ബളാൽ പാലച്ചുരം എം.കെ. തമ്പാൻ നായരുടെ തോട്ടത്തിൽപട്ടമരവിപ്പ് ബാധിച്ച് ഉത്പാദനം നിലച്ച റബ്ബർമരം, കൊളത്തൂർ എം. സാവിത്രിയുടെ റബ്ബർ മരങ്ങൾ അകാലത്തിൽ ഇലകൊഴിഞ്ഞനിലയിൽ | ഫോട്ടോ : എം. രാജേഷ് കുമാർ, മാതൃഭൂമി
കാലാവസ്ഥാവ്യതിയാനത്തിന്റെ ഭാഗമായുള്ള പ്രശ്‌നങ്ങളും നിരന്തരമായ കീടബാധയും കര്‍ഷകര്‍ക്ക് റബ്ബര്‍കൃഷിയോട് മുഖംതിരിക്കാന്‍ കാരണമായി. മുന്‍കാലത്തെ അപേക്ഷിച്ച് മരങ്ങള്‍ക്ക് ചീക്ക് കൂടുതലാണ്. അകാലത്തില്‍ ഇലകൊഴിച്ചിലും കൂടി. വര്‍ഷത്തില്‍ അധികസമയവും മരം ഇലകൊഴിഞ്ഞ് കമ്പുകള്‍ മാത്രമായ നിലയിലാകുന്നു. അതിനാല്‍ ഉത്പാദനം കുറയുന്നു. തുടര്‍ച്ചയായുള്ള കനത്ത മഴയും ഇലകൊഴിച്ചില്‍ രൂക്ഷമാക്കി. മഴമറ പിടിപ്പിച്ച് ടാപ്പ് ചെയ്താലും ഉത്പാദനം കൂടുന്നില്ല. മഴക്കാലം തുടങ്ങുന്നതിനു മുന്‍പേ പ്രതീക്ഷയോടെ മഴമറ പിടിപ്പിച്ച് കാത്തിരിക്കാമെന്നല്ലാതെ തുടര്‍ച്ചയായ കനത്തമഴ ടാപ്പിങ് ദിനങ്ങളെ ഇല്ലാതാക്കുന്നു. മഴ കൂടുതല്‍ ലഭിച്ച് പൊടുന്നനെ വെയില്‍ കൂടുന്നതും റബ്ബറിന്റെ പരമ്പരാഗത കൃഷിരീതികളെ തെറ്റിച്ചു.
ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് സ്വാഭാവിക ഇലകൊഴിയല്‍. അതോടെ ടാപ്പിങ് നിര്‍ത്തി മരങ്ങള്‍ക്ക് വിശ്രമം നല്‍കുകയാണ് മുന്‍പ് ചെയ്തിരുന്നത്. വൈകാതെ ഇല വീണ്ടും തളിര്‍ക്കുമെന്നതിനാല്‍ ടാപ്പിങ് പുനരാരംഭിക്കും. മഴമറ ചെയ്യാത്ത തോട്ടങ്ങളില്‍ ഓഗസ്റ്റ് അവസാന വാരമോ സെപ്റ്റംബര്‍ ആദ്യമോ ആണ് ടാപ്പിങ് തുടങ്ങുക.
ഇലകള്‍ തളിര്‍ത്ത് മൂപ്പെത്തിയാല്‍ മാത്രമേ ഉത്പാദനം കൂടുകയുള്ളൂ. പക്ഷേ, അപ്പോഴേക്കും ടാപ്പിങ് ദിനങ്ങള്‍ ഭൂരിഭാഗവും നഷ്ടമാകുന്നു.
