ഇത്തവണ വേനല്‍ രൂക്ഷമായിരിക്കുകയാണ്. സംരക്ഷണനടപടികള് സ്വീകരിച്ചാല്‍ ഒരുപരിധിവരെ വേനലിനെ ചെറുക്കാന്‍ ശേഷിയുള്ള വിളയാണ് റബ്ബര്‍. സംരക്ഷണനടപടികളില് പ്രധാനപ്പെട്ട ഒന്നാണ് വെള്ളപൂശല്‍. തൈ നട്ട് ആദ്യ രണ്ടുവര്‍ഷങ്ങളില്‍ തായ്ത്തടിയില്‍ പച്ചനിറം മാറി തവിട്ടുനിറമായ ഭാഗത്ത് വെള്ളപൂശണം.
പിന്നീടുള്ള വര്‍ഷങ്ങളില്‍ ഇലച്ചില് വന്നുമൂടി തായ്ത്തടിയില്‍ വെയിലടിക്കുന്നില്ലെങ്കില് വെള്ളപൂശേണ്ടതില്ല. വെളുത്ത പ്രതലങ്ങള്‍ ചൂട് ആഗിരണം ചെയ്യുന്നത് കുറവായിരിക്കും എന്നതാണ് വെള്ളപൂശുന്നതിന് പിന്നിലെ ശാസ്ത്രം.
വെള്ളപൂശുന്നതിനായി ചൈനാക്ലേയോ ചുണ്ണാമ്പോ ഉപയോഗിക്കാം. നീറ്റുകക്ക വാങ്ങി ചൂടുവെള്ളം ഉപയോഗിച്ച് നീറ്റിയെടുത്താല് നല്ല ചുണ്ണാമ്പു കിട്ടും. ഈ ചുണ്ണാമ്പില് കുറച്ച് കഞ്ഞിവെള്ളമോ പശയോ (കാര്‍ഷിക ആവശ്യത്തിനുപയോഗിക്കുന്നത്) ചേര്‍ത്തുപയോഗിച്ചാല്‍ ഇടയ്ക്ക് കിട്ടാറുള്ള വേനല്‍മഴയില്‍ ചുണ്ണാമ്പ് ഒലിച്ചുപോകാതിരിക്കും. വെള്ളപൂശുന്നതിന് ഉപയോഗിക്കുന്ന ചുണ്ണാമ്പില് തുരിശ് ചേര്‍ക്കേണ്ടതില്ല.
വെള്ളപൂശുന്നതോടൊപ്പം തൈകളുടെ ചുവട്ടില്‍ ഉണങ്ങിയ പുല്ലോ ചവറോ ഉപയോഗിച്ച് പുതയിടുന്നത് മണ്ണില്‍നിന്നുള്ള ജലനഷ്ടം കുറയ്ക്കുന്നതിന് സഹായിക്കും. മാത്രമല്ല, ഇടയ്ക്ക് ലഭിക്കുന്ന വേനല്‍മഴയിലൂടെ മണ്ണിലുണ്ടാകുന്ന ഈര്‍പ്പം കുറേനാള്‍ നിലനില്ക്കുന്നതിനും ഉപകരിക്കും.
മണ്ണിലെ ജൈവാംശം കൂടുന്നതിനും പുതയിടല്‍ നല്ലതാണ്. ടാപ്പുചെയ്യുന്ന മരങ്ങളുടെ വെട്ടുപട്ടയില് വേനല്‍ക്കാലത്ത് റബ്ബര്ക്കോട്ടുപോലുള്ള കറുത്തവസ്തുക്കള് പുരട്ടുന്നത് ഗുണത്തേക്കാള്‍ ദോഷഫലമേ ഉണ്ടാക്കൂ. തോട്ടത്തിന്റെ അതിരില്‍, തായ്ത്തടിയില്‍ വെയിലടിക്കുന്ന മരങ്ങളുടെ മാത്രം വെട്ടുപട്ടയില് കുറച്ച് ചൈനാക്ലേ പുരട്ടിയാല്‍ മതി. മറ്റുമരങ്ങളില് വേനല്‍ക്കാല സംരക്ഷണത്തിനായി ഒന്നും പുരട്ടേണ്ടതില്ല.
കൂടുതല്‍ വിവരങ്ങള്‍ക്ക് റബ്ബര്‍ ബോര്‍ഡ് കാള്‍ സെന്റര്‍. (ഫോണ്‍: 0481 2576622.)
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..