓക്സൈഡിന്റെ സാന്നിധ്യമാണ് ഇതിന് ചുവപ്പ് നിറം നല്‍കുന്നത്. മിതമായ തോതില്‍ മാത്രം ഫലഭൂയിഷ്ഠതയുള്ള ക്ഷാരഗുണം കൂടിയതാണ് ലാറ്ററൈറ്റ് മണ്ണ്. കേരളം, കര്‍ണാടകം തുടങ്ങിയ സംസ്ഥാനങ്ങളില്‍ കണ്ടുവരുന്നു. ചതുപ്പ് പ്രദേശങ്ങളില്‍ കാണപ്പെടുന്ന പീറ്റ് മണ്ണ് കണ്ടല്‍ ചെടികളുടെ വളര്‍ച്ചയ്ക് ഉത്തമമാണ്.പല സംസ്ഥാനങ്ങളുടേയും തീരപ്രദേശങ്ങളില്‍ ഇത് കാണപ്പെടുന്നു്. ഇടതിങ്ങിയ വനങ്ങളുടെ വളര്‍ച്ചയ്ക് സഹായകമായ ജൈവസമൃദ്ധമായ മണ്ണാണ് പര്‍വ്വത മണ്ണ്. തേയില, കാപ്പി, ഏലം കൃഷിക്ക് യോജിച്ച ഈ മണ്ണ് വിവിധ സംസ്ഥാനങ്ങളില്‍ കണ്ടുവരുന്നു.

മറ്റൊരിനം മണ്ണാണ് മണല്‍. കെട്ടിട നിര്‍മ്മാണം, ഗ്ലാസ്സ് നിര്‍മ്മാണം, ഇഷ്ടിക നിര്‍മ്മാണം, ജലശുദ്ധീകരണം, കടലാക്രമണ പ്രതിരോധ മാര്‍ഗം തുടങ്ങിയ മേഖലകളിലെല്ലാം മണല്‍ ഉപയോഗിച്ചുവരുന്നു. എളുപ്പം ജലം വലിച്ചെടുക്കാന്‍ കഴിയുന്നതിനാല്‍ തണ്ണിമത്തന്‍, കടല തുടങ്ങിയ വിളകളുടെ വളര്‍ച്ചയ്ക്ക് ഉത്തമമാണ്. മണലിലടങ്ങിയിരിക്കുന്ന സിലിക്കയുടെ അംശം ഈ മണ്ണുമായി സ്ഥിരം ഇടപെടുന്നവര്‍ക്ക് ദോഷം ചെയ്തേക്കാം. ശ്വസനത്തിലൂടെ ഇത് ശരീരത്തിലെത്തിയാല്‍ സിലിക്കോസിസ് എന്ന രോഗത്തിന് കാരണമാകും. മറ്റൊരിനം പശിമരാശിമണ്ണാണ്. മണല്‍, എക്കല്‍, കളിമണ്ണ് തുടങ്ങിയവ പ്രത്യേക അനുപാതത്തില്‍ കലര്‍ന്നുണ്ടാകുന്ന മണ്ണാണിത്. കാഠിന്യമേറിയതാണെങ്കെലും ഈര്‍പ്പം നിലനിര്‍ത്താന്‍ കഴിയുന്നതിനാലും ജൈവാംശമുള്ളതിനാലും കൃഷിക്ക് അനുയോജ്യമാണ് പശിമരാശി മണ്ണ്.

മനുഷ്യന്റെ സാമൂഹിക-സാംസ്‌കാരിക വളര്‍ച്ചയെ നേരിട്ട് സ്വാധീനിച്ച മണ്ണിനമാണ് കളിമണ്ണ്. കുഴമ്പ് പരുവത്തില്‍ കാണപ്പെടുന്ന മൃദുലമായ മണ്ണാണിത്. പാത്ര-ശില്പ നിര്‍മാണത്തിന് അനുയോജ്യമായ കളിമണ്ണ് കൃഷിക്ക് അത്ര അനുയോജ്യമല്ല. ജലാംശവും ജൈവാംശവും തീരെയില്ലാതെ മരുപ്രദേശങ്ങളില്‍ കാണപ്പെടുന്നതാണ് മരുഭൂമിയിലെ മണ്ണ്. ജീര്‍ണ്ണിച്ച ജൈവാംശങ്ങളുടെ അളവ് കുറഞ്ഞതും കാര്‍ബണിക പദാര്‍ത്ഥങ്ങള്‍ കൂടുതലുള്ളതുമായ മണ്ണാണ് ചുണ്ണാമ്പ് മണ്ണ്. ചോക്കിന്റേയോ ചുണ്ണാമ്പിന്റേയോ ആധിക്യമാണ് ഇതിന് കാരണം. നനയുന്തോറും ദൃഢതയേറുന്ന ചുണ്ണാമ്പ് മണ്ണ് വേനല്‍ക്കാലത്ത് വരണ്ടുപോകും. ഇത്രയും വൈവിദ്ധ്യം നിറഞ്ഞ ജീവസന്ധാരണത്തിന് അത്യന്താപേക്ഷിതമായ മണ്ണിനെ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങളിലേക്ക് നമുക്ക് ഒന്നിച്ച് നീങ്ങാം. 

Content highlights: Agriculture, Organic farming, Soil, Pedogenesis