എല്ലാ പ്രായത്തിലും രോഗം പിടിപെടുന്ന പ്രകൃതമാണ് റബ്ബര്‍മരങ്ങള്‍ക്ക്. രണ്ടുവര്‍ഷം പ്രായമായവയ്ക്ക് കൂമ്പുകരിച്ചിലാണ് കൂടുതല്‍. മഞ്ഞുകാലത്താണ് അത് വ്യാപകം. നാലുമുതല്‍ 12 വര്‍ഷംവരെ പ്രായമായവയാണെങ്കില്‍ ചീക്കുരോഗം ബാധിച്ച് ഉണങ്ങുന്നു.
മഴക്കാലത്ത് ടാപ്പിങ് ചെയ്യുന്നവയ്ക്ക് പട്ടചീയല്‍ വ്യാപകമാണ്. ഈര്‍പ്പം നിലനിന്നാല്‍ പട്ടമരവിപ്പിലേക്ക് നയിക്കുന്നു. അശാസ്ത്രീയ ടാപ്പിങ്മൂലവും പട്ട മരവിക്കുന്നു. പ്രകൃത്യാ പാല്‍ ഉദ്പാദിപ്പിക്കാത്ത മരവും കുറവല്ല. പരിപാലിച്ച് വളര്‍ത്തി ടാപ്പിങ് തുടങ്ങിയാലെ അവ തിരിച്ചറിയാനാകൂ എന്നതും തിരിച്ചടിയാണ്.
വനാതിര്‍ത്തിയിലെ തോട്ടങ്ങളില്‍ വേരുകള്‍ക്കാണ് രോഗബാധ. കുമിള്‍രോഗമായ ഇലപ്പുള്ളി, ഇലചുരുളല്‍ എന്നിവയും വ്യാപകം. ചിതല്‍, പ്രാണി, ഈച്ച, ഒച്ച് എന്നിവയും മരത്തിന് വിവിധ പ്രായത്തില്‍ ദോഷകരമാകുന്നു. വര്‍ഷത്തില്‍ കുറഞ്ഞത് 20 ശതമാനം മരങ്ങളെങ്കിലും രോഗംമൂലം നശിക്കുന്നതായി കര്‍ഷകര്‍ സങ്കടപ്പെടുന്നു.
ചുരുങ്ങുന്ന ഫീല്‍ഡ് ഓഫീസുകളും ഓഫീസര്‍മാരും
റബ്ബര്‍ കര്‍ഷകര്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കി സഹായിക്കുന്നതിനാണ് ഫീല്‍ഡ് ഓഫീസുകളും ഫീല്‍ഡ് ഓഫീസര്‍മാരുമുള്ളത്. 2013-നുശേഷം ജില്ലയില്‍ ഫീല്‍ഡ് ഓഫീസര്‍ നിയമനമുണ്ടായില്ല. ജില്ലയില്‍ കാഞ്ഞങ്ങാട്, കാസര്‍കോട് റീജണല്‍ ഓഫീസുകളുടെ പരിധിയിലാണ് ഫീല്‍ഡ് ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നത്.
കാഞ്ഞങ്ങാട് റീജണില്‍ ചിറ്റാരിക്കാല്‍, വെള്ളരിക്കുണ്ട്, പാണത്തൂര്‍, മാലക്കല്ല്, പരപ്പ ഫീല്‍ഡ് ഓഫീസുകളുണ്ട്. ഭീമനടി ഫീല്‍ഡ് ഓഫീസ് വെള്ളരിക്കുണ്ടില്‍ ലയിപ്പിച്ചു. ചിറ്റാരിക്കാല്‍, വെള്ളരിക്കുണ്ട് എന്നിവയ്ക്ക് ഒരു ഫീല്‍ഡ് ഓഫീസറേയുള്ളൂ. കയ്യൂര്‍-ചീമേനി, മടിക്കൈ, പെരിയ, നീലേശ്വരം, ചെറുവത്തൂര്‍ പ്രദേശങ്ങള്‍ കാഞ്ഞങ്ങാട് റീജണിലെ അസിസ്റ്റന്റ് ഡെവലപ്പ്മെന്റ് ഓഫീസറുടെ നിയന്ത്രണത്തിലാണ്. പാണത്തൂര്‍, മാലക്കല്ല്, പരപ്പ എന്നീ ഫീല്‍ഡ് ഓഫീസുകള്‍ക്കായി ഒരു ഫീല്‍ഡ് ഓഫീസര്‍ മാത്രമാണുള്ളത്.
