ആറുമീറ്റര്‍ അകലത്തില്‍ നടേണ്ട തണ്ണിമത്തനെ ഒരു മീറ്റര്‍ അകലത്തില്‍ നട്ട് കൃത്യതാ കൃഷിരീതി പരീക്ഷിച്ചപ്പോള്‍ ഇരട്ടിയിലേറെ വിളവ്. കൂടുതല്‍ നാള്‍ കേടാകാതെയിരിക്കുന്നതും കുരുവില്ലാത്തതും രുചിയേറിയതുമായ ഇനത്തിന് കിട്ടിയ അധിക നേട്ടത്തിന് ഇരട്ടി മധുരം. കേരള കാര്‍ഷിക സര്‍വകലാശാലയുടെ പച്ചക്കറി ശാസ്ത്രവിഭാഗമാണ് സര്‍വകലാശാലാങ്കണത്തിലെ ഒരു ഹെക്ടറില്‍ പരീക്ഷണ കൃഷി നടത്തിയത്. 

ഒരു ഹെക്ടറില്‍നിന്ന് കിട്ടിയതാകട്ടെ, 35 ടണ്‍ തണ്ണിമത്തന്‍. സാധാരണ രീതിയില്‍ നട്ടാല്‍ കിട്ടുക 15 ടണ്‍ വരെ. കുരുവില്ലാത്ത, കാന്പിന് ചുവപ്പുനിറമുള്ള 'സ്വര്‍ണ'യും മഞ്ഞക്കാമ്പുള്ള 'ശോണിമ'യും തുല്യ അളവിലാണ് കൃഷിയിറക്കിയത്. രണ്ടിനങ്ങളും ഒരേപോലെ വന്‍ വിളവ് നല്‍കി.

അകലം കുറച്ച് വിത്ത് നടുമ്പോള്‍ ചെടികളുടെ എണ്ണം കൂടുന്നതു കൊണ്ടാണ് ഉത്പാദനവും കൂടുന്നത്. അകലം കുറച്ചുള്ള കൃത്യതാ കൃഷിയില്‍ ചെടികളില്‍ പെട്ടെന്ന് പൂവും കായുമുണ്ടാകുന്നു. കുരുവില്ലാ തണ്ണിമത്തന്റെ ഒരു ചെടിയില്‍നിന്ന് ശരാശരി അഞ്ച് തണ്ണിമത്തന്‍ കിട്ടും. കുരുവുള്ള ഇനത്തില്‍നിന്ന് ശരാശരി നാലെണ്ണമാണ് കിട്ടുക. കുരുവുള്ള ഇനത്തെക്കാള്‍ വലുപ്പം കുറവാണ് കുരുവില്ലാ ഇനത്തിന്. എന്നാല്‍, തണ്ണിമത്തന്റെ എണ്ണം കൂടുതലുള്ളതിനാല്‍ കുരുവില്ലാ ഇനത്തിന്റെയും കുരുവുള്ളതിന്റെയും ശരാശരി ഉത്പാദനം തുല്യമായിരിക്കും.

കേരള കാര്‍ഷിക സര്‍വകലാശാലയുടെ വില്പനകേന്ദ്രത്തില്‍ ഈ ഇനങ്ങളുടെ വിത്തിന് 100 എണ്ണത്തിന് 100 രൂപ മാത്രമാണ്. ആറുവരി കുരുവില്ലാ തണ്ണിമത്തന്‍ നട്ടതിനു ശേഷം ഏഴാം വരിയില്‍ കുരുവുള്ള തണ്ണിമത്തന്‍ നടണം. ഇതിലുണ്ടാകുന്ന ആണ്‍പൂവ് കുരുവില്ലാ തണ്ണിമത്തിനിലെ പെണ്‍പൂവില്‍ പരാഗണം നടത്തണം. ഇതാണ് കൃഷിരീതിയെന്ന് കാര്‍ഷിക സര്‍വകലാശാലയുടെ പച്ചക്കറി ശാസ്ത്രവിഭാഗം മേധാവി ഡോ.ടി. പ്രദീപ് കുമാര്‍ പറഞ്ഞു.

vegseedkau@gmail.com എന്ന വിലാസത്തില്‍ ബന്ധപ്പെട്ടാലും വിത്തുകള്‍ കിട്ടും.

Content Highlights: Seedless Watermelon Growing