സംജാദ് നിലംപതിഞ്ഞിമുകളിലെ ഫാമിൽ
സമയം പുലര്‍ച്ചെ 3.15. സൂര്യന് ഉദിക്കുംമുമ്പേ അവനുണരും... പിന്നെ, പശു ഫാമിലേക്ക്... അവിടെ പശുവിനെ കുളിപ്പിക്കല്‍, ചാണകം വാരല്‍, തൊഴുത്ത് വൃത്തിയാക്കല്‍. സമയം 6.30. പശുവിനെ കറക്കുന്നതിന്റെ തിരക്ക്. ഏഴുമണിയോടെ സൊസൈറ്റിയിലേക്കുള്ള പാല് എത്തിച്ചശേഷം, ഫാമിലെത്തിയ ആവശ്യക്കാര്‍ക്കുള്ള പാല് വിതരണം. 10 മണിയോടെ പുല്ലിനായി ഇടച്ചിറ, ബ്രഹ്മപുരം ഭാഗങ്ങളിലെ പാടത്തേക്ക്. പിന്നെ, വീട്ടിലെത്തി അല്പം വിശ്രമശേഷം വൈകീട്ടോടെ ഇതേ ജോലികള്‍ വീണ്ടും ആരംഭിക്കും... കാക്കനാട് തുതിയൂര്‍ ആദര്‍ശ നഗറില്‍ നടയ്ക്കല്‍ വീട്ടില്‍ 25 കാരനായ എന്‍.ബി. സംജാദിന്റെ ഒരു ദിവസം ഇങ്ങനെയാണ്.
പള്ളിക്കര ആര്.യു. കോളേജില്‍ ബി.കോം കംപ്യൂട്ടര്‍ പഠിച്ചിറങ്ങിയ ഈ ചെറുപ്പക്കാരന്, ജോലിയുടെ സ്റ്റാറ്റസിനെ കുറിച്ചും മറ്റും ചിന്തിക്കാതെ എങ്ങനെ ഈ മേഖലയില്‍ എത്തിയെന്ന് വിചാരിക്കുന്നവരുണ്ടാകാം. സംജാദിന്റെ പിതാവിന്റെ പിതാവ് നടയ്ക്കല്‍ ആലി 60 വര്‍ഷം മുന്‍പ് ആരംഭിച്ച പശുപരിപാലനം പിതാവ് എന്‍.എ. ബഷീര്‍ ഏറ്റെടുക്കുകയായിരുന്നു. പശുത്തൊഴുത്തില്‍ സംജാദ് സ്കൂള്‍കാലംമുതല്‍ സഹായിയായി. ബഷീറിന്റെ നട്ടെല്ലിന് സുഖമില്ലാതായതോടെ, ബി.കോം പൂര്‍ത്തിയാക്കിയ സംജാദ് വൈറ്റ് കോളര്‍ ജോലിയെക്കുറിച്ച് ആലോചിക്കാതെ പശുക്കളുടെ ലോകത്തേക്കിറങ്ങി.
കൂടുതല്‍ പശുക്കളെ വീട്ടില്‍ വളര്‍ത്താന്‍ സൗകര്യമില്ലാത്തതിനാല്‍ സംജാദ് 2019-ല്‍ ഇന്‍ഫോപാര്‍ക്കിന് സമീപം നിലംപതിഞ്ഞിമുകളില്‍ പഴയ ഇന്‍ഫോപാര്‍ക്ക് പോലീസ് സ്റ്റേഷനടുത്തായി 18 സെന്റ് സ്ഥലം വാടകയ്ക്കെടുത്ത് പുതിയ ഫാം ഒരുക്കി. പിതാവ് 13 കാലികളില്‍ തുടങ്ങിയത്, സംജാദ് 30-ലെത്തിച്ചു. 25 കറവപ്പശുക്കള്‍, കിടാക്കള്, എരുമ ഉള്‍പ്പെടെയുള്ളവയാണ് ഫാമിലെ അംഗങ്ങള്‍. ജേഴ്സി, എഫ്.എച്ച്. നാടന്‍ ക്രോസ്, സിന്ധി ഇനങ്ങളിലുള്ള പശുക്കളാണുള്ളത്. സംജാദിന് കട്ട സപ്പോര്‍ട്ടുമായി കാക്കനാട് പോസ്റ്റ് ഓഫീസിലെ താത്കാലിക ജീവനക്കാരനായ സഹോദരന് എന്‍.ബി. സനൂപ്, മാതാവ് ലൈല, സഹോദരഭാര്യ റുസ്ന എന്നിവരുമുണ്ട്. തുടര്‍ന്നും പഠിക്കണമെന്ന ആഗ്രഹമുള്ളതിനാല്‍ അതിന് സമയം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഈ യുവാവ്.
'കുട്ടി' ഡോക്ടര്‍
ക്ഷീര കര്‍ഷകര്‍ക്കിടയില്‍ 'കുട്ടിഡോക്ടര്‍' എന്നാണ് സംജാദ് അറിയപ്പെടുന്നത്. തലമുറകളായി പകര്‍ന്നുകിട്ടിയ ക്ഷീരോത്പാദനത്തിന്റെ ബാലപാഠങ്ങളും ശാസ്ത്രീയവശങ്ങളും പ്രായോഗിക പരിശീലനങ്ങളുമെല്ലാം സംജാദ് ഉപ്പൂപ്പയില്നിന്നും വാപ്പയില്‍ നിന്നും സ്വായത്തമാക്കിയിരുന്നു. പശു പരിപാലനം സംബന്ധിച്ച ഏത് സംശയത്തിനും ശാസ്ത്രീയ മറുപടിയുമായി കര്‍ഷകര്‍ക്കൊപ്പം ഈ ന്യൂജെന്‍ യുവാവുണ്ട്.
പ്രതിദിനം 200 ലിറ്റര്‍
ഈ ഡയറി ഫാമിലെ പ്രതിദിന പാലുത്പാദനം 200 ലിറ്ററിലേറെയാണ്. 80 ലിറ്റര്‍ ചിറ്റേത്തുകര ക്ഷീരോത്പദക സഹകരണ സംഘത്തിലേക്ക്. ബാക്കി ഫാമില്‍ വരുന്ന ആളുകള്‍ക്ക് വിതരണം ചെയ്യും. യന്ത്രസഹായമില്ലാതെ സംജാദ് കൈകൊണ്ടു തന്നെയാണ് മുഴുവന്‍ പശുക്കളെയും കറക്കുന്നത്. മറ്റു ജോലികള്‍ക്കായി ഒരു സഹായിയുണ്ട്. തൈര്, മോര്, നെയ്യ് എന്നിവയും ഉത്പാദിപ്പിക്കുന്നുണ്ട്. ചാണകം ഉണക്കി ചാക്കിലാക്കി കര്‍ഷകര്‍ക്ക് വില്‍ക്കും. ആവശ്യക്കാര്‍ക്ക് ഗോമൂത്രവും നല്‍കും. ഇടപ്പള്ളി ക്ഷീര വികസന യൂണിറ്റിലെ 2021-22 വര്‍ഷത്തെ ഏറ്റവും പ്രായംകുറഞ്ഞ ക്ഷീരകര്‍ഷകനുള്ള അവാര്‍ഡും സംജാദിന് ലഭിച്ചിരുന്നു.
Content Highlights: Samjad scripts a success story in dairy farming
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..