കേരള കാര്‍ഷികസര്‍വകലാശാലയിലെ വിത്തുകളുമായി മാലിദ്വീപിലെ വട്ടാരുദ്വീപിലെത്തി മണ്ണില്‍ പൊന്നുവിളയിച്ച ചരിത്രമാണ് മനോഹരനെന്ന എന്‍ജിനീയര്‍ക്ക് പറയാനുള്ളത്. കുരുവില്ലാത്ത തണ്ണിമത്തന്‍ വട്ടാരുവിന്റെ മനംനിറച്ചപ്പോള്‍ അവിടത്തുകാരുടെ പ്രിയപ്പെട്ട കൃഷിക്കാരനായി മാറുകയായിരുന്നു. 

അവിടെയുള്ളവരെ ഏറ്റവും ആകര്‍ഷിച്ച കൃഷിയിനം കുരുവില്ലാത്ത തണ്ണിമത്തനും അകക്കാമ്പിന് മഞ്ഞനിറമുള്ള തണ്ണിമത്തനുമായിരുന്നു. കേരള കാര്‍ഷികസര്‍വകലാശാലയിലെ പ്ലാനിങ് വിഭാഗം ഡയറക്ടറായ ഡോ.ടി. പ്രദീപ്കുമാര്‍ വികസിപ്പിച്ച കുരുവില്ലാത്ത തണ്ണിമത്തന് ആഗോളതലത്തില്‍ ഏറെ പ്രചാരം നല്‍കിയത് മനോഹരന്‍തന്നെ. 

കേരളത്തിലെ കാലാവസ്ഥയില്‍ പരമാവധി നാലുകിലോഗ്രാംവരെ തൂക്കത്തില്‍ വളരുന്ന കുരുവില്ലാ തണ്ണിമത്തന്‍ മനോഹരന്റെ വട്ടാരുദ്വീപിലെ തോട്ടത്തില്‍ പത്തുകിലോഗ്രാമോളം വിളവു നല്‍കി. കേരളത്തിലെ മാര്‍ക്കറ്റില്‍ കിലോഗ്രാമിന് പത്തുരൂപയ്ക്ക് വില്‍ക്കേണ്ടിവരുന്ന കുരുവില്ലാ തണ്ണിമത്തന് മാലിദ്വീപില്‍ 120 രൂപവരെ കിട്ടി. കുരുവില്ലാത്ത തണ്ണിമത്തന്‍ അവിടത്തുകാര്‍ക്ക് അതിശയം മാത്രമായിരുന്നില്ല, ലഭിച്ചതില്‍വെച്ച് ഏറ്റവും രുചിയേറിയ ഇനവുമായിരുന്നു.

കൃഷിയിലെ തുടക്കം

സിവില്‍ എന്‍ജിനീയറായാണ് മനോഹരന്‍ 2013-ല്‍ മാലിദ്വീപിലെത്തുന്നത്. അവിടെ സ്വകാര്യ സ്ഥാപനത്തിലായിരുന്നു ജോലി. തൊഴിലിന്റെ ഭാഗമായാണ് വട്ടാരുദ്വീപിലും എത്തിയത്. അവിടെ തൊഴിലുടമയ്ക്ക് ചെറിയതോതില്‍ കൃഷിയുണ്ടായിരുന്നു. കൃഷിക്കാവശ്യമായ വിത്തുകള്‍ ലണ്ടന്‍, തായ്‌ലാന്‍ഡ് എന്നിവിടങ്ങളില്‍നിന്നാണ് എത്തിച്ചിരുന്നത്. 

mm
 ഡോ. ടി. പ്രദീപ്കുമാറും മനോഹരനും കേരള കാര്‍ഷിക സര്‍വകലാശാല അങ്കണത്തില്‍ 

വിത്ത് ഉത്പാദിപ്പിക്കുന്നയിടങ്ങളിലെ കാലാവസ്ഥയും മണ്ണുമല്ല വട്ടാരുദ്വീപില്‍ എന്നതിനാല്‍ കാര്യമായ വിളവുകിട്ടിയില്ല. അങ്ങനെ ഒരുനാള്‍ അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് കേരള കാര്‍ഷികസര്‍വകലാശാലയുടെ വിത്തുവിതരണകേന്ദ്രത്തിലെത്തി പാവല്‍വിത്തുകള്‍ വാങ്ങിയത്.

പ്രീതി ഇനം പാവല്‍വിത്തുകളായിരുന്നു. പ്രതീക്ഷിച്ചതിലേറെ വിളവുകിട്ടി. കേടില്ലാത്തതും രൂപഭംഗിയൊത്തതുമായിരുന്നു പാവയ്ക്ക. തുടര്‍ന്ന് കേരള കാര്‍ഷികസര്‍വ്വകലാശാലയില്‍നിന്ന് മുളക്, മത്തന്‍, വെള്ളരി, പയര്‍, ചുരയ്ക്ക തുടങ്ങിയവയുടെ വിത്തും വാങ്ങി. അവയെല്ലാം കൊച്ചുദ്വീപിലെ ഫലഭൂയിഷ്ഠമായ മണ്ണില്‍ വേണ്ടുവോളം വിളവു ലഭിച്ചു. അവയ്‌ക്കെല്ലാം മാലിദ്വീപില്‍ നല്ല വിലയും കിട്ടി.