കാസര്‍കോട് റീജണില്‍ കുണ്ടംകുഴി, മുള്ളേരിയ എന്നീ ഫീല്‍ഡ് ഓഫീസുകളുണ്ട്. മുന്‍പ് ഇവ അഞ്ചിടങ്ങളില്‍ ഉണ്ടായിരുന്നത് ഇപ്പോള്‍ രണ്ടായി. ബന്തടുക്കയിലേത് കുണ്ടംകുഴിയില്‍ ലയിപ്പിച്ചു. മുള്ളേരിയ-ഒന്ന്, മുള്ളേരിയ-രണ്ട്, ബദിയഡുക്ക എന്നിവ മുള്ളേരിയ-മെയിനിലും ലയിപ്പിച്ചു. മുള്ളേരിയയില്‍ ഫീല്‍ഡ് ഓഫീസറില്ല.
മുഖംതിരിച്ച് സര്‍ക്കാരും
കര്‍ഷകന് സര്‍ക്കാരില്‍നിന്ന് നാമമാത്രമായ സഹായമാണ് ലഭിക്കുന്നത്. ആവര്‍ത്തനകൃഷിക്ക് കേന്ദ്രസര്‍ക്കാന്‍ ഹെക്ടറിന് 25,000 രൂപയാണ് സബ്സിഡി നല്‍കുന്നത്. ഇപ്പോഴിതിന് രണ്ടുവര്‍ഷത്തിലൊരിക്കല്‍ മാത്രമാണ് അപേക്ഷ ക്ഷണിക്കുന്നത്. ഷീറ്റ് നിര്‍മാണം പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സബ്സിഡിയും നാമമാത്രമാണ്. അത് യഥാസമയം ലഭിക്കുന്നുമില്ല. ഈ വര്‍ഷം കൊടുത്തുതുടങ്ങിയിട്ടില്ല.
ഒരേക്കറുള്ള കര്‍ഷകന് മാസം 60 കിലോ ഷീറ്റ് മാത്രമേ സബ്സിഡി നിരക്കില്‍ വില്‍ക്കാന്‍ അനുമതിയുള്ളൂ. 170 രൂപയാണ് സബ്സിഡി. അതായത് ഷീറ്റിന് 140 രൂപ വിലയുണ്ടെങ്കില്‍ 30 രൂപയാണ് കര്‍ഷകന് പദ്ധതിയില്‍ അധികം ലഭിക്കുക. എന്നാന്‍ ഇത് 250 രൂപയായെങ്കിലും ഉയര്‍ത്തിയാലേ ചെറിയൊരളവില്‍ ആശ്വാസം ലഭിക്കൂ.
ലാറ്റക്സ് വില്‍ക്കുകയാണെങ്കില്‍ 162 രൂപയാണ് സബ്സിഡി. ഒട്ടുപാലിനും ചിരട്ടപ്പാലിനും സബ്സിഡിയില്ല. മഴക്കാലത്ത് ടാപ്പിങ് ഇല്ലെന്ന കാരണത്താല്‍ സബ്സിഡി വൈകിപ്പിക്കുകയാണെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു.
കൃത്യമായി ലഭിക്കുന്നില്ലെന്ന കാരണത്താല്‍ ഈ വര്‍ഷം കുണ്ടംകുഴി ഫീല്‍ഡ് ഓഫീസ് പരിധിയില്‍ സബ്സിഡിക്കായി അപേക്ഷിച്ചത് 21 കര്‍ഷകര്‍ മാത്രമാണ്.
Content Highlights: challenges faced by rubber farmers, adverse climatic conditions, various infections
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..