തേനീച്ചയില്ലാത്ത നാട്

വട്ടാരുദ്വീപില്‍ വെറുതെയങ്ങ് വിത്തിട്ടാല്‍ നൂറുമേനി കിട്ടില്ല. അതിന് കഠിനാധ്വാനവും ആത്മാര്‍പ്പണവും വേണം. തേനീച്ചയും പൂമ്പാറ്റയുമില്ല ദ്വീപില്‍. അതിനാല്‍ കാര്‍ഷിക ഇനങ്ങള്‍ക്ക് കൃത്രിമ പരാഗണം നടത്തണം. രാവിലെ എഴുന്നേറ്റ് പരാഗണം നടത്തിയാല്‍മാത്രമേ വിളവു കിട്ടൂ. അല്ലെങ്കില്‍ പുഷ്പങ്ങളില്‍ കായുണ്ടാകില്ല. 

yellow watermelan
മഞ്ഞക്കാമ്പുള്ള തണ്ണിമത്തന്‍

മനോഹരന്‍ രാവിലെ അഞ്ചരയ്ക്ക് എഴുന്നേറ്റ് രണ്ടുമണിക്കൂറോളം പരാഗണം നടത്തും. ഒഴിവുള്ള സമയങ്ങളില്‍ വളമിടുന്നതും നനയ്ക്കുന്നതുമെല്ലാം മനോഹരന്‍തന്നെ. സഹായത്തിന് ബംഗ്ലാദേശികളുണ്ട്. പക്ഷേ, മേല്‍നോട്ടവും കണക്കെടുപ്പുമെല്ലാം മനോഹരന്റെ ചുമതലയാണ്.

കൃഷിയിറക്കുന്നത് സംബന്ധിച്ചും പരാഗണം നടത്തുന്നതു സംബന്ധിച്ചും മനോഹരന്‍ പഠിച്ചത് കാര്‍ഷികസര്‍വകലാശാലയിലെ പ്ലാനിങ് വിഭാഗം ഡയറക്ടറായ ഡോ.ടി. പ്രദീപ്കുമാറില്‍നിന്ന്. കുരുവില്ലാത്ത തണ്ണിമത്തന് കൃത്രിമപരാഗണം ആവശ്യമാണെന്നതിനാല്‍ അതിലാണ് ആദ്യം പരിശീലനം നടത്തിയത്. പിന്നീട് എല്ലാ വിളയിനങ്ങളിലും ഇത് പരിശീലിച്ചു.

കേന്ദ്രമന്ത്രിയുടെ പ്രശംസ

കുരുവില്ലാത്ത തണ്ണിമത്തനും മഞ്ഞക്കാമ്പുള്ള തണ്ണിമത്തനും വര്‍ഷങ്ങള്‍ക്കുമുമ്പ് കേരള കാര്‍ഷികസര്‍വകലാശാലയില്‍ വികസിപ്പിച്ചെങ്കിലും നാടറിഞ്ഞത് വട്ടാരുദ്വീപിലെ കൃഷിയിലൂടെ. വട്ടാരുദ്വീപില്‍ കൃഷിയിറക്കുന്ന കുരുവില്ലാത്ത തണ്ണിമത്തന്റെ വിശേഷരുചിയെപ്പറ്റി വിനോദസഞ്ചാരികളിലൂടെ കേന്ദ്ര കൃഷിമന്ത്രിയും അറിഞ്ഞു. 

അവിടെ വിളവെടുക്കുന്ന കുരുവില്ലാത്തയിനം തണ്ണിമത്തന്‍ കേരള കാര്‍ഷികസര്‍വകലാശാലയില്‍ വികസിപ്പിച്ചതാണെന്ന് മന്ത്രി അറിഞ്ഞു. ഏറെ താമസിയാതെ സര്‍വകലാശാലയിലേക്ക് മന്ത്രിയുടെ കത്തു വന്നു. വികസിപ്പിച്ച ഇനം രാജ്യത്ത് വ്യാപകമാക്കണമെന്നായിരുന്നു കത്തിലുണ്ടായിരുന്നത്. ഇതിനായി എന്തു പദ്ധതിയാണ് ആവിഷ്‌കരിക്കാനാകുക എന്ന് അറിയിക്കണമെന്നും സഹായിക്കാമെന്നും കത്തിലുണ്ടായിരുന്നു. 

വാണിജ്യാടിസ്ഥാനത്തില്‍ അധിക ലാഭമെടുക്കാതെ ഇതിന്റെ വിത്ത് ലഭ്യമാക്കാമെന്നും പദ്ധതിക്ക് ഒന്നേമുക്കാല്‍ കോടി ചെലവുവരുമെന്നും കാണിച്ച് സര്‍വകലാശാല കത്തയച്ചു. ഒരുവര്‍ഷമായിട്ടും മറുപടി വന്നില്ല. മനോഹരന്‍  തെളിച്ച വഴിയില്‍ വട്ടാരുദ്വീപിലിപ്പോഴും കുരുവില്ലാത്ത തണ്ണിമത്തന്റെ വിളവെടുപ്പ് തുടരുകയാണ്.

 Content highlights : Kerala Agricultural University develops hybrid seedless watermelon